city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ബര്‍ മാഷ് സമ്മാനിച്ച സ്‌നേഹനിമിഷങ്ങള്‍

ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 26/03/2016) നര്‍മത്തില്‍ ചാലിച്ച നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ മലയാള സാഹിത്യത്തില്‍ അധ്യാപക കഥകളുടെ സാന്നിദ്ധ്യമറിയിച്ച അക്ബര്‍ കക്കട്ടില്‍ സൗഹൃദം കൊണ്ട് ഏത് മനസിനെയും കീഴടക്കിയ വ്യക്തിത്വമാണ്.  സഹപ്രവര്‍ത്തകരും നാട്ടുകാരും, അതുപോലെ നിത്യജീവിതത്തിന്റെ ഗൗരവവും, നര്‍മവും എല്ലാം അക്ബര്‍ മാഷിന്റെ കഥകളില്‍ നിറഞ്ഞുനിന്നിരുന്നു. ഏതൊരു വായനക്കാരനെയും പോലെ എന്നെയും ഏറെ ആകര്‍ഷിച്ച ലളിതമായ ശൈലി. അതുകൊണ്ട് ആ കഥകള്‍ വീണ്ടും വീണ്ടും വായിച്ച്‌പോയിട്ടുണ്ട്.

പ്രവാസത്തിന്റെ മടുപ്പില്‍ നിന്നും അവധിനാളുകളില്‍ നാട്ടില്‍ എത്തിയാല്‍ പല എഴുത്തുകാരെയും നേരില്‍ കണ്ടു സൗഹൃദം സ്ഥാപിക്കാന്‍ ഓടിയെത്താറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അവധിയില്‍ തലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കക്കട്ടില്‍ മാഷിനെ കാണാന്‍ പോകാന്‍ തീരുമാനിച്ചു. ബസ്സില്‍ ഗ്രാമീണ ഭംഗി ആസ്വദിച്ച് കക്കട്ടില്‍ എത്തി. ചെറിയ പട്ടണം. അക്ബര്‍ മാഷിന്റെ വീട് ബസ്സില്‍ നിന്നും ഇറങ്ങി അധികം ദൂരമില്ല. അപരിചിതമായ ഇടവഴിയിലൂടെ വീടിന് മുന്നില്‍ എത്തി. ശാന്തം, സുന്ദരം. പ്രകൃതിയില്‍ ഒരു നിമിഷം ലയിച്ചു.

മടിയോടെ മണിയടിച്ചു. പുഞ്ചിരിയോടെ വാതില്‍ തുറന്നത് മാഷിന്റെ ഭാര്യ ജമീലയാണ്. മാഷിന്റെ ആരാധകനാണെന്ന് പരിചയപ്പെടുത്തി. ഇരിക്കാന്‍ പറഞ്ഞു അകത്തേക്ക് പിന്‍വാങ്ങി. അല്‍പം കഴിഞ്ഞു ജ്യൂസുമായി വന്നു. ചുറ്റും നോക്കി. മാഷെ കാണുന്നില്ല. എന്റെ മുഖത്തെ ആകാംക്ഷ വായിച്ച് ജമീല പറഞ്ഞു, മാഷ് തിരുവനന്തപുരം പോയതാണ്. എപ്പോള്‍ വരുമെന്ന് അറിയില്ല.  ഞാന്‍ മറ്റൊരുനാള്‍ വന്ന് കാണാമെന്ന്് പറഞ്ഞ് അല്‍പം നിരാശയോടെ മടങ്ങി. വര്‍ഷങ്ങള്‍ പലതു കടന്നെങ്കിലും പിന്നെയൊരിക്കലും അങ്ങോട്ട് പോകാന്‍ പറ്റിയില്ല. അക്ബര്‍ മാഷിന്റെ കഥകള്‍ പിന്നെയും വായിക്കുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തു.

2012-ല്‍ പ്രവാസി ബുക്ട്രസ്റ്റ് ദുബൈയുടെ നോവലിനുള്ള അവാര്‍ഡ് എന്റെ 'ശാന്തിതീരം അകലെ' എന്ന പുസ്തകത്തിന് ലഭിച്ചു. ദുബൈയിലെ ചടങ്ങില്‍ അത് സമ്മാനിക്കുന്നത് അക്ബര്‍ കക്കട്ടിലായിരുന്നു. പക്ഷെ, എനിക്ക് ചടങ്ങിന് എത്താന്‍ പറ്റിയില്ല. ഇ.എ. ദിനേശന്‍ ഏറെ ക്ഷണിച്ചതാണ്.  അവാര്‍ഡ് സുഹൃത്ത് സാദിഖ് കാവിലാണ് ഏറ്റുവാങ്ങിയത്. കേരള സാഹിത്യ അക്കാദമി കാസര്‍കോട് സംഘടിപ്പിച്ച വടക്കന്‍ പെരുമ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അക്ബര്‍ കക്കട്ടില്‍ എത്തിയപ്പോള്‍ നേരില്‍ കാണാന്‍ അവസരം ലഭിച്ചു. എന്റെ 'കീറിക്കളയാത്ത കുറിമാനങ്ങള്‍' എന്ന പുസ്തകം അവിടെ വെച്ച് കൊടുക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപകൃഷ്ണന്‍ സാറിനെ മുമ്പുതന്നെ പരിചയമുള്ളത് കൊണ്ട് ഞങ്ങളുടെ സംസാരത്തില്‍ എന്നെ അധികമായി പരിചയപ്പെടുത്തിയത് ഗോപകൃഷ്ണന്‍ സാറായിരുന്നു.

ഫെബ്രുവരി 17ന് രാവിലെ അക്ബര്‍ കക്കട്ടിലിന്റെ മരണവാര്‍ത്ത അറിയുമ്പോള്‍ അദ്ദേഹത്തിന്റെ നാടിന് അടുത്ത പ്രദേശത്ത് തന്നെ ഞാന്‍ ഉണ്ടായിരുന്നു.  1980 മുതല്‍ 2010 വരെ മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം ജോലി ചെയ്ത വട്ടോളി നാഷണല്‍ ഹൈസ്‌കൂളില്‍ ഉച്ചതിരിഞ്ഞു മൂന്ന് മണിയോടെ ഭൗതിക ശരീരം എത്തി. വിദ്യാര്‍ത്ഥികളും നാട്ടുകാരും സഹപ്രവര്‍ത്തകരും എല്ലാം ചേര്‍ന്ന വലിയൊരു ജനസമുദ്രം അവിടെ തേങ്ങലോടെ ഒരു നോക്ക് കാണാന്‍ നിരയായി നീങ്ങി.  ഞാനും അതില്‍ കണ്ണിചേര്‍ന്നു. ഒരിക്കല്‍ പരിചയപ്പെട്ട ആര്‍ക്കും മറക്കാന്‍ പറ്റാത്ത ആത്മബന്ധം അക്ബര്‍ കക്കട്ടില്‍ മാഷ് സമ്മാനിക്കും. അതാണ് മറ്റു എഴുത്തുകാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
അക്ബര്‍ മാഷ് സമ്മാനിച്ച സ്‌നേഹനിമിഷങ്ങള്‍
അക്ബര്‍ മാഷ് സമ്മാനിച്ച സ്‌നേഹനിമിഷങ്ങള്‍
                                    ലേഖകന്‍ അക്ബര്‍ കക്കട്ടിലിനൊപ്പം

Keywords: Article, Ibrahim Cherkala, Wonderful moments gifted by Akbar Kakkattil.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia