city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി.എസിന്റെ ജില്ലാ പര്യടനവും മുങ്ങിത്താഴുന്ന ആനവണ്ടിയും

പ്രതിഭാരാജന്‍

(www.kasargodvartha.com 09/02/2015) ദേശീയ പാര്‍ട്ടി, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പ്രഥമ പ്രതിപക്ഷ നോതാവിനെ സൃഷ്ടിച്ച പാര്‍ട്ടി തുടങ്ങി ഏറെ ബഹുമതികള്‍ക്ക് ഇന്ന് ഇടിവു പറ്റിയെങ്കിലും സി.പി.എം. തുടങ്ങിവെച്ചവയൊന്നും പകുതിയില്‍ കളഞ്ഞു കുളിച്ചുവെന്ന് ശത്രുക്കള്‍ പോലും പറയില്ല. പാര്‍ട്ടി ഇപ്പോള്‍ പ്രത്യയശാസ്ത്ര പാര്‍ട്ടിയല്ല. കേവല വ്യാപാരവ്യവസായ പാര്‍ട്ടി മാത്രമല്ല, കോര്‍പറേറ്റാണെന്നും മറ്റുമുള്ള എതിരാളികളും കുടെ നില്‍ക്കുന്ന കണ്ണുകടിയന്മാരുടെ മുറുമുറുപ്പ് സമ്മേളനങ്ങള്‍ക്കിടയിലും തകൃതി. അടവു നയം എന്ന വാക്കിന്റെ കുലപതിയാണ് സിപിഎം. അടവു നയത്തില്‍ പിഴച്ചാലും കെട്ടിപ്പടുത്ത സ്ഥാപനങ്ങളൊന്നും തന്നെ കൈവിട്ടു പോകാതെ നില നിര്‍ത്താന്‍ ആ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്.

കാസര്‍കോട് ജില്ല സന്ദര്‍ശിക്കാന്‍ വി.എസ്. എത്തിയത് പോയവാരമാണ്.  എറ്റവും കൂടുതല്‍ നേരം ചിലവഴിച്ചത് പാര്‍ട്ടി സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കായും. അരക്കോടിയില്‍ മേലെ വരുന്ന കെട്ടിടങ്ങളാണ് പലതും. കേരളത്തിലെ ഏറ്റവും ധനാഢ്യരായ പാര്‍ട്ടിയും ചിലപ്പോള്‍ സി.പി.എം. തന്നെയായിരിക്കും. ആ പാര്‍ട്ടിയുടെ സ്വാധീനത്തില്‍ കരുപ്പിടിപ്പിച്ച ധനകാര്യ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, ഇതര വ്യാവസായിക വ്യാപാര സംവിധനങ്ങള്‍ ഇല്ലാത്ത പ്രദേശമെവിടെയുണ്ട് കാണാന്‍. പാര്‍ട്ടിയുടെ കെട്ടുറപ്പിന്റെ സൂചകമാണ് ഈയൊരു വിലയിരുത്തല്‍. ഘട്ടംഘട്ടമായി അതില്‍ പുഴുക്കുത്ത് കാണാന്‍ തുടങ്ങിയിട്ടുണ്ട്. ദിനേശ് ബീഡി സഹകരണ സംഘം അതാണ് സൂചിപ്പിക്കുന്നത്.

ദിനേശ് ബിഡിയുടെ മുതലുകള്‍ ഒന്നൊന്നായി വിറ്റു തുലക്കുന്നു നേതാക്കളെന്നും വീതം വെക്കുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങള്‍ അവിടെ നില്‍ക്കട്ടെ.

കേരളത്തിലാകമാനം കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍, ചുവപ്പണിഞ്ഞു നില്‍ക്കുന്ന പാര്‍ട്ടി സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നു വേണ്ട ബാങ്കുകള്‍ മുതല്‍ സൊസൈറ്റി വരെ പരസ്പര സഹായ നിധി തൊട്ടു മൈക്രോ സാമ്പത്തിക സഹായ ശൃംഖലകള്‍ പാര്‍ട്ടിയുടെ തണലില്‍ ജനോപകാര പ്രദമായി പ്രവര്‍ത്തിക്കുന്നു. വ്യവസായ സ്ഥാപനങ്ങളുടെ, വിദ്യാഭ്യാസ നടത്തിപ്പിലും പാര്‍ട്ടി പിന്നോട്ടു പോയിട്ടില്ല. എം.വി. രാഘവന്‍ കെട്ടിപ്പടുത്ത പാമ്പുചികില്‍സാ കേന്ദ്രം, പാമ്പു വളര്‍ത്തു കേന്ദ്രം, പരിയാരം മെഡിക്കല്‍ കോളജ് തുടങ്ങി സഹകരണ, പ്രോഫഷണല്‍ കോളജ് വരെയുണ്ട് ഇടതിന്റെ കൈവശം. ആരു കൊണ്ടു വന്നതെങ്കിലുമാകട്ടെ പ്രഭാത് പട്‌നായ്ക്കിന് ആസൂത്രണ കമ്മീഷന്റെ ചുമതലയുള്ള കാലത്ത് ഒന്നാം യു.പി.എ. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി സി.പി.എമ്മിന്റെ ചിന്തയില്‍ വിരിഞ്ഞ പദ്ധതിയാണ് തൊഴിലുറപ്പ്. അതിന്റെ പിതൃത്വം സി.പി.എമ്മിനു തന്നെ. വാജ്‌പേയ് വന്നപ്പോള്‍ കുടംബശ്രീ വന്നു. വിജയകരമായി നടപ്പിലാക്കിയത് തോമസ് ഐസക്കാണല്ലോ. വിജയം മാത്രമല്ല, ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചു കേരളം. ഇതില്‍ ഇടതിന്റെ സംഭാവനയൊന്നും തന്നെയില്ലെന്ന് ഏതു കോണ്‍ഗ്രസുകാരനും പറയാന്‍ ധൈര്യപ്പെടില്ല. ഏത്രയെത്ര വ്യവസായ, തൊഴിലവസരങ്ങളാണ് നിര്‍ദ്ധനര്‍ക്കായി അതുവഴി പടുത്തുയര്‍ത്തപ്പെട്ടത്.

പാര്‍ട്ടി സ്വത്തുകളുടെ കാര്യത്തിലേക്ക് തിരിച്ചു വരാം.  നമ്മുടെ ജില്ലയിലേക്ക് നോക്കൂ. വിവേകാനന്ദ കോളജും, മുന്നാട്ടെ സഹകരണ കോളജില്‍ തുടങ്ങി ചികില്‍സാ രംഗത്ത് ഹോമിയോ മുതല്‍ അലോപ്പതിയിലെ നായനാര്‍ ആശുപത്രിയും തേജസ്വിനി ഇങ്ങനെ പോകുന്നു ആതുര സേവന രംഗം.  ഗതാഗത രംഗത്തെ അനുസ്മരിപ്പിക്കുന്ന വരദരാജപൈയുടെ പേരിലുള്ള സഹകരണ സംഘം. ഇങ്ങനെ പാര്‍ട്ടി കൈവരിക്കാത്ത,  വിജയിക്കാത്ത മേഖലയെന്താണുള്ളത്!

പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, വിപ്ലവ പാര്‍ട്ടികള്‍ ഞങ്ങള്‍ തൊഴിലാളി വര്‍ഗത്തിന്റെ അമരക്കാരെന്നും പറഞ്ഞിട്ടെന്തു കാര്യം. കുറെയായി ഇതൊന്നും  എവിടേയും ഏശുന്നില്ല. കേരളം പോട്ടെ, ബംഗാള്‍ പോലും ഇടിഞ്ഞു നിലംപതിച്ചില്ലേ.  വോട്ടിന്റെ കാര്യമടുക്കുമ്പോള്‍ പിന്നെ ഈ പാര്‍ട്ടിക്കിതെന്തു സംഭവിക്കുന്നുവെന്നതിന് ഒരെത്തും പിടിയും കിട്ടുന്നില്ല. പാര്‍ട്ടിക്കകത്തെ പ്രതാപവും സ്വാധീനവും ചോര്‍ന്ന് പഴഞ്ചന്‍ തറവാടെന്ന പോലെ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയാണ് ഉരുക്കിനേക്കാള്‍ ഉറപ്പുണ്ടായിരുന്ന പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രങ്ങള്‍. വളമില്ലാത്ത വയലിലെ വിളയെന്ന പോലെ പതിരും തരിശും, മുരടിച്ചും കിടക്കുന്നു ജനപിന്തുണ. പ്രത്യയശാസ്ത്ര വിളവെടുപ്പില്‍ മാത്രം പാര്‍ട്ടിക്കെന്തു പിറകോട്ടുള്ള നടപ്പെന്നൊക്കെ ചര്‍ച്ചയും തീരുമാനവും മുറക്കു നടക്കുന്നുവെന്നല്ലാതെ ഇലപൊഴിയുന്നതല്ലാതെ പുതിയ തളിരുകള്‍ കിളിര്‍ക്കുന്നില്ല. ഇപ്പോള്‍ നേതാക്കള്‍ക്ക് അവര്‍ തന്നെയാണ് അവരുടെ പാര്‍ട്ടി. സ്വന്തം സ്വാധീനം അവരവര്‍ തന്നെ ഉറപ്പിച്ചില്ലെങ്കില്‍ അതുറപ്പിക്കാന്‍ പണ്ടത്തെപ്പോലെ മറ്റൊരാള്‍ വരുമെന്ന് കാത്തിരുന്നാല്‍ തെണ്ടിയതു തന്നെ.  നേതൃത്വത്തിന്റെ ചിന്ത പ്ലീനവും സമ്മേളന മാമാങ്കവും കഴിഞ്ഞിട്ടും ഇപ്പോഴും കുഴലിലിട്ട വാല്‍ പോലെ വളഞ്ഞു തന്നെ.

പാര്‍ട്ടിയുടെ ജനപിന്തുണ അവിടെ നില്‍ക്കട്ടെ. വ്യാപാര വ്യവസായത്തിലേക്കു തന്നെ വരാം. പറശ്ശിനി കടവിലെ വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനം ഓര്‍മയിലേക്കെത്തുന്നു. അന്ന് വി.എസ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെക്കൊണ്ട് പാര്‍ക്ക് ഉദ്ഘാടനം നടത്തണമെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റി. വ്യവസായികളുടെ പണിയാണ് പാര്‍ക്കും മറ്റുമെന്നും പാര്‍ട്ടി ശ്രദ്ധിക്കേണ്ടത് തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിക്കലാണെന്ന്് വി.എസ് അന്ന് പത്രക്കാരോടായി പറഞ്ഞതു മാത്രമല്ല, ജയരാജന്മാര്‍ ഏത്ര ശ്രമിച്ചിട്ടും വന്നതുമില്ല. ഇവിടെ കാസര്‍കോട് മുക്കൂട് ക്ലബ് ഉദ്ഘാടിച്ചു കൊണ്ട് വി.എസ.് ഇങ്ങനെ പറഞ്ഞു. ക്ലബ്ബുകള്‍ നാട്ടില്‍ സന്തോഷം കൊണ്ടു വരേണ്ടവരാണ്. കലയും കായികത്തനിമയും വളര്‍ത്തേണ്ടവരാണ്. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ച് എന്നെ വിളിച്ചാല്‍ ഒരു ദിവസം മുഴുവന്‍ ഞാന്‍ ഇരുന്നു കാണും. വി.എസിന്റെ കണ്ണില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും പാര്‍ട്ടി ക്ലബ്ബും തമ്മില്‍ അത്ര വലിയ അന്തരമുണ്ട്.

വിഎസ് വന്നു, പോയി. ഇപ്പോള്‍ ഇതോര്‍ക്കാനുമുണ്ട് കാരണം. കഴിഞ്ഞ നിയമസഭയില്‍ വി.എസിന്റ പ്രസ്താവന നാം ശ്രദ്ധിച്ചതാണ്.  കെ.എസ്.ആര്‍.ടി.സിയെ കൊണ്ടു നടക്കാന്‍ സര്‍ക്കാരിനു വയ്യെന്നുണ്ടെങ്കില്‍ അതു പൂട്ടിയിടരുതോ. അതുമല്ലെങ്കില്‍ കൊള്ളാവുന്നവരെ അതേല്‍പിക്കരുതോ. നടത്താന്‍ പറ്റില്ലെങ്കില്‍ അത് ഞങ്ങളെ ഏല്‍പ്പിച്ചോളൂ. ഞങ്ങള്‍ നടത്തിച്ചു കാണിച്ചു തരാം.  ചെറിയൊരു വാടകയും തന്നേക്കാം. സി.ഐ.ടി.യു. നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം ചര്‍ച്ചാവേളയില്‍ ഇത് കുറച്ചു കൂടി പരത്തിപ്പറഞ്ഞു. സര്‍ക്കാരിനു കൊണ്ടു നടക്കാന്‍ കഴിയില്ലെങ്കില്‍ പല വ്യവസായവും നടത്തി വിജയിപ്പിച്ച പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുണ്ട് കേരളത്തില്‍. വി.എസിന്റെയും തുടര്‍ന്ന് ഇളമരവും പറഞ്ഞതിന്റെ പിന്‍ഭാഗം ഓര്‍ത്തെടുക്കുകയായിരുന്നു ഈ കുറിപ്പുകാരന്‍ ഇതിന്റെ തുടക്കത്തില്‍.

കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ നാഥന്‍ തിരുവഞ്ചൂരാണ്. അഭ്യന്തരം നേരത്തെ കുളമാക്കിയ വീരന്‍. ഇപ്പോള്‍ ഗതാഗതവും. പണ്ട് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് ഇംഗ്ലണ്ടില്‍ നിന്നും 60 ബസ് ഇറക്കുമതി ചെയ്ത് തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. വ്യവസായം ഇപ്പോള്‍ 6000 കവിഞ്ഞു. തിരുവഞ്ചൂരിന്റെ കാലത്ത് ബോര്‍ഡിന്റെ സുവര്‍ണ ജുബിലിയാണ് വരാനിരിക്കുന്നത്. ബോര്‍ഡാണെങ്കില്‍ വളരും തോറും തളര്‍ന്നു കൊണ്ടിരിക്കുന്നു. കെ.എസ.്ആര്‍.ടി.സി.ക്ക് തന്റെ ഓമനപ്പോരു പോലും നഷ്ടമാവുകയാണ്. മനസില്‍ കൊണ്ടു നടന്ന പേര് ഇനി കര്‍ണാടകയ്ക്ക് സ്വന്തം. പകരം വേണേല്‍ അല്‍പം  മുടന്തോട് കൂടി കേരള സ്‌റ്റേറ്റ് ആര്‍.ടി.സി. എടുത്തോളൂ എന്നു  കോടതി. ഇതാണ് നമുക്ക് കേരളത്തിനു കിട്ടിയ  സുവര്‍ണ ജൂബിലി സമ്മാനം.

നാശത്തിന്റെ കാഹളമാണിന്ന് ബോര്‍ഡില്‍ ഹോര്‍ണായി മുഴങ്ങുന്നത്. കേരള ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചതും മറ്റൊന്നല്ല. പറ്റാത്ത പണിക്കെന്തിനു പോകുന്നുവെന്ന് സുപ്രീം കോടതിയും വി.എസ്. സഭയില്‍ പറഞ്ഞതും എളമരം ഏറ്റു പറഞ്ഞതും പരസ്പര പൂരകങ്ങളാണ്. ഏതായാലും തിരുവഞ്ചൂരിന്റെ കിരീടത്തില്‍ ഒരു കറുത്ത തൂവല്‍കൂടി ഉറപ്പാകുന്നു. കെഎസ്ആര്‍ട്ടിസിയുടെ മഹാനാശത്തിനു സാക്ഷ്യം വഹിച്ച മന്ത്രിയെന്നാകും അത്. അല്ലേലും തിരുവഞ്ചൂരിനെ പറഞ്ഞിട്ടെന്തു കാര്യം. കുളത്തിന്റെ വക്കില്‍ കൊണ്ടു നിര്‍ത്തിയിട്ടല്ലെ ആര്യാടന്‍ സ്റ്റിയറിങ്ങ് കൈമാറിയത്. ഇനി ഒരു വഴിയേ ഉളളൂ. തൊഴിലാളികള്‍ക്കു തന്നെ ഇതിന്റെ നടത്തിപ്പു വിട്ടു കൊടുക്കുക. അവര്‍ വിചാരിച്ചാല്‍ ചിലതൊക്കെ നടന്നെന്നിരിക്കും. ഇടതു ട്രേഡ് യൂണിയന്റെ കൂടി സഹകരണത്തോടെ കഴിഞ്ഞ മാസം അവസാന വാരം തൊഴിലാളികള്‍ ഒത്തു പിടിച്ചു നോക്കി. ലക്ഷങ്ങളുടെ വരുമാനമാണ് ഒറ്റ വീര്‍പ്പില്‍ കൂടിയത്. തൊഴിലാളികള്‍ക്കിതിനെ നന്നാക്കിയെടുക്കാന്‍ പെടാപാടൊന്നും വേണ്ടെന്നതിനു വേറെന്തു തെളിവ് വേണം?

തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പാണ് കെ.എസ്.ആര്‍ടി.സി.  മുക്കിലും മൂലയിലും എത്തുന്നു അവര്‍. കേന്ദ്രത്തിന്റെ തപാല്‍ സംവിധാനം. പലതരം സ്വകാര്യ കൊറിയര്‍ സര്‍വ്വീസുകള്‍, ഗ്രാമങ്ങള്‍ തോറും മരുന്നു പാര്‍സലുകള്‍, ഉണ്ണുന്ന വാഴയില വരെ എത്തിക്കുന്നത് ആര്‍.ടി.സി.യാണ്. എന്തു കൊണ്ട് അവര്‍ക്കു തന്നെ സ്വന്തമായി ഒരു കൊറിയര്‍ തുടങ്ങികൂടാ. പാര്‍സല്‍ സര്‍വ്വീസായിക്കൂടാ. മുക്കിനുമുക്കിനു സ്വകാര്യ പെട്രോള്‍ ബങ്കുകള്‍ ഇപ്പോഴും മുളച്ചു പൊങ്ങുന്ന കേരളത്തില്‍ ബങ്കും മൊത്ത വിതരണവും ഏറ്റെടുത്തുകൂടാ. ഗ്യാസ് കുറ്റിയുടെ സര്‍വ്വീസ് ഏറ്റെടുത്തുകൂടാ. ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം. ഐക്യമത്യം മഹാബലം. ആനയുടെ വലുപ്പം ആനക്ക് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതിന് ആദ്യം വേണ്ടത് വെള്ളാനകളെ തുരത്തലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വി.എസിന്റെ ജില്ലാ പര്യടനവും മുങ്ങിത്താഴുന്ന ആനവണ്ടിയും


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia