city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞു നയാനെ ഓര്‍ത്തെങ്കിലും പ്രതികരിച്ചേ മതിയാകൂ

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 16.01.2018) കാറിടിച്ച് ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് മരിച്ചുപോയ മുഹമ്മദ് നയാനെന്ന പിഞ്ചു കുഞ്ഞിനെ ഓര്‍ത്തെങ്കിലും നമുക്ക് പ്രതികരിച്ചേ മതിയാകു. മരണത്തിന്റെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന തീരദേശ ഹൈവേക്ക് ഇനിയെന്നാണ് ശാപമോക്ഷം?. ഇവിടെ പൊലിഞ്ഞു പോയ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് മുഹമ്മദ് നയാന്‍. ഇനിയും ഇതുപോലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഇനിയും ഇടപെടാതെ വയ്യ. റോഡും, റോഡുനിയമങ്ങളും നോക്കുകുത്തിയാവാന്‍ അനുവദിക്കരുത്.

ബേക്കല്‍ മീത്തല്‍ മൗവലിലെ മുഹമ്മദ് ഷെരീഫ് - ഫസീല ദമ്പതികള്‍ക്കു നയാനെ നഷ്ടമായതിന്റെ ആവര്‍ത്തനം ഇനിയും അരുത്. ബേക്കല്‍ മുതല്‍ കളനാടു വരെ എങ്കിലും അടിയന്തിരമായി ഡിവൈഡര്‍ സ്ഥാപിക്കണമെന്നും, പാലക്കുന്നിലും, ബേക്കലിലും പള്ളിക്കരയിലും സിഗ്‌നല്‍ ലൈറ്റുകള്‍ കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ പാലക്കുന്നിലും, വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമയിലും നടത്തിയ പ്രക്ഷോഭങ്ങള്‍, വിവിധ ആക്ഷന്‍ കമ്മറ്റികള്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് തീപകരാന്‍ നയാന്‍ എന്ന കൊച്ചു കുട്ടിയുടെ രക്തസാക്ഷിത്വത്തിനു കഴിയണം.

കുഞ്ഞു നയാനെ ഓര്‍ത്തെങ്കിലും പ്രതികരിച്ചേ മതിയാകൂ

ഇക്കഴിഞ്ഞ നവംബറോടെ റോഡിന്റെ പണി പൂര്‍ത്തീകരിക്കാനായിരുന്നു ലോക ബാങ്കിന്റെ അന്ത്യ ശാസനം. ഇനിയും പല പണികളും പാതി വഴിയില്‍. നഗര പ്രദേശങ്ങളില്‍ പോലും ഡിവൈഡര്‍ വേണ്ടെന്നു വെച്ചിരിക്കുകയാണ് അധികൃതര്‍. പണി പൂര്‍ത്തിയാക്കിയ ഓവുചാലുകളിലുടെ വെള്ളമൊഴുകുന്നില്ല, സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് പകരം തൂണുകളും, തെരുവു വിളക്കുകള്‍ക്ക് പകരം സോളാര്‍ കാലുകള്‍ മാത്രം. ഉദുമയില്‍ വ്യാപാരികളും പാലക്കുന്നില്‍ ഡി.വൈഎഫ്‌ഐയും നിര്‍ത്തി വെച്ച സമരം പുനരാരംഭിക്കാന്‍ സമയമായിരിക്കുന്നു.

നാട്ടുകാര്‍ക്കു മാത്രമല്ല, കെ.എസ്.ടി.പി ചെയ്തു കൂട്ടിയ വേലത്തരങ്ങളില്‍ പണം മുടക്കിയ ലോകബാങ്കിനും തൃപ്തിയില്ല. അത് അവര്‍ വരാഷാന്ത റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഉയര്‍ന്ന സാങ്കേതിക വിദ്യയിലായിരുന്നില്ല നിര്‍മ്മാണം. ഇങ്ങനെ അപാകതകള്‍ പലതുണ്ട് റിപ്പോര്‍ട്ടില്‍.

2013 നവംബര്‍ 30നാണ് കെ.എസ്.ടി.പിയുമായി ബാങ്ക് കരാര്‍ ഒപ്പു വെച്ചത്. 2017 നവംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറാനായിരുന്നു കരാര്‍. ഒരു കാരണവശാലും സമയം നീട്ടിത്തരില്ലെന്ന് ബാങ്ക് അധികൃതര്‍ തീര്‍ത്തു പറഞ്ഞിരിക്കുകയാണ്. കാസര്‍കോട് - കാഞ്ഞങ്ങാട് റോഡിന് നിര്‍ദ്ദേശിക്കപ്പെട്ട 27.76 കിലോമീറ്ററോളമുള്ള പണി പൂര്‍ത്തിയായെങ്കിലും, പലയിടത്തും ഓവുചാലുകള്‍ പാതി വഴിയിലാണ്. സൗന്ദര്യ വല്‍ക്കരണം പേരിനു പോലുമായിട്ടില്ല. വേഗത നിയന്ത്രണ സംവിധാനങ്ങളൊന്നും തന്നെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. സിഗ്‌നല്‍ ലൈറ്റുകളും, സോളാര്‍ തെരുവു വിളക്കുകളും നിരീക്ഷണ ക്യാമറകളുമെല്ലാം തൊട്ടും തൊടാതെയും കിടക്കുന്നു. ശാസ്ത്രീയമായല്ല ഓവുചാലുകള്‍. പലയിടത്തും വെള്ളം കെട്ടി നിന്ന് ഘട്ടറില്‍ മാലിന്യ കുമിഞ്ഞു കൂടിക്കിടക്കുന്നു. ദീര്‍ഘവീക്ഷണമില്ലാത്തതാണ് ഇതിനൊക്കെ കാരണം.

ആവശ്യത്തിനും അല്ലാതെയും പല മരങ്ങളും മുറിച്ചു കൊണ്ടു പോയി. തെരുവുകള്‍ വെയില്‍ തിന്നു കിതക്കുകയാണ്. ആയിരക്കണക്കിന് പക്ഷികള്‍ രാപാര്‍ത്ത മരങ്ങള്‍ കടപുഴകിയതോടെ ഏത്രയോ ജീവികള്‍ എങ്ങോട്ടു പോയെന്നറിയില്ല. റോഡിനിരുവശവും ചേര്‍ന്ന് കുട്ടികള്‍ പഠിക്കുന്ന പത്തോളം പ്രാഥമിക പാഠശാലകളുണ്ട്. സീബ്രാലൈന്‍ പോലും ആവശ്യത്തിനില്ല. പണി കാഞ്ഞങ്ങാടാണെങ്കിലും നടത്തിപ്പ് കണ്ണൂരിലെ ഓഫീസില്‍ നിന്നുമാണ്. ഒന്നു ബന്ധപ്പെടാനോ പൊതുജനത്തിനു പരാതി പറയാനോ അവസരങ്ങളില്ല. ജോലിക്കാര്‍ മിക്കവരും ബംഗാളികള്‍. ആ പാവങ്ങളോട് പറഞ്ഞിട്ടെന്തു കാര്യം. ചെറക്കാപ്പാറ തമ്പടിച്ചിരിക്കുന്ന ഉത്തരേന്ത്യക്കാരായ എഞ്ചിനീയര്‍മാര്‍ അവര്‍ക്കു തോന്നിയതു പോലെ ചെയ്യുന്നു.

വാഹനത്തിരക്കു കാരണം പൊറുതി മുട്ടുകയാണ് ഈ റോഡ്. ടാങ്കറുകളും, ചരക്കു വാഹനങ്ങളും പെരിയ വഴിയായിരിക്കണം പോകേണ്ടതെന്ന നിര്‍ദ്ദേശം കാറ്റില്‍ പറക്കുകയാണ്. അതിനാല്‍ തന്നെ പാതിരാത്രി പോലും ഇരമ്പല്‍ നിലക്കുന്നില്ല. കാസര്‍കോട് പാലക്കുന്ന് മീന്‍ ചന്തക്കടുത്തു വെച്ചു നടന്ന അപകടമായിരുന്നു നയാന്റെ ജീവനെടുത്തത്. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ കുഞ്ഞിനെ വാരിയെടുത്ത് അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉദുമയിലെ പാലക്കുന്ന് എന്നാല്‍ ഉത്സവങ്ങളുടെ നഗരമെന്നാണ് അറിയപ്പെടുന്നത്. അവിടേക്ക് ഭക്തര്‍ മാത്രമല്ല റെയില്‍വേ യാത്രക്കാര്‍ തുടങ്ങി കലാ സാസ്‌ക്കാരിക തീര്‍ത്ഥാടകര്‍ വരെ നിത്യേന വന്നു പോകുന്നുണ്ട്. അന്യദേശത്തു നിന്നുമെത്തുന്നവരും ചില്ലറയല്ല. നിത്യേന റോഡ് പരിചയമില്ലാത്തവര്‍ ഏറെ വന്നു പോകുന്ന പാലക്കുന്ന് ജംഗ്ഷനില്‍ എങ്കിലും ഏത്രയും വേഗത്തില്‍ റോഡില്‍ കവല തീര്‍ത്ത് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചേ മതിയാകു. ഡസന്‍ കണക്കിനു അപകടം ഇവിടെ മാത്രമായി നടന്നിട്ടും റോഡ് സുരക്ഷ അധികൃതര്‍ മയക്കം ഉണര്‍ന്നിട്ടില്ല. നയാന്റെ ഓര്‍മ്മക്കു മുമ്പില്‍ ഈ ആവശ്യങ്ങള്‍ ഒരിക്കല്‍ കൂടി ഉന്നയിക്കാം. വേണ്ടി വന്നാല്‍ നമുക്ക് ഇനിയും തെരുവിലേക്കിറങ്ങാം.

കുഞ്ഞ് നയാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി

Keywords:  Article, Road, Accident, Prathibha-Rajan, Car, Death, Traffic, Signal, Kasargod,  Traffic safety system must be prepared in KSTP road

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia