city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒളിച്ചോട്ടങ്ങള്‍ പതിവാകുമ്പോള്‍ ഉത്തരം പറയേണ്ടതാര്?

നേര്‍ക്കാഴ്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 03.12.2021)
 മേല്‍പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭര്‍തൃമതി മക്കളേയും കൂട്ടി കാമുകനായ മലപ്പച്ചേരിയിലെ നിശാന്തിന്റെ വീട്ടില്‍ അഭയം തേടുന്നു. കാഞ്ഞങ്ങാട് അമ്പലത്തറ പോലീസ് സ്‌റ്റേഷനില്‍ മറ്റൊരു കമിതാക്കളായ  വിജേഷും, പ്രസീതയും കീഴടങ്ങുന്നു. എത്ര വട്ടം ചര്‍ച്ച ചെയ്താലും പിന്നെയും അവശേഷിക്കുന്ന  ചില ചോദ്യങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ വാളോങ്ങി നില്‍ക്കുകയാണ്. . കമിതാക്കള്‍ക്ക് പറക്കമെത്താത്ത മുന്നു പെണ്‍കുട്ടികളുണ്ടായിട്ടും,  പിറകില്‍ സന്തുഷ്ട കുടുംബമുണ്ടായിട്ടും, എന്തെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു? 

  
ഒളിച്ചോട്ടങ്ങള്‍ പതിവാകുമ്പോള്‍ ഉത്തരം പറയേണ്ടതാര്?


ഇവര്‍ തമ്മിലുള്ള പ്രണയത്തിന്റെ ആഴം ഭീതിദായകമെന്ന് വിശേഷിപ്പിക്കുന്നു, അമ്പലത്തറ പോലീസ്  സ്റ്റേഷന്‍ ഓഫീസര്‍ മധുസൂതനന്‍ മടിക്കൈ.  ഇരു കുടുംബങ്ങളേയും ഉപേക്ഷിച്ച് കടന്നു കളഞ്ഞ കമിതാക്കളെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം കരുതിയത്  പ്രസീത തന്റെ ഭര്‍ത്താവിനോടൊപ്പം, പതിനേഴും പതിനൊന്നും വയസുള്ള രണ്ടു പെണ്‍മക്കളുടേയും കൂടെ  തിരിച്ചു പോവുക തന്നെ ചെയ്യുമെന്നായിരുന്നു.  കാമുകനായ വിജേഷ് തന്റെ ഭാര്യയും നാലര വയസു മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാരിയെടുത്ത് ഉമ്മവെക്കുമെന്നായിരുന്നു.  ചെയ്ത തെറ്റ് ഓര്‍ത്തു വാവിട്ടു കരയുന്ന പ്രസീതയായിരുന്നില്ല  കീഴടങ്ങിയ പോലീസിനു മുമ്പിലെ പ്രസീത. വിജേഷ് കുഞ്ഞിന്റെ മുഖത്ത് നോക്കാന്‍ പോലും തയ്യാറായില്ല.
 
മനുഷത്വമുള്ള ആരും കണ്ടാല്‍ ഞെട്ടിപ്പോകുന്ന രംഗമായിരുന്നു പോലീസ് സ്റ്റേഷനില്‍. മുല കുടി മാറാത്തതടക്കം മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ വാവിട്ടു കരയുന്നു. തെറ്റു തിരുത്തി തിരിച്ചു വരാന്‍ പല ഭാഗത്തു നിന്നും അഭ്യര്‍ത്ഥന വരുന്നു. പക്ഷെ ഒരിഞ്ചു പോലും ഇളക്കമുണ്ടായില്ല കമിതാക്കള്‍ക്ക്.  കോടതി 14 ദിവസത്തിലേക്ക് ജയിലിലടച്ചപ്പോഴും അതേ നിസ്സംഗഭാവം. ഇവിടെ , അമ്പലത്തറ സ്റ്റേഷനില്‍ നടന്നതില്‍ ഇവര്‍ തമ്മിലുള്ള അടങ്ങാത്ത , വിട്ടു പിരിയാനാവാത്ത പ്രണയമായിരുന്നുവോ  അതോ  കാമഭ്രാന്തു മാത്രമോ? പാതയോരങ്ങളില്‍ ചര്‍ച്ച മുറുകുകയാണ്. 

ഒരു പുരുഷന്‍ പോര, 13 പേരോടൊപ്പം  മാറിമാറി ചിലവഴിച്ച് ഒടുവില്‍  ഭര്‍ത്താവിനെ വഞ്ചിച്ചു കെണിയില്‍പ്പെടുത്തി കൊല്ലാന്‍ ശ്രമിച്ച യുവതിയുടെ മനസ് ഇതിനിടെ നാം വായിച്ചതാണ്. ഖത്തറില്‍ വസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനി സ്വന്തം ഭര്‍ത്താവിനെ ഒഴിവാക്കി ആറുവയസുള്ള മകളേയും കൂട്ടി ഭര്‍ത്താവിന്റെ അരികില്‍ നിന്നും  തന്റെ ഡ്രൈവര്‍, കോഴിക്കോട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത വന്നത് കഴിഞ്ഞ 18ാം തീയ്യതിയിലാണ്.  പ്രാദേശിക തലത്തിലും ദിവസേന കേള്‍ക്കാം ഇത്തരത്തിലുള്ള ഡസന്‍ കണക്കിനു കഥകള്‍. 

ഒളിച്ചോട്ടം, വിഷം കൊടുത്തു കൊന്ന് ഇല്ലായ്മ ചെയ്യല്‍, കുടുംബത്തെ ആകമാനം അപകടപ്പെടുത്തല്‍, ഭര്‍ത്താവ്-ഭാര്യ കാമുകന്‍-കാമുകിമാര്‍ ഇവര്‍ സര്‍വ്വതും ഉപേക്ഷിച്ചു ഒളിച്ചോടല്‍,  മക്കളെ കൊന്നു തള്ളി കാമുകനോടൊപ്പം പോയ സംഭവങ്ങള്‍ വരെ അരങ്ങിലെത്തി.  ഭാഷയറിയാത്ത ബംഗാളിയോടൊപ്പം രഹസ്യമായി പൊറുത്തത്  മതിവരാതെ ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനെ ഒത്താശ ചെയ്യുന്ന ഭാര്യ, അണലിയേക്കോണ്ട് കടിപ്പിച്ചു കൊല്ലുന്ന ഭര്‍ത്താവ്,  സൗന്ദര്യമില്ലായ്മയുടെ പേരില്‍ ആസിഡ് ഒഴിച്ചു  കത്തിച്ചു കളയുന്നു. തല്ലിക്കൊല്ലുന്നു.  

സ്വജീവിതം മടുത്തു, ദാമ്പത്യം തൃപ്തികരമല്ല, കാണാനോ ഭംഗിയില്ല, മാറാത്ത രോഗമുണ്ട്, തന്നെ കാമിക്കുന്നില്ല, അംഗീകരിക്കുന്നില്ല, പരസ്ത്രീ-പരപുരുഷ ബന്ധം ഇത്യാദി കാരണങ്ങളാണ് പല കേസുകള്‍ക്കും നിമിത്തമായി തീരുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. എന്തു പറ്റി നമ്മുടെ ജീവിത ചുറ്റുപാടിന്?.

ഇത്രമാത്രം വെറുപ്പു നിറഞ്ഞതായിപ്പോയി  തങ്ങളുടെ ദാമ്പത്യ ജീവിതം എന്നുറപ്പുള്ള പക്ഷം സ്ത്രീകളെ സംരക്ഷിക്കാന്‍ പോന്ന  നിരവധി നിയമങ്ങള്‍ നാട്ടിലുണ്ടെന്ന കാര്യം മറന്നു, സമുഹത്തിനു നിരക്കാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ എങ്ങനെ, എവിടെയാണ് ന്യായീകരിക്കാന്‍ സാധിക്കുക.  പ്രത്യേകിച്ച് പുനര്‍ വിവാഹത്തിനു പോലും ഏറെ സാധ്യതകള്‍ തികഞ്ഞു വരുന്ന ഇക്കാലത്ത്.  അത്തരത്തിലുള്ള മാന്യതയോടെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള  മനോധൈര്യം കാണിക്കാത്തതെന്തു കൊണ്ട്? കുടുംബത്തേയും ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന മക്കളേയുമൊക്കെ ദൂരെക്കളഞ്ഞ് പ്രണയത്തിന്റെ-അല്ലെങ്കില്‍ മറ്റെതെങ്കിലും പേരിലാകട്ടെ, നിയമവിരുദ്ധമായ കോപ്രായങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. അനീതി അംഗീകരിക്കുന്ന സമുഹമല്ല നമുക്കുള്ളത്. അതു കൊണ്ടു കൂടിയാണ് കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെക്കുന്നതും, ചെന്നിടത്തു നിന്നും അടിഞ്ഞു പോകട്ടെ എന്ന് പ്രാക്കുന്നതും.

മേലേ സൂചിപ്പിച്ചതിന്റെ മറുപക്ഷം കാണുന്ന ഒരു ചെറു ന്യൂനപക്ഷ ദമ്പതികളെങ്കിലും എല്ലാം സഹിച്ചും പൊറുത്തും നമുക്കിടയില്‍ കഴിയുന്നുണ്ടെന്നത് മറന്നു വെക്കേണ്ടതല്ല. ഭര്‍ത്താവിനെ മതിയാകാത്ത ഭാര്യയും, ഭാര്യയെ മതിയാകാതെ വരുന്ന ഭര്‍ത്താവും സുലഭമാകുന്നു. മദ്യത്തിന്റെയോ മറ്റെന്തെങ്കിലും കാരണത്താല്‍ ഭര്‍ത്താവിനെ വെറുക്കുന്ന ഭാര്യ, മക്കള്‍, അമ്മയുടെ അവിഹിതം- കണ്ട് ജീവിതം തന്നെ നശിച്ചു എന്നു കുരുതുന്നവര്‍... പറഞ്ഞതനുസരിക്കാതെ ഓടിപ്പോയി അപകടത്തില്‍ ചാടുന്ന ചെറുപ്പം...  ഇങ്ങനെ പോകുന്നു അശാന്തിയുടെ ആ പട്ടിക. 

കുടുംബത്തിന്റെ മാനമോര്‍ത്തും, ഒളിച്ചോടാന്‍ ധൈര്യമില്ലാതെയും ദാമ്പത്യം ഒരു ജീവപര്യന്തം തടവുശിക്ഷയായി അനുഭവിച്ചു  തീര്‍ക്കുന്നവര്‍ അധികരിക്കുന്നുണ്ട്.   ജീവിതത്തില്‍ നിന്ന് തന്നെ അവര്‍ ഒളിച്ചോടി മറ്റൊരു ലോകം പ്രാപിക്കാന്‍ തയ്യാറാകാത്തത്   മാനം-മക്കളുടെ മുഖം ഓര്‍ത്തു മാത്രം. 

അതുകൊണ്ട് തന്നെ ഏതെങ്കിലും പെണ്ണിന്റെ ഒളിച്ചോട്ടത്തിന്റെയും അവിഹിതത്തിന്റെയും കഥ കേള്‍ക്കുമ്പോള്‍ അതൊക്കെ ലൈംഗികപരമായ അതൃപ്തിയുടെ കുറവു കൊണ്ടു മാത്രമാണ് എന്ന് ആക്ഷേപിക്കുന്നിടത്തല്ല കാര്യം. ഇത്തരം വഴിതെറ്റി വരുന്ന പ്രണയജീവിതങ്ങള്‍  കേവലം കാമാര്‍ത്ഥിയുടെ പേരില്‍  മാത്രമാണെന്ന് കാണുക വയ്യ.  പലതരം ജീവിത നൈര്യാശവും സംഭവിച്ചു പോകുന്ന പതര്‍ച്ചയും, സ്വന്തം ദാമ്പത്ത്യത്തില്‍ സഹികെട്ട്, മരിക്കാന്‍ ഭയപ്പെട്ട്, ഇഷ്ടപ്പെടുന്നവന്റെ കൂടെ ജീവനുള്ളതു വരെ പാര്‍ക്കാന്‍ ചിലര്‍ ആഗ്രഹിച്ചു പോകുന്നു. മറ്റു മാര്‍ഗങ്ങളില്ലെന്ന് സ്വയം നിരീക്ഷിക്കുന്നു. മറ്റു ചിലര്‍ എല്ലാം ത്യജിച്ച് മരണത്തെ പുല്‍കാന്‍ വെമ്പുന്നു.  

വിധിയെന്നു കരുതി ജീവപര്യന്തം തടവിനു വിധിക്കപ്പെട്ടതിനു സമാനമായി കണ്ട് ജീവിക്കുന്ന  നിരവധി ദാമ്പത്യങ്ങളെ നമുക്കു ചുറ്റും കാണാം. പാകമെത്തുന്നതിനു മുമ്പേ പിഴച്ചു പോയ മനസുമായി പിതാക്കള്‍ സംഭരിച്ച സ്വര്‍ണാഭരണങ്ങള്‍ സഹിതം  വിവാഹത്തലേന്ന് സ്ഥലം വിടുന്നവര്‍,  ജീവിച്ചു തുടങ്ങി  മാസങ്ങള്‍ക്കു മുമ്പേ  പങ്കാളിയെ വേണ്ടെന്ന് വെക്കുന്നവര്‍.  കുട്ടികളും, പേരക്കുട്ടികകളേയും മറന്ന്   സോഷ്യല്‍ മീഡിയയുടെ സ്വാധീനത്താല്‍ കൂടു മാറുന്നവര്‍,  ഭാഷ പോലുമറിയാത്ത പ്രവാസിയെ കാമിച്ച് സ്വന്തം ഭര്‍ത്താവിനെ കൊന്ന് നാടുവിടുന്നവര്‍, ഇങ്ങനെ മഴപോലെ വന്നു നിറയുകയാണ് അശുഭവാര്‍ത്തകള്‍. 

 ഇത്തരം വാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിക്കുന്നവര്‍, സ്വാനുഭവങ്ങള്‍ പങ്കിടുന്നവര്‍, എനിക്കും ഒടുവില്‍ ഇതു തന്നെ ഗതിയെന്ന് പല വട്ടം  ചിന്തിച്ചുറച്ചു കഴിയുന്ന നീരാശരായ ദമ്പതിമാരുണ്ട് നമുക്കു ചുറ്റും.  അനുദിനം അവ കൂടി വരികയാണ്.  ദാമ്പത്യത്തിന്റെ ഭാഗമായുള്ള അമിത രതിയുടെ പ്രയോഗം അഥവാ ഉപദ്രവം കൊണ്ട് പോലും ഭര്‍ത്താവിനെ ഭയക്കുന്ന ഭാര്യമാര്‍. ആവശ്യമായ രതിമൂര്‍ച്ച നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ മാറിക്കിടക്കുന്ന ഭര്‍ത്താക്കന്മാര്‍... ഇവിടെ ഒരേ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുമിച്ചു ചേരേണ്ടവര്‍ വെവ്വേറെ സ്വപ്നങ്ങള്‍ നെയ്ത് രാവ് തടറവറയാക്കുന്നവരുടെ എണ്ണം കൂടികൂടി വരികയാണ്. 
 
രാത്രിയുടെ യാമങ്ങളില്‍  അടുത്ത സ്റ്റാന്റില്‍ റിക്ഷ ഓട്ടുന്നവന്‍, വീട്ടില്‍  വിറകു വെട്ടാന്‍ വരുന്നവന്‍,  കരുകരുത്ത, കുരുന്നു മീശ മുളക്കുന്ന പ്രായത്തിലെ ഏതെങ്കിലും ബംഗാളി, ജോലി ചെയ്യുന്ന ഓഫിസിനടുത്തെ കഞ്ഞിപ്പുരയിലേക്ക് ലുങ്കിയുടുത്തു വന്നു അടുക്കളപ്പണി ചെയ്യുന്ന ഏതെങ്കിലും  ചേച്ചിയിലാകാം ഇവരുടെ സ്വപ്‌നം മുഴുകുക. 
 
പരസ്പരമുള്ള അംഗീകാരവും, പരിഗണനകളും അറിഞ്ഞു ജീവിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നിടത്ത് ഇത്തരം വൈകൃതങ്ങള്‍ കടന്നു കൂടുന്നു.  അവ തലച്ചോറില്‍ വൃണങ്ങളുണ്ടാക്കുന്നു. അവിടെ രക്തദാഹിയായ പ്രണയം ഉടലെടുക്കുന്നു.  പ്രണയമുള്ളിടത്ത് മറ്റെല്ലാം വന്നു ചേരുമെന്ന് പ്രശസ്ത കവി ഖലില്‍ ജീബ്രാന്റെ കവിതയുണ്ട്. ലഹരി പൂക്കുന്ന പുഷ്പമാണ്  പ്രണയമെന്ന് അയ്യപ്പനും.   പ്രണയത്തിനും കാമത്തിനും കണ്ണും കാതുമില്ലെന്ന് സമര്‍ത്ഥിച്ചവര്‍ ഏത്രയോപേര്‍.  അവിഹിതത്തില്‍ കുടുങ്ങി ജിവിതം തുലക്കുന്ന വിജേഷും, പ്രസീതയും പോലെ പലര്‍. 

വിവാഹിതയായ ഒരു സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും, മറിച്ചു ഭാര്യയില്‍ നിന്നും  ലഭിക്കേണ്ട ന്യായമായ ശാരീരികാവകാശം, മറ്റു സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ ബന്ധം ഒഴിവാകാനും, മറ്റൊരു ബന്ധം തെരെഞ്ഞെടുക്കാനുള്ള പാശ്ചാത്യ  സാഹചര്യം നിയമപരമായി ഇവിടെയും ഉണ്ടായിരുന്നെങ്കില്‍  അമ്പലത്തറ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രസിത-വിജേഷ് കമിതാക്കള്‍ക്ക് ജയിലില്‍ പോകേണ്ടി വരില്ലായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്.  

സഹികെട്ട ജീവിതം തുടരുന്നതിനു പകരം നിയമമായ വേര്‍പിരിയല്‍ സുതാര്യമാകണം. ഒളിച്ചോട്ടത്തേക്കാള്‍ ഏത്രയോ നല്ലതായിരിക്കും അത്.  രണ്ടാം വിവാഹമെന്നത് മാന്യത നഷ്ടപ്പെടുന്ന ഒന്നല്ലെന്ന് സമൂഹം തിരിച്ചേറിയേണ്ടിയിരിക്കുന്നു.  ജന്തു ജീവിതങ്ങളില്‍ പോലും ലൈംഗികത കേവലം സന്താനോല്‍പ്പാദനം മാത്രമല്ല, വൈകാരിക പ്രവണതയാണെന്നും, പ്രകൃതിക്കു പോലും രതിമൂര്‍ച്ഛ അനുഭവപ്പെടുന്ന  ശ്രാവണ മാസത്തിലെ തെരുവു പട്ടികള്‍ വരെ ഇതാസ്വദിക്കുന്നുണ്ടെന്നും നമ്മളറിയുന്നു.   

കാമത്തെ ഒരു തരം ഭ്രാന്ത് മാത്രമായല്ല,  പ്രകൃതി തന്റെ സന്താനങ്ങള്‍ക്ക് അനുഗ്രഹിച്ചു നല്‍കുന്ന ഏത്രയും മനോഹരമായ അനുഭൂതി കൂടിയാണെന്ന അവസ്ഥയെ മാനിക്കാന്‍ സാധിക്കണം.  ഒരുതരം ആവേശമാണ് രതി. മാനസികമായും ശാരീരികമായും അതിലൂടെ ലഭിക്കുന്ന അനന്ദത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല.  ഒരാളുടെ വിരക്തിയോ കഴിവുകേടോ മൂലം പങ്കാളിക്ക് ആ അനുഭൂതി നിഷേധ്യമാവരുത്. ഇതിനെ മനസു കൊണ്ട് ചെറുത്തു തോല്‍പ്പിക്കാനാകാതെ വരുമ്പോള്‍   എന്തും വരട്ടെ എന്നു കരുതി സമൂഹം അംഗീകരിക്കില്ലെന്ന് ഉറപ്പിച്ചിട്ടും ഒളിച്ചോട്ടം പോലുള്ള കുറ്റകൃത്യത്തില്‍  ചെന്നു ചാടുന്നു. ഇവ മാറ്റാന്‍ നമുക്ക് സാധിക്കണം.  ചികില്‍സ കൊണ്ടല്ല, ഉയര്‍ന്ന തലത്തിലുള്ള സാമൂഹിക ബോധം ആര്‍ജ്ജിച്ചു കൊണ്ടായിരിക്കണം അത്. 

എവിടെയാണ് ഭര്‍ത്താവായ വിജേഷിനും, കാമുകിയായ പ്രസീതക്കും  പിഴച്ചത്? റിമാന്റിലായ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യും വരേയും അതിനുശേഷവും നിഗൂഡമായിരിക്കും ഇതിനുള്ള ഉത്തരം.  

ഇതിനിടയിലൂടേയും നമുക്ക് ബഹുമാനം ചൊരിയാം...
എനിക്കു ചുറ്റും ജീവിക്കുന്ന, പേരുപറയാന്‍ ആഗ്രഹിക്കാത്ത ചുറ്റുവട്ടത്തുള്ള ചില അമ്മാരെ, ഭാര്യമാരെ....  
1. രണ്ടു കുട്ടികളുടെ അമ്മ, 30 വയസ് പ്രായമുള്ള ഭാര്യ. ഭര്‍ത്താവ് സ്‌പൈനല്‍ കോഡ് ് തകര്‍ന്ന് തീര്‍ത്തും കിടപ്പില്‍. വരുമാനത്തിനു വേറെ വഴിയില്ല. 
2. പശ്ചവാതം വന്ന് സംസാര ശേഷി വരെ നഷ്ടപെട്ട 55 വയസുകാരന്‍, മകള്‍ ജനസേവന കേന്ദ്രത്തില്‍ ജോലിക്കു പോയി കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം.
3. വാഹനാപകം നിമിത്തം അരക്കെട്ട് പാടേ തകര്‍ന്ന, അതിനു മുമ്പേ രണ്ടു വൃക്കകളും നഷ്ടപ്പെട്ട ഡയാലിസിസ് രോഗിയായ യുവാവ്. 

ഇവിടുങ്ങളില്‍ എല്ലാം  ജീവിക്കാന്‍ മാര്‍ഗമില്ലാതെ പട്ടിണി കിടക്കുന്നവരുണ്ട്.  എങ്കിലും അവരില്‍ പ്രണയമുണ്ട്. കലവറയില്ലാത്ത പ്രണയം. പ്രണയമാണ് അവരെ വീണ്ടും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.


Keywords:  Kasaragod, Kerala, News, Article, Melparamba, Marriage, Family, Husband, Wife, Top-Headlines, Who should answer when elope is common?.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia