Rubber Price | റബറിന് വേണം കൈത്താങ്ങ്; ബജറ്റിൽ പ്രതീക്ഷയോടെ കർഷകർ; താങ്ങുവില വർധിപ്പിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: (www.kasargodvartha.com) വെള്ളിയാഴ്ച 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഏറെ പ്രതീക്ഷയോടെ റബർ കർഷകർ. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി ഉയർത്തണമെന്ന ആവശ്യം കർഷകർ ഉയർത്തുന്നു. പ്രകൃതിദത്ത റബർ വിലയിടിവ് സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട കർഷകരെ ബാധിച്ചു. നിരുപാധികമായ ഇറക്കുമതിയാണ് വിലയിടിവിന് കാരണമെന്നാണ് ആക്ഷേപം.
ഉൽപ്പാദന ചിലവിന്റെ 50 ശതമാനത്തിൽ കൂടുതലായെങ്കിലും റബറിന്റെ താങ്ങുവില നിശ്ചയിക്കണമെന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കണമെന്നാണ് കർഷകരുടെ ആവശ്യം. മലേഷ്യ, തായ്‌ലൻഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ ഉൽപാദനം വർധിച്ചത് രാജ്യാന്തര വിലക്കുറവിന് കാരണമായിട്ടുണ്ട്.
അതേസമയം സംയുക്ത റബറിന്റെയും പ്രകൃതിദത്ത റബറിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര ബജറ്റിൽ 25 ശതമാനമാക്കിയിട്ടുണ്ട്. സംയുക്ത റബറിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നാണ് 25% ആയി വർധിപ്പിച്ചത്. രണ്ടിനത്തിലും നികുതി ഏകീകരണം വന്നതോടെ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി കുറയുമെന്നാണു കണക്കുകൂട്ടൽ. ഇതോടെ ആഭ്യന്തര റബർ വിപണി ശക്തി പ്രാപിക്കുകയും റബറിനു വില ഉയരുകയും ചെയ്യുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു. സംസ്ഥാന ബജറ്റിലും തങ്ങളുടെ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Budget, Kerala-Budget, Business, Demands for Rubber support price hike.