city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുകാരെ, നിങ്ങളെന്തിനാണ് കള്ളന് താക്കോല്‍ നല്‍കുന്നത്?

ടി കെ പ്രഭാകരന്‍

(www.kasargodvartha.com 13/07/2017) മൂടാത്ത പാത്രത്തില്‍ മീന്‍ കണ്ടാല്‍ വലിയ ആക്രാന്തമില്ലാത്ത പൂച്ചപോലും അത് ചാടിയെടുത്ത് കടിച്ചുകൊണ്ടുപോകും. ഇക്കാര്യത്തില്‍ പുറത്തുനിന്ന് വലിഞ്ഞുകയറി വന്ന പൂച്ചയെന്നോ വളര്‍ത്തുപൂച്ചയെന്നോ ഉള്ള വ്യത്യാസമില്ല. ദൃഷ്ടിയില്‍പെടുന്ന മത്തിയെ അവഗണിച്ച് ഒരു പൂച്ചക്കും ഒരുചുവടുപോലും മുന്നോട്ടുവെക്കാനാകില്ലെന്നര്‍ഥം. അതുപോലെ അനുകൂല സാഹചര്യം ഉണ്ടായാല്‍ കള്ളന്‍ അല്ലാത്ത ആള്‍പോലും മോഷണം നടത്തിയെന്ന് വരാം. കാസര്‍കോട് ജില്ലയില്‍ ഈയിടെ മഞ്ചേശ്വത്തും ആദൂരിലും നടന്ന വീടുകവര്‍ച്ചകള്‍ പ്രസക്തമായ ചോദ്യം വീട്ടുകാരോട് ഉയര്‍ത്തുന്നുണ്ട്.

വീട്ടുകാരെ, നിങ്ങളെന്തിനാണ് കള്ളന് താക്കോല്‍ നല്‍കുന്നത്?

രണ്ട് വീടുകളും കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ഇടവരുത്തിയത് വീട്ടുകാരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടല്ലേ എന്നതാണ് ആ ചോദ്യം. രണ്ട് വീടുകളിലെയും കുടുംബങ്ങള്‍ വീടു പൂട്ടി പുറത്തേക്ക് പോയത് കള്ളന് താക്കോല്‍ കൈക്കലാക്കാന്‍ അവസരം ഒരുക്കികൊടുത്താണ്. ഈ വീടുകളില്‍ നിന്ന് തന്നെ താക്കോല്‍ കൈവശപ്പെടുത്തിയാണ് മോഷ്ടാക്കള്‍ തങ്ങളുടെ കൃത്യം നിര്‍വഹിച്ചത്. ഇതില്‍ നിന്ന് തന്നെ മോഷ്ടാക്കള്‍ പുറംനാടുകളില്‍ നിന്നുള്ളവരല്ലെന്ന് വ്യക്തമാവുകയാണ്.

വീട്ടില്‍ എവിടെയാണ് താക്കോല്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് നന്നായി അറിയാവുന്നവരായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ പുറത്തുനിന്ന് വന്നവരാണെങ്കില്‍ കൂടി താക്കോല്‍ ഉണ്ടാകാമെന്ന ധാരണയില്‍ തിരച്ചില്‍ നടത്തി കൈവശപ്പെടുത്തിയതുമാകാം. എന്തുതന്നെയായാലും മോഷ്ടാക്കള്‍ക്ക് താക്കോല്‍ ലഭിക്കാനുള്ള സാഹചര്യം ബോധപൂര്‍വമല്ലെങ്കില്‍പോലും വീട്ടുകാര്‍ ഒരുക്കികൊടുത്തുവെന്നത് യാഥാര്‍ത്ഥ്യമാണ്. അങ്ങനെവരുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിക്കാന്‍ കുടുംബം കള്ളന് തന്നെ താക്കോല്‍ നല്‍കുന്നതിന് തുല്യമാണ് ഈ അശ്രദ്ധയെന്ന് വിലയിരുത്താവുന്നതാണ്.

കാസര്‍കോട് ജില്ലയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പെരുകിയിരിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പാലിക്കാന്‍ ജില്ലാ പോലീസ് മേധാവി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പല കുടുംബങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് മാത്രമല്ല തികഞ്ഞ അലംഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വീടുപൂട്ടി പുറത്തേക്കുപോകുമ്പോള്‍ താക്കോല്‍ അവിടെതന്നെ സൂക്ഷിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തം തന്നെയാണ്. കുടുംബം പുറത്തേക്ക് പോകുമ്പോള്‍ വീട് പൂട്ടിയ ശേഷം താക്കോല്‍ കൈവശം വെക്കുന്നതാണ് സുരക്ഷിതമായ രീതി. ഇനി താക്കോല്‍ വെച്ചില്ലെങ്കില്‍ പോലും വീട് കുത്തിത്തുറക്കാന്‍ സമര്‍ത്ഥരായ കള്ളന്‍മാര്‍ നാട്ടിലുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.

അയല്‍പക്കത്ത് വീടുകളുണ്ടെങ്കില്‍ അവരുടെ ശ്രദ്ധ വേണമെന്ന് വീടുപൂട്ടിപോകുന്ന കുടുംബത്തിന് ആവശ്യപ്പെടാവുന്നതാണ്. ഒറ്റപ്പെട്ട സ്ഥലത്താണ് വീടെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും സൂക്ഷിക്കാതിരിക്കുകയായിരിക്കും ഉചിതം. നിര്‍ഭാഗ്യവശാല്‍ ഒറ്റപ്പെട്ട വീടുകളിലെ പല കുടുംബങ്ങളും ഇക്കാര്യത്തില്‍ തീരെ ശ്രദ്ധ പുലര്‍ത്താറില്ല. ജില്ലയില്‍ ഇതിനകം എത്ര വീടുകവര്‍ച്ചകള്‍ നടന്നുവെന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാനാവില്ല. എന്നാല്‍ വീടുകവര്‍ച്ചകളുമായി ബന്ധപ്പെട്ട് പലപ്പോഴും പിടിയിലാകുന്നവരില്‍ നല്ലൊരു ശതമാനവും വീടുമായി അടുപ്പം പുലര്‍ത്തുന്നവരായിരിക്കും. നിരവധി കേസുകളുള്ളവരും പോലീസിന്റെ നോട്ടപ്പുള്ളികളുമായ സ്ഥിരം കള്ളന്‍മാരെക്കാള്‍ മുമ്പ് മോഷണക്കേസുകളില്‍ ഉള്‍പെടാത്തവര്‍ പോലും ഇപ്പോള്‍ കവര്‍ച്ചാരംഗത്ത് സജീവമാണെന്ന് തെളിയിക്കുന്ന കേസുകളുടെ എണ്ണവും പെരുകിവരികയാണ്.

കാലവര്‍ഷത്തിന്റെ മറവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളിലും കടകളിലും കവര്‍ച്ചകള്‍ വ്യാപകമാണ്. മഴക്കാലം മോഷ്ടാക്കളുടെ വിഹാരനാളുകള്‍ കൂടിയാണ്. കനത്ത മഴയുള്ള സമയങ്ങളില്‍ മോഷണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ വേനല്‍ക്കാലത്ത് ലഭിക്കുകയില്ലെന്ന് ഇവര്‍ക്കറിയാം. പകലും രാത്രിയിലും നല്ല മഴയുള്ള നേരം നോക്കിയായിരിക്കും മോഷണസംഘത്തിന്റെ പുറപ്പാട്. വാതില്‍ കുത്തിതുറക്കുന്ന ശബ്ദം മഴയത്ത് ആരും കേള്‍ക്കില്ല. രാത്രികാലങ്ങളില്‍ മഴയുടെ സംഗീതത്തില്‍ ലയിച്ച് സ്വസ്ഥമായ ഉറക്കത്തിലായിരിക്കും കുടുംബങ്ങള്‍. ഈ സമയം ഇടിയും മഴയും കൂടിയുണ്ടെങ്കില്‍ മോഷ്ടാവിനെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദം പകരുന്ന കാര്യവുമാണ്.

പൂട്ടുപൊളിക്കുന്നതിന്റെ ഒച്ച ഇടിയില്‍ അലിഞ്ഞില്ലാതാകും. ഒരു പ്രശ്‌നവുമില്ലാതെ വീട്ടിനകത്തുകടന്ന് കയ്യില്‍ കിട്ടുന്നതെല്ലാം അടിച്ചുമാറ്റാം. മഴക്കുളിരിന്റെ സുഷുപ്തിയില്‍ മയങ്ങുന്ന വീട്ടുകാരുടെ കണ്ണുവെട്ടിക്കുകയെന്നത് നിഷ്പ്രയാസം സാധിക്കുന്ന കാര്യവുമാണ്. എത്ര സുരക്ഷിതത്വ ബോധമുണ്ടെങ്കില്‍ പോലും മഴക്കാലത്ത് എല്ലാകുടുംബങ്ങള്‍ക്കും ഒരു കരുതല്‍ നല്ലതാണ്. ബോധം കെട്ടുറങ്ങുന്ന രീതി അവസാനിപ്പിച്ച് ചുറ്റുപാടുകളിലേക്ക് ശ്രദ്ധ വെക്കണം. ഗ്രാമപ്രദേശങ്ങളെക്കാള്‍ നഗരങ്ങളിലെ ഭവനങ്ങളിലാണ് കവര്‍ച്ചാപദ്ധതികള്‍ വിജയകരമായി നടപ്പിലാകുന്നത്. നഗരങ്ങളില്‍ അയല്‍പക്കബന്ധങ്ങളില്ലാത്തതുകൊണ്ട് ഓരോ കുടുംബവും ഓരോ തുരുത്താണ്. ഇതുതന്നെയാണ് മോഷ്ടാക്കള്‍ക്കും ഗുണം ചെയ്യുന്നത്.

അടുത്ത വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കാത്ത സ്വാര്‍ഥനായ അയല്‍വാസിയുടെ ഉള്‍വലിയാണ് നഗരങ്ങളിലെ കള്ളന്‍മാരുടെ പദ്ധതികള്‍ പ്രായോഗിക വിജയത്തിലെത്തിച്ചു കൊടുക്കുന്നത്. മാത്രമല്ല അടുത്ത വീട്ടില്‍ കവര്‍ച്ച നടന്നാല്‍ ഈ അയല്‍വാസി ഒരുവേള സന്തോഷിക്കുകയും ചെയ്യും. തന്റെ വീട്ടിലും കള്ളന്‍വരുമോ എന്ന ആശങ്ക ഇയാളെ അലട്ടുമെങ്കില്‍ പോലും. ആരാധനാലയങ്ങള്‍ കൊള്ളയടിക്കുന്ന സംഭവങ്ങളും ഇതിനിടയില്‍ വര്‍ധിച്ച് വരുന്നു. ഇതിനിടയില്‍ തന്നെ കവര്‍ച്ച നാടകങ്ങളും അരങ്ങേറുന്നുണ്ട്. കുടുംബത്തില്‍പ്പെട്ടവര്‍ തന്നെ സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം ഇത് കവര്‍ച്ചക്കാര്‍ നടത്തിയതാണെന്ന് വരുത്തിത്തീര്‍ത്തുള്ള തട്ടിപ്പുകള്‍ക്കും കുറവില്ല.

പല കവര്‍ച്ചാകേസുകളും പോലീസിന് തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. കാലവര്‍ഷക്കള്ളന്‍മാരെ തളയ്ക്കാന്‍ പോലീസിനെക്കൊണ്ട് സാധിക്കില്ല. എല്ലായിടത്തും ഓടിയെത്താനുള്ള അമാനുഷിക ശക്തിയുള്ളവരല്ല പോലീസുകാര്‍. അതുകൊണ്ട് ഈ വിഷയത്തില്‍ അവരെ മാത്രം കുറ്റപ്പെടുത്തുന്നതിലും അര്‍ത്ഥമില്ല. രണ്ടുകണ്ണുകള്‍ക്കുപുറമെ ഒരു മൂന്നാം കണ്ണ് നമ്മള്‍ തന്നെ രൂപപ്പെടുത്തിയെടുത്ത് മോഷണവീരന്‍മാരുടെ സാന്നിധ്യം മനസിലാക്കുക എന്നതിനപ്പുറം മറ്റൊരു പോംവഴിയില്ല. മുതല്‍ നമ്മുടെ കൈയിലുണ്ടെങ്കില്‍ അത് സൂക്ഷിക്കേണ്ട ബാധ്യതയും നമ്മുടേതാണ്. നമ്മുടേത് മാത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Article, Robbery, House, Police, Investigation, Accuse, Case, TK Prabhakaran, Why you hand over key to robbers. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia