city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നു

കെ.എം. ഹനീഫ് (ഡയറക്ടര്‍ പി.എ. കോളജ് ഓഫ് എഞ്ചിനീയറിംഗ് മംഗളൂരു)

(www.kasargodvartha.com 22/12/2015) കാലം കവര്‍ന്നെടുത്ത കൗമാരത്തുടിപ്പിന്റെ ഓര്‍മയില്‍ ഞങ്ങള്‍ ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് ഗവ. കോളജില്‍ വീണ്ടും സംഗമിക്കുന്നു. പഴയ കുസൃതികള്‍ പറഞ്ഞു ചിരിക്കാനും ഓര്‍മകളുടെ നിലാവില്‍ എല്ലാം മറന്നൊന്ന് ഉല്ലസിക്കാനും. ഡിസംബര്‍ 26ന്് ഉച്ചയോടു കൂടി കോളജ് പഠന കാലത്തെ കൂട്ടുകാര്‍ കുഞ്ഞുമാവിന്റടിയില്‍ ഒത്തുചേരും. കാസര്‍കോടിന്റെ തിലകക്കുറിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ കലാലയം ഇന്നും ഇവിടെ നിന്നും പഠിച്ചിറങ്ങിയവര്‍ക്ക് സ്‌നേഹത്തണലും പ്രചോദനവുമായി മാറുന്നു.

കലാലയ ജീവിതത്തിനുശേഷം പലരും പലവഴിക്ക് നീങ്ങുകയും പലരും ഉന്നത സ്ഥാനങ്ങളില്‍ ഇപ്പോഴും വിരാജിക്കുകയുമാണ്. പഴയ കലാലയ അന്തരീക്ഷം നല്ല ഓര്‍മകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഒരുപാട് ജീവിതാനുഭവങ്ങള്‍ ഇവിടുന്ന് പഠിച്ചെടുക്കാന്‍ സാധിച്ചു. നടന്നു പോയ വഴികളിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കാന്‍ എപ്പോഴും മോഹം തോന്നാറുണ്ട്. വിശാലമായ ഇടനാഴിയും, പുറത്തെ മാവിന്‍ തോപ്പും, ബസ് സ്‌റ്റോപ്പും ഗ്രൗണ്ടുമെല്ലാം കാണുമ്പോള്‍ ഞങ്ങളില്‍ യുവത്വം നിറയുന്നു.

1975-85 കാലയളവില്‍ പഠിച്ചിറങ്ങിയവരാണ് 'ഒരുവട്ടം കൂടി' എന്ന സംരംഭവുമായി 2013 ല്‍ ഒത്തുചേര്‍ന്നത്. ബപ്പിടി മുഹമ്മദ് കുഞ്ഞി, പി.എസ്. മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ഹുസൈന്‍, ജെയിംസ്, മൊയ്തു പെര്‍ള എന്നിവരുടെ മനസില്‍ ഉദിച്ച ആശയം പിന്നീട് ആവേശമായി മാറുകയായിരുന്നു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം 'ഒരുവട്ടം കൂടി' എന്ന പരിപാടി 1975-85 കാലയളവില്‍ പഠിച്ച എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന അവരുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് ഒരു തടസവുമില്ലാതെ പഴയകാല ഓര്‍മകളും സ്മരണകളും അയവിറക്കാനുളള ഒരു തുറന്ന അവസരമാണ് നല്‍കിയത്. ഈ അവസരത്തില്‍ ഏതാനും കോളജ് സ്മരണകള്‍ അയവിറക്കുന്നത് പുതിയ കോളജ് തലമുറയ്ക്ക് ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

കോളജില്‍ പഠിച്ചിരുന്ന കാലത്ത് മുറയ്ക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്ന എനിക്ക് എന്‍.എ. സുലൈമാന്റെയും, എല്‍.എ. ഇഖ്ബാലിന്റെയും കൂടെ പുലിക്കുന്നിലെ ആര്‍. ഗിരിധറിന്റെ വീടായ ത്രിവേണിയില്‍ പോയി സൗഹൃദം ഉണ്ടാക്കുന്നതിനും സി. രാഘവന്‍ മാഷിന്റെയും കുടുംബത്തിന്റെയും കൂടെ എല്ലാ വിഷുവിനും ഓണത്തിനും സദ്യ ഉണ്ണാന്‍ സാധിച്ചതിന്റെയും ഓര്‍മകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അവിടെ നിന്നും കഴിച്ച പായസത്തിന്റെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്. അതേപോലെ എല്ലാ പെരുന്നാളിനും ഗിരിധറും മറ്റു കൂട്ടുകാരും ഞങ്ങളുടെ വീട്ടില്‍ വിരുന്നുകാരനായി വന്ന് ബിരിയാണിയും വിഭവങ്ങളും കഴിച്ചതും ഒരു കുടുംബം പോലുള്ള ബന്ധമാണ് വളര്‍ത്തിയത്. ഇതേ കുടുംബ ബന്ധം പോലുള്ള അനുഭവമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ശേഷാദ്രി മാഷിന്റെ കുടുംബവുമായും ഉണ്ടായിരുന്നത്.

എനിക്കും ഇപ്പോള്‍ ദുബൈയില്‍ ജോലി ചെയ്യുന്ന ബി.എം. ഹാരിഫിനും 1980 മുതല്‍ 85 വരെ തുടര്‍ച്ചയായ അഞ്ച് വര്‍ഷം ശേഷാദ്രി മാഷിന്റെ ശിഷ്യരാവാനുള്ള അസുലഭഭാഗ്യം സിദ്ധിച്ചിരുന്നു. 1983 മുതല്‍ രണ്ടുവര്‍ഷം ഞങ്ങള്‍ക്കു പ്രൊഫ. ശേഷാദ്രി മാഷിന്റെ വീട്ടില്‍ അവരുടെ മകള്‍, ഇപ്പോള്‍ ഡല്‍ഹിയിലെ പ്രതിരോധ വകുപ്പില്‍ ജോലിചെയ്യുന്ന ഇന്ദു ബാലാജിയുടെ കൂടെ ട്യൂഷന്‍ ഉണ്ടായിരുന്നു. ശേഷാദ്രി മാഷിന്റെ അണങ്കൂരിലുള്ള ശ്രേയസ് എന്ന വീട്ടിലാണ് വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ നടക്കാറുളളത്. ട്യൂഷന്‍ ഫീസായി വളരെ ചെറിയ ഒരു സംഖ്യയാണ് ഞങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ശേഷാദ്രി മാഷിന്റെ ഭാര്യ എനിക്കും ആരിഫിനും ദിവസവും കാപ്പിയും പലഹാരവും നല്‍കുന്നതില്‍ ഒരു മടിയും കാണിക്കാത്തതിനാല്‍ ട്യൂഷന്‍ ഫീസിനെക്കാള്‍ അധികമാണ് മാഷിന് ചെലവ് വന്നിട്ടുണ്ടാവുക.

ഈ ട്യൂഷന്‍ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഈ ബന്ധം പ്രൊഫ. ശ്രേഷാദ്രി മാഷിന്റെ മരണം വരെ നിലനിര്‍ത്താനും കഴിഞ്ഞു. മരണത്തിന് ഒരാഴ്ചമുമ്പ് അദ്ദേഹം എന്നെ വിളിച്ച് താന്‍ 10 ദിവസത്തിന് ശേഷം കാസര്‍കോട്ട് വരുന്നുണ്ടെന്നും മുറി സൗകര്യപ്രദമാക്കിത്തരണമെന്നും അറിയിച്ചിരുന്നുവെങ്കിലും അത് ശേഷാദ്രി മാഷുമായുള്ള അവസാനത്തെ സംഭാഷണമായി മാറുകയായിരുന്നു. ശേഷാദ്രി മാഷ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ താമസസ്ഥലമായ പാലക്കാട്ടെ വീട്ടില്‍ ടി.എ. ഇബ്രാഹിം സ്‌കിന്നേര്‍സ്, ആര്‍. ഗിരിധര്‍, മൊയ്തു പെര്‍ള എന്നിവരുടെ കൂടെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ആത്മസംതൃപ്തിയാണ് നല്‍കിയത്. പിന്നീട് എന്റെ മാതാവ് അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോഴും തുടര്‍ന്ന് മരണപ്പെട്ടപ്പോഴും ശേഷാദ്രി മാഷിന്റെ ഭാര്യയും മകന്‍ കുമാറും മകള്‍ ഇന്ദുവും എന്നെ നിരന്തരം ബന്ധപ്പെട്ടു ആശ്വസിപ്പിച്ചത് കുടുംബബന്ധങ്ങള്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ സഹായകമായിരുന്നു. ഇപ്പോഴും ഞങ്ങള്‍ ഈ കുടുംബവുമായി സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നു.

ശേഷാദ്രി മാഷിന്റെ സ്മരണ നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന വലിയ ഒരു ആഗ്രഹം ഞങ്ങളിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മാഷിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞത് അഭിമാനമുണ്ട്. ഇപ്പോഴത്തെ പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണിജോസഫാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് സണ്ണിജോസഫിന്റെ കൂടെ ടി.എ ഇബ്രാഹിമും ഭാര്യ ശ്രീലത ഇബ്രാഹിമും എന്‍.എ സുലൈമാന്‍, പെര്‍ള മൊയ്തു, ആര്‍. ഗിരിധര്‍ എന്നിവരും ഞാനും കൂടി ശേഷാദ്രി മാഷിന്റെ പാലക്കാട്ടെ ഭവനത്തിലെത്തി ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. 2016 ഫെബ്രുവരി അവസാനത്തോടു കൂടി ഡോക്യുമെന്ററി പൂര്‍ത്തീകരിച്ച് പ്രധാന ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

മറ്റൊരു കാര്യം പറയാനുള്ളത് ഞങ്ങളുടെ കോളജ് ജീവിതത്തിന്റെ ശൈലിയെ കുറിച്ചാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കാര്യമായ ശ്രദ്ധ പതിപ്പിക്കാത്ത വിഷയങ്ങളിലാണ് ഞങ്ങള്‍് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നത്. എന്നാലും ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് കസിനും ക്യാമ്പസ് സുഹൃത്തുമായ എന്‍.എ. സുലൈമാന്‍ പഠിപ്പിച്ച ഒരു പാഠമുണ്ടായിരുന്നു. പലരും താല്‍പര്യം കാട്ടാത്ത മേഖലകള്‍ കണ്ടെത്തി അവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ചെയ്തത്.

ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി അധ്വാനിച്ചതിന്റെ ഫലം ലഭിക്കുകയും ചെയ്തു. ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് ഇല്ലാതിരുന്നിട്ടു പോലും എന്‍.എ. സുലൈമാന്റെ നേതൃത്വത്തില്‍ നല്ലൊരു ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനേയും വാര്‍ത്തെടുക്കാന്‍ കഴിഞ്ഞുവെന്നത് ഇപ്പോഴും ചാരിതാര്‍ത്ഥ്യത്തോടെയാണ് ഓര്‍ക്കുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് തുടങ്ങിയ സ്ഥലങ്ങളില്‍ കളിക്കാനും നല്ല പ്രകടനം കാഴ്ചവെയ്ക്കാനും കഴിഞ്ഞു എന്നത് ഞങ്ങള്‍ക്കും അതോടൊപ്പം കോളജിനും അഭിമാനമായ നേട്ടമാണ്.

അതേപോലെത്തന്നെയായിരുന്നു പൂക്കളം, ടാബ്ലോ തുടങ്ങിയവയില്‍ ഒരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ക്ക് ഈ ഇനത്തിലെ മത്സരങ്ങളില്‍ കോളജ് കലോത്സവത്തിലും എ സോണ്‍, ഇന്റര്‍ സോണ്‍ കലോത്സവത്തിലും തുടര്‍ച്ചയായി ഒന്നാംസ്ഥാനം നേടാന്‍ കഴിഞ്ഞത് സുഹൃത്ത് ബന്ധങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. പൂക്കളം മത്സരത്തില്‍ 1985ല്‍ ഒന്നാം സമ്മാനം നേടിയ ടീമില്‍ പി.എസ്. ഖാലിദും, ഗായിക ചിത്ര ആയ്യരും ഞാനുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും ഞങ്ങളുടെ ബിസിനസിലും വീടുകളിലും ഈ സ്‌നേഹ സിദ്ധാന്തത്തിലൂടെയുള്ള ഒരു മേല്‍വിലാസം ഉണ്ടാക്കാനും വിജയിപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പഴയ കാല ഓര്‍മകള്‍ അയവിറക്കാനും പുതിയ കാലത്തെ സൗഹൃദബന്ധം നിലനിര്‍ത്തുന്നതിനും ഓരോ സുഹൃത്തുക്കളേയും ഡിസംബര്‍ 26ന് കാസര്‍കോട് ഗവ. കോളജില്‍ 'ഒരുവട്ടം കൂടി' മൂന്നാം വട്ടം എന്ന പരിപാടിയിലേക്ക് ക്ഷണിക്കുകയും പൂര്‍ണ വിജയമാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കോളജ് ജീവിതത്തിലെ കുസൃതികള്‍ അനവധി ഉണ്ടെങ്കിലും ചില കാര്യങ്ങള്‍ എപ്പോഴും ഓര്‍മകളില്‍ ഓടിയെത്തും. കോളജില്‍ കത്തെത്തിക്കുന്ന പോസ്റ്റുമാനെ ഞങ്ങള്‍ നല്ല സുഹൃത്താക്കി മാറ്റിയിരുന്നു. പലരുടേയും പ്രണയ ലേഖനങ്ങളും മറ്റും വായിക്കാന്‍ ഇതുമൂലം കഴിഞ്ഞിരുന്നു. ഇതിലെ കാര്യങ്ങള്‍ പറഞ്ഞ് പലരേയും കളിയാക്കിയിട്ടുമുണ്ട്. ഞങ്ങളുടെ കയ്യില്‍ എത്തിയശേഷം മാത്രമേ ഓരോ കത്തും കൂട്ടുകാര്‍ക്ക് കിട്ടിയിരുന്നുള്ളൂ.

കോളജില്‍ അന്നിറക്കിയ മാഗസിനുകളെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അവയൊക്കെ ഇന്നും പലരും കയ്യില്‍ നിധിപോലെ സൂക്ഷിക്കുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന കവിതകളും ലേഖനങ്ങളും വരകളും കൊണ്ട് അന്നത്തെ മാഗസിനുകള്‍ വിഭവ സമൃദ്ധംതന്നെയായിരുന്നു. അംബികാസുതന്‍ മാങ്ങാട്, മാങ്ങാട് രത്‌നാകരന്‍, വിദ്യാധരന്‍ പെരുമ്പള, രാധാകൃഷ്ണന്‍ പെരുമ്പള, ബി.എം. ആരിഫ്, ബി. ഭാസ്‌ക്കരന്‍, അഷ്‌റഫ് അലി ചേരങ്കൈ തുടങ്ങിയവര്‍ നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അത്. മാഗസിനുകളില്‍ പലതിനും പ്രണയത്തിന്റെ ആര്‍ദ്രതയാണ്. ഇവ ഇടയ്ക്കിടെ മറിച്ചുനോക്കുന്നതുതന്നെ ആനന്ദമാണ്.

മത്സരങ്ങളില്‍ വിജയിച്ചവരുടെ നിരവധി ഓര്‍മചിത്രങ്ങളും കൈമാറിയ ഓട്ടോഗ്രാഫുകളും വിലപ്പെട്ട വസ്തുക്കളായി ഞങ്ങളുടെ ശേഖരത്തിലുണ്ട്. സ്‌നേഹത്തിന്റെ കയ്യൊപ്പുമായാണ് ഞങ്ങള്‍ ഓരോരുത്തരും ക്യാമ്പസില്‍ നിന്നും പിരിഞ്ഞത്. ഈ കലാലയത്തില്‍ പഠിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായാണ് ഞങ്ങള്‍ കാണുന്നത്. അറിവിനൊപ്പം ജീവിത വീക്ഷണവും ഉണ്ടാക്കിത്തന്ന ഈ കലാലയം എന്നും ഞങ്ങളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു.

2013 ആഗസ്ത് 15ന് ആദ്യത്തെ കൂടിച്ചേരലായ ഒരു വട്ടംകൂടി ഒന്നാം വട്ടം വലിയ വിജയമായിരുന്നു. എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചുകൊണ്ട് ആയിരത്തോളം ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് അന്ന് ഒത്തു ചേര്‍ന്നത്. പലരും 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞുമാവിന്റടിയിലെ ക്യാമ്പസിലെ വിളക്കിനടിയില്‍ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് നുകര്‍ന്നത്. ടി കൗണ്ടറില്‍ നിന്നും ചായയും പരിപ്പ് വടയും വാങ്ങിക്കഴിക്കുമ്പോള്‍ അവര്‍ മറന്നുപോയ പഴയകാല ക്യാമ്പസ് അുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയും വീണ്ടും കൗമാരകാലത്തേക്ക് തിരിച്ചുപോകുന്നതായും തോന്നി. കോളജ് ജീവിതം സമ്മാനിച്ച ചില സ്‌നേഹബന്ധങ്ങളുടെ സാക്ഷാത്കാരങ്ങള്‍ ഞങ്ങള്‍ക്കവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞു.

ടി എ ഇബ്രാഹിമിന്റെയും ശ്രീലത ഇബ്രാഹിമിന്റെയും സാന്നിധ്യം ഞങ്ങളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആവേശമാണുണ്ടാക്കിയത്. കൂടാതെ കോളജ് ജീവിതത്തിലെ സുഹൃത്തുക്കളുടെ ആത്മബന്ധങ്ങള്‍ ചില പുതിയ കുടുംബബന്ധങ്ങള്‍ തുടങ്ങാനുള്ള വേദി കൂടിയായി മാറുകയും ചെയ്തു.  ഇതിന് ഉദാഹരണമാണ് കെ പി അസീസ്, എ.കെ ഖാലിദിന്റെ അളിയനായി മാറിയത്. ഇതിനുപുറമെ പെര്‍ള മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ പല കലാപരിപാടികളും വിനോദയാത്രകളും സംഘടിപ്പിക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്കിടയിലെ സൗഹൃദബന്ധം ദൃഢമാക്കാന്‍ സഹായകമായി.

ഇതിനു ശേഷം 2014 സെപ്തംബറില്‍ ഞങ്ങള്‍ ഒരു വട്ടം കൂടി രണ്ടാം വട്ടവും കോളജില്‍ സംഗമിച്ചു. ഈ രണ്ട് സംഗമങ്ങളുടെയും ആവേശം ഉള്‍കൊണ്ടാണ് ഒരു വട്ടം കൂടി മൂന്നാം വട്ടവും ഈ വരുന്ന ഡിസംബര്‍ 26ന് നടത്താന്‍ പ്രചോദനമായത്. ഇതിന്റെ ഭാഗമായി മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചത് സജീവമായി സൗഹൃദബന്ധവും ആവേശവും നിലനിര്‍ത്താന്‍ സാധിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞമാസം ദുബൈയില്‍ ഒരു വട്ടം കൂടിയുടെ കുടുംബസംഗമവും നടത്താന്‍ കഴിഞ്ഞു. ഈ മൂന്ന് കൂടിച്ചേരലുകള്‍ക്കും മുഖ്യപ്രചോദനവും വഴികാട്ടിയും ആവേശവുമായി പ്രവര്‍ത്തിച്ച ബപ്പിടി മുഹമ്മദ് കുഞ്ഞി, പെര്‍ള മൊയ്തീന്‍, എ.കെ ജയിംസ്, അന്‍വര്‍ ഹുസൈന്‍ എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കോളജ് ക്യാമ്പസില്‍ ഹീറോയായിരുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇപ്പോള്‍ ദുബൈയില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബി.എം ആരിഫിനെ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍മിക്കുന്നു. അവന്റെ 30 വര്‍ഷത്തെ മാറ്റം സംബന്ധിച്ചുള്ള ചില ഫോട്ടോകളും ഈ ലേഖനത്തോടൊപ്പം ചേര്‍ക്കുന്നു.

ഈ ആവേശവും ഒത്തൊരുമയും ഇനിയും നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു...
കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നു
കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നു

കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നു

കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നു

കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നു

കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നു

Keywords:  kasaragod, govt.college, Remembering, Old student, Documentary, Development project, History, Oru Vattam Koody, Kunhumavin Thanalil, Memmories, College life, Third meet under Kunhumavu, Kunhumav, Kunhumavindady.
കുഞ്ഞുമാവിന്റടിയില്‍ ഒരു വട്ടം കൂടിയവര്‍ 'മൂന്നാം വട്ടവും' കൂടുന്നുhttp://goo.gl/DrfAV7
Posted by KasaragodVartha Updates on  Tuesday, December 22, 2015

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia