city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എമ്മിന്റെ മുഖ്യശത്രു ആര്? കോണ്‍ഗ്രസോ അതോ ബി ജെ പിയോ? സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ബിജെപിക്കെതിരെ

(www.kasargodvartha.com 23.09.2017)  കോണ്‍ഗ്രസല്ല, മുഖ്യശത്രു ബി.ജെ.പിയാണെന്നാണ് ബ്രാഞ്ചു സമ്മേളനം ചര്‍ച്ച ചെയ്യുന്ന പ്രധാന അടവു നയം. ബ്രാഞ്ചുകളെ കേന്ദ്രീകരിച്ചല്ല, ഉന്നതരായ യെച്ചൂരിയും, കാരാട്ടും അടക്കം രണ്ടു പാളയത്തില്‍ നിന്ന് പടയൊരുക്കുമ്പോള്‍ ബ്രാഞ്ചു സമ്മേളനങ്ങള്‍ ഇതിനെ എങ്ങനെ കാണുന്നുവെന്നത് പ്രസക്തമാണ്.   ഉയര്‍ന്നു വരുന്ന ചര്‍ച്ചകള്‍ക്ക് 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ വെച്ച് തീരുമാനം കൈക്കൊള്ളും. കാരാട്ട,് യെച്ചൂരി എന്ന പോലെ പ്രാദേശികമായി അവരവരുടെ ബ്രാഞ്ച് സ്വാധീന മേഖലകളില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയാണ്. തീരദേശ ബ്രാഞ്ചുകളാണ് ഇത്തരം ചര്‍ച്ചകളുടെ കാതല്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നത്.

മുഖ്യ ശത്രു കോണ്‍ഗ്രസല്ല, ബി.ജെ.പി.യാണെന്ന വാദം പൊതുവേ അംഗീകരിക്കപ്പെടുകയാണ്. ഐക്യജനാധിപത്യ മുന്നണിയിലെ പ്രബല കക്ഷിയായ ലീഗിന്റെ അനുയായികള്‍ ഇടതിന്റെ സഹായം മനസ്സാ ഉറപ്പിച്ച കാലഘട്ടമാണിത്. കോണ്‍ഗ്രസുമായുള്ള മൃതു സമീപനം കൂടെ നില്‍ക്കുന്ന മുസ്ലീം പ്രവര്‍ത്തകരെ കൂടെ നടത്താന്‍ പ്രയോജനപ്പെടും. ഇതിനെ വിമര്‍ശിക്കുന്ന പാര്‍ട്ടി അംഗങ്ങളെ അകത്ത് സി.പി.എം എന്നാല്‍ പുറത്ത് ആര്‍എസ്എസുകാരായി കാണണമെന്നും പരിഹാസമുണ്ടായി. പച്ച ചെങ്കൊടിക്കു പകരം പലയിടത്തും കാവിച്ചെങ്കൊടി ഉയര്‍ന്നു പൊങ്ങുന്നതായും അത്തരം മേഖലകളെ കരുതിയിരിക്കണമെന്നും ന്യൂനപക്ഷ മേഖലകളിലെ ബ്രാഞ്ച് സമ്മേളനം ഓര്‍മ്മിപ്പിക്കുന്നു.

സി പി എമ്മിന്റെ മുഖ്യശത്രു ആര്? കോണ്‍ഗ്രസോ അതോ ബി ജെ പിയോ? സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ബിജെപിക്കെതിരെ

ആര്‍.എസ്.എസിനെ ഒറ്റപ്പെടുത്തി കോണ്‍ഗ്രസിന്റെ പായ പങ്കിടുന്നത് കൊണ്ട് പാര്‍ട്ടിക്കല്ല, മറിച്ച് ബി.ജെ.പിക്കാണ് വളരാന്‍ സാധിക്കുകയെന്ന വാദമാണ് ഒരു വശത്തു നിന്നും ഉയര്‍ന്നു വരുന്നത്. മത്സ്യത്തൊഴിലാളി മേഖലകളില്‍ ഈ വാദത്തിന് ശക്തി കൂടുകയാണ്. കോണ്‍ഗ്രസും, മാര്‍കിസ്റ്റും ഇവിടെ ഒരുമിച്ചു ചേര്‍ന്ന് ബി.ജെ.പിക്കെതിരെ ഒരു ഫഌറ്റ് ഫോമില്‍ വന്നാല്‍ ഇരു മുന്നണികളും ചേര്‍ന്ന് അക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് എളുപ്പം സാധിക്കുമെന്ന് ഇത്തരക്കാര്‍ വാദിക്കുന്നു. മഅ്ദനിയുടെ കൈക്കു പിടിച്ച് വേദിയില്‍ അടുത്തിരുത്തിയതിന്റെ പേരില്‍ ജനം തോല്‍പ്പിച്ചു വിട്ട തെരഞ്ഞെടുപ്പ് നേതൃത്വത്തെ ബ്രാഞ്ച് സമ്മേളനം ഓര്‍മ്മിപ്പിക്കുകയാണ്.   വഴിമുട്ടിയപ്പോഴൊക്കെ ബി.ജെ.പിക്ക് വഴികാട്ടാന്‍ സി.പി.എമ്മാണുണ്ടായതെന്നും അതിനുദാഹരണങ്ങള്‍ യഥേഷടം നിരത്തി വാദങ്ങള്‍ ഉയര്‍ന്നു.

2011ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് 44000 വോട്ടു കിട്ടി. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ അത് 46000 ആയി ഉയര്‍ന്നു. സി പി എമ്മിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരുന്ന കാഴ്ച അംഗങ്ങള്‍ കണക്കുകളുടെ വെളിച്ചത്തില്‍ സ്ഥാപിക്കുന്നു. മഞ്ചേശ്വരത്ത് മാത്രമല്ല, ബേക്കല്‍, കോട്ടിക്കുളം, കാഞ്ഞങ്ങാട് തുടങ്ങി ചെറുവത്തൂര്‍ വരെ ഇതിന്റെ അലയടികള്‍ ദൃശ്യമായതായി ബ്രാഞ്ചു സമ്മേളനങ്ങള്‍ വിലയിരുത്തുന്നു. കുറ്റിക്കോലിലെ പാര്‍ട്ടി ഇനിയും ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല.

ഹൈന്ദവേതര സംഘടനകളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടി അംഗങ്ങളുടെ ജീവിത രീതിക്കെതിരെ പാര്‍ട്ടി നില കൊള്ളുകയും, എന്നാല്‍ ഇതര മതസ്ഥരുടെ യോഗങ്ങളില്‍ ചെന്നാല്‍ അവിടെ പ്രാര്‍ത്ഥിക്കാന്‍ വരെ വേദി ഒരുക്കി നല്‍കുന്നതും പാര്‍ട്ടിക്കകത്ത് ഭൂരിപക്ഷ വര്‍ഗീയത വളരാന്‍ ഇടയാക്കുന്നതായും ചര്‍ച്ച നടന്നു. ഇത്തരം പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നവര്‍ ഉള്ളില്‍ കാവിക്കറ കോറിയ സഖാക്കളാണെന്ന് പരിഹസിക്കുന്നതും ചര്‍ച്ചയായി. ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് തടയിടാന്‍ സി.പി.എമ്മാണ് എന്നും മുന്നോട്ടു വരുന്നത്.

മുസ്ലിം ലീഗിന് അതിനു കഴിയില്ല. ആ ഘട്ടത്തില്‍ കോണ്‍ഗ്രസിനോട് അനുഭാവം കാട്ടുക എന്നാല്‍ ലീഗിനെ സംരക്ഷിക്കുക എന്നാണ് സാങ്കേതികമായി അര്‍ത്ഥമാക്കേണ്ടത്. അതുവഴി ലീഗിന്റെ അണികളെ അടര്‍ത്തിയെടുക്കാന്‍ കഴിയണം. ബാബരി മസ്ജിദിന്റെ കാലത്തും, അഖിലേന്ത്യാ ലീഗിന്റെ പിറവിക്കും കാരണം സി.പി.എമ്മിന്റെ അടവു നയം തന്നെയാണെന്നും അത്തരത്തില്‍ മൂന്നാമതായുള്ള നയ രൂപീകരണമാണിതെന്നും, അതിനെ സ്വാഗതം ചെയ്യുന്നതായും മുസ്ലീം മേഖലയിലെ പാര്‍ട്ടി അംഗങ്ങള്‍ വിലയിരുത്തുന്നു.  പ്രത്യയശാസ്ത്രാഗ്നിയില്‍ വെന്തുരുകി പല സമ്മേളനങ്ങളും ഏറെ വൈകും വരെ തിളച്ചു മറിഞ്ഞു. ബ്രാഞ്ചു സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നതില്‍ വരെ ഈ ചര്‍ച്ച സ്വാധീനിച്ചു.

ഭയപ്പെടുത്തി കീഴടക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനു ബദലാകാന്‍ സി.പി.എം ബ്രാഞ്ചുകള്‍ കരുത്തരാകേണ്ടതുണ്ട്. ഭയപ്പെടാതെ പോരാടുകയെന്നും, ഇതിനേക്കള്‍ ഭീകരമായിരുന്നു അടിയന്തരാവസ്ഥ. അന്നു പോലും ഭയപ്പെടാത്ത പാര്‍ട്ടിയാണ് സി.പി.എം  പിന്നെ കണ്ടത.് ജനം ഇടപെട്ട് ഇന്ദിരാഗാന്ധിയേയും, സഞ്ചയ്ഗാന്ധിയേയും പാര്‍ലമെന്റില്‍ നിന്നും പുറത്താക്കുന്ന കാഴ്ചയാണ്. യോഗം നിയന്ത്രിക്കുന്ന മേല്‍ക്കമ്മറ്റിയുടെ പ്രതിനിധികള്‍ ഇങ്ങനെയാണ് ചര്‍ച്ച അവസാനിപ്പിക്കുന്നത്.

ബീഹാറിലെ മഹാസഖ്യത്തില്‍ ചേരാതെ മാറി നിന്നതും, 34 വര്‍ഷം ഭരിച്ച ബംഗാളില്‍ 19 ശതമാനം പോലും വോട്ടില്ലാതെ പോയതും നയവൈകല്യമായി തിരിച്ചറിയണം എന്ന് അംഗങ്ങള്‍ ആവശ്യപ്പെടുന്നു. ബി.ജെ.പിയെ ശക്തിയായി എതിര്‍ക്കാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും വേണം. അതാണ് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ അടവു നയമെന്നും വാദവും സമ്മേളനങ്ങളില്‍ ഉയര്‍ന്നു.

പ്രതിഭാരാജന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Congress, BJP, CPM, RSS, Muslim-league,  who is the enemy of CPM? Congress or BJP? representatives against BJP in conference.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia