city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു ജനതയെ ഗിനിപന്നികളായി കണ്ടവർ ഭയന്നു തുടങ്ങി

സൂപ്പി വാണിമേൽ

(www.kasargodvartha.com 14.05.2021) പന്നി വർഗ്ഗവുമായി രൂപത്തിലോ ആഹാര ശീലങ്ങളിലോ സ്വാഭാവ രീതികളിലോ തെല്ലും സാദൃശ്യമില്ലാത്ത കുഞ്ഞു ജീവിയാണ് ഗിനിപന്നി. വീടകങ്ങളിൽ അരുമയോടെ വളർത്തുന്നു. ലബോറട്ടറികളിലാവട്ടെ മരുന്നുകളുടെ പരീക്ഷണത്തിന് ഉപയോഗിക്കുകയും. ആൺ,പെൺ വർഗ്ഗ ശത്രുതയില്ല. എണ്ണം എത്ര പെരുകിയാലും പിണക്കമില്ലാതെ ഒരേ കൂട്ടിൽ പൊറുക്കുന്ന സാമൂഹിക അടുപ്പം.

പൊതുജനം കഴുതകൾ എന്ന ബുദ്ധിജീവി പ്രയോഗം പൊതുവേ കേൾക്കുന്ന ഒന്നാണ്. അങ്ങിനെ അവർ വിശേഷിപ്പിക്കുന്ന കഴുതകളുടെ വോട്ടുകൾ വാങ്ങി ജയിച്ചവരുടെ അരികുകളിൽ അതത് ഭരണകാല നിറംപൂണ്ട ഓന്തുകളായി അവർ റോന്തുകയും സാംസ്കാരിക പദവിക്കൊട്ടുകൾ കടിച്ച് വാലാട്ടുകയും ചെയ്യാറുണ്ട്.

എന്നാൽ ഗിനിപന്നികൾ എന്ന പ്രയോഗം ചേരുന്ന വിഭാഗമായി അത്യുത്തര കേരളത്തിലെ ജനവിഭാഗത്തെ ഭരണകൂടങ്ങൾ ഉപയോഗിച്ചു പോന്നതിനെതിരേയും വാലാട്ടികൾ കുരക്കാത്ത ഭൂതം ഇതാ ശ്വാസം മുട്ടുന്ന വർത്തമാനം സൃഷ്ടിച്ചിരിക്കുന്നു. ഈ മാസം 24ന് കാസർക്കോട് ജില്ലക്ക് പ്രായം 37 ആവും. ഈ വയസ്സിൽ സംഭവിക്കാൻ പാടില്ലാത്ത ശ്വാസം മുട്ടിന്റെ അലട്ടിലാണ് ജില്ല. ലക്ഷങ്ങൾ മൂല്ല്യമുള്ള പ്രാണവായു ഓരോ സെക്കന്റിലും പ്രകൃതി സൗജന്യമായി തരുന്നുണ്ടെങ്കിലും ആ ശ്വസന, ഉച്ഛ്വാസ ശേഷിയില്ലാത്ത അവസ്ഥയിലേക്ക് വൈറസ് വരിഞ്ഞുകെട്ടിയ ശരീരങ്ങൾ കൊവിഡ് ശയ്യയിൽ കിടക്കുമ്പോൾ അകൽച്ചയുടെ നോവനുഭവിക്കുന്ന അടുപ്പക്കാർ പ്രാർത്ഥിക്കുന്നത് പ്രാണനാഥാ അവർക്കരികിലേക്ക് പ്രാണവായു എത്തിക്കണേ എന്നാണ്.

ഒരു ജനതയെ ഗിനിപന്നികളായി കണ്ടവർ ഭയന്നു തുടങ്ങി

ഓക്സിജൻ ചാലഞ്ചിലാണ് ജില്ല. സോഡയുണ്ടാക്കി രണ്ടറ്റം മുട്ടിക്കുന്നവർ മുതൽ വിവിധ തലങ്ങളിലെ സംരംഭകർ ജില്ല പഞ്ചായത്തും ഭരണകൂടവും നടത്തിയ അഭ്യർത്ഥനയോട് പ്രതികരിക്കുന്നതാണ് പ്രതീക്ഷ. എന്നാൽ ആവശ്യങ്ങളും ലഭ്യതയും തമ്മിലുള്ള അന്തരം വലിയ വിടവായിത്തന്നെ ഭാവിയിൽ കിടക്കാം. ഈ അവസ്ഥ ആകാശത്തു നിന്ന് പൊട്ടിവീണതല്ലെന്ന് കാണണം. പ്രാണവായുവിലും മണ്ണിലും വെള്ളത്തിലും ആകാശത്തു നിന്ന് വിഷം വർഷിക്കുന്ന ഹെലികോപ്റ്ററുകൾക്കും സാങ്കല്പിക കൊതുകിനെ കൊല്ലാനെന്ന പേരിൽ എൻട്രിനും എന്റോസൾഫാനും തളിക്കുന്നതിന്റെ കമ്മീഷൻ പറ്റിയ രാഷ്ട്രീയ, ബ്യൂറോക്രാറ്റ് കിരാതർക്കും ഇടയിലൂടെത്തന്നെയാണ് ഈ ജില്ലയിലെ ജനത കടന്നുവന്നത്. ആ കാലം ഇന്നത്തെ ഭരണാധികാരികൾക്ക് അറിയില്ലെങ്കിൽ മനുഷ്യച്ചങ്കുള്ള വി എസ് അച്യുതാനന്ദനോടോ പോരാട്ട വീര്യമുള്ള പൊതു, സാംസ്കാരിക,മാധ്യമ മേഖലയിലുള്ളവരോടോ ചോദിച്ചു നോക്കണം. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലെങ്കിലും ഭരണകൂടം വിഷപ്രയോഗ പരീക്ഷണ ഗിനിപന്നികളാക്കപ്പെട്ട മനുഷ്യ ജന്മങ്ങളെ കാണാം.



അവരെ കണ്ടുപോയ ജനനേതാവിന്റെ ഭരണകൂടം പിന്നെ ഇരകളെ പരിഗണിച്ചില്ല. സർക്കാറിന്റെ നയം മറ്റൊന്നാണെന്ന് ഡോ. അംബികാ സുതൻ മാങ്ങാടിന്റെ എൻമകജെ എന്ന വിഷമഴ ഇരകളുടെ ജീവിതം പറയുന്ന കൃതിയെ അധിക്ഷേപിച്ചതിലൂടെ ജില്ല കളക്ടർ പ്രഖ്യാപിച്ചു. പ്രതിഭാധനനായ കോളജ് അദ്ധ്യാപകൻ കൂടിയായ സാംസ്കാരിക പ്രവർത്തകനെ വെറുമൊരു ബ്യൂറോക്രാറ്റ് കടന്നാക്രമിച്ചപ്പോൾ വാലാട്ടികൾ കാഴ്ചക്കാരായി. ചിലർ സാംസ്കാരിക പദവികളുടെ സർവ്വേക്കല്ലുകൾ കണ്ടേടത്ത് കാൽ പൊക്കി. പ്രതികരണം ഭയപ്പെടേണ്ട പ്രധാന മേഖല ഇത്രയേയുള്ളൂ എന്ന അറിവിൽ അടുത്ത കൂട്ടർ അതിഥികളായി ബ്യൂറോക്രാറ്റിന്റെ കാൽക്കീഴിലെത്തി. മടിയിൽ കനമുള്ളവരുടെ തലയിൽ മണ്ണാണെന്ന് ഉടലുകൾക്ക് ചേരാത്ത വേഷങ്ങളും വാഹന വലുപ്പവും കൂപ്പുകൈ വണക്കങ്ങളും ഉപഹാര മൂല്ല്യവും ബ്യൂറോക്രാറ്റിനെ ബോധ്യപ്പെടുത്തി. നാലാം തൂണുകാർക്ക് നാലാം കിടയിലും താണ നിലവാരമേയുള്ളൂവെന്ന അതിശയം കോൾമയിർ കൊള്ളിച്ചതോടെ ജനങ്ങളാകെ മൈ......ആണെന്ന തോന്നലിൽ അങ്ങ് വിലസി.

ആ പാപങ്ങളുടെ ശമ്പളമാണ് പ്രാണവായുവിന് വേണ്ടിയുള്ള യാചന. ജില്ലയുടെ ആവശ്യങ്ങൾ, മുൻഗണനാ വിഷയങ്ങൾ സംബന്ധിച്ച ഒന്നും മുകളിലോട്ട് പോയില്ല. അതെങ്ങനെ? ആൾ ഏറേയും പാതകളിലും കവലകളിലുമായിരുന്നല്ലോ. ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ ഉയർത്തിയേക്കാവുന്ന പ്രതിഷേധം പ്രതിരോധിക്കാൻ സർക്കാർ ഏജൻസിയെ ഉപയോഗിക്കുകയാണിപ്പോൾ. ടാറ്റ കൊവിഡ് ആശുപത്രിയിലെ സൗകര്യങ്ങളേയും ചികിത്സാ നേട്ടങ്ങളേയും കുറിച്ചാണ് ഒടുവിൽ ഇറങ്ങിയ വാർത്താ കുറിപ്പ്. അതിന്റെ അവസാന ഭാഗം ഇങ്ങിനെ: '..191തസ്തികകളാണ് വിവിധ വിഭിഗങ്ങളിലായി ഇവിടെ സർക്കാർ സൃഷ്ടിച്ചത്.ഇതിൽ ഏറെക്കുറെ നല്ലൊരു ശതമാനം തസ്തികകളിൽ ജീവനക്കാർ എത്തിയതോടെയാണ് ആശുപത്രി പ്രവർത്തനം കൃത്യമായും സുഗമമായും നടക്കാൻ തുടങ്ങിയത്'.

ഏറെക്കുറെ നല്ലൊരു ശതമാനം എന്നതിന്റെ അർത്ഥം തലയിൽ കിഡ്നിയുള്ള ആർക്കും മനസ്സിലാവും. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതാണ് ടാറ്റ ആശുപത്രി. 60 കോടി രൂപ മുടക്കി ആശുപത്രി പണിതു നൽകിയ ടാറ്റയെ പ്രശംസിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയിയിരുന്നു: 'ബിസിനസ് എത്തിക്സ് പുലർത്തുന്നതിൽ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ചവെക്കുന്നത്.' സർക്കാറിന് എത്തിക്സ് ഉണ്ടോ എന്ന ചോദ്യം എട്ടു മാസങ്ങൾക്ക് മുമ്പ് ഈ പോർട്ടൽ പ്രതലത്തിൽ ഈ കുറിപ്പുകാരൻ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ എട്ടു മാസം പിന്നിടുകയും ആ സർക്കാർ അവസാനിക്കുകയും ചെയ്തിട്ടും പ്രാവർത്തികമായില്ലെന്ന് അറിയുമ്പോഴാണ് ആ സന്ദേഹം പ്രസക്തമാവുന്നത്.

കാസർക്കോട് ഗവ.മെഡിക്കൽ കോളജിന് മാത്രം 273 തസ്തികകൾക്കുള്ള നിയമന നടപടികൾക്ക് തുടക്കം കുറിച്ചു എന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. കൊവിഡ് ജാഗ്രത പോർട്ടലിൽ ഒഴിവുണ്ടെന്നു കണ്ട 17 വെന്റിലേറ്ററുകൾ ഓപ്പറേറ്റു ചെയ്യാൻ ആവശ്യമായ നിയമനം പോലും ആയില്ലെന്നാണ് എട്ടു മാസം കഴിഞ്ഞപ്പോഴത്തെ അവസ്ഥ. 551കിടക്ക സൗകര്യമുള്ള ടാറ്റ ആശുപത്രിയിൽ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ഒടുവിൽ ഇറക്കിയ ഔദ്യോഗിക വാർത്താകുറിപ്പിൽ അവകാശപ്പെടുന്നത്. അത് ശരിയായാൽ തന്നെ 351 കിടക്കകൾ ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഒരുക്കാത്തതിനാൽ ഒഴിഞ്ഞുതന്നെ. ഇതുവരെയായി 1524 കൊവിഡ് രോഗികളെ ഇവിടെ ചികിത്സിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. അതായത് പ്രതിദിനം ശരാശരി ഏഴിൽ താഴെ. 81000 അടി ചതുരശ്ര അടി വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ആതുരാലയത്തിന് പ്രാഥമികാരോഗ്യ കേന്ദ്ര പരിഗണനപോലും നൽകാൻ അടിസ്ഥാന സൗകര്യങ്ങളെല്ലാം ടാറ്റ ഒരുക്കിവെച്ചിട്ടും സർക്കാർ തുനിയാതിരിക്കുമ്പോഴാണ് ജില്ലയിൽ കൊവിഡ് ചികിത്സ വെല്ലുവിളി നേരിടുന്നതെന്ന് കാണാതിരുന്നുകൂട.

പരീക്ഷണങ്ങൾക്ക് ഗിനിപന്നികളായുമല്ല പരിഹസിക്കാനുള്ള കൂട്ടമായും ഒരു ജനതയെ കാണുന്നുവെന്നാണോ,കരുതേണ്ടത്? 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്ക്, ശുചിമുറികളിൽ നിന്നുള്ള മാലിന്യങ്ങൾ സംഭരിച്ച് സംസ്കരിക്കാൻ 63 ബയോ ഡയജസ്റ്ററുകൾ, എട്ട് ഓവർഫ്ലോ മഴ ടാങ്കുകൾ തുടങ്ങിയവയെല്ലാം ഒരുക്കിവെച്ച ടാറ്റ കമ്പനി കൂടിയാണ് പരിഹസിക്കപ്പെടുന്നതെന്നതാണ് കഷ്ടം.

കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് ടാറ്റാ ആശുപത്രി നിർമ്മാണം പ്രഖ്യാപിച്ച മുതൽ ജുലൈ 10ന് അവസാന പ്രീ ഫാബ് സ്ട്രെക്ച്ചറും സ്ഥാപിച്ച് നിർമ്മാണം പൂർത്തിയാവും വരെ പിന്നാലെ കൂടി യുദ്ധകാല പരിഗണനയിൽ നടപടികൾക്ക് ചുക്കാൻ പിടിച്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാവാം ഒരുവേള ആശുപത്രി വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തതിൽ ഏറെ ദു:ഖിതൻ. ഏതൊരു പദ്ധതി നിർവ്വഹണത്തിനും കാലതാമസം സൃഷ്ടിക്കാറുള്ള സ്ഥലം ലഭ്യത ഒറ്റ ദിവസം കൊണ്ട് ഉറപ്പുവരുത്താൻ റവന്യൂ വകുപ്പിന് കഴിഞ്ഞതായിരുന്നു ചടുല നിർമ്മിതിയുടെ നാഴികക്കല്ല്.

മംഗളൂറു മറ്റൊരു സംസ്ഥാനത്തിന്റെ ഭാഗമാണെന്ന അകലമില്ലാതെയാണ് കാസർക്കോട്ടുകാർ ആരോഗ്യ, വിദ്യാഭ്യാസ, ആഘോഷ... ആവശ്യങ്ങൾക്ക് നേത്രാവതി പാലം കടന്നുപോയതും യാത്ര തുടരുന്നതും. ഇരു സംസ്ഥാന ഭരണകൂടങ്ങൾ പാതകൾ എത്ര മണ്ണിട്ടടച്ചാലും മനസ്സുകൾക്കിടയിൽ വഴി തുറന്നു തന്നെ കിടക്കുമെന്നത് ഇനി തിരുത്താൻ പ്രയാസമുള്ള അനിവാര്യതയാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയം അതിന്റെ കേരളക്കരുത്താകെ പ്രയോഗിച്ച് പ്രക്ഷോഭങ്ങളും പ്രതിരോധവുമായി ആഞ്ഞടിച്ചിട്ടും എം വി രാഘവന്റെ ഇഛാശക്തിയും കെ കരുണാകരന്റെ കനത്ത പിന്തുണയും തടുക്കാനാവാതെ പരിയാരം കുന്നിൽ തലയുയർത്തി നിൽക്കുന്ന സ്ഥാപനമാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ്. പരിയാരം കേരളത്തിലാണെന്ന ബോധം പാർട്ടി ഓഫീസിൽ പണയം വെച്ച് എന്റോസൾഫാൻ ഇരകളുടെ ചികിത്സക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട്  മംഗളൂറുവിലെ സ്വകാര്യ ആശുപത്രിക്ക് കൊടുത്തത് കാസർക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അതിന്റെ കാരണം തേടിയപ്പോൾ ചിരകാല സുഹൃത്തായ എം വി ബാലകൃഷ്ണൻ മാസ്റ്റർ നൽകിയ മറുപടി താത്വിക വിശകലന ഒളിച്ചോട്ടമായിരുന്നു. പ്രതികരണം തേടി അന്നത്തെ പരിയാരം സഹകരണ മെഡിക്കൽ കോളജ് തലപ്പത്തുണ്ടായിരുന്ന എം വി ആറിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ കർണാടകയിലെ ആശുപത്രികൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ അവിടെ നടത്തിക്കൊടുക്കാം എന്ന്. ആ സന്ദേശം കൈമാറിയപ്പോഴും  വർഗ്ഗശത്രുവിനെതിരെ തുടിക്കുകയായിരുന്നു എം വി ബിയുടെ ഹൃദയം. 

അന്ധമായ അത്തരം കീഴ്പ്പെടലുകൾ അദ്ദേഹത്തെ തുണച്ചോ എന്ന ചിന്ത ഉയരുമ്പോൾ കിട്ടുന്ന ഉത്തരം നോ ആവുന്നത് എനിക്ക് ചുക്കും മാർക്സിസവും തിരിച്ചറിയാത്തതുകൊണ്ടാവാം. എന്നാൽ പ്രകടമാവുന്ന യാഥാർത്ഥ്യം തഴയപ്പെടലിന്റെ രാഷ്ട്രീയ അനീതിയാണെന്ന് കാണണം. സ്വയം വിരമിക്കൽ പ്രക്രിയയിലൂടെ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മുഴുസമയ പാർട്ടി പ്രവർത്തകനായ സഖാവിനെ പാർട്ടി ജില്ല സെക്രട്ടറി കസേരയിൽ കെട്ടിയിട്ട് വളരെ ജൂനിയറായ സഖാക്കളെ വരിവരിയായി നിയമസഭയിലേക്കും ഒരുവേള മന്ത്രിസഭയിലേക്കും അയക്കുകയാണ് കണ്ണൂറേമാന്മാർ.!

മംഗളൂറുവിലെ ആതുരാലയങ്ങൾ കാസർക്കോടിന് മാത്രമല്ല അവിഭക്ത കണ്ണൂർ ജില്ലക്കാകെത്തന്നെ അത്താണിയായതാണ് ചരിത്രം. കണ്ണൂർ ജില്ലയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിന് സമാനം ഗുരുതര കേസ്സുകൾ റഫർ ചെയ്തത് മംഗളൂറു ഗവ.വെന്റ്ലോക് ആശുപത്രിയിലേക്കായിരുന്നു. മെച്ചപ്പെട്ട ചികിത്സ തന്നെ അന്നും ഇന്നും ആകർഷണം. ആ സൗകര്യങ്ങൾ കർണാടക സർക്കാറിന്റേതല്ല കസ്തൂർബ മെഡിക്കൽ കോളജ് എന്ന സ്വകാര്യ കുത്തക സ്ഥാപന മാനജ്മെന്റ് ഒരുക്കുന്നതാണ്. ദക്ഷിണ കനറ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ കാലം മദിരാശി സർക്കാറുമായി ഉണ്ടാക്കിയ കരാർ പ്രകാരം വെന്റ്ലോകിലെ ക്ലിനിക്കൽ സൗകര്യങ്ങൾ കെ എം സിക്ക് ഉപയോഗിക്കാം. മംഗളൂറു കെ എം സി മെഡിക്കൽ കോളജ് അവരുടെ അനുബന്ധ സംവിധാനമായാണ് വെന്റ്ലോക് ഉപയോഗിക്കുന്നത്. കാലഹരണപ്പെട്ട കരാർ തനിമയോടെ കാത്ത് സൂക്ഷിക്കാൻ കഴിയുന്നുവെന്നത് കെ എം സിയുടെ സ്വാധീനം.

സിദ്ധാരാമയ്യ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് ചുമതല ലഭിച്ചയുടൻ മംഗളൂറു എംഎൽഎ യു ടി ഖാദർ വെന്റ്ലോക് ഗവ.ആശുപത്രി മെഡിക്കൽ കോളജാക്കും എന്ന പ്രഖ്യാപനം നടത്തിയിരുന്നു. ആ മന്ത്രിസഭ മൂന്നാണ്ട് താണ്ടിയപ്പോൾ ആളുകൾ ഖാദറിനോട് എന്തായി മെഡിക്കൽ കോളജ് എന്നാരാഞ്ഞുകൊണ്ടിരുന്നു. അന്നത്തെ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ കാസർക്കോട്ടുകാരനായ എ ബി ഇബ്രാഹിമിന്റെ സഹകരണത്തോടെ വെന്റ്ലോകിൽ നിന്ന് കെ എം സിയെ ഒഴിപ്പിച്ച് ഗവ.മെഡിക്കൽ കോളജാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ നടപടികൾ പുരോഗമിക്കുന്നതിനിടെ സിദ്ധാരാമയ്യ തന്റെ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. ഖാദറിൽ നിന്ന് ആരോഗ്യം എടുത്ത് പകരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലയിൽ വെച്ചുകൊടുത്തു. ഇബ്രാഹിം പിന്നീട് അധികം മംഗളൂറു കളക്ടർ കസേരയിൽ തുടർന്നതുമില്ല. ഖാദറിന് പകരം വന്ന മന്ത്രി കെ എം രമേശ് കുമാർ മംഗളൂറു ഗവ.മെഡിക്കൽ കോളജ് എന്ന ആവശ്യം തള്ളുകയാണ് ചെയ്തത്. സ്വകാര്യ മേഖലയിൽ 16 മെഡിക്കൽ കോളജുകളുള്ള ജില്ലയിൽ എന്തിന് ഇനിയുമൊരെണ്ണം എന്ന് അദ്ദേഹം ആരായുകയും ചെയ്തു.

ഉക്കിനടുക്ക ഓണംകേറാ മൂലയാണെന്ന മന്ത്രി ഇ ചന്ദ്രശേഖരന്റെ പരാമർശം സന്ദർഭങ്ങളിൽ നിന്നടർത്തി വിമർശിക്കപ്പെട്ടിരുന്നു. അതിനോ ട് ചേർത്തുവെക്കേണ്ട കാര്യം കാരുണ്യ പദ്ധതി സംബന്ധിച്ച് ഉമ്മൻ ചാണ്ടി സർക്കാറിൽ ആരോഗ്യ മന്ത്രിയായിരുന്ന വി എസ് ശിവകുമാർ എംഎൽഎമാരായ പി ബി അബ്ദുറസാഖ്, എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ നൽകിയ നക്ഷത്രമിടാത്ത മറുപടികളാണ്. മംഗളൂറു ആശുപത്രികളിൽ ചികിത്സ നേടുന്നവർക്കും കാരുണ്യ പദ്ധതി ആനുകൂല്ല്യങ്ങൾ ലഭ്യമാക്കണം എന്ന മഞ്ചേശ്വരം, കാസർക്കോട് ജനപ്രതികളുടെ ആവശ്യവും മറിച്ചുള്ള കാഞ്ഞങ്ങാട് എംഎൽഎയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു. ഗ്രൗണ്ട് റിയാലിറ്റിയിൽ നിന്നുതിർന്ന ആ മൂന്ന് ആവശ്യങ്ങളും ജനപക്ഷം. അഞ്ചും ഒന്നും ആറ് ജനപ്രതിനിധികൾക്ക് ഒരുപോലെ സ്വീകാര്യമാവുന്ന മെഡിക്കൽ കോളജാണ് ജില്ലയിലെ ജനങ്ങളുടെ അവകാശമായി കേന്ദ്ര സർവ്വകലാശാല അനുബന്ധ പദ്ധതിയായി പെരിയയിൽ സ്ഥാപിതമാവേണ്ടത്. അത് കൊണ്ടുപോയേടത്ത് നിന്ന് തിരിച്ചുപിടിക്കാനുള്ള കമ്പവലിയിലൊന്നും കാര്യമില്ല. അവകാശം പോരാടി നേടാനാവണം യജ്ഞം. കോൺഗ്രസ് ഭരണത്തിൽ കേന്ദ്ര മന്ത്രിയായിരുന്ന ഡോ.എം എം പള്ളം രാജുവും ബിജെപിയുടെ മന്ത്രിയും അർധ കേരളീയനുമായ ഡി വി സദാനന്ദ ഗൗഢയും നൽകിയത് ഉറപ്പാണ് ആ മെഡിക്കൽ കോളജ് എന്ന വാക്കായിരുന്നു. ഉറപ്പാണ് മെഡിക്കൽ കോളജ്, ഉറക്കം വെടിയാമെങ്കിൽ. 

താഴെയുള്ളതെല്ലാം റഫറൻസ് ഫയലുകളാണ്.

ടാറ്റ ആശുപത്രി - ഗുരുതര കോവിഡ് രോഗികൾക്കായി ജില്ലയിലെ മുഖ്യ ചികിത്സാകേന്ദ്രം

കാസറഗോഡ്: ജില്ലയിൽ കോവിഡ് -19 കേസുകളുടെ അതിവ്യാപന രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നടൊപ്പം, ഗുരുതര ലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണവും വർദ്ധിച്ച് വരുമ്പോൾ ചികിത്സാരംഗത്ത് ജില്ലയുടെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ വലിയ നേട്ടമാവുന്നു ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രി. മരണാസന്നരായ നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു ഈ ആശുപത്രിയിലെ ചികിത്സ കൊണ്ട്. നിലവിൽ 200 പേരെ ചികില്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1524 കോവിഡ് -19 രോഗികൾക്ക് ഇവിടെ നിന്നും ചികിത്സ ലഭ്യമാക്കിയിരിക്കുന്നു. ഇതിൽ 1368 പേരുടെയും രോഗം ഭേദമായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി ,സി രോഗികളായാണ് പ്രധാനമായും ഇവിടെ ചികിൽസിക്കുന്നതു.12 ഓളം ഐ സി യു ബെഡുകളും, 70 ഓളം സെൻട്രലൈസ്ഡ് ഓക്സിജൻ പൈപ്പ് ലൈൻ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം 86 ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇവിടെ നിന്ന് ചികിത്സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്. ഇതിൽ 7 പേർ അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്റർ സഹായം ആവശ്യമായവരായിരുന്നു.

ഒരു കണ്ടെയ്നറിൽ 4 ബെഡ് എന്ന കണക്കിലാണ് 540 പേർക്ക് ചികിത്സാ സൗകര്യം കണക്കാക്കിയത്. എന്നാൽ ഓഫീസ് സംവിധാനം, ലബോറട്ടറി, ഫാർമസി, ഫാർമസി സ്റ്റോർ, ജീവനക്കാരുടെ താമസം എന്നിവക്ക് വേണ്ടി കണ്ടെയ്നറുകൾ നീക്കി വെക്കേണ്ടതുണ്ട്. ഐ സി യു വാർഡുകൾ സജ്ജീകരിക്കുമ്പോൾ ഒരു കണ്ടെയ്നറിൽ 3 ബെഡുകൾ മാത്രമേ ഒരുക്കാൻ സാധിക്കൂ. ബെഡുകളുടെ അകലം ഇൻഫെക്ഷൻ കോൺട്രോളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതുമുണ്ട്. അതുകൊണ്ടാണ് മുഴുവൻ കണ്ടയ്നറുകളും ചികിത്സാ സൗകര്യത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്നത്.

ആദ്യ വ്യാപനതരംഗത്തിൽ ജില്ലാ ആശുപത്രിയെ പൂർണമായും കോവിഡ് ആശുപത്രിയായി മാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത്തവണ ഈ അതിതീവ്ര വ്യാപന സമയത്ത് പോലും ജില്ലാ ആശുപത്രിയിൽ കോവിഡിതര ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് ടാറ്റ ആശുപത്രി പ്രവർത്തിക്കുന്നത് കൊണ്ടാണ്. 191 തസ്തികകൾ വിവിധ വിഭാഗങ്ങളിലായി ഇവിടെ സർക്കാർ സൃഷ്ടിച്ചത്. ഇതിൽ ഏറെക്കുറെ നല്ലൊരു ശതമാനം തസ്തികകളിൽ ജിവനക്കാർ എത്തിയതോടെയാണ് ആശുപത്രി പ്രവർത്തനം കൃത്യമായും സുഗമമായും നടക്കാൻ തുടങ്ങിയത്.

കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിർമാണ പ്രവൃത്തി പൂർത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തെക്കിൽ ചട്ടഞ്ചാൽ കോവിഡ് ആശുപത്രി സമുച്ചയത്തിൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. സ്വകാര്യ പൊതുമേഖല പങ്കാളിത്തത്തിന് ഉദാത്ത മാതൃകയായ ടാറ്റാ കോ വിഡ് ആശുപത്രി സംസ്ഥാനത്തിൻ്റെയും കാസർകോട് ജില്ലയുടെ ആരോഗ്യ മേഖലക്ക് കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിന് കരുത്തുപകരാൻ മുതൽകൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയുടെ പൊതു ആരോഗ്യ മേഖലക്ക് കരുത്തുപകരാൻ പ്രധാന പരിഗണന നൽകി. കാസർകോട് മെഡിക്കൽ കോളേജ് കോ വിഡ് ആശുപത്രിയായി ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ചതും 270 പുതിയ തസ്തികകൾ സൃഷ്ടിച്ചതും ഇതിൻ്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യം, സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി ജി എം ഗോപി നാഥ റെഡ്ഡി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന് താക്കോൽ കൈമാറി. ജില്ലാ കളക്ടർ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായിരുന്നു. എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, എം രാജ ഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ എന്നിവർ മുഖ്യ സാന്നിധ്യമായി സംസാരിച്ചു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദർ, മുൻസിപ്പൽ ചെയർമാൻമാരുടെ ചേമ്പറിൻ്റെ ചെയർമാൻ ആയ കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വിവി രമേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എ എ ജലീൽ, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഡി കബീർ, ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം ഷംസുദ്ദീൻ തെക്കിൽ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം വി ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹക്കീം കുന്നിൽ, ടി ഇ അബ്ദുള്ള, അഡ്വ കെ. ശ്രീകാന്ത്, കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, അഡ്വ സി വി ദാമോദരൻ, പി പി രാജു, പി കെ രമേശൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, നാഷണൽ അബ്ദുള്ള, എ കുഞ്ഞിരാമൻ നായർ, ആൻ്റക്സ് ജോസഫ് എന്നിവർ സംസാരിച്ചു.

ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആൻറണി പി എൽ, ടാറ്റാ ഡി ജി എം ഗോപിനാഥ റെഡ്ഡി സംസാരിച്ചു. കെ.കുഞ്ഞി രാമൻ എം എൽ എ സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ് നന്ദിയും പറഞ്ഞു. എ ഡി എം എൻ ദേവീദാസ്, സബ് കളക്ടർ ഡി ആർ മേഘ ശ്രീ തുടങ്ങിയ ഉദ്യോഗസ്ഥർ, ടാറ്റാ ഗ്രൂപ്പ് സാങ്കേതിക വിദഗ്ദർ പങ്കെടുത്തു. ആശുപത്രികെട്ടിട നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് സഹകരിച്ച ടാറ്റാ പ്രൊജക്ട് ലിമിറ്റഡിൻ്റെ സാങ്കേതിക ഉദ്യാഗസ്ഥരേയും നിർമാണ പ്രവൃത്തി കൃത്യസമയത്ത് പൂർത്തീയാക്കാൻ സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികളേയും ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ, കെ കുഞ്ഞിരാമൻ എം എൽ എ, ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു എന്നിവർ ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.


ടാറ്റ കോവിഡ് ആശുപത്രി: പൊതു സ്വകാര്യ പങ്കാളിത്തം ഗുണകരമാക്കുന്നതിനുള്ള ഉദാത്തമാതൃക- മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാ സൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി സമുച്ചയ കൈമാറ്റ ഉദ്ഘാടനം നിര്‍വഹിച്ചു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യസമയത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്.

ഇതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി. മികച്ച പ്രവര്‍ത്തനമാണ് ജനറല്‍ ആശുപത്രി കാഴ്ച വെച്ചത്. കൂടാതെ നാല് ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടെ 200 കിടക്കകള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിക്കാനും സര്‍ക്കാരിന് സാധിച്ചു. പ്രവര്‍ത്തന സജ്ജമാക്കാനായി മെഡിക്കല്‍ കോളേജിന് മാത്രം 273 തസ്തികകള്‍ക്കുള്ള നിയമന നടപടിക്ക് തുടക്കം കുറിച്ചു. കോവിഡ് മഹാമാരിയുടെ ഓരോ ഘട്ടത്തിലും ജില്ലയില്‍ അതീവ ശ്രദ്ധയോടെയാണ് ഇടപെട്ടത്. അതിന്റെ ഫലമായി കോവിഡിനെ വരുതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റ മൂര്‍ധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ടാറ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തത്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആശുപത്രി ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആശുപത്രിക്കായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് ടാറ്റാ ഗ്രൂപ്പിന് നല്‍കിയത്. ആവശ്യമായ അഞ്ചേക്കര്‍ ഭൂമി ആഴ്ചകള്‍ക്കുള്ളിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കി കൈമാറിയത്. സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ തന്നെ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ആശുപത്രി സമുച്ചയം നിര്‍മിച്ച് നല്‍കിയത്.




ടാറ്റയ്ക്ക് കേരളത്തിന്റെ നന്ദി

കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയോട് സഹകരിക്കാന്‍ താല്പര്യം കാണിച്ച് ടാറ്റാ ഗ്രൂപ്പിനോടും ചെയര്‍മാന്‍ രത്തന്‍ ടാറ്റയോടും സര്‍ക്കാരിനുള്ള നന്ദി രേഖപ്പെടുത്തുന്നു. ബിസിനസ് എതിക്‌സ് പുലര്‍ത്തുന്നതില്‍ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ച വെക്കുന്നത്. ലോകത്താദ്യമായി കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാന്‍ തുടങ്ങിയതും രാജ്യം നിയമമാക്കിയതും. 60 കോടി രൂപ ചെലവഴിച്ചാണ് കോവിഡ് ആശുപത്രി നിര്‍മിച്ചത്. മികച്ച ആരോഗ്യസ്ഥാപനനങ്ങള്‍ ലഭ്യമല്ലാത്ത കാസര്‍കോടിനും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കും ഈ മഹത്തായ സ്ഥാപനം മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി നാടിന് സമർപ്പിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിൽ സർക്കാർ അനുവദിച്ച 5.50 ഏക്കർ ഭൂമിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.


മൂന്നു സോണുകള്‍, 551 കിടക്കകള്‍

ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി . ദേശീയ പാതയ്ക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമി നിരപ്പാക്കി ആശുപത്രിയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തു.


പൊതു സ്വകാര്യ പങ്കാളിത്തത്തിൻ്റെ ഉദാത്ത മാതൃക

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേര്‍സ്, എട്ട് ഓവര്‍ഫ്ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ് ചെയ്യുന്നത്.


ടാറ്റാ ആശുപത്രി: നാള്‍ വഴികള്‍

2020 ഏപ്രില്‍ ആറ്: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ടാറ്റാ ആശുപത്രി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.

2020 ഏപ്രില്‍ ഏഴ്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം തെക്കില്‍ വില്ലേജില്‍ കണ്ടെത്തി.

2020 ഏപ്രില്‍ എട്ട്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദ്ദേശിച്ച സ്ഥലം ആശുപത്രി നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

2020 ഏപ്രില്‍ ഒമ്പത്: ആശുപത്രി നിര്‍മ്മാണത്തിന്റെ തുടക്കമെന്നോണം തെക്കില്‍ വില്ലേജിലെ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.

2020 ഏപ്രില്‍ 28: തെക്കില്‍ വില്ലേജിലെ സ്ഥലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്ഥലം നിരപ്പാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി ആശുപത്രി നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കുന്നു.

2020 മെയ് 15: ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രക്‌ച്ചേര്‍ തെക്കില്‍ വില്ലേജില്‍ സ്ഥാപിച്ചു.

2020 ജൂണ്‍ അഞ്ച്: ലോക പരിസ്ഥിതി ദിനത്തില്‍ ആശുപത്രി കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി മരത്തൈകള്‍ നടുന്നതിന് തുടക്കം റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

2020 ജൂലൈ 10 : ടാറ്റാ ആശുപത്രിയുടെ അവസാന പ്രീ ഫാബ് സ്ട്രക്ച്ചറും സ്ഥാപിച്ചു.

2020 സെപ്റ്റംബര്‍ ഒൻപത് ഉച്ചയ്ക്ക് 12 മണി : മുഖ്യമന്ത്രി പിണറായി വിജയന്‍ ടാറ്റാ ആശുപത്രി നാടിന് സമർപ്പിച്ചു


കൂട്ടായ്മയുടെ കരുത്തിൽ ആരോഗ്യ മേഖല ശക്തിപ്പെടുന്നു: ആരോഗ്യമന്ത്രി

സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുന്നുണ്ടെന്നും ഇതിന്റെ ഫലമായി കഴിഞ്ഞവര്‍ഷങ്ങളില്‍ ആരോഗ്യമേഖലയില്‍ വലിയ മാറ്റമാണ് സാധ്യമായതെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി കൈമാറ്റ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. വിവിധ വിഭാഗങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ കാരണം നല്ല പൊതുജനാരോഗ്യം സംവിധാനം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്.

വയോജനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് മുമ്പിലാണ് നമ്മുടെ സംസ്ഥാനം. അതിനാല്‍ കോവിഡ് കാലത്ത് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, തൈറോയിഡ് പോലെയുള്ള പ്രശനങ്ങളുള്ള രോഗികള്‍ക്ക് കോവിഡ് ദോഷകരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തുണ്ടായ 320ല്‍പരം മരണങ്ങളില്‍ എണ്‍പത് ശതമാനം പേരും അറുപത് വയസിന് മുകളിലുള്ളവരാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണസംഖ്യ വളരെ കുറവാണ്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള ഫലപ്രദമായ ഇടപെടല്‍ കാരണമാണ് പ്രതിരോധവലയം ശക്തിപ്പെടുത്താന്‍ സാധിച്ചത്.


കോവിഡ് ആശുപത്രി വലിയ മുതല്‍ക്കൂട്ട്

കാസര്‍കോട് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി സമുച്ചയം ആരോഗ്യമേഖലയ്ക്ക് വളരെ വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെ മഹത്തായ രീതിയില്‍ പിന്തുണ നല്‍കിയ ടാറ്റ ഗ്രൂപ്പിന് ആരോഗ്യവകുപ്പിന്റെ നന്ദി അറിയിക്കുന്നു. കൂടാതെ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അത്യാധുനിക സിമുലേഷന്‍ സെന്ററിനു ടാറ്റയുടെ പിന്തുണയുണ്ടെന്നും ഇത് ട്രെയ്‌നിങ്ങ് ആന്റ് റിസേര്‍ച്ച് സെന്ററായിട്ട് പ്രയോജനപ്പെടുത്താന്‍ സാധിക്കും. പോസ്റ്റ് മോഡെണ്‍ സാങ്കേതികതയോട് കൂടിയ ഈ കേന്ദ്രത്തെ ലോകനിലവാരത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ദ്രുതഗതിയിലുള്ള ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ സഹായമുണ്ടാവുമെന്ന് പ്രത്യാശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


വീട്ടിലെ കോവിഡ് ചികിത്സയില്‍ കാസര്‍കോട് മാതൃക

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ബാധിതരെ വീട്ടില്‍ ചികിത്സിക്കുന്നതില്‍ കാസര്‍കോട് നല്ല മാതൃകയാണ് കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ എണ്ണൂറോളം പേരെ രോഗവിമുക്തരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഇപ്പോഴും തുടരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലുകളാണ് കാസര്‍കോട് നടത്തിയിട്ടുള്ളത്. ജില്ലയിലെ മെഡിക്കല്‍ കോളേജിന് വേണ്ടി മാത്രം 273 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിന് പുറമെ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവടങ്ങളില്‍ 200 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഭഗീരഥ പ്രയത്‌നം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Kerala,Article, COVID-19, Corona, Hospital, Treatment, Government, Top-Headlines, Doctor, Helping hands, Mask, Lockdown, Soopy Vanimel, Tata Covid Hospital, Those who saw a people as guinea pigs began to fear.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia