city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗതാഗത തടസ്സങ്ങള്‍ക്കിടയിലെ ഒരു കല്ല്യാണക്കുരുക്ക്

കുട്ടിയാനം മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 12.07.2018) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നായന്മാര്‍മൂലയില്‍ നടന്ന ഒരു കല്ല്യാണത്തോടനുബന്ധിച്ച് നാഷണല്‍ ഹൈവേയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ തടസ്സപ്പെട്ട് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

റോഡരികില്‍ തന്നെയുള്ള കല്ല്യാണവീട്ടില്‍ വേണ്ടത്ര പാര്‍ക്കിംഗ് സൗകര്യം ഒരുക്കാത്തതിലും ചടങ്ങില്‍ സംബന്ധിക്കാനെത്തിയവര്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോയതുമാണ് ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് തടസ്സമായതെന്നുമാണ് ആരോപണം. എങ്ങനെയായാലും വൈകുന്നേരം 5.30 മുതല്‍ 7.30 വരെ ദേശീയ പാതയിലൂടെ വാഹനങ്ങള്‍ നീങ്ങാനാവാത്ത തരത്തിലായിരുന്നു ഇരുവശങ്ങളിലുമുണ്ടായത്. കോരിച്ചൊരിയുന്ന മഴയത്ത് ദൂരെ ദിക്കുകളിലേക്ക് പോകേണ്ട സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാരും, രോഗികളെയും കൊണ്ട് ആശുപത്രികളെ ലക്ഷ്യം വെച്ചുവന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും ഈ തിരക്കിനിടയില്‍പ്പെട്ട് ബന്ദികളായപ്പോഴും എല്ലാ ദിവസവും തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന പോലീസ് വാഹനങ്ങളോ ട്രാഫിക് പോലീസുകാരോ, ഫ്‌ളൈയിംഗ് സ്‌ക്വാഡോ ഈ വഴിക്കൊന്നും കാണാനില്ലായിരുന്നു. യാത്രക്കാരില്‍ ചിലര്‍ വിളിച്ചുപറഞ്ഞ ശേഷം വളരെ വൈകിയാണ് നിയമപാലകര്‍ സ്ഥലത്തെത്തിയതെന്നും പറയുന്നു.

ഗതാഗത തടസ്സങ്ങള്‍ക്കിടയിലെ ഒരു കല്ല്യാണക്കുരുക്ക്

കല്യാണത്തിന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നതായും ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ വരുന്ന വാഹനങ്ങളെയും ആളുകളെയും നിയന്ത്രിക്കാനാവശ്യമായ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്ത് തന്നെയായാലും ഇരുഭാഗത്തുനിന്നും വന്ന വാഹനങ്ങള്‍ എങ്ങോട്ടും പോകാനാവാത്ത വിധത്തിലുള്ള കുരുക്കില്‍പ്പെട്ടുപോയത് ദൗര്‍ഭാഗ്യകരമാണ്.

പൊതുവേ കാസര്‍കോട് മുതല്‍ ചെര്‍ക്കള വരെ പ്രത്യേകിച്ച് വിദ്യാനഗര്‍ - നായന്മാര്‍മൂല ഭാഗങ്ങളില്‍ വൈകുന്നേരമായാല്‍ ഗതാഗത തടസ്സം പതിവാണെങ്കിലും ഇത്തരത്തില്‍ മണിക്കൂറുകളോളം കുരുങ്ങിക്കിടന്നത് നടാടെയാണ്. പാര്‍ട്ടി ജാഥകളും മതഘോഷ യാത്രകളും വരുമ്പോള്‍ പോലും ഈ ഒരവസ്ഥയുണ്ടാവാറില്ല. അത്തരം പൊതുപരിപാടികള്‍ക്ക് നേരത്തെ തന്നെ പെര്‍മിഷന്‍ എടുക്കാറുള്ളതിനാല്‍ നിയമപാലകര്‍ വേണ്ട തരത്തില്‍ ശ്രദ്ധിക്കാറുമുണ്ട്. കല്ല്യാണങ്ങള്‍ക്ക് അതില്ലല്ലോ, അതായിരിക്കാം ട്രാഫിക് പോലീസിന് വീഴ്ച പറ്റിയത്.

അമ്മയെ തല്ലിയാലും ഇരുഭാഗത്തും ആള്‍ക്കാരുണ്ടാവുന്ന ഇക്കാലത്ത് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ വന്നിരുന്നു. അതില്‍ ഒന്ന് എനിക്കേറെ ഇഷ്ടമായി. നാടുകളില്‍ മുമ്പൊക്കെ കല്ല്യാണം മുടക്കികളുണ്ടായിരുന്നു. ഇന്ന് കല്ല്യാണത്തിന്റെ പേരില്‍ നാട്ടുകാരുടെ വഴിമുടക്കുകയാണ് ചിലര്‍. വഴിമുടക്കി കല്യാണങ്ങളും ഇതോടനുബന്ധിച്ചുള്ള വാഹന ഘോഷയാത്രയും ആഭാസങ്ങളും നമ്മള്‍ പലപ്പോഴും കാണാറുണ്ട്. വീട്ടുകാര്‍ എത്ര വലിയ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയാലും സെക്യൂരിറ്റിയെ നിയമിച്ചാലും വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്താണ് പലരും പോകുന്നത്. തിരിച്ചുപോകുമ്പോള്‍ എളുപ്പത്തില്‍ എടുക്കാനുള്ള സൗകര്യത്തിന് വേണ്ടി ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റു പലരുടെയും ജീവന്‍ തന്നെ ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാം. കല്യാണ സ്ഥലങ്ങളില്‍ മാത്രമല്ല, തിരക്കേറിയ പല സ്ഥലങ്ങളിലും ഈ പ്രവൃത്തി കാണാറുണ്ട്, പ്രത്യേകിച്ച് നഗരത്തില്‍. ഒരാള്‍ എവിടെയെങ്കിലും വാഹനം നിര്‍ത്തി പോയാല്‍ അതിന് പിറകില്‍ തന്റെ വാഹനം കൊണ്ടിടും. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും അയാള്‍ തിരിച്ചുവരിക. അത് വരെ തന്റെ വാഹനം എടുക്കാനാവാതെ പാവം കഷ്ടപ്പെടും. ഇതിന് മാറ്റം നമ്മള്‍ തന്നെയാണ് ഉണ്ടാക്കേണ്ടത്. നിയമപാലകരുടെയോ അധികൃതരുടെയോ വിവാഹ വീട്ടുകാരുടെയോ മേല്‍ പഴി ചാരാതെ, ഒരു വാഹനം നിര്‍ത്തിയിടുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ മനസിലാക്കിയാല്‍ തന്നെ ഇതിന് ഒരു പരിഹാരം കാണാന്‍ സാധിക്കും.

കാസര്‍കോട് തന്നെ പത്തോളം കാര്‍ ഷോറൂമുകളാണുള്ളത്. ഇതില്‍ നിന്ന് വില്‍ക്കുന്ന വാഹനങ്ങള്‍ക്കു പുറമെ കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും കൊണ്ടുവരുന്ന വാഹനങ്ങള്‍ വേറെയും. ഇതെല്ലാം വാങ്ങി ഓടിക്കുവാന്‍ നമ്മുടെ പഴയ രണ്ടുവരി പാതകള്‍ മാത്രമാണുള്ളത്. ഓരോ വീട്ടിലും മൂന്നും നാലും വിലപിടിപ്പുള്ള വലിയ വാഹനങ്ങളുള്ള മുതലാളിമാര്‍ക്ക് തങ്ങളുടെ പ്രതാപം കാണിക്കാനുള്ള ഇടമായി പല കല്ല്യാണങ്ങളും മാറിയതോടെ അതിഥികളെ പോലെ തന്നെ വാഹനങ്ങളും പെരുകുകയാണ്. ദേശീയപാത നാലുവരിയാക്കി മാറ്റാനുള്ള അനുമതി ലഭിച്ചു സ്ഥലം അക്വയര്‍ ചെയ്തിട്ടും ഇപ്പോഴും റോഡ് നിര്‍മിക്കാന്‍ സമ്മതിക്കാതെ അതിനെതിരെ തടസ്സം നല്‍ക്കുന്ന വികസന വിരോധികള്‍ കൂടി ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു.

പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ നായന്മാര്‍മൂലയിലെ അഹമദ് ഹാജിക്കെതിരെ കേസെടുത്തു. എന്നാല്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നതായി അദ്ദേഹം പറയുന്നു. സെക്യൂരിറ്റിയെയും നിയമിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കല്യാണത്തിന് സംബന്ധിച്ചവര്‍ പാര്‍ക്കിംഗ് ഏരിയയില്‍ പോകാതെ എളുപ്പവഴി നോക്കി റോഡ് അരികില്‍ നിര്‍ത്തിയിട്ടതാണ് പ്രശ്‌നം. ഇവിടെയാണ് മേലെ പറഞ്ഞ പാര്‍ക്കിംഗ് മര്യാദ കാണിക്കേണ്ടത്. വാഹനം ഓടിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് തടസം സൃഷ്ടിച്ച് എളുപ്പം നോക്കി പാര്‍ക്ക് ചെയ്യുന്നത് ട്രാഫിക് നിയമ ലംഘനം തന്നെയാണ്.

ദേശീയപാതയോരത്തെ പല കല്യാണ മണ്ഡപങ്ങളിലും വേണ്ടത്ര പാര്‍ക്കിംഗ് സൗകര്യം ഒരുക്കാത്തത് കൊണ്ട് തന്നെ പൊതുജനങ്ങള്‍ക്ക് പലപ്പോഴും യാത്രാക്ലേശം സംഭവിക്കാറുണ്ട്. പെര്‍വാഡ്, ഉപ്പള, ഹിദായത്ത്‌നഗര്‍, കുമ്പള, മഞ്ചേശ്വരം, ബോവിക്കാനം, ഉളിയത്തടുക്ക തുടങ്ങി ജില്ലയുടെ പലഭാഗത്തും കല്യാണ ഹാളുകള്‍ക്ക് മുമ്പില്‍ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇതുവഴി കടന്നു പോകുന്നവര്‍ക്ക് ദുരിതമാവുന്നുണ്ട്. ഇതൊക്കെ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പാര്‍ക്കിംഗ് സൗകര്യം ഒരുക്കേണ്ടത് ബന്ധപ്പെട്ടവരുടെ ബാധ്യതയാണ്. എന്നാല്‍ സൗകര്യം ഒരുക്കിയിട്ടും റോഡ് അരികില്‍ നിര്‍ത്തിയിട്ട് മറ്റുള്ളവര്‍ക്ക് തടസം സൃഷ്ടിച്ച് നിയമം ലംഘിക്കുന്ന ഓരോരുത്തരും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്.

നായന്മാര്‍മൂലയില്‍ കഴിഞ്ഞ കല്ല്യാണത്തെക്കുറിച്ച് മാത്രം പറയാതെ, മാര്‍ഗ്ഗതടസ്സം നമ്മുടെ നിരത്തുകളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടത്. അതിലേക്ക് നയിക്കുന്ന ഫലപ്രദമായ ചര്‍ച്ചകളാണ് വേണ്ടത്.

Related:  ദേശീയപാതയില്‍ ഗതാഗത സ്തംഭനം; വിവാഹം നടന്ന വീട്ടുടമസ്ഥനെതിരെ പോലീസ് കേസെടുത്തു, പാര്‍ക്കിംഗ് സൗകര്യമൊരുക്കുകയും സെക്യൂരിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നതായി വീട്ടുടമ

മുഖം വികൃതമായതിനു, കണ്ണാടിയെ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Vehicle, National highway, Traffic-block, Road, Kutiyanam Muhammedkunhi, Traffic block and wedding, Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia