Development | അടിസ്ഥാന - സേവനമേഖലകൾക്ക് ഊന്നൽ നൽകി കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ്; ബേക്കൽ സ്കൂളിൽ കടലറിവ് മ്യൂസിയം സ്ഥാപിക്കും; ഭവന പദ്ധതിക്ക് 12 കോടി രൂപ
● സമഗ്ര മണ്ണ് പരിശോധനയ്ക്കായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പുകൾ
● വിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 3.75 കോടി രൂപ
● ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങളും കുട്ടികൾക്ക് സ്കോളർഷിപ്പുകളും നൽകും
● വയോജനങ്ങൾക്കായി സായന്തനം കെയർ പദ്ധതി നടപ്പിലാക്കും
കാസർകോട്: (KasargodVartha) അടിസ്ഥാന - സേവനമേഖലകൾക്ക് ഊന്നൽ നൽകുന്ന കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അവതരിപ്പിച്ചു. കഴിഞ്ഞ നാലുവർഷങ്ങളുടെ തുടർച്ചയായി, സമസ്ത മേഖലകളെയും സമന്വയിപ്പിച്ചുകൊണ്ട് കാസർകോട് ജില്ലയുടെ സർവ്വതോൻമുഖമായ വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള രൂപരേഖയാണ് ഈ ബജറ്റ് എന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു.
പഞ്ചായത്തുകളും, സന്നദ്ധ സംഘടനകളുമായി യോജിച്ച് അതിദാരിദ്ര്യ നിർമ്മാർജനത്തിന് പദ്ധതികൾ ഏറ്റെടുക്കും. കുടുംബശ്രീയുമായി സഹകരിച്ച് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സംയുക്ത പദ്ധതികളും ഏറ്റെടുക്കും. ഭവന പദ്ധതിയ്ക്കായി 12 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. നെൽകൃഷി വികസനം, ജലസേചന സൗകര്യമൊരുക്കൽ, മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ, കുളങ്ങളുടെ നവീകരണം, പള്ളങ്ങളുടെ സംരക്ഷണം എന്നിവയ്ക്കും പദ്ധതികൾ നടപ്പാക്കും. ജലബജറ്റിന്റെ വസ്തുതകളുടെയും വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.
മണ്ണറിഞ്ഞ് വളമിടണം എന്നത് കൃഷിക്ക് അത്യാവശ്യമാണ്. അതുകൊണ്ട് സമഗ്ര മണ്ണ് പരിശോധനയ്ക്കായി പഞ്ചായത്തടിസ്ഥാനത്തിൽ ക്യാമ്പ് ഏർപ്പെടുത്തുവാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കാർഷിക മേഖലയിലെ വൈവിധ്യവത്ക്കരണവും നൂതന ആശയങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വ്യവസായ വകുപ്പുമായി സംയോജിച്ച് ബ്ലോക്ക് അടിസ്ഥാനത്തിൽ വ്യാവസായികമേളകൾ നടത്തി സംരംഭകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഈ വർഷവും സൗകര്യമൊരുക്കും. കാർഷിക മേഖലയ്ക് ഒരു കോടി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീരകർഷകർക്ക് റിവോൾവിംഗ് ഫണ്ട്, പാലിന് സബ്സഡി നൽകൽ എന്നിവയും തുടരും.
മൃഗസംരക്ഷണ മേഖലയിൽ നമ്മുടെ ആശുപത്രികൾ നല്ല സേവനങ്ങളാണ് നൽകിവരുന്നത്. ഒപ്പം എ.ബി.സി. കേന്ദ്രം യാഥാർത്ഥ്യമായിരിക്കുകയാണ്. മത്സ്യബന്ധന മേഖലയിലും ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനും, മത്സ്യ തൊഴിലാളികൾക്ക് വല വാങ്ങൽ തുടങ്ങിയ പദ്ധതികളും ഏറ്റെടുക്കും. തീരദേശ മേഖലയിൽ പി.എസ്.സി. പരിശീലന ക്ലാസ്സ് ആരംഭിക്കുവാനും ബേക്കൽ ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ 'കടലറിവ് മ്യൂസിയം' സ്ഥാപിക്കുവാനും ബജറ്റ് ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സൌകര്യങ്ങൾക്ക് മൂന്ന് കോടി 75 ലക്ഷം രൂപ മാറ്റി വെച്ചു. സാധാരണക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും വിധം ജില്ലാ അലോപതി ആശുപത്രി വിപുലീകരിക്കും. ആരോഗ്യ മേഖലയിൽ മാരക രോഗങ്ങൾക്കുള്ള മരുന്നും, ഇഞ്ചക്ഷനും ജില്ലാശുപത്രിയിൽ തുടർന്നും ലഭ്യത ഉറപ്പാക്കും. കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്ന് നൽകൽ പദ്ധതിയും ഈ വർഷവും തുടരും. കാത്ത് ലാബ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം ഡയാലിസിസ് സൗകര്യവും വിപുലീകരിക്കും.
ജില്ലാ ആയുർവ്വേദാശുപത്രിയിലെ എസ്ടിപി നിർമ്മാണം ഈ വർഷം പൂർത്തീകരിക്കും. കൂടാതെ പുതിയ കെട്ടിടം പ്രവർത്തിക്കുന്നതോടുകൂടി കൂടുതൽ പേവാർഡുകളും തുന്ന് സേവനങ്ങൾ നൽകുവാനും സാധിക്കും. ജില്ലാഹോമിയോ ആശുപത്രിക്ക് ഒരുപാട് കാലത്തെ ശ്രമഫലമായി പുരാവസ്തു വകുപ്പിൽ നിന്നും കൈമാറി കിട്ടിയ ഭൂമിയിൽ ഫിസിയോതെറാപ്പി സെൻ്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മരുന്നും, മറ്റു സൌകര്യങ്ങളുംതുടർന്നും നൽകുന്നതാണ്. ആരോഗ്യമേഖലയ്ക്ക് മാത്രം എട്ട് കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വയോജനങ്ങൾക്കായി സായന്തനം കെയർ പദ്ധതിക്ക് ബഡ്‌ജറ്റിൽ രൂപം നൽകും. വയോജനങ്ങൾക്ക് പ്രത്യേക സംരക്ഷണവും മെഡിക്കൽ ക്യാമ്പും ഭക്ഷണവും നൽകുന്ന പദ്ധതിയാണ് സായന്തനം കെയർ. ഒപ്പം എൻഡോസൾഫാൻ രോഗികൾക്കായി ഡിമൻഷ്യ കെയറും കൂടാതെ വയോജന കേന്ദ്രങ്ങളും, ഹാപ്പിനസ്സ് പാർക്കുകളും ആരംഭിക്കും. ജെറിയാട്രിക് ഫുഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കും. പ്രായഭേദമന്യേ എല്ലാ തലമുറകൾക്കും (0-99) മാനസിക-ശാരീരികആരോഗ്യത്തിനും കായിക വിനോദത്തിനും ഒഴിവ് സമയം ചെലവഴിക്കുന്നതിനുമായി മൾട്ടി ജനറേഷൻ പാർക്കുകൾ സ്ഥാപിക്കാനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
പൊതുയിടങ്ങളിൽ സെൻസർ സംവിധാനമടക്കമുള്ള ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ (ദിവ്യാജ്ഞൻ ടോയിലറ്റ്) സ്ഥാപിക്കും. ഭിന്നശേഷിക്കാർക്കായി മുച്ചക്ര വാഹനമടക്കമുള്ള ഉപകരണങ്ങളും, കുട്ടികൾക്കുള്ള സ്കോളർഷിപ്പ് എന്നിവ നൽകുന്നതും തുടരുന്നതിനായി ഒരു കോടി 15 ലക്ഷം രൂപ നിക്കിവെച്ചിട്ടുണ്ട്. ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് തൊഴിൽ പരിശീലനങ്ങളും കിറ്റും നൽകുന്ന പദ്ധതി ഈ വർഷവും തുടരും.
വൻകിട വ്യവസായങ്ങൾ ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങൾ സ്റ്റാർട്ടപ്പുകളായും മാറുന്ന ഈ പുതിയ കാലത്ത് വ്യക്തിഗത തൊഴിലവസരങ്ങൾ, തൊഴിൽ പങ്കാളിത്തം എന്നിവ വർദ്ധിക്കുന്നതിനും അതുവഴി ആളോഹരി വരുമാനം മെച്ചപ്പെടുത്തുവാനും പ്രാദേശിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനും കഴിയും. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമം, ടൂറിസം എൻആർഐ മീറ്റ് എന്നിവയിലൂടെ 2,200 കോടിയോളം രൂപയുടെ വ്യവസായ സംരംഭങ്ങൾ ജില്ലയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
ഈ മേഖലയിൽ കൂടുതല് ഇടപ്പെടലുകൾ നടത്തുന്ന ഒരു ജില്ലാ പഞ്ചായത്ത് ഭരണസമിതി എന്ന നിലയിൽ നിക്ഷേപകരെ ആകർഷിക്കാനുതകുന്ന മീറ്റുകളും മറ്റും ഈ വർഷവും തുടരും. നോർക്ക റൂട് സുമായി യോജിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കുവാനും പരിശീലനങ്ങൾ നൽകുവാനും തീരുമാനിച്ചിരിക്കുന്നത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വലിയ രീതിയിൽ സഹായകമാകും. കൂടാതെ ടൂറിസം രംഗത്ത് കെ എസ് ആർ ടി സി യും ബി ആർ ഡി സി യുമായി ചേർന്ന് കാസ്രോടൻ സഫാരിക്ക് തുടക്കം കുറിക്കും.
മാർച്ച് 30-ഓടുകൂടിതന്നെ ജില്ലയെ മാലിന്യമുക്തമാക്കാൻ കഴിയുന്ന തീവ്രയജ്ഞത്തിലാണ് പഞ്ചായത്ത്. മാലിന്യ നിർമ്മാർജ്ജനത്തിനായി 75 ലക്ഷം രൂപ നീക്കിവെച്ചു. ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള റോഡുകൾ നവീകരിക്കും. വീതിയുള്ള സ്ഥലത്ത് ഇന്റർലോക്ക് ഇട്ട് കൂടുതൽ പൊതുയിടങ്ങൾ സൃഷ്ടിക്കും. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് 25-ഓളം ഗ്രാമീണ റോഡുകൾ നവീകരിക്കും. അങ്ങനെ ഈ വർഷം 12 കോടി 80 ലക്ഷം രൂപയാണ് പശ്ചാത്തല മേഖലക്കായി മാറ്റിവെച്ചിട്ടുണ്ട്. മുൻബാക്കിയടക്കം 97,27,61,211 രൂപ പ്രതീക്ഷിത വരവും 96,01,21,000 രൂപ പ്രതീക്ഷിത ചെലവുമുൾപ്പെടെ 1,26,40,211 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനും, മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കാതിരിക്കുക.
Kasaragod District Panchayat's budget focuses on basic and service sectors, allocating funds for housing, agriculture, healthcare, and infrastructure. Key projects include a sea knowledge museum and disability-friendly facilities.
#KasaragodBudget, #Development, #ServiceSector, #Infrastructure, #Healthcare, #Agriculture