കോവിഡിനെ തുരത്താൻ കുടുംബശ്രീയും; വിപണി കീഴടക്കി കെശ്രീ മാസ്കുകൾ
May 26, 2021, 13:24 IST
കാസർകോട്: (www.kasargodvartha.com 26.05.2021) കോവിഡും ലോക് ഡൗണും മൂലം ജീവിതം വഴിമുട്ടിയ കാലത്ത് അതിജീവനത്തിൻ്റെ പുതുചരിതം രചിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയുന്നതിനിടയിൽ ഒറ്റയായും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രൂപായും കെശ്രീ എന്ന ബ്രാൻഡിൽ പുറത്തിറക്കിയ മാസ്കുകൾ വിപണി കീഴടക്കുന്നു. ഇതിലൂടെ കാസർകോട് ജില്ലയിലെ നൂറ് കണക്കിന് കുടുംബശ്രീ പ്രവർത്തകരാണ് അതിജീവനത്തിൻ്റെ പുതിയ ചരിത്രം സൃഷ്ടിക്കുന്നത്.
കേരള ഖാദിയുടെ തുണി ഉപയോഗിച്ചാണ് കെശ്രീ ബ്രാൻറിൽ മാസ്ക് നിർമിക്കുന്നത്. ഒരു കവറിൽ രണ്ട് മാസ്കുകളാണുള്ളത്. 60 രൂപയാണ് ഇതിന് വില. വിപണി കണ്ടെത്തുന്നത് കുടുംബശ്രീ പ്രവർത്തകർ തന്നെയാണ്. കടകളിൽ 25 രുപ നിരക്കിലാണ് നൽകുന്നത്. ഒറ്റക്കുള്ള യൂനിറ്റുകളിൽ 100 ഓളം മാസ്കുകൾ ഒരു ദിവസം ഉണ്ടാക്കും. ഗ്രൂപ് യൂനിറ്റുകളിൽ 500 ലധികം മാസ്കുകളാണ് തയ്യാറാക്കുന്നത്.
സപ്ലൈയ്കോയ്ക്ക് തുണി സഞ്ചികൾ നിർമിച്ചു നൽകുന്ന യൂനിറ്റുകളും കോവിഡ് കാലത്ത് പ്രതിസന്ധിയിൽ നിന്ന് കരകയറി. 50 ലക്ഷത്തോളം രുപയുടെ തുണി സഞ്ചികളാണ് ഇതിനകം തയ്യാറാക്കി നൽകിയത്. ബ്ലോസം പള്ളിക്കര, മേനം ക്ലോത് ബാഗ്, മിസ്ബ പള്ളിക്കര തുടങ്ങിയ യൂനിറ്റുകളാണ് കുടുതലായും മാസ്കുകൾ പുറത്തിറക്കുന്നത്. ഇതിനുപുറമെ ജില്ലയിൽ 39 സ്ഥലങ്ങളിൽ കുടുംബശ്രീയുടെ കാൻ്റീനുകളും പ്രവർത്തിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, News, Kudumbasree, Business, Mask, COVID-19, Corona, Kudumbashree to expel Covid; K shree masks leads market.