city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാചക നിന്ദ: പ്രതിഷേധിക്കണം; പക്ഷേ, മാര്‍ഗമിതല്ല

സമീര്‍ ഹസന്‍

റംസാന്‍ കാലമാണിത്. മനസും കര്‍മവും വിശുദ്ധമാവുന്ന പുണ്യമാസം. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം. പ്രാര്‍ഥനയിലും ആരാധനയിലും മുഴുകി കഴിയുകയാണ് ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍. അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകള്‍ക്കും പാപങ്ങള്‍ക്കുമെല്ലാം പടച്ച തമ്പുരാനോട് മാപ്പിരക്കുകയാണ് മുസ്ലിം സഹോദരങ്ങള്‍. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വര്‍ജിച്ച്, ചിന്തയിലും സംസാരത്തിലും സൂക്ഷ്മത പാലിച്ച്, വ്രതത്തിന്റെ സമ്പൂര്‍ണ അര്‍ത്ഥ പ്രാപ്തിയിലെത്താന്‍ കഠിനമായി പരിശ്രമിക്കുകയാണ് വിശ്വാസികള്‍....

ഈയൊരു സാഹചര്യത്തിലാണ് ഫേസ്ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചത്. ഇതിനെതിരെ കുമ്പളയില്‍ ഉടലെടുത്ത പ്രതിഷേധം ശനിയാഴ്ച അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി. പരാമര്‍ശത്തിനെതിരെ ഒരു സംഘമാളുകള്‍ മൗനജാഥ നടത്താന്‍ തീരുമാനിക്കുകയായിരുന്നു ആദ്യം.

പിന്നീട് പലരും പ്രതിഷേധവുമായി രംഗത്തുവരികയും കുമ്പള ടൗണില്‍ വന്‍ ജനാവലി അണിനിരന്ന പടുകൂറ്റന്‍ പ്രകടനമായി അത് മാറുകയും ചെയ്തു. അതിനിടെ റോഡ് തടസപ്പെടുകയും വാഹനങ്ങള്‍ക്ക് യാത്ര മുടങ്ങുകയും ചെയ്തു. കുമ്പള ടൗണിലെ തന്നെ ഒരു ആരാധനാലയത്തിന് നേരെ കല്ലേറുമുണ്ടായി. പോലീസിന്റെ തക്കതായ നടപടികളും സംയമനവും കൊണ്ടാണ് സംഭവിക്കുമായിരുന്ന വലിയൊരു കുഴപ്പം കെട്ടടങ്ങിയത്. ഇതിന്റെ അലയൊലി എന്ന നിലയില്‍ കുമ്പളയുടെ സമീപ പ്രദേശങ്ങളിലും ചെറിയ, ചെറിയ തുടര്‍ പ്രശ്‌നങ്ങള്‍ തലപൊക്കി.

ഞായറാഴ്ച കുമ്പള ശാന്തിപ്പള്ളത്തുള്ള മുഹിമ്മാത്ത് ഹാളിന് നേരെ കല്ലേറുണ്ടായി. നായ്ക്കാപ്പിലും ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥ തലപൊക്കി. ഇതിന്റെയൊക്കെ തുടര്‍ച്ചയെന്നോണം കളനാട്ടും, കാഞ്ഞങ്ങാട്ടും, ഉദുമയിലും മറ്റും പ്രതിഷേധ പ്രകടനങ്ങളും നടന്നു. പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ പുത്തിഗെയിലെ ഒരു യുവാവിനെ കുമ്പള സി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും ജില്ലാ കലക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവാചക നിന്ദ: പ്രതിഷേധിക്കണം; പക്ഷേ, മാര്‍ഗമിതല്ലപ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഏതൊരു പരാമര്‍ശമുണ്ടായാലും അത് പ്രതിഷേധാര്‍ഹമാണെന്ന കാര്യത്തില്‍ ആര്‍ക്കും മറുത്തൊരു അഭിപ്രായമുണ്ടാകില്ല. പക്ഷേ ആ പ്രതിഷേധം അറിയിക്കാന്‍ നമ്മുടെ നാട്ടില്‍ നിയമപരമായ മാര്‍ഗവും സംവിധാനവുമുണ്ട്. പ്രവാചക സൂക്തങ്ങള്‍ പ്രകാരം മാര്‍ഗ തടസമുണ്ടാക്കുന്നതും യാത്രക്കാരെ വിഷമിപ്പിക്കുന്നതും തെറ്റാണ്. കുമ്പളയില്‍ പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറിയത് മേല്‍പറഞ്ഞ പ്രവാചക വചനത്തിന് നിരക്കുന്നതല്ല. വഴിയിലുള്ള തടസങ്ങള്‍ നീക്കുന്നത് സുന്നത്താണെന്ന് പ്രവാചകന്‍ പ്രത്യേകം അരുളിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുമ്പളയില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ വിലയിരുത്തേണ്ടത്.

സോഷ്യല്‍ മീഡിയയിലെ പ്രവാചക നിന്ദയുടെ പേരില്‍ ആരെങ്കിലും മുതലെടുപ്പ് നടത്തുകയോ അവിവേകം കാട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നുവെങ്കില്‍ അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ കുമ്പളയില്‍ ഇതേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തി ആളുകളെ സംഘടിപ്പിക്കുകയും സംഘര്‍ഷത്തിന് വഴിമരുന്നിടുകയുമായിരുന്നു. കുമ്പളയില്‍ പ്രതിഷേധ പ്രകടനത്തിന് കുമ്പള ഖത്വീബ് ആഹ്വാനം ചെയ്തു എന്ന രീതിയിലായിരുന്നു വാട്ടസ്അപ്പ് തുടങ്ങിയ മീഡിയകളില്‍ പ്രചരിച്ചത്. അതേസമയം ഇങ്ങനെയൊരു ആഹ്വാനം ഏതെങ്കിലും ഖത്വീബോ, പള്ളി ഭാരവാഹികളോ നടത്തിയതായി അറിയില്ല.

പ്രവാചക നിന്ദ നടന്ന സംഭവം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും ശിക്ഷിക്കപ്പെടാനും വേണ്ട സംവിധാനങ്ങളാണ് ഒരു വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്. അതിനുള്ള ക്ഷമയും വിശ്വാസിക്ക് ഉണ്ടാവേണ്ടതുണ്ട്. ചിലര്‍ അങ്ങിനെ ചെയ്തിട്ടുണ്ട് എന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. പ്രവാചകനെ അധിക്ഷേപിക്കുന്നവരോട് പ്രവാചകാനുയായികള്‍ നല്ലരീതിയില്‍ പ്രതികരിക്കുമ്പോഴാണ് പ്രവാചകന്റെ മഹത്വം ശത്രുക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കുക. പ്രവാചകന്‍ ലോകത്തിന് സമ്മാനിച്ച അനേകായിരം നല്ലകാര്യങ്ങളില്‍ ഒരല്‍പമെങ്കിലും ബോധ്യമായ ഒരാള്‍ പ്രവാചകനെ ഒരുകാലത്തും വിമര്‍ശിക്കില്ല. ആ ബോധ്യപ്പെടുത്തല്‍ ലോകമെമ്പാടും നടന്നു വരികയാണ്. പക്ഷേ അതിന് വിപരീതമായി നടത്തുന്നതിനെ പ്രവാചകനോട് കാട്ടുന്ന അക്രമമായി മാത്രമേ കരുതാവൂ.

കേവലം ഒരുകൂട്ടര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൊണ്ട് തകരുന്നതല്ല പ്രവാചകന്റെ മേന്മ. പ്രവാചകനെ അവഹേളിക്കാന്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രവാചകന്റെ അനുയായികള്‍ അക്രമ സംഭവങ്ങള്‍ക്ക് വഴിയൊരുക്കിയാല്‍ അത് പ്രവാചകന്‍ പോലും ഇഷ്ടപ്പെടില്ലെന്ന് മാത്രമല്ല, അതുമൂലമുണ്ടാകുന്ന അനിഷ്ട സംഭവത്തിന്റെ പേരില്‍ കൂടുതല്‍ പേര്‍ പ്രവാചകനെ അവഹേളിക്കാന്‍ കാരണമായേക്കും.

പ്രവാചകനെ അവഹേളിക്കുന്നവര്‍ക്ക് സോഷ്യല്‍ സൈറ്റുകളില്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നവരും, അതിന്റെ പേരില്‍ നാട്ടില്‍ അക്രമം കാട്ടുന്നവരും വഴിമുടക്കുന്നവരൊന്നും യഥാര്‍ത്ഥത്തില്‍ പ്രവാചകന്റെ അനുയായികളല്ല.

അക്രമം ഏതൊരു വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഏതൊരു വിഷയത്തിന്റെ പേരില്‍ ഉണ്ടായാലും അതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. ഒരു മതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭരണകൂടങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും അക്രമത്തിനെതിരാണ്. എന്നിട്ടും ഇവിടെ നിസാര പ്രശ്‌നത്തിന്റെ പേരില്‍ അക്രമം തലപൊക്കുകയും അത് കാട്ടുതീ പോലെ പടരുന്നതും ദൗര്‍ഭാഗ്യകരമാണ്. ചൂരി മീപ്പുഗുരിയിലെ സാബിത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കാസര്‍കോട്ട് മാസങ്ങളായി തുടര്‍ന്നുവന്നിരുന്ന സമാധാന അന്തരീക്ഷത്തിന് പോറല്‍ സംഭവിച്ചത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സാബിത്തിന്റെ കൊലപാതകം സമൂഹത്തിലുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല. നിരപരാധിയായ ഒരു യുവാവിന്റെ നെഞ്ചിലേക്ക് കഠാര കയറ്റി പട്ടാപ്പകല്‍ പൈശാചികമായി കൊലപ്പെടുത്തിയതിനെ ആരും അനുകൂലിക്കുന്നില്ല. പ്രതികള്‍ നിയമത്തിന്റെ പിടിയില്‍ ആവുകയും ചെയ്തു.

അതിന് ശേഷമാണ് ഇപ്പോള്‍ പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ചിത്രങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിപ്പിച്ച് നാടിന്റെ സ്വാസ്ഥ്യം കെടുത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ നടന്നത്. പോലീസിന്റെ സന്ദര്‍ഭോചിതമായ നടപടികളിലൂടെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് ആശ്വാസകരമായ നടപടിയാണ്. മേലില്‍ ഇത്തരം പ്രതിലോമകരമായ നടപടികളിലേക്ക് ആളുകള്‍ ചെന്നുചാടാന്‍ ഇടവരാത്ത വിധം ശക്തമായ ബോധവത്കരണവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പൗരന്‍മാര്‍ക്ക് ഉറപ്പുവരുത്താന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തിനു മേല്‍ കുതിരകയറിയല്ല മറ്റൊരു വിഭാഗം തങ്ങളുടെ ആശയം പ്രചരിപ്പിക്കേണ്ടത്. സോഷ്യല്‍ മീഡിയകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ ചെറുതല്ല. അവ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ അവയുടെ ദുരുപയോഗം തടഞ്ഞേ മതിയാവൂ.

Related News: 
കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്‌റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ

ഫേ­സ്­ ബു­ക്ക് പ്ര­ചരണം: കു­മ്പ­ള­യില്‍ പ്ര­തിഷേ­ധ പ്ര­ക­ടനം


സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേ­സു­കള്‍


Also Read: 
ഗുജറാത്ത് കലാപം ഇന്ത്യന്‍ മുജാഹിദ്ദീന്റെ രൂപീകരണത്തിന് വഴിവെച്ചു: ഷക്കീല്‍ അഹമ്മദ്

Keywords : Kumbala, Kasaragod, Protest, Police, Article, Prophet, Social Media, Facebook, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia