city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കള്ളനോട്ടുകാരുടെ കഴുത്തില്‍ കുരുക്കിടാന്‍ മടിയെന്തിന്?

കള്ളനോട്ടുകാരുടെ കഴുത്തില്‍ കുരുക്കിടാന്‍ മടിയെന്തിന്?
രു നേരത്തെ ചായ കുടിക്കാന്‍ പോക്കറ്റടിച്ചവന് കടുത്ത ശിക്ഷ നല്‍കുന്ന ഏമാന്മാര്‍ കള്ളനോട്ടിലെ വമ്പന്‍സ്രാവുകളെ ചൂണ്ടയില്‍ കുരുങ്ങിയിട്ടും വെറുതെ വിടുകയാണ്. കാസര്‍കോട് ജില്ലയില്‍ നിരവധി തവണ കള്ളനോട്ട് കേസുകളില്‍ പിടികൂടിയവരെ ശിക്ഷിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരുടെ കഴിവ് കേടാണ് കള്ളനോട്ടിന്റെ കഥ തുടര്‍ക്കഥയാവാന്‍ കാരണമാകുന്നത്. വലിയ വീടുകള്‍ വാടകയ്‌ക്കെടുത്തും റിസര്‍വ്വ് ബാങ്കിന്റെ തന്നെ നോട്ടടിക്കുന്ന ആധുനിക യന്ത്രസാമഗ്രികള്‍ കൊണ്ടുവന്ന് നോട്ടടിച്ചിറക്കിയ എത്രയോ ചരിത്രം കാസര്‍കോട്ടുണ്ട്. ഇത്തരക്കാരെ പിടികൂടുന്ന ലോക്കല്‍ പോലീസുകാര്‍ കേസ് കൗണ്ടര്‍ഫീറ്റിനും, മറ്റും കൈമാറുന്നതല്ലാതെ ഇതിന്റെ തുടരന്വേഷണവും ശിക്ഷാവിധികളും പിന്നീട് കേള്‍ക്കാറേയില്ല.

കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക ബാങ്കുകളിലും അഞ്ചും പത്തും കള്ളനോട്ടുകള്‍ ക്യാഷ്യര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവിരം. ഇത്തരം നോട്ടുകള്‍ ലഭിച്ചാല്‍ സ്ഥിരമിടപാടുകാരെ വലയ്‌ക്കേണ്ടെന്നു കരുതി നോട്ട് അവരുടെ മുന്നില്‍ നിന്നുതന്നെ നശിപ്പിക്കാറാണ് പതിവ്. വിശ്വസ്തനായ അല്ല സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ ഇങ്ങനെ പിടികൂടിയ നോട്ടും ആളെയും പോലീസിലേല്‍പ്പിച്ചാല്‍ പിന്നെ അതിന്റെ പിറകെ പോകേണ്ട അവസ്ഥയാണ്. ഇത് പേടിച്ച് നോട്ട് തന്നവനെ ചെറുതായൊന്നു വിരട്ടി പ്രശ്‌നം കൗണ്ടറിന്റെ പുറത്തു തന്നെ അവസാനിപ്പിക്കുന്ന കാഴ്ചയാണ് എല്ലാ ബാങ്കുകളിലുമുള്ളത്.
പത്ത് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കള്ളനോട്ടുകളുടെ പുനപരിശോധന ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷിക്കാന്‍ നടപടിയെടുത്തിരിക്കുകയാണ്. 

കള്ളനോട്ടിലധികവും പാക്കിസ്ഥാനില്‍ നിന്ന് അച്ചടിച്ചവയാണെന്നാണ് അന്വേഷണ വിഭാഗം വെളിപ്പെടുത്തിയിട്ടുള്ളത്. കാഞ്ഞങ്ങാട് സ്വദേശിയായ അബ്ദുല്ല ഹാജി പതിറ്റാണ്ടുകളായി കേരളത്തിലേക്ക് കരിയര്‍മാര്‍ വഴി പണം കടത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ കടത്തുന്ന ലക്ഷക്കണക്കിന് രൂപയും പതിനായിരക്കണക്കിന് കള്ളനോട്ടുകളുമാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോകുന്ന യുവാക്കളുടെ കൈയ്യില്‍ കൊടുത്തുവിടുന്നത്. അബ്ദുല്ല ഹാജിക്കെതിരെ പത്തോളം കേസുകളുണ്ട്. ഈ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്.

കള്ളനോട്ട്, തീവ്രവാദം എന്നിങ്ങനെയുള്ള ഇടപാടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയക്കാരുടെയും, മന്ത്രിമാരുടെയും രഹസ്യ പിന്തുണയുമുണ്ട്. ഇത്തരക്കാരെ പിടികൂടിയാല്‍ പെട്ടെന്നു തന്നെ പുറത്തുകൊണ്ടുവരാനും ജാമ്യത്തിലെടുത്ത് കേസ് ഇല്ലാതാക്കുവാനും ലക്ഷങ്ങള്‍ മറിക്കുന്നതിനാലാണ് കേസുകള്‍ക്ക് തുമ്പുണ്ടാക്കാനാകാത്തത്. കള്ളനോട്ടിന്റെ തലതൊട്ടപ്പന്മാരുടെ ഒരു തലനാര് പോലും തൊടാതെ കേരളത്തിലെ ഓരോജില്ലയിലുമുള്ള കള്ളനോട്ട് കാരിയര്‍മാരെയാണ് പോലീസിന് പിടികൂടാനാകുന്നത്. ഇവര്‍ക്ക് നോട്ടു നല്‍കുന്നത് മറ്റൊരു കാരിയറാണെന്നല്ലാതെ ഇതിന്റെ അറ്റം പിടിച്ചുപോകാന്‍ ഉദ്യോഗസ്ഥര്‍ മെനക്കെടാറില്ല.

അതിനിടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ തീവ്രവാദം വളര്‍ത്താനാണ് വിദേശത്ത് നിന്ന് കള്ളനോട്ട് എത്തിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. ഇതേ തുടര്‍ന്ന് നേരത്തെ അന്വേഷിച്ച കള്ളനോട്ട് കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നിന്നവരെ കുറിച്ചുള്ള വിശദമായ മറ്റൊരു അന്വേഷണവും എന്‍ ഐ എ നടത്തുന്നുണ്ട്.  റിയല്‍ എസ്റ്റേറ്റുകള്‍ വഴിയാണ് പ്രധാനമായും കള്ളനോട്ട് വ്യാപകമാക്കുന്നത്. സ്വത്തിന് വിലപറയുകയും, നല്ലനോട്ട് അഡ്വാന്‍സ് കൊടുത്ത് കരാറെഴുതി കഴിഞ്ഞാല്‍ ബാക്കികൊടുക്കുവാനുള്ള തുക മുഴുവന്‍ കള്ളനോട്ട് കെട്ടുകള്‍ അട്ടിവെച്ചാണ് നല്‍കുന്നത്. പണം എണ്ണിതിട്ടപ്പെടുത്തി ആധാരവും പ്രമാണങ്ങളും കൈക്കലാക്കി കഴിഞ്ഞാണ് വസ്തുവില്‍പ്പന ചെയ്ത വ്യക്തി പുലിവാല്‍ പിടിച്ച കഥയറിയുക. ഇങ്ങനെ ലഭിച്ച നോട്ടുകളുമായി ബാങ്കില്‍ ചെല്ലുമ്പോഴാണ് തന്ന തുകയില്‍ പകുതിയും കള്ളനോട്ടാണെന്ന് ബോധ്യമാകുന്നത്.

എന്തുതന്നെയായാലും കള്ളനോട്ട് വരുന്ന വഴിയിലെ കണ്ണികളെ പിടികൂടാതെ ഒന്നും രണ്ടും നോട്ട് കൈമാറുന്നവരെ മാത്രം പിടികൂടി കേസെടുക്കുന്ന സമീപനമാണ് ഇന്ന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.

-സന്ദീപ് കൃഷ്ണന്‍

Keywords: Article, Sandeep-Krishnan, Fake Notes

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia