city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖം വികൃതമായതിനു, കണ്ണാടിയെ...

സ്‌കാനിയ ബെദിര

(www.kasargodvartha.com 10.07.2018) ''ഒരു ജനത അവരര്‍ഹിക്കുന്നതേ നേടൂ'' എന്നൊന്നുണ്ട്. ഒരു നാടിന്റെ ജന സംസ്‌കൃതി എന്നത് അവിടത്തെ ഗതാഗത സംവിധാനമാണ് എന്നുമുണ്ട്. ഇക്കഴിഞ്ഞ നാളില്‍ നായന്മാര്‍മൂലയില്‍ നടന്ന ഒരു കല്യാണ ചടങ്ങിലുണ്ടായ ഗതാഗത കുരുക്കും അതിനോടനുബന്ധിച്ചാഘോഷിച്ച ആക്ഷേപങ്ങള്‍ക്കും പ്രാക്കുകള്‍ക്കും ഒടുവില്‍ വിവാഹത്തിനെത്തിയവരുടെ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തതെന്നും ദേശീയ പാതയില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കിയെന്നും ആരോപിച്ച് വിവാഹം നടന്ന വീടിന്റെ ഉടമ അഹ് മദ് ഹാജിയ്‌ക്കെതിരെ പോലീസ്   കേസെടുത്തിരിക്കുന്നു.

വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണു  ചൊല്ല്. അത്രയ്ക്കും പവിത്രമാണത്. ഒരാളുടെ ജീവിതത്തില്‍ നടക്കുന്ന മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളാണ് ജനനം, മരണം, പിന്നെ വിവാഹം. ഇതില്‍ ആദ്യത്തെ രണ്ടിന്റെയും നിയന്ത്രണം നമ്മുടെ കൈകളിളല്ല. പക്ഷേ വിവാഹം, അത് തികച്ചും വ്യക്തി താല്‍പര്യങ്ങല്‍ക്കനുസരിച്ചാണ് മുന്നോട്ടു പോകാറ്. ഒരു കല്ല്യാണത്തിനു എന്തൊക്കെ വേണം, വേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം വരനിലും വധുവിലും അവരുടെ ബന്ധുക്കളിലും അധിഷ്ഠിതമാണ്

പാല്‍ പുളിച്ചു പോയതിന് പശുവിനെ പഴി പറയുന്ന പോലെയാണ് ശേഷം നടന്ന വാചാടോപങ്ങള്‍. പാപം ചെയ്തു കൊണ്ടിരിക്കുന്നവരാണ് കല്ലെറിഞ്ഞവരില്‍ അധികം പേരും. ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും വഴി തടസ്സം സൃഷ്ടിക്കപ്പെട്ട് ദിനേന ജനങ്ങള്‍ പെടാപാട് പെടുന്നിടത്താണ് ഇതിനു മുമ്പൊന്നും  വഴി തടസ്സം സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത പോലെ വീട്ടുകാരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. കേസെടുത്താല്‍ തീര്‍ന്നോ  പ്രശ്‌നങ്ങള്‍ ? ഒരു പക്ഷേ കാസര്‍കോട്ടെ ഇന്നോളം നടന്ന വിവാഹങ്ങളില്‍ ഇത് പോലൊരു ട്രാഫിക് ജാം ആദ്യമായിരിക്കാം. അതിലാര്‍ക്കും തര്‍ക്കമില്ല. പക്ഷേ, അതിന്റെ കാര്യ കാരണങ്ങളിലേക്ക് ചെന്നെത്തുമ്പോഴാണ് വീട്ടുകാരുടെ നിസ്സഹായാവസ്ഥ നമുക്ക് ബോധ്യപ്പെടുന്നത്.

മുഖം വികൃതമായതിനു, കണ്ണാടിയെ...

അഹ് മദ് ഹാജി അറിയപ്പെടുന്ന ഒരു പൊതു പ്രവര്‍ത്തകനാണ്. ആവുന്നിടത്തോളം ജനങ്ങളോട് ഒട്ടി നില്‍ക്കുന്ന ഒരാള്‍. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സംവിധാനങ്ങളും അതിലേക്കായി നാലഞ്ചു സെക്യൂരിറ്റി ഗാര്‍ഡുകളെയും അദ്ദേഹം മുന്‍കൂട്ടി തന്നെ നിയമിച്ചിരുന്നു. അതൊന്നുമല്ല, അന്നത്തെ പ്രധാന വില്ലന്‍ മഴയായിരുന്നു. കോരിചൊരിഞ്ഞ മഴ. മഴയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു, കുട ഒരു പഴഞ്ചന്‍ ആശമായി  വിശ്വസിക്കുന്ന ആധുനിക നാഗരികത വീടിനോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യുക എന്ന മുടന്തന്‍ ന്യായത്തില്‍ എത്തിയത്. മഴ കാരണം പാതയേത് പാതയ്ക്കിരു വശമേത് എന്ന് തിരിയാത്ത ഒരവസ്ഥയിലായിരുന്നു ചുറ്റുപാടുകള്‍. കഴിഞ്ഞ മാസം മംഗളൂരുവില്‍ പെയ്ത മഴയില്‍ റോഡ് ബ്ലോക്ക് ആയിപ്പോയ സംഭവത്തിന്റെ മറ്റൊരു കൊച്ചു പതിപ്പായിരുന്നു കഴിഞ്ഞ ശനിയാഴ്ച കാസര്‍ക്കോടും കണ്ടത്. പൊതുവേ അണങ്കൂര്‍ മുതല്‍ നായന്മാര്‍മൂല വരെ രാവിലെയും വൈകുന്നേരങ്ങളിലും എന്നും ഗതാഗത സ്തംഭനം പതിവാണ്. ശനിയാഴ്ചകളില്‍ അതിരട്ടിക്കും. പിറ്റേന്ന് അവധി ദിവസമായതിനാല്‍ പലരും വീടെത്താനുള്ള വെപ്രാളത്തിലായിരിക്കും അന്ന്. ഏഴു മണി കഴിഞ്ഞാല്‍ ഉറങ്ങുന്ന നഗരത്തില്‍ നിന്നും മലയോര പ്രദേശങ്ങളിലേക്കൊന്നും പിന്നീട് പൊതു വാഹന സംവിധാനങ്ങളില്ല.

അഹ് മദ് ഹാജിയെ ന്യായീകരിക്കുകയല്ല, മറിച്ച് പൊതുവില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പരിമിത ഗതാഗത സത്യങ്ങളുണ്ട് കാസര്‍കോട്ട്.
ജനസാന്ദ്രതയില്‍ കേരളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. അതില്‍ കാസര്‍കോടിന്റെ മൊത്തം കണക്കെടുത്താല്‍ ജനസംഖ്യ ഏകദേശം പതിനാറ് ലക്ഷത്തില്‍ കൂടുതല്‍. നഗരപരിധിയിലത് എഴുപത്തിനായിരത്തിനടുത്തുണ്ട്. 2030 ആകുമ്പോള്‍ നഗരത്തിലെ മാത്രം ജനസംഖ്യ ഇ ന്നുള്ളതിന്റെ എത്രയോ ശതമാനം കൂടുമെന്നുറപ്പ്. കേരളത്തിലെ ട്രാഫിക് സാന്ദ്രത ദേശീയ ശരാശരിയുടെ നാലിരട്ടിയാണ്. ഓരോ വര്‍ഷവും 12 ശതമാനം ട്രാഫിക് വര്‍ദ്ധന. രജിസ്ട്രേഷന്‍ ഫീസും ഇന്‍ഷുറന്‍സും റോഡ് ടാക്സും കൊടുത്ത് വീട്ടില്‍ ഒരു വാഹനമെങ്കിലും ഇല്ലാത്തവര്‍ കുറവ്. ആരും ഒന്നിച്ചു ഒരു വണ്ടിയില്‍ യാത്ര ചെയ്യുന്നത് അന്തസ്സിനു ചേര്‍ന്നതല്ല എന്ന് കരുതി ഓരോരുത്തരും ഓരോ വണ്ടിയില്‍ യാത്ര ചെയ്യുന്ന പ്രവണത കൂടി വരുന്ന ഒരു ചുറ്റുപാടില്‍, ഇത്രയും വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള റോഡുകള്‍ ഈ  ''ഠ'' വട്ടത്തില്‍ ഇല്ല. ഗതാഗത പ്രശ്‌നത്തിന് ഇപ്പോള്‍ തന്നെ ഒരു പരിഹാരം കുറിച്ചില്ലെങ്കില്‍ ഈ  ചെറു പട്ടണത്തില്‍ ഭാവിയിലതു വന്‍ വിപത്തിനു വിത്ത് പാകുമെന്നുറപ്പ്. സാങ്കേതികമായും ശാസ്ത്രീയമായും വികസിച്ചു വരുന്ന ഒരു തലമുറയാണ് നമ്മുടെ പിന്നാലെ വാഹനമോടിച്ചു കടന്നു വരുന്നത്.

ആകെ കാസര്‍കോട്ടുള്ള ഒരു ട്രാഫിക് ജംക്ഷന്‍ പ്രസ് ക്ലബ്ബിലാണ്. പക്ഷെ അതിലും അത്യാവശ്യമായി അത് വേണ്ടത് വിദ്യാനഗര്‍, നായന്മാര്‍മൂല പോലുള്ള ജനങ്ങള്‍ തിങ്ങിക്കൂടുന്ന മേഖലകളിലാണ്. ബി സി റോഡിലും കലക്ടറേറ്റ് വഴികളിലും ചെട്ടുംകുഴി റോഡിലേക്കൊക്കെയുള്ള ഗതാഗത കുരുക്കുകള്‍ വാഹനങ്ങള്‍ക്കും വഴി യാത്രക്കാര്‍ക്കും ഒരു കീറാമുട്ടി തന്നെയാണ്. പരമാവധി 50 കിലോമീറ്റര്‍ വേഗത്തിലാണ് നമ്മുടെ പാതകളിലൂടെ വാഹനങ്ങള്‍ ഓടുന്നത്. മഴക്കാലം വന്നാല്‍ തോടുകളാകുന്ന റോഡുകളില്‍ കൂടി 20 കിലോമീറ്റര്‍ വേഗത്തില്‍ പോലും സഞ്ചരിക്കാന്‍ നമ്മെക്കൊണ്ടാകുന്നില്ല. സാധാരണ ഒരു കേരളീയന്റെ ആയുസിന്റെ മുക്കാല്‍ പങ്കും ഒട്ടും ഉത്പാദന പരമല്ലാത്ത ട്രാഫിക്കിലും കാത്തിരിപ്പിലുമാണ് ചെലവിടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ കാത്തിരിപ്പുള്ള ഒരേ ഒരു സ്ഥലം കേരളം എന്നാണു പറയപ്പെടാറ്.

നമ്മുടെ റോഡുകള്‍ വികസന വിരുദ്ധ രാഷ്ട്രീയത്തിന്റെ നേര്‍ കാഴ്ചകളാണ്, കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാതകള്‍ ഇല്ലാത്ത ഒരേ ഒരു ജില്ല. വൃത്തിയും വെടിപ്പുമില്ലാത്ത, മഴവെള്ളം ഒഴുകിപ്പോകാന്‍ ഓടകള്‍ ഇല്ലാത്ത, നിലവാരമുള്ള ഒരു കിലോമീറ്റര്‍ റോഡെങ്കിലും ഹൈവേകളില്ലാത്ത, അപകടവും അതിനോടനുബന്ധിച്ചുള്ള മരണങ്ങളും ഏറി വരുന്ന, കാലിലെ ബ്രേക്കുകള്‍ക്കു പകരം കൈ കൊണ്ട് ഹോണ്‍ അടി ശീലിച്ച ഒരു നാട്ടില്‍ അഹ് മദ് ഹാജിയ്‌ക്കെതിരെ കേസ് എടുക്കുകയല്ല വേണ്ടത്. കഴിഞ്ഞ ശനിയാഴ്ചത്തെ ട്രാഫിക് ബ്ലോക്കിന് അഹ് മദ് ഹാജി അറിയാതെയെങ്കിലും ഒരു നിമിത്തമായിരിക്കാം. അദ്ദേഹത്തിന്റെ മേല്‍ മാത്രം കുറ്റം ചുമത്തി നമുക്കിതില്‍ നിന്നും തത്കാലം കൈ കഴുകി രക്ഷപ്പെടാമെന്ന് കരുന്നത് മുഖം വികൃതമായതിനു കണ്ണാടിയെ തച്ചുടയ്ക്കുന്നതിനു തുല്യമാണ്.


Keywords:  Kasaragod, Kerala, Article, Traffic-block, Trending, Wedding, case, Police, Scania Bedira, Traffic block and facts.
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia