ജീവിതം പഠിക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു പുസ്തകമില്ല
Jun 20, 2021, 18:10 IST
ഇബ്‌നു പി മുഹമ്മദ് അലി
(www.kasargodvartha.com 20.06.2021) അമ്മ വാരിക്കോരി സ്‌നേഹം തരുമ്പോള്‍ തന്നെ പിതാവിന്റെ കരുതലിനേയും സംരക്ഷണത്തേയും നാം മറന്നു പോകരുത്. അതോര്‍മപ്പെടുത്തുകയാണ് 2021 ജൂണ്‍ 20. ലോകമെങ്ങും ഈ ദിവസം ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നു. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി വര്‍ഷാവര്‍ഷം ആഘോഷിക്കുന്നത്. പിതാവെന്ന ഓരോരുത്തരുടെയും ആദ്യ നായകനോടുള്ള സ്‌നേഹം ഒന്നുകൂടി കൂട്ടിയുറപ്പിക്കാനുള്ള ദിവസമാണിത്.
പലരും പിതാവിനെ മനസിലാക്കാന്‍ വൈകുന്നു. സ്വന്തം മക്കള്‍ പിതാക്കന്മാരുടെ കഷ്ടപ്പാടൊന്നുമറിയാതെ വളരുന്നു. അവര്‍ക്കൊക്കെ പിതാവിനെ മനസ്സിലാക്കാന്‍ പറ്റിയെന്ന് വരില്ല. മക്കളെ നല്ല രീതിയില്‍ പഠിപ്പിച്ചു നല്ല ജോലികിട്ടണമെന്ന് ആഗ്രഹിക്കുന്നു. അതിന് വേണ്ടി വിദേശ നാടുകളില്‍ പോയി അലഞ്ഞു തിരിഞ്ഞു നടക്കുന്ന അവസ്ഥയും പലപിതാക്കന്മാര്‍ക്കും ഉണ്ടായിട്ടുണ്ട്. അവരുടെ ആ വിയര്‍പ്പ് മക്കള്‍ കാണാതെ പോകരുത്.
പിതാവിനെ ചീത്ത പറയുന്നവരുണ്ട്, ഒന്ന് ഓര്‍ക്കണം. അവര്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണ്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചുകൊണ്ടും അവര്‍ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നു. പലരും വില അറിയുന്നത് പിതാവിന്റെ മരണ ശേഷമാണ്. പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് അവരുള്ളപ്പോള്‍ തന്നെ നാം പിതാവിനെ സ്‌നേഹിക്കുക. കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല, അതില്ലാത്തപ്പോളാണ് അതിന്റെ വില തിരിച്ചറിയുന്നത്.
'മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്ന പഴഞ്ചൊല്ല് പിതാക്കളുടെ കാര്യത്തില്‍ ഏറെ പ്രസക്തമാണ്. പിതാവ് പറയുന്ന പല കാര്യങ്ങളും ഒരുപക്ഷെ നമുക്ക് അലോസരമായി തോന്നാം, തള്ളുകയും ചെയ്‌തേക്കാം. പക്ഷെ കാലമേറെ കഴിയുമ്പോഴാണ് ആ വാക്കുകളുടെ, നിര്‍ദേശങ്ങളുടെ, ഉപദേശങ്ങളുടെ പൊരുള്‍ മനസിലാവുക. പിതാവിന്റെ വാക്കുകള്‍ എത്രമാത്രം സത്യമായിരുന്നുവെന്ന് അന്ന് ഹൃദയം പിടിച്ചു കിലുക്കും.
പിതാവിന്റെ രൂപം പലര്‍ക്കും ഭീകരമായിരിക്കും. കാര്‍ക്കശ്യങ്ങളുടേതുമാവാം. പക്ഷേ ആ കര്‍ക്കശ്യങ്ങളിലും സ്‌നേഹത്തിന്റെ കരുതലും, അലിവുള്ളൊരു മനസും പുറമെ കാണാന്‍ കഴിഞ്ഞെന്നു വരില്ല. പിതാവിന്റെ ആ കാഠിന്യ വാക്കുകളൊക്കെയും നല്ലൊരു നാളേക്ക് വേണ്ടിയാണ്. വഴി തെറ്റിപ്പോവാതിരിക്കാനുള്ള കരുതലായിരുന്നു. കനമുള്ള വാക്കുകളോരോന്നും ജീവിതത്തിന്റെ പടവുകളിലൊന്നിലും തെന്നിവീഴാതെ കാക്കാനായിരുന്നു. എത്ര അടുത്താലും പിടികിട്ടാത്ത സ്‌നേഹമാണ് പിതാവ്.
ജീവിതം എന്ന യാത്രയില്‍ അനുഭവിക്കേണ്ടി വരുന്ന സാമ്പത്തിക പ്രയാസങ്ങളടക്കം ഒരു വിഷമമവും ആരുമായും പിതാവ് പങ്കുവെക്കാറില്ല. ആ ഭാരങ്ങള്‍ അത്രെയും മനസിന്റെ അകത്തളങ്ങളില്‍ ആരും കാണാതെ ഒരു നീറ്റലായി ഉണ്ടാവും. താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ തന്റേത് മാത്രമായിരിക്കും അദ്ദേഹത്തിന്. എത്ര പഠിച്ചാലും പൂര്‍ത്തിയാവാത്തൊരു പാഠമാണ് പിതാവ്.
പല മക്കളും പിതാവിനെ വീട്ടില്‍ നിന്ന് പുറത്താക്കാറുണ്ട്, അത് അവരെ കൊല്ലുന്നതിന് തുല്യമാണ്. പിതാവിന്റെ വേദന അത് മനസ്സിലാക്കാന്‍ മക്കള്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ മക്കളായ നമ്മുടെ സ്‌നേഹം പിതാവിന് മനസ്സിലാക്കാന്‍ പറ്റും അവര്‍ മക്കളുടെ സ്‌നേഹം കിട്ടാന്‍ ആഗ്രഹിക്കുന്നതാണ്. അവരെ വേദനിപ്പിക്കരുത് സ്‌നേഹിക്കുക.
രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ വൃദ്ധസദനത്തിലേക് കൊണ്ട് പോയി അവരുമായി ബന്ധമില്ലാത്ത രീതീയിലേക്ക് മാറ്റുന്നൊരു സമൂഹത്തെയാണ് ഇന്ന് നാം കണ്ട് വരുന്നത്.
മക്കളായ നമ്മള്‍ ഒന്ന് ഓര്‍ക്കണം നമ്മളും നാളെ പിതാവ് ആവേണ്ടവരാണെന്ന്. ഇന്നലകളില്‍ നമ്മള്‍ പിതാവിനെ വേദനിപ്പിച്ചത് പോലെ ഒരു പക്ഷെ നമ്മളെയും നമ്മുടെ മക്കള്‍ വേദനിപ്പിക്കും. അതിനാല്‍ പുതുതലമുറ മറന്നുപോകരുത്, മാതാപിതാക്കളുടെ വില. സ്‌നേഹിക്കുക, അവരാണ് നമ്മുടെ കരുത്ത്, കൂടെ കൂട്ടുക ജീവിതത്തിന്റെ ഓരോ സ്പന്ദനങ്ങളിലും. ജീവിക്കുക, സന്തോഷത്തോടെ.
Keywords: Book, father, Student, Family, Love, son, daughter-love, Article, Job, Fathers day, There is no book other than this