Akshaya Tritiya | അക്ഷയ തൃതീയ: കേരളത്തിലെ സ്വര്‍ണാഭരണ വിപണി ഒരുങ്ങി കഴിഞ്ഞു
തിരുവനന്തപുരം: (www.kasargodvartha.com) അക്ഷയ തൃതീയയ്ക്കായി കേരളത്തിലെ സ്വര്‍ണാഭരണ വിപണി ഒരുങ്ങി കഴിഞ്ഞു. ഈ വര്‍ഷം മെയ് മൂന്നിനാണ് ആഭരണം വാങ്ങുന്നവര്‍ക്ക് നല്ലദിനമായി കണക്കാക്കുന്ന അക്ഷയതൃതീയ. ചെറിയ ആഭരണങ്ങളും സ്വര്‍ണനാണയങ്ങളുമാണ് ഈ ദിനത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ആഘോഷ പൂര്‍വമാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെത്തുന്നത്.
പരമ്പരാഗതമായ ഉത്സവാഘോഷത്തോടെ ഇത്തവണത്തെ അക്ഷയ തൃതീയയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ണ വ്യാപാര മേഖല എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) അറിയിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലം അക്ഷയതൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും ഓണ്‍ലൈന്‍ വ്യാപാരം നടന്നിരുന്നു.
എന്നാല്‍ നിയന്ത്രണങ്ങള്‍ മാറിയ ഈ സാഹചര്യത്തില്‍ സ്വര്‍ണ മേഖല കൂടുതല്‍ ആവേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷ്മി ലോകറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോകറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോകറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്റാണ്. ഇവ പലതും ആളുകള്‍ മുന്‍കൂട്ടി ബുക് ചെയ്ത് കഴിഞ്ഞതായി ജ്വലറി ഉടമകള്‍ പറയുന്നു. സാധാരണ വില്‍പനയുടെ അഞ്ച് മടങ്ങ് സ്വര്‍ണ നാണയ വില്‍പന അക്ഷയ തൃതീയ ദിനത്തില്‍ നടക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Akshaya-Tritiya, Gold, Business, Kerala jewelery ready for Akshaya Tritiya.