city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് വായ്പാ പലിശ നിരക്കുകള്‍ വീണ്ടും കുറച്ചു

കാസര്‍കോട്: (www.kasargodvartha.com 02/03/2016) ജില്ലാ സഹകരണ ബാങ്ക് വ്യക്തിഗത സ്വര്‍ണപണ്ട പണയ വായ്പ, ഭവന വായ്പ ഉള്‍പെടെ എല്ലാവിധ വായ്പകളുടേയും പലിശ നിരക്കുകള്‍ വീണ്ടും കുറച്ചു. പലിശ നിരക്കുകള്‍ കുറച്ചതോടൊപ്പം വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി 45 ശാഖകളിലും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

പുതിയ തീരുമാനപ്രകാരം സ്വര്‍ണപണ്ട പണയത്തിന്‍മേല്‍ ഒരുമാസത്തേക്ക് 9.5 ശതമാനം പലിശ നിരക്കില്‍ പവന് 17,000 രൂപ പ്രകാരം (വിപണി വിലയുടെ 85 ശതമാനം) ഒരാള്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ നല്‍കും. മൂന്ന് മാസം, ആറ് മാസം, ഒരുവര്‍ഷക്കാലയളവുകളിലും 30 ലക്ഷം രൂപവരെ സ്വര്‍ണപണ്ട പണയ വായ്പ ലഭ്യമാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഏഴ് ശതമാനം പലിശ നിരക്കില്‍ ഒരുലക്ഷം രൂപവരെയും സ്വര്‍ണ പണയ വായ്പ അനുവദിക്കും.

ഭവന വായ്പയുടെ പലിശ 9.95 ശതമാനമായി കുറച്ചതോടൊപ്പം കാലാവധി 20 വര്‍ഷമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി ആരംഭിച്ച ശുഭയാത്ര ഇരുചക്ര വാഹന വായ്പയുടെയും കുടുംബ ശ്രീ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുള്ള വായ്പയുടേയും പലിശ 10 ശതമാനമാണ്. എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന 10 വര്‍ഷക്കാലത്തേക്കുള്ള ദീര്‍ഘകാല ഉപഭോക്തൃവായ്പകളും അഞ്ചുവര്‍ഷക്കാലത്തേക്കുള്ള മധ്യകാല ഉപഭോക്തൃ വായ്പകളും 11 മുതല്‍ 13 ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ ലഭിക്കും. 11 മുതല്‍ 13 ശതമാനം വരെ പലിശ നിരക്കില്‍ രജിസ്‌ട്രേഡ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് ഒരുകോടി രൂപവരെയും ബിസിനസുകാര്‍ക്ക് 40 ലക്ഷം രൂപവരെയും ക്യാഷ് ക്രെഡിറ്റ് നല്‍കും. വാഹന വായ്പയായി 10 ലക്ഷം രൂപവരെയും ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ ഒരാള്‍ക്ക് പരമാവധി നാലുലക്ഷം രൂപയും വായ്പ അനുവദിക്കും.

സ്വര്‍ണപണ്ട പണയ വായ്പ ഒഴികെയുള്ള വായ്പകളുടെ തിരിച്ചടവിനായി ഇ.എം.ഐ സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. വായ്പാ വിതരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പാ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ശാഖാ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. നിലവില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കാര്‍ഷിവായ്പകള്‍ നല്‍കുന്നതിനായി പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് 133 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കാര്‍ഷിക വായ്പകള്‍ക്കായുള്ള പ്രാഥമിക ബാങ്കുകളുടെ അപേക്ഷകളിലും വേഗത്തില്‍ തീരുമാനമെടുത്തുവരുന്നു. വിവിധ കാരണങ്ങളാല്‍ കടബാധ്യതയിലകപ്പെട്ടുപോയ വായ്പക്കാര്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്നതിനായി പ്രത്യേക കടാശ്വാസ പദ്ധതിയും നടപ്പിലാക്കിവരുന്നു. പദ്ധതി പ്രകാരം നിലവില്‍ കുടിശ്ശികയായ സ്വര്‍ണപണയ വായ്പ ഒഴികെയുള്ള വായ്പകള്‍ മാര്‍ച്ച് 31 നുള്ളില്‍ ഇളവുകളോടെ അടച്ചുതീര്‍ക്കാന്‍ കഴിയും.

ദേശസാല്‍കൃത - വാണിജ്യ ബാങ്കുകളെപ്പോലെ കോര്‍ബാങ്കിങ്, എ.ടി.എം, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, സി.ടി.എസ്, എസ്.എം.എസ് അറിയിപ്പ് തുടങ്ങിയ ആധുനിക ബാങ്കിങ് സേവനങ്ങളെല്ലാം ജില്ലാ സഹകരണ ബാങ്കില്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, പാചക വാതക സബ്‌സിഡി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയും ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുന്നു. ജില്ലാ ബാങ്കിന്റെ റുപേകാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്നതോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനുള്ള സൗകര്യവും (പി.ഒ.എസ്) ലഭ്യമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ രാജന്‍, ഇ ജനാര്‍ദനന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ് എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് വായ്പാ പലിശ നിരക്കുകള്‍ വീണ്ടും കുറച്ചു

Keywords : Kasaragod, Bank, Press Meet, Business, Kasargod District Co Operative Bank, Interest Rate.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia