നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച സ്ഥപനത്തിനെതിരെ ഇടപാടുകാര്‍ സംഘടിച്ചു
Sep 19, 2012, 18:43 IST
കാസര്‍കോട്: ദുബൈ, കാസര്‍കോട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് നിക്ഷേപം സ്വീകരിക്കുകയും യഥാസമയം മുതലും ലാഭവിഹിതവും നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാരോപിച്ച് സ്ഥാപനത്തിനെതിരെ ഇടപാടുകാരും ഏജന്റുമാരും സംഘടിച്ചു. ഗ്ലോബല്‍ ട്രേഡ് സൊലൂഷ്യന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് ജിടിഎസ് ഇന്‍വെസ്റ്റേഴ്സ് ലൂസേര്‍സ് ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാലക്കാട് സ്വദേശി ആര്. കുമാര്‍, കണ്ണൂര്‍ സ്വദേശി എം. വി വര്‍ഗീസ്, കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ ടി രാഗേഷ്, ഇ.വി. മോഹന്‍ദാസ്, ഫെര്‍ണാണ്ടസ്, രാജു മൈസൂര്‍, എം. പുഷ്പലത പാലക്കാട്, ലിനി സോളമന് കുടക് എന്നിവര്‍ ഭാരവാഹികളായുള്ള 1001 അംഗ ആക്ഷന്‍ കമ്മിറ്റിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
മണിട്രേഡിംഗ് തട്ടിപ്പിലൂടെ കമ്പനി ചെയര്മാന് സാദിഖ്, ഡയറക്ടര്‍മാരായ അബ്ദുല്‍ നാസറെന്ന നൗഷാദ് എറണാകുളം, ചന്തേരയിലെ ഉഷ സന്തോഷ്, ഖദീജത്ത് നൗഷ എന്നിവരും ഓഫീസ് മാനേജര്‍ സുധീര്‍, അക്കൗണ്ടന്റുമാരായ മധു, ഗണരാജ് എന്നിവരും ചേര്‍ന്ന് 250 കോടിയോളം രൂപയാണ് കൈക്കലാക്കിയതെന്ന് ഇവര്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ ഏഴ് പ്ലസ് രണ്ട് എന്ന ക്രമത്തില്‍ പ്രോഫിറ്റ് ബാങ്കില്‍ നിക്ഷേപിച്ച് ലാഭവിഹിതം കൈപ്പറ്റിയിരുന്നതായി ഇവര്‍ പറയുന്നു.
ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപം പുതുക്കുന്ന സമയത്ത് എം.ഡി.യായി അബ്ദുല്‍ നാസറിനെ നിയമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ക്ക് എഗ്രിമെന്റ്, ചെക്ക് എന്നിവ നല്‍കുന്നതിനുള്ള അധികാരം നാസറിനായിരുന്നു. 2010 ഡിസംബര്‍ മാസത്തില്‍ എല്ലാവര്ക്കും ട്രേഡ് പ്ലാറ്റ്ഫോം നല്‍കാമെന്ന് പറഞ്ഞ് എഗ്രിമെന്റ് തിരികെ വാങ്ങിക്കുകയും നിക്ഷേപകര്‍ക്ക് പണം കലക്ട് ചെയ്യുന്നവര്‍ എഗ്രിമെന്റ് ചെക്ക് നല്‍കണമെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് ഡെമൊ പ്ലാറ്റ് ഫോം നല്കി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് പണം ആവശ്യപ്പെട്ടപ്പോള്‍ ട്രേഡില്‍ നിന്നും കൂടുതല്‍ ലാഭം കിട്ടുന്നതിന് നിക്ഷപം മുഴുവന്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കയാണെന്ന് പറഞ്ഞ് പണം നല്‍കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാനായി പാലക്കാട്ട് നിന്നും മറ്റുമായി കഴിഞ്ഞ ദിവസം എത്തിയ സ്ത്രീകളടക്കം 80 ഓളം ഇടപാടുകാര്‍ സാദിഖിന്റെ വിദ്യാനഗര്‍ ചാലയിലുള്ള വീട്ടിലെത്തുകയും കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തിവരികയും ചെയ്യുകയാണ്.
തട്ടിപ്പിനിരയായവര്‍ എത്തിയതറിഞ്ഞ് സാദിഖിന്റെ സഹോദനും ഭാര്യയും വീടുപൂട്ടിപോയി. അടച്ചിട്ട വീടിന്റെ വരാന്തയില്‍ സ്ത്രീകളുടെ സത്യാഗ്രഹം തുടരുകയാണ്. ഒരു ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 7000 രൂപ മുതല്‍ 10,000 രൂപവരെ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇടപാടുകാരില്‍ നിന്നും പണം സ്വീകരിച്ചത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി നിരവധി പേര് കമ്പനിയില്‍ ലക്ഷങ്ങളും കോടികളും ലാഭവിഹിതം പ്രതീക്ഷിച്ച് നിക്ഷേപിച്ചിരുന്നു. 2011 ല്‍ സംസ്ഥാന വ്യാപകമായി മണിചെയിന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുണ്ടായതോടെ നിക്ഷേപകര്‍ ഒന്നടങ്കം നിക്ഷേപം പിന്‍വലിക്കാന്‍ നടത്തിയ ശ്രമം കമ്പനിയെ ബാധിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ നിരവധി തവണ അലഞ്ഞു. പണം കിട്ടിയില്ലെന്ന് മാത്രമല്ല കമ്പനിയുടെ നടത്തിപ്പുകാര്‍ നിക്ഷേപകരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായും നിക്ഷേപകര്‍ പരാതിപ്പെടുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ ഇടപാടുകാരെ വിളിച്ചു വരുത്തി പണം തിരിച്ചു തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് രേഖകള്‍ കൈവശപ്പെടുത്തുകയും ടോക്കണ്‍ നല്‍കുകയും ചെയ്തിരുന്നതായും നിക്ഷേപകര്‍ പറയുന്നു.
പണം നല്കാന് തയ്യാറാകാതിരുന്നതോടെ ഇടപാടുകാര്‍ ബഹളം വെച്ചു. ഇതോടെ പണമിടപാടുകാര്‍ സ്കൂളില്‍ വന്ന് പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പറഞ്ഞ് പോലീസിന് ഫോണ്‍ ചെയ്യുകയും പോലീസെത്തി ഇടപാടുകാരെ വിരട്ടിയോടിക്കുകയുമായിരുന്നു. കമ്പനി നടത്തിപ്പുകാര്‍ക്കെതിരെ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, കോഴിക്കോട് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. സാദിഖിന് പുറമെ ഭാര്യക്കും ഡയറക്ടര്‍മാരായ നൗഷാദ് എറണാകുളം, ചന്തേരയിലെ ഉഷ എന്നിവര്‍ക്കുമെതിരെ ഇടപാടുകാര്‍ പോലീസില്‍ പരാതി നല്കി. തൃശൂരിലെ തോമസ് നന്ദിക്കര ഉള്‍പെടെയുള്ളവര്‍ക്ക് തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നാണ് ഇടപാടുകാര്‍ പറയുന്നത്.
പോലീസും ഭരണകര്‍ത്താക്കളും ഗ്ലോബല്‍ കമ്പനിയുടെ വക്താക്കളായി മാറുന്നതായും ഇവര്‍ പരാതിപ്പെട്ടു.
തട്ടിപ്പുകേസില്‍ പ്രതികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച വൈകിട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.ഐ. ഓഫീസ് മാര്ച് നടത്തി. നടപടി ഉണ്ടാകാത്തപക്ഷം എസ്.പി. ഓഫീസ് മാര്ച് നടത്താനും ആക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നുണ്ട്.
Keywords: Kasaragod, Dubai, Cheating, Business, Press meet, Police, Gulf, Action Committee, GTS