city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയില്‍ കെ കുഞ്ഞിരാമന്‍ രണ്ടാമങ്കത്തിന്; മണികണ്ഠന് പാരയായത് സുധാകരന്‍

പ്രതിഭാരാജന്‍

(www.kasargodvartha.com 15.03.2016) ഒടുവില്‍ സമവായമായി. ഉുദമ യൂത്തിനെ ഏല്‍പ്പിക്കാനായിരുന്നു ആലോചന. അന്നു മുതല്‍ക്കേ പറഞ്ഞു കേട്ടതാണ് മണികണ്ഠന്റെ പേര്. കിട്ടിയ ബാങ്കുജോലി ഉപേക്ഷിച്ച് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഡി വൈ എഫ് ഐയുടെ ജില്ലാ പ്രസിഡണ്ടും, നിലവിലെ സെക്രട്ടറിയുമായ കെ മണികണ്ഠന്റെ സീറ്റുമോഹത്തിന് തടയിട്ടത് ഉദുമയിലേക്ക് വന്ന കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ. ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തു ഒടുവില്‍ നിശ്ച്ചയിച്ച കെ കുഞ്ഞിരാമന്റെയും മണികണ്ഠന്റെയും പേരുകള്‍ കൂടാതെ തല മൂത്ത ആരെങ്കിലും ഒരാള്‍ വേണമെന്ന കുറിപ്പോടെ സംസ്ഥാന കമ്മിറ്റി തിരിച്ചയച്ചു. അങ്ങനെ യൂത്തിനു വേണ്ടി മാറ്റി വെച്ച ഉദുമയില്‍ മണികണ്ഠന്റെ പേര് വെട്ടിമാറ്റി. പാര്‍ട്ടി അനുവദിച്ചു തരുന്ന രണ്ടാം ഉഴത്തിന്റെ അര്‍ഹതയുമായി കെ കുഞ്ഞിരാമന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് അങ്ങനെയാണ്.

കെ സുധാകരനാണ് രംഗത്തെങ്കില്‍ സംസ്ഥാന നേതാക്കളില്‍ ആരെങ്കിലുമായിരിക്കണം മല്‍സരിപ്പിക്കാന്‍ എന്നു പോലും ചര്‍ച്ച വന്നു. ആരും യോഗ്യരായി ഉയര്‍ന്നു വരാതായപ്പോള്‍ ജില്ലാ നേതാക്കളില്‍ ജനകീയരായ എം രാജഗോപാലില്‍ തുടങ്ങി മുന്‍ എം എല്‍ എ കെ കുഞ്ഞിരാമനില്‍ വരെ എത്തി നിന്ന മാരത്തോണ്‍ ചര്‍ച്ച രാവിലെ 11 മണിക്ക് തുടങ്ങി ഇരുട്ടും വരെ നീണ്ടു. ഒടുവില്‍ സമവായമായത് കെ കുഞ്ഞിരാമനില്‍ തന്നെ.

വെള്ളത്തില്‍ മീനെന്ന പോലെ കുഞ്ഞിരാമന്‍ ഇല്ലാത്തിടങ്ങളില്ല. ക്ഷണിച്ചാല്‍ മാത്രമല്ല, അല്ലാതെയും കടന്നു ചെല്ലും. സ്വന്തം മണ്ഡലത്തിലെ എല്‍ ബി എസ് എഞ്ചിനീയറിങ്ങ് കോളജില്‍ പരിപാടി നടക്കുന്നു. ഉദ്ഘാടകന്‍ അയല്‍ മണ്ഡലത്തിലെ എന്‍ എ നെല്ലിക്കുന്ന്. ഉദ്ഘാടന പ്രസംഗം പൊടിപൊടിക്കുമ്പോള്‍ സ്ഥലം എം എല്‍ എ വേദിയിലിരുന്ന് പ്രസംഗം കേട്ട് പ്രതിഷേധിക്കുന്നു. അന്ന് അനുനയിപ്പിക്കാന്‍ വന്ന പാട് ചില്ലറയല്ലെന്ന് പറയുന്നു കോളജിലെ സംഘാടകര്‍.

വികസനവും കരുതലിനും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേക്കാള്‍ ശ്രദ്ധ പതിപ്പിച്ചത് കെ കുഞ്ഞിരാമനെന്ന എം എല്‍ എയാണ്. ചെറുതെങ്കിലും നിരവധി പദ്ധതികള്‍, പ്രഭാകരന്‍ കമ്മീഷന്റെ പണമിരിക്കുന്നിടം വരെ പോയി കിട്ടാവുന്നതൊക്കെ വാങ്ങിയെടുത്തു. കന്നി എം എല്‍ എ എന്ന നിലയില്‍ 2011ലെ ആദ്യ ബജറ്റ് പ്രസംഗത്തിലെ താരമായത് ഇങ്ങനെ. എവിടെ വി എസ് സര്‍ക്കാര്‍ കൊണ്ടു വന്ന അടക്കാ കര്‍ഷകര്‍ക്കുള്ള പത്തു കോടി ആശ്വാസം? അനുവദിച്ചില്ലെങ്കില്‍ നിയമസഭയില്‍ സത്യാഗ്രഹമിരിക്കും. നെല്ലുല്‍പാദന ബോണസ് 140ല്‍ നിന്നും ആയിരമായി വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 2011 ഒക്‌ടോബര്‍ നാലിന് കൃഷി മന്ത്രി കെ പി മോഹനന്‍ നിയമസഭയില്‍ പറഞ്ഞു: സത്യാഗ്രഹം വേണ്ട. വി എസ് സര്‍ക്കാരിന്റെ പദ്ധതിയിലെ പത്തു കോടി നീക്കിവെച്ചിരിക്കുന്നു. നെല്ലുല്‍പ്പാദന ബോണസും കൂട്ടാം.

യുവത്വത്തിനായി മാറ്റിവെക്കാന്‍ നിശ്ചയിക്കപ്പെട്ട ഉദുമ സീറ്റ് പിടിച്ചു വാങ്ങാനായത് കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ജനകീയതയും ഭാഗ്യവും കൂടിവന്നതു കൊണ്ടു തന്നെ. യുവ നേതാവായ മണികണ്ഠനേക്കാള്‍ അനുകൂല ഘടകങ്ങള്‍ ഏറെയുണ്ട് ഈ സഖാവിന്. കഴിഞ്ഞ പാര്‍ലിമെന്റ് - പഞ്ചായത്ത് വോട്ടെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയും കുറ്റിക്കോലിലും ബേഡകത്തും വോട്ടു വാരിക്കൂട്ടി. പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ നേതാവ് ഗോപാലന്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടിയോടുള്ള നീരസമാണ് ഇതിനു കാരണം. ഗോപാലന്‍ മാസ്റ്ററുടെ അനുഗ്രാഹാശിസുകള്‍ മാത്രമല്ല, പള്ളിക്കരയിലടക്കം സ്ഥിരം യു ഡി എഫുകാരായ ന്യുനപക്ഷത്തെ മെരുക്കാനുള്ള മാസ്മരിക മന്ത്രവും കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ പക്കലുണ്ട്. നല്ലൊരു പൂരക്കളി കലാകാരനും കര്‍ഷകനുമാണ്. വീട്ടില്‍ അലമാരയില്‍ അടുക്കി വെച്ചിരിക്കുന്ന അംഗീകാരവും ഈ പഴയമനുഷ്യനെ പുത്തനാക്കുന്നു.

പുറത്തുള്ള ശത്രുക്കളല്ല, അതികഠിനം അകമാണെന്ന തിരിച്ചറിവിലൂടെ പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ പയറ്റിത്തെളിഞ്ഞ എം എല്‍ എയ്ക്ക് ഉദുമയിലെ ജനത വെച്ചു നീട്ടിയ അംഗീകാരമാണ് രണ്ടാം തവണത്തെ മല്‍സരം.

ഉദുമയില്‍ കെ കുഞ്ഞിരാമന്‍ രണ്ടാമങ്കത്തിന്; മണികണ്ഠന് പാരയായത് സുധാകരന്‍


Keywords: Article, Prathibha-Rajan, K.Kunhiraman MLA, Uduma, Election 2016, CPM,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia