city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Experience | ജീവിതത്തിന്റെ കര തേടി അലയുന്നവൻ

അനുഭവം / മുഹമ്മദലി നെല്ലിക്കുന്ന്

(KasargodVartha) പ്രാരാബ്ധങ്ങളും പട്ടിണി പരിവേഷങ്ങളും കൂട്ടിയോജിപ്പിച്ച ജീവിതമായിരുന്നു എന്റേത്. പത്താം ക്ലാസ് പരീക്ഷയിൽ ഏതോ ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞത് കൊണ്ട് തോറ്റു തൊപ്പിയിട്ടു. അത് കൊണ്ട് അന്ന് സ്കൂൾ പടിയിറങ്ങി ഒരു ജോലിക്ക് വേണ്ടി നടത്തം തുടങ്ങുകയായിരുന്നു. അതിനിടയിൽ ഉപ്പ എന്നെ കോളേജിൽ ചേർക്കുവാനുള്ള അണിയറ നീക്കം നടത്തുന്നുണ്ടെന്ന് അറിഞ്ഞു. അതിന് ഞാൻ സമ്മതിച്ചില്ല. കോളേജിൽ പഠിച്ചിറങ്ങുമ്പോൾ ഒന്നുമില്ലാത്ത എനിക്ക് ആരാണ് നല്ല ഒരു ജോലി തരിക? അങ്ങിനെ നഗരത്തിൽ തന്നെ ഒരു കടയിൽ ജോലി തരപ്പെട്ടു. മാസ ശമ്പളം മുന്നൂറ് രൂപയായിരുന്നു. അന്നത്തെ മുന്നൂറ് രൂപ ഇന്നത്തെ മുപ്പതിനായിരം രൂപയ്ക്ക് തുല്യമായിരുന്നു.

Experience | ജീവിതത്തിന്റെ കര തേടി അലയുന്നവൻ

ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ വല്ലാത്തൊരു സന്തോഷവും ആനന്ദവുമായിരുന്നു. കിട്ടിയ മുന്നൂറ് രൂപ ഉമ്മയുടെ കൈയ്യിൽ ഏൽപ്പിച്ചപ്പോൾ ആ മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പരക്കുന്നത് ഞാൻ കൺകുളിർക്കെ കണ്ടു. മൂന്ന് കിലോമീറ്ററിൽ കൂടുതൽ രാവിലേയും, രാത്രിയും നടന്നു പോകണം. അന്ന് ഇന്നത്തെ പോലെ നിരത്തുകളിൽ വാഹന പെരുപ്പമില്ലായിരുന്നു. പണക്കാരുടെ കൈയ്യിൽ ഏതെങ്കിലും ഒരു വണ്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഒരു വീട്ടിൽ ഒരാൾക്ക് രണ്ട് വാഹനങ്ങൾ എന്ന കണക്കിനാണുള്ളത്. പണക്കാരനായാലും പാവപ്പെട്ടവനായാലും മുറ്റത്ത് വണ്ടിയുണ്ടായിരിക്കും. രാവിലെ ഒരു ചായയും കടിയും, ഉച്ചയ്ക്കുള്ള ഭക്ഷണം, വൈകുന്നേരം ചായ കടി മുതലാളിയുടെ വകയായത് കൊണ്ട് മാസ ശമ്പളം മൊത്തം കിട്ടുമായിരുന്നു.

അങ്ങനെ നീണ്ട ഒരു വർഷം ആ കടയിൽ ജോലി ചെയ്തു. കടയിലേക്കുള്ള പോക്കുവരവിന്റെ പ്രശ്നം കാരണം അവിടെ നിന്നും ഒഴിവായി വേറെ ജോലി അന്വേഷിക്കുവാൻ തുടങ്ങി. ഉമ്മയുടെ ചെറിയ സഹോദരൻ ഒരു ഹോം പെയ്ൻറർ ആയതുകൊണ്ട് ഉമ്മ ഇടക്കിടെ അവരോട് എന്നേയും ജോലിക്ക് കൂടെ കൂട്ടാൻ പറയുമായിരുന്നു. ഉമ്മയുടെ സമ്മർദത്തിന് വഴങ്ങി എന്നേയും അവരുടെ ജോലിയിൽ ചേർത്തു. ആദ്യത്തെ ജോലിയിൽ തന്നെ പണി പാളിപ്പോയി. ഒരു ബക്കറ്റ് വെള്ളവും ഒരു കിലോ കുമ്മായ പൊടിയും തന്ന് കലക്കുവാൻ ഏൽപ്പിച്ചു മൂപ്പര് ജോലിയിൽ വ്യാപൃതനായി. അങ്ങനെ എന്റെ കർത്തവ്യം ഞാൻ നിറവേറ്റി മാമനോട് (കാക്ക) പറഞ്ഞു.

അവർ വന്നു നോക്കിയതും പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു. പിറുപിറുത്ത് കൊണ്ട് ഞാൻ കലക്കി വെച്ച കുമ്മായം വെള്ളം തൂക്കിയെടുത്ത് വെയിലത്ത് ഊറാൻ വെച്ചു. അത് ഊറി വരുന്നത് വരെ ആ ബക്കറ്റിന് കാവലിരുന്നു. അതിന്റെ മേലെയുള്ള വെള്ളമെല്ലാം കളഞ്ഞു ബക്കറ്റിന്റെ അടിയിൽ ഊറി നിൽക്കുന്ന ബാക്കിയുള്ളവയെ നല്ലതു പോലെ കലക്കി വീടിന്റെ ചുമരിൽ തേച്ചു പിടിപ്പിച്ചു. അവിടെ ഞാൻ പരാജയപ്പെട്ടുവെങ്കിലും അതിന് ശേഷം ഞാൻ പണി പഠിച്ചു. ഏതൊരു മേഖലയിലെ പരാജയം അതൊരു വിജയത്തിലേക്കുള്ള ചവിട്ട് പടിയാണ്. ഇന്നിപ്പോൾ എവിടെ പെയ്ന്റിംഗ് ജോലിയുണ്ടാകുമ്പോഴും മിക്സ് ചെയ്യുന്നത് ഞാനാണ്. എത്ര ഉയരത്തിലുള്ള വീടിന്റെ ചുമരുകൾക്കും പെയ്ന്റ് പൂശും. ബെഡ്റൂം, സിറ്റൗട്ട്, ഡൈനിംഗ് ഹാൾ തുടങ്ങി എല്ലാ ചുമരുകളിലും ഡിസൈൻ ചെയ്യുന്നു.

സ്കൂൾ പഠിത്തം പാതിവഴിലാക്കി പല കൂലിവേലകളും ചെയ്തിരുന്നുവെങ്കിലും അവസാനം പെയ്ന്റിംഗിൽ തന്നെ പിടിച്ചു നിന്നു. അങ്ങിനെയിരിക്കേ ഗൾഫിൽ പോകണമെന്ന മോഹവും മനസിലുദിച്ചു. ഇടയ്ക്കൊരു ഇടവേളയിൽ മാമനും ഗൾഫിലേക്ക് പറന്നു. അതുകൊണ്ട് അക്കര പച്ചയിൽ എത്തിപ്പെടണമെന്ന മോഹം മനസിൽ നിറഞ്ഞു. പാസ്‌പോർട്ട് റെഡിയാക്കി വെച്ചു. അന്ന് ഒരു പാസ്പോർട്ട് എടുക്കാൻ മുന്നൂറ്റി അൻപത് രൂപയോ മറ്റുമായിരുന്നു. ഒരുവർഷത്തിന് ശേഷം മാമൻ വിസിറ്റ് വിസ അയച്ചു തന്നു. വിമാനം കയറി ദുബായ് എയർപോർട്ടിൽ ചെന്നിറങ്ങി.

തണുത്തു വിറയ്ക്കുകയായിരുന്നു. വിമാനത്തിനുള്ളിലും എ സി, അതുകഴിഞ്ഞ് എയർപോർട്ടിലും എ സി ജീവിതത്തിൽ എ സിയുടെ തണുപ്പ് അറിഞ്ഞത് അന്നാണ്. ഗൾഫിൽ പോയവർ പറഞ്ഞു കേട്ടതല്ലാതെ, അനുഭവിച്ചറിഞ്ഞത് നാട് വിട്ടപ്പോളാണ്. എല്ലാ പരിശോധകളും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അനുഭവിച്ച് ആസ്വദിച്ച തണുപ്പിനെ പോലും വെല്ലുന്ന കഠിനമായ ചൂട് കാറ്റായിരുന്നു എന്നെ വിമാനത്താവളത്തിന് പുറത്ത് നിന്നും സ്വീകരിച്ചത്. ഇത്രയും കഠിനമായ ചൂട് ഗൾഫിലുമുണ്ടോയെന്ന് ചിന്തിച്ചു പോയി. എന്നെ കൂട്ടികൊണ്ടു പോകാൻ എന്റെ പെങ്ങളുടെ ഭർത്താവ് യൂസഫ് പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. അവൻ കണ്ടതും അരികത്ത് വന്ന് ഹസ്തദാനം ചെയ്യുകയും കെട്ടി പിടിക്കുകയും ചെയ്തു. അങ്ങനെ കാറിൽ കയറി റൂം ലക്ഷ്യമാക്കി യാത്ര തുടർന്നു.

രാത്രിയായതിനാൽ നാട് ശരിക്കും കണ്ട് ആസ്വദിക്കുവാൻ സാധിച്ചില്ല. തെരുവോരങ്ങൾ പലനിറത്തിലുള്ള വെളിച്ചങ്ങളിൽ മുങ്ങിക്കുളിക്കുകയായിരുന്നു. പല മോഡലുകളുടെ കെട്ടിട സമുച്ഛയങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി. മിനുസമുള്ള റോഡുകളും, മിഴികൾ തുറന്ന് തുറിച്ചു നോക്കുന്ന തെരുവ് വിളക്കുകളും കണ്ടപ്പോൾ മനസ്സിൽ ആനന്ദത്തിന്റെ കുളിരുകൾ പാറിക്കളിച്ചു. അങ്ങിനെ റൂമിലെത്തിപ്പെട്ടു. ഒരു വിശാലമായ ഹാളും രണ്ടു മുറികളുമുള്ള ഫ്ലാറ്റായിരുന്നു. ഹാളിൽ ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് വിരിച്ച് കിടക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ ലുഡോ കളിക്കുകയും, ഒന്നുരണ്ടു പേർ നാട്ടിലെ പ്രിയപ്പെട്ടവർക്ക് കത്തെഴുതുകയുമായിരുന്നു. അവരിൽ ഒരാളായി ഞാനും അംഗമായി.

പിറ്റേ ദിവസം രാവിലെ ഞാനും യൂസഫും ജോലി തേടി പുറപ്പെട്ടു. പല കടകളിലും കയറിയിറങ്ങി നിരാശരായി തിരിച്ചു വരേണ്ടി വന്നു. ജോലി തേടിയുള്ള ജൈത്രയാത്ര തുടർന്നു. എന്തു പണി കിട്ടിയാലും ചെയ്യാമെന്നുള്ള ആഗ്രഹത്തോടു കൂടി. അങ്ങിനെ ഒരു കഫ്തേരിയയിൽ ജോലി തരപ്പെട്ടു. അവിടെ ഒരു മാസത്തോളമായി ജോലി ചെയ്തു. അന്ന് വിസയൊന്നുമില്ലായിരുന്നു. ജോലി കഴിഞ്ഞ് രാത്രി പേടിയോടെയായിരുന്നു റൂമിലേക്ക് പോയിരുന്നത്. എപ്പോഴാണ് സിഐഡിയുടെ കണ്ണിൽ പെടുകയെന്ന് ചിന്തിച്ചുള്ള പോക്ക് വരവ്. അങ്ങനെ കുറേ മാസങ്ങൾക്ക് ശേഷം സർവ്വാനി പള്ളിയുടെ പിറക് വശത്തുള്ള ഒരു ബഖാലയിൽ ജോലിക്ക് ചേർന്നു. അവിടെ നിന്നും കിട്ടിയ ആദ്യത്തെ ശമ്പളം നാട്ടിലേക്ക് അയച്ചു കൊടുത്തു. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷ നിമിഷമായിരുന്നു അത്.

അതിനിടയിൽ പൊതുമാപ്പ് പ്രഖ്യാപനവും വന്നതോടെ ആകെ അങ്കലാപ്പിലായി. എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം നാട്ടിലേക്ക് പുറപ്പെടുകയും, പുറപ്പെടാനിരിക്കുന്നവരുമുണ്ടായിരുന്നു. എന്റെ മുതലാളി കണ്ണൂരിലെ ഒരു മമ്മദായിരുന്നു. പാവം മനുഷ്യൻ, മനുഷ്യ സ്നേഹമുള്ളയാൾ. അങ്ങനെ ഞാനും നാട്ടിലേക്ക് പറക്കാൻ തീരുമാനമെടുത്തു. എന്റെ പാസ്പോർട്ട് കോപ്പിയും, ഫോട്ടോയും മമ്മദ് വാങ്ങി വെച്ചു. എന്നിട്ട് പറഞ്ഞു ഭാഗ്യമുണ്ടെങ്ങിൽ നമുക്ക് ഈ മരുഭൂമിയിൽ കണ്ടുമുട്ടാമെന്ന്. ഉടുതുണിക്ക് മറുതുണിയില്ലാതെ ബോംബെ വഴി നാട്ടിലെത്തി.

Experience | ജീവിതത്തിന്റെ കര തേടി അലയുന്നവൻ

ഒരുമാസം കഴിഞ്ഞപ്പോൾ വീട്ടുകാരുടെയും കുടുംബക്കാരുടേയും നിർബന്ധത്തിന് വഴങ്ങി കല്യാണവും കഴിച്ചു. ഒരു മാസം കഴിയുന്നതിന് മുമ്പേ മമ്മദിന്റെ ഫോൺ വിളി വന്നു. നിന്റെ വിസ കിട്ടിയിട്ടുണ്ട് എത്രയും പെട്ടെന്ന് വരണമെന്ന്. അങ്ങനെ സന്തോഷവും വിഷമവും ചേർന്ന മനസ്സുമായി വീണ്ടും ഗൾഫിലേക്ക് യാത്രയായി. നീണ്ട ഇരുപത്തിയേഴ് വർഷം ഞാനുമൊരു പ്രവാസിയായി ജീവിക്കുകയും, കുടുംബത്തിനെ അല്ലലില്ലാതെ പോറ്റുകയും ചെയ്തു. ഇന്ന് ഞാനൊരു കടക്കാരനായി നാട്ടിൽ ജോലിയൊന്നുമില്ലാതെ ജീവിക്കുന്നു.

Keywords: Life, Experience, Expatriate, Article, Editor’s-Choice, Exam, Mark, Marriage, Job, Wandering in search of shore of life.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia