city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ വീണ്ടും ലക്ഷ്മിയെ അന്വേഷിക്കുന്നു

പ്രതിഭാരാജന്‍

(www.kasargodvartha.com 26.12.2016) നീണ്ട 27 വര്‍ഷമായി സി.പി.എം ഭരിച്ചു കൊണ്ടിരുന്ന ഉദുമ ഗ്രാമപഞ്ചായത്ത് കൈവിട്ടതിന്റെ ഞെട്ടലില്‍ നിന്നും ഇവിടുത്തെ പാര്‍ട്ടി ഇനിയും മുക്തമായിട്ടില്ല. എം. ലക്ഷ്മിയുടെ പിന്‍തുടര്‍ച്ചക്കാരിയായി വന്ന കസ്തൂരി ടീച്ചര്‍ക്ക് പാര്‍ട്ടി പാരമ്പര്യം കാത്തു സൂക്ഷിക്കാനായില്ല. നഷ്ടപ്പെട്ടു പോയ സ്വാധീനം തിരിച്ചു പിടിക്കാന്‍ ഉരുക്കു വനിതയെ അന്വേഷിക്കുകയാണ് ഇവിടെ നേതൃത്വം. അവിടെയാണ് എം.ലക്ഷമിയുടെ പ്രസക്തി.

2000 മാണ്ടുകാലം. അന്നത്തെ ഗ്രാമ പഞ്ചായത്ത് തെരെഞ്ഞെടുപ്പു വേളയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കുന്നു. ഇടത് പക്ഷത്തിനു മുന്‍തൂക്കത്തിനു സാധ്യതയുള്ള ബോര്‍ഡാണ് വരേണ്ടിയിരിക്കുന്നത്. ഇടതു പക്ഷത്തു നിന്നും വോട്ടു രേഖപ്പെടുത്തിയവരില്‍ ഒരാള്‍ക്ക് കൈപ്പിഴ വന്നു. പിന്നെ വൈകിച്ചില്ല. തെറ്റായി വോട്ടു ചെയ്യപ്പെട്ട ബാലറ്റ് അപ്രത്യക്ഷമായി. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അന്തം വിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു. കേസു വന്നു. കന്നിക്കാരിയായ എം. ലക്ഷ്മി പ്രതിയായി. കേസും കൂട്ടവുമായി. വിധി വന്നപ്പോള്‍ ലക്ഷ്മി കുറ്റക്കാരിയുമായി. അന്ന് ലക്ഷ്മി അങ്ങനെ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ 2000 മുതല്‍ക്കേത്തന്നെ ഉദുമ യുഡിഎഫിന്റേതാകുമായിരുന്നുവെന്ന് കണക്കു കൂട്ടുകയാണ് ലക്ഷ്മിയെ അടുത്തറിയുന്നവര്‍. അത്തരം കണക്കു കൂട്ടലുകള്‍ ശരിയായിരുന്നുവെന്ന് തെളിഞ്ഞ വര്‍ഷം കൂടിയായിരുന്നു 2016 ലെ തദ്ദേശ തെരെഞ്ഞെടുപ്പ്.

2000 കഴിഞ്ഞ് 2006 ലെ തെരെഞ്ഞെടുപ്പ്. ഉദുമ ജനറല്‍ സീറ്റായിട്ടു പോലും പെണ്ണായി പിറന്നവളെ സി.പി.എം ഗോദയിലിറക്കി. വന്‍ ഭുരിപക്ഷത്തിന് പാര്‍ട്ടി ജയിച്ചു. ലക്ഷ്മി പ്രസിഡണ്ടായി. 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഉദുമാ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് ലക്ഷ്മി തന്നെ വീണ്ടും അധികാരത്തിലെത്തും എന്നു കരുതിയവരെ നിലംപരിശാക്കി പാര്‍ട്ടി കസേര കസ്തൂരി ടീച്ചറെ ഏല്‍പ്പിച്ചു. അതോടെ ഇടതു ഭരണം കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയെന്ന പഴി കേള്‍ക്കേണ്ടി വന്നു എന്നു മാത്രമല്ല, നികുതിപ്പണം കട്ടു തുലച്ചതിനും അതിനു കുട്ടു നിന്നുവെന്ന ആരോപണവും വന്നു. അതോടെ അതുവരെ വൈസ് പ്രസിഡണ്ടായിരുന്ന എ ബാലകൃഷ്ണന്‍ കളത്തിനു പുറത്തായി . ജനറല്‍ സീറ്റിലേക്ക് എരോലില്‍ നിന്നും സന്തോഷ് ജയിച്ചു കേറിയെങ്കിലും ഭരണം യു.ഡി.എഫിന്റെ കൈകളിലായി. ജയിക്കുമെന്ന് കരുതിയ പാക്യാരയിലും, കരിപ്പോടിയിലും, ബേക്കലിലും തോറ്റത് കെടുകാര്യസ്ഥത മൂലമാണെന്ന് പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ടായി. ബാലകൃഷ്ണന് സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല, തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി സ്ഥാനവും അപ്രാപ്യമായി. ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സ്ഥാനം മധു മുതിയക്കാല്‍ ഒഴിഞ്ഞപ്പോള്‍ പകരക്കാരന്‍ പോലുമാകാന്‍ എ. ബാലകൃഷ്ണനു കഴിയാതെ വന്നതു വരെ നീണ്ടു ഇത്തവണത്തെ തോല്‍വി. മുന്‍ ലോക്കല്‍ സെക്രട്ടറി വി.ആര്‍ ഗംഗാധരനാണ് മധുമുതിയക്കാല്‍ ഒഴിഞ്ഞപ്പോള്‍ വീണ്ടും ലോക്കല്‍ സെക്രട്ടറിയായത്. സത്യസന്ധതക്ക് നൂറു മാര്‍ക്ക് നേടിയ കെ.വി. ബാലകൃഷ്ണനേപ്പോലുള്ള പാര്‍ട്ടി നേതാക്കള്‍ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുന്നതിലും ഉണ്ട് ഇത്തരത്തിലുള്ള ഒട്ടേറെ അന്തര്‍ നാടകങ്ങള്‍.

തോറ്റ പാര്‍ട്ടിയെ കരക്കടുപ്പിക്കാന്‍ ഉദുമയിലെ ഭരണകൂട നേതൃത്വത്തെ നയിക്കാന്‍ പെണ്ണായിപ്പിറന്നവളെ പാര്‍ട്ടി അന്വേഷിച്ചു തുടങ്ങുകയാണ്. ഈ കുറിപ്പിന്റെ തലവാചകം അതാണ് സൂചിപ്പിക്കുന്നത്. സമയമുണ്ട്. ഇനിയും നാലു വര്‍ഷം. എല്ലാം ശരിയാക്കാന്‍. അന്ന് ഈ കുറിപ്പുകാരന്‍ ലക്ഷ്മിയോട് ചോദിച്ചിരുന്നു. പാര്‍ട്ടിക്കു വേണ്ടി സ്വയം കേസില്‍ കുടുങ്ങണമായിരുന്നോ? കേസു മാത്രമല്ല, പാര്‍ട്ടിക്കു വേണ്ടി ജീവന്‍ വരെ നല്‍കും എന്നായിരുന്നു മറുപടി. ആ നിശ്ചയ ദാര്‍ഡ്യത്തിനു മുമ്പില്‍ കറ കളഞ്ഞ പ്രവര്‍ത്തകയുടെ ആത്മ വിശ്വാസത്തിന്റെ പ്രകാശം ഇന്നും ശേഷിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനുമിടയില്‍ ജീവിക്കാന്‍ മറന്നു പോയ സഖാവാണ് എം. ലക്ഷ്മി. വിവാഹം എന്ന ചിന്തയുടെ പിറകില്‍ സഞ്ചരിക്കാന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഒരു സുര്യോദയവും കുടുംബജീവിതവും സ്വപ്നം കാണാന്‍ കാത്തുനില്‍ക്കാതെ തന്റെ പ്രസ്ഥാനം തന്നെയാണ് തന്റെ കുടുംബം എന്ന് കരുതി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിനിടയില്‍ അലഞ്ഞ് കാലം കഴിച്ചു കൂട്ടി. അതിനിടയില്‍ അച്ഛനില്ലാത്ത അനാഥത്വ ചിന്തയില്‍ നിന്നും മോചനമായിരുന്നു പാര്‍ട്ടി നല്‍കി വരുന്ന അംഗീകാരമെന്ന് ലക്ഷ്മി പറയുന്നു.

പരിമിതികളുടെ നടുവിലായിരുന്നു ജീവിതം. സ്വന്തമായി വരുമാനമില്ല. ബാധ്യതകള്‍ ഏറെ. സ്വന്തം ദാരിദ്രവും വേദനകളും സമൂഹത്തിന്റെ വേദനകളിലേക്ക് സമുന്വയിപ്പിച്ച് സമൂഹത്തിനൊപ്പം ഇഴുകി ജീവിച്ചു. 1994 മുതല്‍ തുടര്‍ച്ചയായി ഉദുമാ ഗ്രാമപഞ്ചായത്ത് അംഗമായി. 2005 ലെ തെരെഞ്ഞെടുപ്പില്‍ ഉദുമാ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു. വളരെ ചെറുപ്പം മുതല്‍ക്കു തന്നെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയായി. അരമങ്ങാനത്ത് വെച്ച് നടന്ന ഉദുമ ലോക്കല്‍ സമ്മേളനത്തില്‍ വെച്ച് ലോക്കല്‍ കമ്മിറ്റി അംഗവുമായി. 2004 ല്‍ കുണ്ടംകുഴിയില്‍ നടന്ന പാര്‍ട്ടി ഏരിയാ സമ്മേളനത്തില്‍ വെച്ച് ഏരിയാ കമ്മിറ്റിയിലേക്ക് വന്നു. ഇതിനകം തന്നെ 1988 മുതല്‍ ജനാധിപത്യമഹിളാ അസോസിയേഷന്റെ ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി 2004 മൂതല്‍ തുടര്‍ച്ചയായി ജില്ലാ പ്രസിഡണ്ടായിരുന്നു. 2010 ല്‍ തൃക്കരിപ്പൂരില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ജില്ലാ സെക്രട്ടറിയായി. വിവാഹത്തിനു ശേഷം നേതൃത്വത്തില്‍ കയറ്റിറക്കങ്ങളുണ്ടായിരുന്നു. ഏല്‍പ്പിക്കുന്ന ഏതു പ്രവര്‍ത്തിയും ഉത്തരവാദിത്ത്വത്തോടെ ചെയ്യുകയെന്ന ആത്മാര്‍ത്ഥ ശ്രമത്തിന്റെ ഫലമായാണ് 2010 ലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തായി ഉദുമയെ തെരെഞ്ഞെടുക്കാന്‍ സാധ്യമായത്.
ഉദുമ വീണ്ടും ലക്ഷ്മിയെ അന്വേഷിക്കുന്നു

Keywords:  Article, Prathibha-Rajan, CPM, Uduma, Political party,LDF, Lakshmi, Leader, Panchayath, Election, Uduma again call for Lakshmi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia