city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്തുകൊണ്ട് കാസർകോട് ഇങ്ങനെയൊക്കെ

മുഹമ്മദ് മൊഗ്രാൽ

(www.kasargodvartha.com 29.01.2021) കാസർകോട് ജില്ലയെക്കുറിച്ച് തന്നെയാണ് സൂചിപ്പിക്കാനുള്ളത്. കാസർകോട് ഇന്നും ഒരു അവികസിത ഓണം കേറാ മൂലയായി തുടരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ലളിതമായ ചില യഥാർഥ്യങ്ങളുണ്ട്. ഇവിടെയുള്ള ജനസംഖ്യയിൽ ഭൂരിപക്ഷം ആളുകൾക്കും സ്വന്തം ജില്ലയോട് ആത്മാർത്ഥമായ സ്നേഹമോ കൂറോ ഇല്ല എന്നതാണത്!

ഒരു വിഭാഗം അവരവർക്കു കിട്ടിയിട്ടുള്ള സുഖ-സൗകര്യങ്ങളിൽ സംതൃപ്തരും, മറ്റൊരു വിഭാഗം തങ്ങളുടെ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും സഹിച്ചും ക്ഷമിച്ചും ജീവിതം തള്ളി നീക്കുന്നവരുമാണ്. ഇതിനു രണ്ടിനുമിടയിലുള്ള ഒരു വിഭാഗമുണ്ട്; പരസ്പരം പഴിചാരിയും നക്കാപിച്ച ലാഭത്തിന് വേണ്ടി തന്നെത്തന്നെ വില്പന ചരക്കാക്കിയും സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് തുരങ്കം വെക്കുന്ന, മതവും രാഷ്ട്രിയവുമൊക്കെ അന്ധമായി പിന്തുടരുകയും ചെയ്യുന്നവർ, സത്യവും മിഥ്യയും തരാതരംപോലെ കൂട്ടിക്കുഴച്ചു 'തനിക്കാക്കി ബെടക്കാക്കുന്ന' വേറെയും ചിലർ!

ഗൾഫ് രാജ്യങ്ങൾ ഉണ്ടെങ്കിൽ വേറൊരു സ്വർഗത്തിലേക്കും ഞാനില്ല എന്ന് തീരുമാനിച്ചുറപ്പിച്ച്, ഉള്ള വിദ്യാഭ്യാസം വെച്ച് സർക്കാർ സർവീസിൽ കയറിപ്പറ്റാനോ മറ്റു സ്ഥിര വരുമാനം ലഭിക്കുന്ന മേഖലകൾ കണ്ടെത്താനോ ശ്രമിക്കാതിരിക്കുകയും കാര്യ പ്രാപ്തിയുള്ളവർ ജനോപകാരപ്രതമായ വാണിജ്യ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ തയ്യാറാവാത്തതുമായ ഒരു സമൂഹത്തെക്കുറിച്ച് എന്ത് പ്രതീക്ഷയാണ് നാം വെച്ചു പുലർത്തേണ്ടത്!

എന്തുകൊണ്ട് കാസർകോട് ഇങ്ങനെയൊക്കെ

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ ലോബിയും ചേർന്നുള്ള കൂട്ട് മുന്നണിയാണ് ഈ ജില്ലയെ ഇക്കോലത്തിലാക്കിയത് എന്നതിന് വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല. രാഷട്രീയ പക്ഷപാതിത്വം തലയ്ക്കു പിടിച്ചത് കാരണം പ്രതികരണ ശേഷി നഷ്ടപ്പെട്ട അടിമത്വം ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരു ജനതയായി നാം മാറിയിരിക്കുന്നു.

ഉറങ്ങുന്നവരെ വിളിച്ചുണർത്താം; ഉറക്കം നടിക്കുന്നവരെ പറ്റില്ല' എന്നതാണ് സത്യം! തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് പുതിയൊരു പ്രവർത്തനപാതയിലേക്ക് കടന്നിരിക്കുകയും, നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയും ഒരു പ്രത്യേക പ്രധിസന്ധിയിലൂടെ രാജ്യം കടന്ന് പോവുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ നമ്മൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

വരുന്ന അഞ്ചു വർഷം ജില്ലാ ഭരണ കൂടം / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിൽ വരുത്താൻ ആഗ്രഹിക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുടെയും വികസന പദ്ധതികളുടെയും ഒരു കർമ രേഖ / ധവള പത്രം (Blue Print/Project Report) പുറത്തിറക്കിയാൽ നന്നായിരുന്നു.

ദീർഘ വീക്ഷണവും, പുത്തൻ കാഴ്ചപാടും സാമാന്വയിപ്പിച്ചു ആത്മാർത്ഥതയോടെ മുൻഗണനാക്രമത്തിൽ ബൃഹത്തായ ഒരു പദ്ധതി ആവിഷ്കരിക്കാൻ സാധിച്ചാൽ നാടിന്റെ സർവോന്മുഖ പുരോഗതിക്ക് അതൊരു പുതിയ തുടക്കം കുറിക്കും.

പഴകിത്തേഞ്ഞ മുദ്രാവാക്യങ്ങളോ പ്രസക്തി നഷ്ടപ്പെട്ട ആശയാദർശങ്ങളോ ആയിരിക്കില്ല വരും തലമുറ കാലഘട്ടത്തോട് ആവശ്യപ്പെടുന്നത്. മറിച്ചു കാലിക പ്രസക്തിയുള്ള പൊതു വിഷയങ്ങളിൽ സംവദിക്കാനും സാമൂഹിക പുരോഗതിയിൽ മുന്നേറാനും നാം ഒരു കാൽവെപ്പ് നടത്തണം. അതുവഴി പ്രത്യക്ഷവും പരോക്ഷവുമായ ഒരായിരം അനുഗ്രഹങ്ങളും സഹായവും നമ്മേ തേടി വരിക തന്നെ ചെയ്യും.

ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ സമർപിക്കുന്നു.

1. ശുദ്ധജല കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുക.

2. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ യഥാ സമയം നന്നാക്കുക.

3. തെരുവ് വിളക്കുകൾ പുതിയത് വേണ്ട സ്ഥലത്ത് സ്ഥാപിക്കുക. അവ രാത്രികളിൽ മാത്രമേ കത്തുന്നുള്ളൂ എന്നും രാത്രിയില്‍ കത്തുന്നുവെന്നും  ഉറപ്പ് വരുത്തുക.

4. മഴക്കാലത്തു മലിനജലം കെട്ടിക്കിടക്കാതെ സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കുക (ഓടകളും തോടുകളും നവീകരിക്കുക).

5. പാതയോരങ്ങൾക്ക് ഇരുവശവുമുള്ള വൃക്ഷങ്ങളും കുറ്റിക്കാടുകളും സമയാസമയം (കുറഞ്ഞത് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം) വെട്ടിയൊതുക്കി, സൗന്ദര്യ ചെടികളും ഔഷധ സസ്യങ്ങളും വെച്ച് പിടിപ്പിച്ച് പരിപാലിക്കുക. ഇവിടെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാലുള്ള ഭവിഷ്യത്തു ബോധ്യപ്പെടുത്തുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.

6. മാലിന്യ നിർമാർജനത്തിന് നവീന മാർഗങ്ങൾ/ നൂതന ആശയങ്ങൾ/ആധുനിക സജ്ജീകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുക.

7. എല്ലാ സർക്കാർ സ്ഥാപനങ്ങളും കെട്ടിടങ്ങളും, സ്വകാര്യ/ സർക്കാർ വാണിജ്യ സ്ഥാപനങ്ങളും യഥാസമയം അറ്റകുറ്റപണികൾ നടത്തുകയും വൃത്തിയായും, വെടിപ്പായും സുരക്ഷിതമായും സൂക്ഷിക്കുകയും ചെയ്യുക. അതിനുള്ള പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കുക.

8. കുളങ്ങൾ, തോടുകൾ, കായലുകൾ, പുഴകൾ എന്നിവ ശാസ്ത്രീയമായി മാലിന്യ രഹിതമായി സംരക്ഷിക്കാൻ വേണ്ട നടപടികൾ കൈകൊള്ളുക.

9. പഞ്ചായത്തിലെ പ്രധാന പട്ടണത്തിന്റെ ശോചനീയാവസ്ഥയ്ക്ക് സമഗ്ര പരിഹാരം കാണുക. (നടപ്പാത, ഓവുചാൽ, ശൗചാലയം, ശരിയായ പാർക്കിംഗ് സംവിധാനം, ബസ് സ്റ്റേഷൻ, തെരുവ് കച്ചവട പുനക്രമീകരണം, മൽസ്യ മാർക്കറ്റ് നവീകരണം, നഗര സൗന്ദര്യ വത്കരണം, കുറ്റമറ്റ മാലിന്യ നിർമാർജന സംവീധാനം, മറ്റു അടിസ്ഥാന ആവശ്യങ്ങൾ).

10. ചെറു പട്ടണങ്ങളിലെ ബസ് വെയ്റ്റിംഗ് ഷെഡ് നവീകരിക്കുകയും, ഫിഷ് സ്റ്റാൾ അനുവദിക്കുകയും ചെയ്യുക.

11. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മുഴുവൻ സമയ ഉദ്യോഗസ്ഥ/ തെഴിൽ നിയമനം ഉറപ്പ് വരുത്തുക.

12. തൊഴിലില്ലായ്മ പരിഹരിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മുൻകൈ എടുക്കുക.

13. പൊതു ജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ സംരക്ഷണം കണക്കിലെടുത്തു വ്യായാമം, കല, കായിക, സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള സജ്ജീകരണങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏർപ്പെടുത്തുക.

14.ശുദ്ധ വായു, ശുദ്ധ ജലം, ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വെളിച്ചം, വസ്ത്രം, വിദ്യാഭ്യാസം, തെഴിൽ- ഇവയിൽ സമൂഹത്തിൽ നിലനിൽക്കുന്ന പോരായ്മകൾക്ക് ആവശ്യാനുസരണം പരിഹാരം കണ്ടെത്തുക.

15. പൊതുജന സേവനം ഒരു ബാധ്യതയായിക്കാണാതെ ഒരു കടമയായി കാണുക. സേവനം യഥാ സമയം പ്രയാസപ്പെടുത്താതെ നൂലമാലകളില്ലാതെ ലളിതമായി ചെയ്തു കൊടുക്കുക.

മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ അധികൃതരുടെ സജീവ ശ്രദ്ധ പതിയണമെന്ന് അഭ്യർത്ഥിക്കുന്നു.

രാജ്യം വലിയ ഒരു പ്രതിസന്ധിയുടെ നടുക്കയത്തിൽ മുങ്ങിതാഴുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സമൂഹത്തിന്ന് പുതിയൊരു ദിശാബോധം നൽകാൻ നമുക്ക് സാധിക്കണം. അങ്ങിനെയായാൽ നമ്മുടെ അധ്വാനം പാഴായിപ്പോകില്ല എന്നുറപ്പ്.

Keywords:  Kerala, Kasaragod, District, Development project, Article, Road, Water, Shops, Municipality, Why Kasargod is like this.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia