city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരുത്തി വിളമ്പേണ്ടതില്ല, പാര്‍സല്‍ മതി; ഹോട്ടല്‍ വ്യാപാരികള്‍ രണ്ടു തട്ടില്‍

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 02.06.2020) ഉത്സവ നഗരിയായ ടൂറിസ്റ്റു കേന്ദ്രം കൂടിയാണ് ബേക്കല്‍. വിവിധയിനം രുചിക്കൂട്ടോടെ കേരളത്തനിമയുള്ള ഭക്ഷണം വിളമ്പുന്ന നാട്. ചെമ്മനാട് നൂമ്പിലെ പുഴമീനും, കോട്ടപ്പാറ വയലിലെ പച്ചക്കറികളും, പെരിയ കുണിയനിലെ പുകയിലയും ഇവിടെയെത്തുന്ന ടുറിസ്റ്റുകളുടെ നാടന്‍ ലഹരികളാണ്. ബേക്കല്‍ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായതോടെ ഈ പ്രദേശങ്ങളെല്ലാം അതിവേഗം വളര്‍ന്നു. ബേക്കല്‍ ടൂറിസത്തിനു പുറമെ കാപ്പില്‍ ബീച്ചും, ബേവൂരിയിലെ നൂമ്പില്‍ പുഴയുടെ മര്‍മ്മരവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ചേര്‍ന്ന സ്വാര്‍ഗീയാനുഭവം ഈ ചെറുപട്ടണങ്ങള്‍ക്ക് സ്വപ്ന നഗരിയെന്ന പേരിട്ടു നല്‍കി.
ഇരുത്തി വിളമ്പേണ്ടതില്ല, പാര്‍സല്‍ മതി; ഹോട്ടല്‍ വ്യാപാരികള്‍ രണ്ടു തട്ടില്‍

വിവാഹ-വിവാഹേതര സദ്യക്ക് പേരു കേട്ട നാടാണിത്. എല്ലായ്പ്പോഴും ഉണര്‍ന്നിരിക്കുന്ന ഉല്‍സവനഗരി. തീവണ്ടിയുടെ ഇടതടവില്ലാത്ത ചൂളം വിളികള്‍. വിവാഹപ്പാര്‍ട്ടികളുടേയും, ടൂറിസ്റ്റുകളുടേയും, വിദ്യാര്‍ത്ഥി സംഘങ്ങളുടേയും തിക്കും തിരിക്കുകള്‍. രാവിലെയും വൈകുന്നേരങ്ങളിലും നിലക്കാത്ത സ്‌കൂള്‍ ബസുകള്‍. സന്ധ്യാനാമ സമയത്തു കാതിലോടിയെത്തുന്ന നഗരസംഗീതം. ബാങ്കുവിളികളുടെ ആരവം. എല്ലാം കൊണ്ടും ടൂറിസ്റ്റുകളുടെ പറുദിസയായി ഈ നഗരം. വിദേശ- ആഭ്യന്തര ടൂറിസ്റ്റുകള്‍ വന്നിറങ്ങിയാല്‍ തട്ടുകട മുതല്‍ സ്റ്റാര്‍ നിലവാരമുള്ള ഹോട്ടലില്‍ വരെയുണ്ട് തിരക്ക്. എന്നും എവിടെയും ഉല്‍സവങ്ങള്‍. ഉല്‍സവങ്ങളുടെ നഗരി കൂടിയാണിവിടം. പൊന്നു വിളയുന്നിടം.

ബേക്കലും പരിസരവും മാത്രം കേന്ദ്രീകരിച്ച് ഡസണ്‍ കണക്കിനു ചെറുകിട-തട്ടുകടകളുണ്ടായിരുന്നു. ബേക്കല്‍ കടല്‍ തീരത്ത്  അറബിക്കടലിന്റെ മടിയിലെ കാറ്റേറ്റ് കടല്‍ കണ്ടാസ്വദിച്ചുണ്ണാന്‍ വരെയുണ്ട് തട്ടുകട സംവിധാനം. പാരമ്പര്യ വിഭവങ്ങളായ കപ്പയും മീനും തൊട്ട് പുട്ടും കടലയും വരെ ചിലയിടങ്ങളില്‍ കിട്ടും. ഇലവെച്ചുണ്ണാം. ചൈനീസ് ഐറ്റം വേണ്ടവര്‍ക്ക് അതും യഥേഷ്ടം. വിദേശ ഭക്ഷണം വിളമ്പുന്ന റസ്റ്റോറന്റുകളിലും എന്നും തിരിക്കു തന്നെ. അറുതിയില്ലാത്ത ആഘോഷങ്ങളുടെ പര്യായപദമായിരുന്നു പാലക്കുന്ന്.

ഉദുമ പഞ്ചായത്തിനകത്ത് മാത്രം അഞ്ച് വിവാഹ സല്‍ക്കാര കേന്ദ്രങ്ങളും പൊയിനാച്ചിയിലും പെരിയയിലുമെത്തിയാല്‍ യഥേഷ്ടം കല്യാണ ഹാളുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നതിന്റെ പ്രഭവകേന്ദ്രം ഈ ടൂറിസ്റ്റ് മേഖലയാണ്.  എത്രയാളുകള്‍ ഒരുമിച്ച് പന്തിയിലിരുന്നാലും നാലുവിധം പായസവും കൂട്ടി വിരുന്നൊരുക്കുവാന്‍ കഴിയുന്ന വിരുന്നുകേന്ദ്രങ്ങളുടെ നാട്. ഓര്‍ഡര്‍ ചെയ്താല്‍ സദ്യ മൊത്തമായും ചില്ലറയായും വീട്ടുപടിക്കലെത്തും.

ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ യഥേഷ്ടം. എപ്പോള്‍ ചെന്നാലും മൃഷ്ടാന്ന ഭോജനം ലഭിക്കുമെന്നതില്‍ പേരുകേട്ട നാട്. നാടന്‍ രൂചിക്കൂട്ടിന്റെ ശില്‍പ്പികളും, കോഴിയെ വിവിധയിനം രുചിക്കൂട്ടുകളോടെ ചൂടാറാത്ത ചീനപ്പാത്രത്തില്‍ വിളമ്പിത്തരുന്ന ചൈനീസ് കൂക്കുകള്‍.  ഓറോട്ടിയുടേയും കോഴിവറവിന്റേയും രുചിവൈവിദ്ധ്യമറിയുന്ന പഴമക്കാര്‍. അനുഗ്രഹം കിട്ടിയ നാടാണിത്. ഇങ്ങനെ കിരീടം വെക്കാത്ത രാജാവായി വിരാചിക്കുന്നതിനിടയിലാണ് കോവിഡും പരിവാരവും കടന്നുവരുന്നത്.

ഇപ്പോള്‍ എല്ലാം അസ്തമിച്ച മട്ടാണ്. വിവാഹ മണ്ഡപവും, ഹാളും മാറാല പിടിച്ചു കിടക്കുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകള്‍ക്കും പുറമെ  തട്ടുകടകള്‍ വരെ കരിയില പോലെ വാടിക്കരിഞ്ഞു കിടക്കുന്നു. ക്ഷേത്രങ്ങളുടെ പടിവാതിലിനും പൂട്ടു വീണു. തൃക്കണ്ണാട് ത്രയംബകേശ്വരന്റെ പ്രധാന കവാടം കെട്ടിമറച്ചിരിക്കുന്നു. നാട്ടിലെങ്ങും പണമില്ല, പ്രാര്‍ത്ഥനയുമില്ല. വിദേശികളുടെ വരവും പ്രവാസിയുടെ പണവും അസ്തമിച്ചതോടെ ആഭ്യന്തര വരുമാനവും കൂപ്പുകുത്തി. 30 മുതല്‍ 60 രൂപാക്കു വരെ വിറ്റിരുന്ന ഇളനീരിനു പോലും പഴയ മധുരമില്ല. അന്യ സംസ്ഥാനത്തിലെ അതിഥി തൊഴിലാളികള്‍ യഥേഷ്ടം ഭക്ഷണം കഴിക്കാനെത്തുമായിരുന്നു. ഇപ്പോള്‍ അവരുമില്ല.

കാലം അല്‍പ്പാല്‍പ്പമായി തെളിഞ്ഞു വരികയാണെന്ന പ്രത്യാശയിലാണ് ഭരണകൂടം. ലോക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയും ഏറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. ഈ ഘട്ടത്തിലാണ് ഭക്ഷണ വിതര രംഗത്തെ പ്രമുഖര്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുമായി മുന്നോട്ടു വരുന്നത്. 'എന്തു തരം ഇളവുകള്‍ പ്രഖ്യാപിച്ചാലും ശരി, കടകളില്‍ കയറ്റിയിരുത്തി കൈകാലുകള്‍ കഴുകി കസേരയിട്ട് സ്വീകരിച്ചിരുത്തി ഭക്ഷണം വിളമ്പുന്ന പഴയ രീതി അടുത്ത കാലത്തേക്കൊന്നും വേണ്ടേവേണ്ടെ'ന്നു തറപ്പിച്ചു പറയുന്നു പാലക്കുന്ന് കേന്ദ്രീകരിച്ചുള്ള ഭക്ഷണ വിതരണ രംഗത്ത് ഏറെ പ്രാഗല്‍ഭ്യമുള്ള വ്യാപാരി ക്വാളിറ്റി മുസ്തഫ.

ഇരുത്തി വിളമ്പേണ്ടതില്ല, പാര്‍സല്‍ മതി; ഹോട്ടല്‍ വ്യാപാരികള്‍ രണ്ടു തട്ടില്‍
മുസ്തഫ


ഹോട്ടലില്‍ ഇരുത്തി ഊട്ടിയിരുന്ന പഴയ നിലയിലേക്ക് തിരിച്ചു പോകുന്നതിനോട് മുസ്തഫക്ക് തീരേ യോചിപ്പില്ല. അത് നമ്മെ കൂടുതല്‍ അപകടപ്പെടുത്തും. ഇളവുകള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുന്ന പക്ഷം അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്തഫ പറഞ്ഞു. നിലവില്‍ തുടരുന്നതു പോലെ പാര്‍സല്‍ സര്‍വ്വീസും, കൂട്ടത്തില്‍ ഹോംഡെലിവറിയുമാണ് ഈ രംഗത്ത് ഇപ്പോള്‍ അഭികാമ്യം.  ഹൈവേ-കെ.എസ്.ടി.പി റോഡ് വക്കുകളില്‍ വിവിധ സംസ്ഥാനങ്ങളിലെ ഡൈവര്‍മാര്‍ അടക്കം വന്നാല്‍ ഇരുത്തി വിളമ്പുന്നത് രോഗത്തെ ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലമെന്നും മുസ്തഫ അഭിപ്രായപ്പെട്ടു.

എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇതര റസ്‌റ്റോറന്റുകള്‍ക്ക് ഈ അഭിപ്രായമില്ല. ഇരുത്തി ഊട്ടാനുള്ള സൗകര്യം വിപുലപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്. ഫാസ്റ്റ് ഫുഡിന്റെ പിറകെ ഓടുന്ന പുതിയ തലമുറയ്ക്ക് കേരളത്തിലെ തനത് ഭക്ഷണ സംസ്‌കാരം പരിചയപ്പെടുത്താനും, നിലനിര്‍ത്താനും എന്നും മുമ്പില്‍ നില്‍ക്കുന്നത് തട്ടുകടയിലെ ഭക്ഷണ സംസ്‌കാരം മാത്രമാണെന്ന് തട്ടുകടക്കാര്‍ അഭിപ്രായപ്പെടുന്നു. അതിനെ പരമാവധി പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്.  ടൂറിസം മേഖലയുടേയും സര്‍ക്കാരിന്റിയും കടമയാണത്.

സര്‍ക്കാരും ചെറുകിടക്കാരും ഒരുമിച്ച് നിന്ന് കേരളത്തനിമയെ തിരിച്ചു പിടിക്കാനും പൊയ്പ്പോയ ടൂറിസത്തെ തിരിച്ചു വിളിക്കാനും സാധിക്കണം. അതിനു ആഹാര വിതരണ സംവിധാനം പൂര്‍വ്വാധികം ശക്തിപ്പെടണം. തനത് കേരളീയ വിഭവങ്ങള്‍ വിളമ്പുന്ന ചെറുകിടക്കാര്‍ക്ക് ആനുകുല്യങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിക്കണം. തട്ടുകടയും ചെറുകിടക്കാരന്റെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും അടുക്കളയും മറ്റും നവീകരിക്കാനും മോടി കൂട്ടാനും സര്‍ക്കാര്‍ സഹായിക്കണം.

ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കാരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനമുണ്ടാക്കണം തുടങ്ങിയവയാണ് ചെറുകിടക്കാര്‍ക്ക് മുന്നോട്ടു വെക്കാനുള്ളത്. കോറോണക്ക് മുമ്പുണ്ടായിരുന്ന സ്വപ്നലോകത്തെ വെല്ലുന്ന പുതിയ ലോകം സൃഷ്ടിക്കുവാന്‍ ബേക്കല്‍ ടൂറിസം മേഖലയെന്ന സ്വപ്ന നഗരിയായിരുന്ന നാടിന് സാധിക്കുക തന്നെ ചെയ്യുമെന്ന ശുഭ പ്രതീക്ഷയിലാണ് ജനം.



Keywords: Kasaragod, Kerala, Article, Hotel, Merchant, Unlock 1.0; Hotel merchants in different decisions

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia