city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി ബി ജ്യോതിരാജിന്റെ 'ഭ്രാന്തന്‍ പൂക്കളിലെ ചുകപ്പ്' ആത്മക്ഷതങ്ങളുടെ വിലാപം

പുസ്തക പരിചയം/ ഹംസ അറയ്ക്കല്‍

(www.kasargodvartha.com 20.07.2020) സ്‌നേഹിച്ച പെണ്‍കുട്ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നുയരുന്ന മനസ്സിന്റെ വിഭ്രാന്തികളാണ്  വി.ബി. ജ്യോതിരാജിന്റെ ഭ്രാന്തന്‍ പൂക്കളിലെ ചുകപ്പ് എന്ന നോവല്‍ പ്രമേയമാക്കുന്നത്. പ്രണയവും, കാമവും, നഷ്ടബോധവും, മനസ്സിന്റെ ഉള്‍വിളികളും ചേര്‍ന്നു സൃഷ്ടിക്കുന്ന
അനുഭവസാക്ഷ്യങ്ങളെ അത്യന്തം ലാവണ്യാത്മകമായി ആഖ്യാനം ചെയ്യുകയാണ് ഈ നോവല്‍.

സ്ത്രീയും പുരുഷനും തമ്മിലുള്ള ആഴമേറിയ സ്‌നേഹ ബന്ധത്തിന്റെ വൈകാരികാനഭൂതി പുസ്തകം പകര്‍ന്നു നല്‍കുന്നു.കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും സ്‌നേഹോഷ്മളതയും ശില്പ ചാരുതയോടെ നോവലിസ്റ്റ് വരച്ചിടുന്നു. മറ്റാര്‍ക്കും മനസ്സിലാകാത്ത അജ്ഞാത ലോകത്ത് ജീവിക്കുന്ന കഥാപാത്രമാണ് ഇതിലെ കഥാനായകന്‍. ഒരേ സമയം ഭ്രാന്തനും, കവിയും, കാമുകനുമാണയാള്‍.

വിചിത്രമായ ഈ സ്വഭാവമാറ്റത്തെ നോവലിന്റെ ശില്‍പത്തിലേക്ക് കൊണ്ടുവന്ന് സര്‍ഗാനുഭൂതിയാക്കി മാറ്റുകയാണ് ജ്യോതി രാജ്. പുരുഷന്മാര്‍ മാത്രം അധിവസിക്കുന്ന മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തിലെ ഏകാന്ത ജീവിതവും അവിടത്തെ വരണ്ട കാഴ്ചകളും സമ്മാനിച്ച ഗൃഹാതുര സ്മൃതികളാണു നോവലിന്റെ പശ്ചാത്തലമായി വരുന്നത്.എന്നാല്‍ കൃതിയില്‍ ഒരിടത്തും മരുഭൂമിയോ അവിടത്തെ ജീവിതമോ  പ്രത്യക്ഷപ്പെടുന്നില്ല.
വി ബി ജ്യോതിരാജിന്റെ 'ഭ്രാന്തന്‍ പൂക്കളിലെ ചുകപ്പ്' ആത്മക്ഷതങ്ങളുടെ വിലാപം

നോവലിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു:
'ദിവസവും വരണ്ട ഒരേ കാഴ്ചകള്‍. മനസ്സ് പൊടുന്നനെ ഏതോ ഗൃഹാതുര കാഴ്ചകള്‍ കാണാന്‍ തുടങ്ങി. അങ്ങനെ മനസ്സില്‍ നിന്ന് ഒരു ലാവ പോലെ പൊട്ടിയൊഴുകി വന്നതാണ് ഈ നോവല്‍' 'സ്ത്രീകളില്ലാത്ത തുരുത്തിലാണ് കുറേ നാള്‍ കഴിഞ്ഞിരുന്നത് 'എന്നൊരു വിശദീകരണം  നോവലിന്റെ ആമുഖത്തില്‍ കണ്ടതുകൊണ്ട് വായിക്കാനുള്ള ജിജ്ഞാസ വര്‍ദ്ധിച്ചു.

'ബെനിഡിക്ട് ശാന്തമായുറങ്ങുന്നു'എന്ന പേരിലുള്ള ഒരു ചെറുകഥ പണ്ട് വായിച്ചിരുന്നു.പുരുഷന്റെ അടങ്ങാത്ത ലൈംഗിക ദാഹവും മരണവുമാണ് അതിലെ പ്രമേയം.അത്തരത്തിലുള്ള കഥയായിരിക്കും ഈ നോവലും എന്നാണ് ആദ്യം കരുതിയത്. അല്ലെങ്കില്‍ മേല്‍പറഞ്ഞതു പോലെ സ്ത്രീയെ സംബന്ധിച്ച ഒരു മുഖവുര ആവശ്യമില്ലല്ലോ! പക്ഷെ എന്റെ ചിന്തകളെ മാറ്റിമറിക്കുന്ന തരത്തിലാണു് നോവലിന്റെ
ആഖ്യാനം എന്ന് പറയാതെ വയ്യ.

ആഴമേറിയ സ്‌നേഹ ബന്ധത്തിന്റെ ഗ്രാമീണ ഭാവങ്ങള്‍ ഈ നോവലില്‍ വിടര്‍ന്നു നില്‍ക്കുന്നതായി കാണാം. താന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് കഥാനായകന്‍ അനുഭവിക്കുന്ന കൊടിയ പീഢനങ്ങളാണ് ഈ നോവലിന്റെ പ്രതിപാദ്യം. ഭ്രാന്തനെന്ന് ആരോപിച്ചു കൊണ്ട് അയാളെ വീട്ടുവരാന്തയിലെ കല്‍ തൂണില്‍ ചങ്ങലക്കിട്ടു കൊണ്ടാണ് ജ്യോതിരാജ് കഥ പറയുന്നത്.

ചെറിയമ്മയുടെ സഹായത്താല്‍ ലഭിക്കുന്ന വെള്ളക്കടലാസും പേനയും ഒരു കരുതലായി കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും അയാളുടെ കാലുകള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഓര്‍മ്മകള്‍ ചതഞ്ഞരഞ്ഞതു കാരണം അയാള്‍ക്കൊന്നും എഴുതാന്‍ കഴിയുന്നതേയില്ല. ചങ്ങലക്കൊളുത്തുകള്‍ തട്ടിയുരഞ്ഞുള്ള കാലിലെ പഴുപ്പില്‍ ഈച്ചകള്‍ വന്നിരിക്കുമ്പോഴുള്ള അസ്വസ്ഥത അയാളെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട്. ഈച്ചയെക്കൊല്ലാന്‍ കൈകള്‍ ഉയര്‍ത്തുമ്പോഴേക്കും പ്രാണഭയത്താന്‍ ഈച്ചകള്‍ പറന്ന് പോകും.ഒരെണ്ണത്തിനെ പോലും കൊല്ലാന്‍ അയാള്‍ക്കാവുന്നില്ല.

ഈ ഒരു നിസ്സഹായാവസ്ഥ സൃഷ്ടിക്കുന്ന മടുപ്പും, വേദനയും, ദേഷ്യവുമെല്ലാം ആധുനിക മനുഷ്യാവസ്ഥയുടെ ഇരുണ്ട
ചിത്രങ്ങളായി വെളിവാക്കിത്തരുന്നു. ദൂരെയിരിക്കുന്ന ഈച്ചയുടെ കണ്ണുകള്‍ മനുഷ്യന്റെ നിസ്സാരമായ ചലനങ്ങള്‍ പോലും എത്ര ജാഗ്രതയോടെയാണ് കണ്ടു പിടിക്കുന്നതെന്ന സത്യം പറയുക മാത്രമല്ല പ്രകൃതിയിലെ മറ്റനേകം ജീവജാലങ്ങള്‍ക്കും കഥയില്‍ ഇടം നല്‍കി വിശകലനം ചെയ്യുന്നുണ്ട് അദ്ദേഹം. അയാള്‍ക്കെഴുതാനുള്ളത് സ്വന്തം വിലാസിനിയെ കുറിച്ചായിരുന്നു.

ഉള്ളില്‍ ഒരു കടല്‍ പോലെ അവളുടെ സ്‌നേഹം തിളച്ചു മറിയുകയാണ്. വാക്കുകളുടെ കുന്നിന്‍ മുകളിലേയ്ക്ക് കയറാന്‍ ശ്രമിക്കുമ്പോഴെല്ലാം കാലിടറി വീഴുകയാണ് അയാള്‍ ജ്യോതിരാജിന്റെ മുന്‍കാല കഥകളില്‍ പ്രത്യക്ഷപ്പെടാറുള്ള അദൃശ്യജീവികളുടെ  സാന്നിദ്ധ്യം ഈ നോവലിലും മുഴക്കമാര്‍ജിക്കുന്നുണ്ട്. '.....നിനക്ക് വഴിതെറ്റുന്നു.എഴുതുന്നത് മുഴുവനും ആഭാസമായിപ്പോവുന്നു.നിന്റെ ഉള്ളില്‍ പ്രണയമില്ല.കാമത്തിന്റെ ഭാഷ മാത്രം നീ എഴുതി നിറക്കുന്നു.... ഒരച്ഛന്‍ മകളെ ഉമ്മ വെക്കുന്നതും, കെട്ടിപ്പിടിക്കുന്നതും പിതൃ വാത്സല്യത്തിന്റെ കള്ളിയില്‍ എഴുതാത്ത ഭീരുക്കളുടെ ലോകത്ത് അതീവ ജാഗ്രതയോടെ വേണം.

എന്തെങ്കിലും കുത്തിക്കുറിക്കാന്‍' മനുഷ്യ സ്‌നേഹത്തിന്റെയും നന്മയുടേയും ആര്‍ദ്രമായ ഒഴുക്ക് നോവലിന് കൂടുതല്‍ മിഴിവേകുന്നു. പ്രധാന കഥാപാത്രവുമായി ആശയ സംവാദത്തിലേര്‍പ്പെടുമ്പോഴെല്ലാം ' പെങ്കോന്താ...'എന്ന വിളി നോവലിലുടനീളം മുഴങ്ങിക്കേള്‍ക്കുന്നതു കാണാം. തന്നെ പരാജയപ്പെടുത്തി പറന്നു പോകുന്ന ഈച്ചയെ നോക്കിയും 'അമ്പട കള്ളാ പെങ്കോന്താ...' എന്നു ഹാസ്യാത്മകമായി പറയുന്നതു നമ്മില്‍ ചിരിയുണര്‍ത്തുന്നു. സ്‌ത്രൈണ പദങ്ങളും, രൂപകങ്ങളും കഥാപാത്രത്തിന്റെ മനോനിലയേയും ആത്മചോദനകളേയും കൂടുതല്‍ മിഴിവോടെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. നവോത്ഥാനന്തര കാലത്ത് കേരളം അപകട പ്പെടുന്നതിന്റെ വിചിത്രമായ കാഴ്ചയിലേക്കും ഈ നോവല്‍
അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

വേലപ്പന്‍ മുതലാളിയുടെ തൊഴുത്തിലെ ആഴമേറിയ ടാങ്കില്‍ അരക്കൊപ്പം ചാണകവെള്ളത്തില്‍ പൂഴ്ന്ന് കിടക്കുന്ന
കൊച്ചുമുതലാളിയും വേലക്കാരിയും.

കാമ പൂര്‍ത്തിക്കുവേണ്ടി കണ്ടെത്തുന്ന പുതിയ റൊമാന്റിക്  പരിസരം !
വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലാതെത്തന്നെ ജ്യോതിരാജ് ഇതിന്റെ അര്‍ത്ഥവ്യാപ്തി നമ്മെ ബോധ്യപ്പെടുത്തുന്നു.

കാല്പനിക ഭാവുകത്വത്തോടെയാണ് ചില ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ പതിച്ചിടുന്നത്. ഭ്രാന്ത് മാറ്റാന്‍ ചോറ്റാനിക്കരയില്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ചികിത്സ തേടി പോയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഭ്രാന്തനാണെന്ന്  മുദ്രയടിക്കപ്പെട്ടതു മുതല്‍ ചങ്ങലയില്‍ അയാള്‍ക്കൊരു തടറവറ തീര്‍ക്കുകയായിരുന്നു.

സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണ് ഈ ദ്രോഹം അയാളോട് ചെയ്തിരിക്കുന്നത്. ബുദ്ധി കൂടിപ്പോയതാണ് ഭ്രാന്താവാന്‍ കാരണമെന്ന് വല്യച്ഛന്‍ പറയുമ്പോള്‍ വിലാസിനിയുടെ മരണമാണു കാരണമെന്ന് വേറെ ചിലര്‍.വേലപ്പന്‍ മുതലാളിയുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോഴാണ് കാലുകളില്‍ ചങ്ങല വീണതെന്ന് അവന്റെ മനസ്സും മന്ത്രിക്കുന്നു.

ചങ്ങലയില്‍ കുരുങ്ങിക്കിടക്കുമ്പോഴും തന്റെ പരിസരത്തെക്കുറിച്ചും, അവിടത്തെ ചലനങ്ങളെക്കുറിച്ചും അയാള്‍ തീര്‍ത്തും ബോധവാനാണ്.സ്വന്തം പറമ്പിന്റെ അതിര്‍ത്തി കടന്നു വരുന്ന പൂച്ചയേയും കോഴിയേയും  നോക്കി തന്റെ ജീവിതാവസ്ഥയെ താരതമ്യം ചെയ്യാന്‍ അയാള്‍ക്കാവുന്നുണ്ട്.

പ്രണയവും പ്രണയനഷ്ടവും,കഥയ്ക്ക് വിഷയമാവുമ്പോള്‍ തന്നെ മനുഷ്യ ജീവിതത്തിനു പുതിയ മാനങ്ങള്‍  തേടുകയാണ് കഥാകാരന്‍. കൈയില്‍ പേന നല്‍കിയും കാലില്‍ ചങ്ങല കുരുക്കിട്ടും ഒരു മനുഷ്യനെ പീഡിപ്പിക്കുന്നത് എത്ര ഭയാനകമെന്ന് ഈ നോവല്‍ അനുഭവിപ്പിക്കുന്നു.

'ഇരുണ്ട നാളുകള്‍ വരാന്‍ പോവുകയാണ്.പരസ്പരം നാശം വിതച്ചു കൊണ്ട്, അര്‍ത്ഥശൂന്യമായ ഏറ്റുമുട്ടലുകള്‍ കൊണ്ട് ചോരക്കളമാവുന്ന ഭൂമിയെ കുറിച്ച് ' ആശങ്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ വിലാപമായി മാറുന്നു നോവല്‍. മണ്ണിന്റെ മണം തുളുമ്പി നില്‍ക്കുന്ന നോവലില്‍ പീഢിതരനായ മനുഷ്യന്റെ സ്വപ്നങ്ങളാണ്.അവന്റെ ആത്മക്ഷതങ്ങളാണ്.

ആരുടെ പക്ഷവും വിജയിക്കാത്ത, തോല്‍ക്കാത്ത ജീവിതാവസ്ഥയുടെ ഭയപ്പെടുത്തുന്ന ഗര്‍ത്തങ്ങളിലേക്ക് ഉറ്റുനോക്കുന്ന ചെറുപ്പക്കാരന്‍ തന്റെ തലമുറ താണ്ടിക്കടന്ന ഇരുള്‍വഴികളും നോക്കിക്കാണുന്നുണ്ട്.  മാനുഷികതാ വിരുദ്ധമായ തലത്തിനു നേരെ എഴുത്തുകാരന്‍ നടത്തുന്ന സര്‍ഗാത്മക പോരാട്ടമാണ് വി.ബി. ജ്യോതിരാജിന്റെ ഭ്രാന്തന്‍ പൂക്കളിലെ ചുകപ്പ് എന്ന നോവല്‍.

hamza532[a]gmail.com


Keywords: Article, Book, Novel,  VB Jyotiraj's 'Red in the Crazy Flowers' book

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia