city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വകതിരിവില്ലാത്തവര്‍

വകതിരിവില്ലാത്തവര്‍
തിവില്ലാത്ത വിധം ദു:ഖിതനായിട്ടാണ് അവ്വക്കറ്ക്ക ഇന്ന് വീട്ടിലേക്ക് വന്നത്. 'സാക്ഷരതാ ക്ലാസില് ബന്നിറ്റ് അക്ഷരം പഠിച്ചത് ബെറുതേ ആയിന്ന ഇപ്പം തോന്നണത്. നാലക്ഷരം കൂട്ടിബായിക്കാന്‍ പഠിച്ചപ്പം പെരുത്ത് സന്തോഷം തോന്നിയിരുന്ന്. അതിനിക്ക് മാഷോട് ഒരുപാട് നന്ദിയുണ്ട്. പക്ഷേങ്കില് മാഷേ പത്രത്തില് ബര്ന്ന ചെല ബര്‍ത്തമാനം വായിക്കുമ്പം മനസ്സിന് ബല്ലൈത്തൊരു എടങ്ങേറ്'.

'അതിന് എന്താ ഉണ്ടായത് അവ്വക്കറ്ക്ക?' ഞാന്‍ ചോദിച്ചു.

'ഇപ്പഴത്തെ മന്ശന്മാര് മനിശമ്മാറേ അല്ലാണ്ടായിന്ന തോന്നണത്. മോള്‍ക്ക് പാലില് മയക്കുമരുന്ന് കൊടുത്ത് പുരുശന്മാര്‍ക്ക് കാഴ്ചവെച്ച ഒരു ഉമ്മയെപറ്റി വായിച്ചപ്പോ തല കറങ്ങുന്നത് പോലെ തോന്നിപ്പോയി മാഷേ.... നമ്മളെ ഉമ്മമാര്‍ക്ക് എന്തുപറ്റി? ഇത് നടന്ന കാര്യം തന്നേയാവ്വോ? അതോ പത്രക്കാര്‍ ബെറുതെ എയ്തിബിട്ടതാവ്വോ?'

'അവ്വക്കറ്ക്കാ ഇതൊക്കെ യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യം തന്നെ. സംശയമില്ല. പക്ഷെ പത്രക്കാര്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ സെന്‍സിറ്റീവ് ആക്കാന്‍ ശ്രമിക്കും. അങ്ങിനെയല്ലെ വായനക്കാരെ തൃപ്തിപ്പെടുത്താന്‍ പറ്റൂ. എന്തുകൊണ്ട് ഉമ്മ അങ്ങിനെ ചെയ്തു എന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ, അത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനോ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാവില്ല. അതിന് പല കാരണങ്ങളുമുണ്ട്. പത്രത്തിന്റെ സെപ്‌യിസ് കുറവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഈ സംഭവം നടന്നത് ചെര്‍ക്കളയിലാണ്. പ്രമുഖരായ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ സിരാ കേന്ദ്രമാണ്., സ്വസമുദായത്തില്‍പെട്ടവരെ സഹായിക്കാന്‍ സന്മനസ്സുളളവര്‍ ജീവിച്ചു വരുന്ന പ്രദേശമാണ്. വാര്‍ത്തയില്‍ ഇടം തേടിയ ഈ കുടുംബം എവിടെ നിന്നോ വന്ന് ഇവിടെ താമസിച്ചു വരുന്നവരാവാം. ദരിദ്ര കുടുംബത്തില്‍പെട്ടരാവാം. ബാപ്പ ഉപേക്ഷിച്ചു പോയതാവാം. ചിലപ്പോള്‍ പ്രസ്തുത പെണ്‍കുട്ടി ആ ഉമ്മയുടെ മകള്‍ അല്ലായിരിക്കാം. സാഹചര്യത്തിനടിമപ്പെട്ട് ചെറുപ്പക്കാരുടെ ഇംഗിതത്തിന് ഈ ഉമ്മ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നതാവാം. ആസ്വാധീനം ഉപയോഗിച്ച് അവരുടെ മകളെയും ചെറുപ്പക്കാര്‍ വരുതിയിലാക്കിയതാവാം. ഏതായാലുംപെട്ടു എന്നാല്‍ കുറേ കൂടി പണം സമ്പാദിച്ച് ജീവിതം കെട്ടിപ്പടുക്കാമെന്ന ദുര മൂലവും ഈ കൊടും പാതകത്തിന് കൂട്ടുനിന്നതാവാം. ഒരു കാര്യം തീര്‍ച്ച ദാരിദ്ര്യമാണ് ഇതിനു പിന്നില്‍ എന്നത് നിസ്തര്‍ക്കമാണ്.'

ഞാന്‍ പറഞ്ഞു നിര്‍ത്തേണ്ട താമസം. അവ്വക്കറ്ക്ക സ്വതസിദ്ധമായ ശൈലിയില്‍ നിഷ്‌ക്കളങ്കമായ ചില ചോദ്യങ്ങളുമായാണ് എന്നെ നേരിട്ടത്.

'അല്ലമാഷേ നമ്മളെ വിഭാഗത്തില്‍പെട്ട മുഅ്മിനീങ്ങള് മനസ്സുവെച്ചാല്‍ ഇത്തരം പാവങ്ങളെ സഹായിക്കാന്‍ കഴിയൂല്ലെ? ഏതെല്ലാം കാര്യത്തിന് നമ്മളെ ആള്‍ക്കാര്‍ പണം പൊടിപൊടിക്കുന്നുണ്ട് ? നിക്കാഹിന്റെ കാര്യത്തില്, മരണാടിയന്തിരത്തിന്റെ കാര്യത്തില്, കൊട്ടാരങ്ങള്‍ പണിത് സുഖിക്കുന്ന കാര്യത്തില്, സല്‍ക്കാരകാര്യത്തില് ഇതിലൊക്കെ ലച്ചങ്ങള്‍ പൊടി പൊടിക്കാന്‍ മടിയില്ലാത്ത ഞമ്മളെ ആള്‍ക്കാര്‍ക്ക് ഈ പാവപ്പെട്ടവരേയോ, അവരുടെ പ്രയാസങ്ങളെയോ കാണാന്‍ കഴിയാത്തതെന്തേ?

ഇങ്ങനോക്കെ ചോയിക്കാനും പറയാനും പഠിപ്പിച്ചത് മാഷാണേ. അന്ന് സാക്ഷരതാ ക്ലാസില് ബന്നിറ്റില്ലായിരുന്നെങ്കില്‍ ഇതൊന്നും ഞമ്മ മനസ്സിലാക്കില്ലായിരുന്ന്. മാഷേ ഇന്നലെ കാഞ്ഞങ്ങാട് നടന്ന സംഭവം ടീവില് കണ്ട്. ഒരു ഹബീബ് എന്ന പേരായ മനുഷ്യന്‍ ആരോരുമില്ലാതെ അലഞ്ഞു തിരിയുന്നത് കണ്ടിറ്റ് പളളിക്കരയിലുളള ഒരു ക്രിസ്ത്യന്‍ മനുഷ്യ സ്‌നേഹിയാണ് അയാളെ കൂട്ടിക്കൊണ്ടു പോയി വൃത്തിയാക്കി ഭക്ഷണം കൊടുത്ത് താമസിക്കാനുളള ഇടം കൊടുത്തത്. ഇവിടെയും ഞമ്മളെ മുഅ്മിനീങ്ങള് ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് ബിചാരിച്ച് നടക്കുകയാ'.

ഞാന്‍ അല്പസമയം മിണ്ടാതിരുന്നു. അവ്വക്കറ്ക്ക പറഞ്ഞത് ശരിയാണെന്ന് ഞാന്‍ തലകുലുക്കി സമ്മതിച്ചു. എനിക്കുണ്ടായ ഒരനുഭവം അവ്വക്കറ്ക്കയുമായി പങ്കിട്ടു. 'ഇന്നലെ ( 24-11-12) ശനിയാഴ്ച രാവിലെ 10 മണിയോടടുത്ത് കാണും. കാഞ്ഞങ്ങാട് ടൗണ്‍ മുസ്ലിം ജമാഅത്ത് പളളിയുടെ ഗേറ്റ് കടന്ന് അകത്തു ചെന്നപ്പോള്‍ കണ്ട കാഴ്ച വേദനാജനകമായിരുന്നു. ബുര്‍ഖധരിച്ച 20-25 പ്രായം തോന്നിക്കുന്ന ഒരു യുവതി രണ്ട് ചെറിയ കുട്ടികളെയും മടിയിലിരുത്തി ബുര്‍ഖ കൊണ്ട് ദേഹമാകെ പൊതിഞ്ഞ് കൂനികൂടിയിരിക്കുന്നു യാചിക്കുന്നൊന്നുമില്ല. ഭയചകിതയായ മുഖഭാവം. നാടുകാരനല്ലാത്ത ഞാന്‍ കാര്യമന്വേഷിക്കുന്നത് ഉചിതമല്ലെന്ന് കരുതി ഞാനും ദയാപൂര്‍വ്വം അവരെ നോക്കി കടന്നു പോയി. അവരെ ആരെങ്കിലും സഹായിക്കുമോ? എങ്ങിനെ അവിടെ എത്തിപ്പെട്ടു. ചതിയില്‍പെട്ടു പോയതാണോ?'

'മഷേ ഇത് കാസര്‍കോട്ടെ വാര്‍ത്ത. കണ്ണൂരില്‍ ഇതേക്കാളും മനുഷ്യപ്പറ്റില്ലാത്ത ഒരു സംബവവും പത്രത്തില്‍ വായിച്ചു. സ്വന്തം അച്ഛനും, ചേട്ടനും കൂടി ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത. കിയാമം നാള്‍ അടുക്കാറായ കാഴ്ചതന്നെയോപ്പ ഇതൊക്കെ. ഡിസംബര്‍ 22 ന് ലോകം അവസാനിക്കുമെന്നും പത്രത്തില് വായിച്ചിരുന്ന്. പിതാവെന്ന ബോധം നശിച്ച് ആ മനുഷ്യാധമന്‍ സ്വന്തം മകളില്‍ കാമവെറിതീര്‍ത്തതിനെക്കുറിച്ച് എന്താ മാഷെ പറയ്വാ? പതിനഞ്ച് വയസ്സുകാരാനായ അവളുടെ ചേട്ടനും ആ പെണ്‍കൊച്ചിനെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിച്ചെന്ന് കൂടി വായിച്ചപ്പോള്‍ മനിശമ്മാര്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചോ എന്ന് തോന്നിപ്പോയി.'

'അവ്വക്കറ്ക്കാ ഇവിടെ വില്ലന്‍ മയക്കുമരുന്നാണ്. മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് സ്വന്തം അമ്മാവന്മാരാണ്. അതിന് അടിമയായത് അളിയനും മരുമകനുമാണ്. മയക്കുമരുന്ന് അകത്തു കടന്നാല്‍ മനുഷ്യന്‍ മൃഗ സ്വഭാവക്കാരനായിമാറും. അവന് ഒരു ബോധവും ഉണ്ടാവില്ല. അമ്മയെന്നോ, മകളെന്നോ, മകനെന്നോ ഉളള ബോധം ഇല്ലാതാവും. മൃഗ സമാനമായ ലൈംഗിക തൃഷ്ണയും കൂടും. ഇതാണ് അവിടെ സംഭവിച്ചത്. പെണ്‍കുട്ടിയെ പതിനൊന്നാം വയസ്സുമുതല്‍ ഈ ദുഷ്ടമൃഗങ്ങള്‍ ലൈംഗികമായി വേട്ടയാടുകയാണ്. കുട്ടി പരിക്ഷീണയായപ്പോഴാണ് തന്റെ അധ്യാപികമാരോട് ഇക്കാര്യം തുറന്നു പറയുന്നത്. അതിനാല്‍ അവര്‍ പിടിക്കപ്പെട്ടു.

അവ്വക്കറ്ക്കാ ഇത് പുറത്തറിഞ്ഞ കാര്യം ഇതിനേക്കാള്‍ എത്രയോ ഭികരമായ ദുരനുഭവങ്ങള്‍ കടിച്ചിറക്കി നരകതുല്യമായ ജീവിതം നയിക്കുന്ന കുടംബങ്ങളും നമുക്കുചുറ്റുമുണ്ട്. ദരിദ്ര വിഭാഗത്തില്‍പെട്ടവര്‍ മാത്രമല്ല ധനാഢ്യരും, സമൂഹത്തില്‍ മാന്യമായി ജീവിച്ചു വന്നവരും ഒക്കെ മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിച്ച് തീര്‍ക്കുന്നുണ്ടിവിടെ.

ചെറിയകുട്ടികളാണ് മയക്കുമരുന്നിന്റെ ഉപഭോക്താക്കളിലധികവും. സ്വകാര്യമായി ഇവ എത്തിച്ചു കൊടുക്കുന്ന കരിയര്‍ മാരായും കുട്ടികളാണ് പ്രവര്‍ത്തിക്കുന്നത്. മയക്കുമരുന്ന് വ്യാപാരം വ്യാപകമാണിന്ന് അടിമപ്പെട്ടുപോയാല്‍ ഒരിക്കലും രക്ഷപ്പെടാനാവാത്തവിധം പലരും കെണിയില്‍ പെട്ടു പോയിട്ടുണ്ട്.

ഇതിന്റെയെക്കെ ഫലമായി ധാര്‍മ്മികത നഷ്ടപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയാണിവിടെ. ഇതില്‍ ഭരണകൂടവും മത-സാമൂദായിക രാഷ്ട്രീയ സംഘടനകളും നിസ്സംഗതകാണിക്കുകയാണ്. വൈകുന്നേരങ്ങളിലെ ചെറുപ്പക്കാരുടെ കൂട്ടം കൂടിയിരുപ്പ് ശ്രദ്ധിക്കണം. അവര്‍ കൂട്ടമായി ഒഴിയന്‍ പറമ്പുകളിലേക്കോ മറ്റോ ഒന്നിച്ച നീങ്ങും. ഇതിന്റെയൊക്കെ ആവശ്യത്തിനുളള പണം കണ്ടെത്താനും അവര്‍ മിടുക്കരാണ്. ഇങ്ങിനെ വളര്‍ന്നുവരുന്ന തലമുറ ഇഞ്ചിഞ്ചായി നാശത്തിന്റെ പടുകഴിയിലേക്ക് നിപതിക്കുകയാണ്.

സകല മാന്യന്മാര്‍ക്കും മദ്യം കൂടാതെ പറ്റില്ല. വളരെ രഹസ്യമായിട്ടാണ് അവരത് ഉപയോഗിക്കുന്നതെന്ന് പരസ്യമാണ്. ബിവാറേജ് ഔട്ട് ലറ്റ്കളിലൊന്നും ക്യൂ നില്‍ക്കാന്‍ അവരെ കാണില്ല. അതിനൊക്കെ ബിനാമികളുണ്ട്.

ഇതെല്ലാം കേട്ട് മ്ലാനമായ മുഖത്തോടെ ഒരു ദീര്‍ഘ ശ്വാസം വലിച്ച് സലാം ചൊല്ലി അവ്വക്കറ്ക്ക നടന്നു നീങ്ങി. ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന ചിന്തയോടെ.

വാല്‍ക്കഷണം: കഴിഞ്ഞ ദിവസം ഒരു റിട്ടയേര്‍ഡ് മിലിട്ടറിക്കാരനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് മിലിറ്ററി ക്വാട്ടയില്‍ മാസം 750 മി.ലി ബോട്ടീല്‍ കിട്ടും. കക്ഷി ഉപയോഗിക്കാറില്ല പക്ഷെ വീടില്‍ ഇതെത്തിയ ദിവസം മാന്യന്മാരായ വ്യക്തികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ ഏജന്റെുമാര്‍ വീട്ടിലെത്തും.

വകതിരിവില്ലാത്തവര്‍

-കൂക്കാനം റഹ്മാന്‍

Keywords:  Article, Kookanam-Rahman, Molestation, Girl, Student, Teacher-vacancy, Cherkkala, Mother, Teacher, Education, Kookkanam, Rahman.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia