Milk Price | പാല്‍ വില കുത്തനെ കൂട്ടാനൊരുങ്ങി മില്‍മ; നവംബര്‍ 21നകം പുതിയ വില
പാലക്കാട്: (www.kasargodvartha.com) സംസ്ഥാനത്ത് പാല്‍ വില കുത്തനെ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ. നവംബര്‍ 21നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് മില്‍മ സര്‍കാരിന് നല്‍കുന്ന ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്. പാല്‍ വിലയും, ഉല്‍പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടി.
വില ഒമ്പത് രൂപയോളം കൂട്ടണമെന്ന് സര്‍കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച ചെയ്ത് ഈ മാസം അവസാനമാകും വില വര്‍ധന നടപ്പിലാക്കുക. സംസ്ഥാനത്ത് പാല്‍ ഉത്പാദനത്തിന് ശരാശരി 47 രൂപയിലധികം ചെലവ് വരുന്നുണ്ട്. മില്‍മ പാല്‍ സംഭരിക്കുന്നതാകട്ടെ 37.76 രൂപയ്ക്കും. അതായത് ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുമ്പോള്‍, കര്‍ഷകന് എട്ട് രൂപ 57 പൈസയുടെ നഷ്ടം നേരിടുന്നു. ഇത് നികത്താനാണ് വിലവര്‍ധന എന്നാണ് മില്‍മയുടെ വിശദീകരണം.
അതേസമയം, 2019 സെപ്തംബര്‍ 19 നാണ് മില്‍മ പാലിന്റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വര്‍ധന. 2022 ജൂലൈ 18 ന് പാല്‍ ഉത്പന്നങ്ങള്‍ക്കും മില്‍മ വില കൂട്ടിയിരുന്നു.
Keywords: Palakkad, News, Kerala, Top-Headlines, Business, Price, Milk, Kerala: Milk prices may go up soon.