city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലയെ പ്രണയിച്ച് ജീവിതത്തോട് പോരാടുന്നു

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 28/07/2016) ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന വത്സലയെന്ന ഈ കലാകാരിയെ കുറിച്ച് നമ്മള്‍ അറിയണം. അഭിനയ കല ഒരു തപസ്യയായെടുത്ത് മുന്നേറുന്ന വത്സല ഒരത്ഭുതമാണ്. അവര്‍ വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുകയാണ്. പക്ഷേ രോഗങ്ങളെയൊക്കെ തന്റെ വരുതിക്കു നിര്‍ത്തി അവര്‍ കര്‍മ പഥത്തില്‍ തന്റെ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.

കൂട്ടിനെപ്പോഴും ഭര്‍ത്താവുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ നാരായണന്‍ താങ്ങും തണലുമായി വത്സലയ്‌ക്കൊപ്പം എന്നുമുണ്ടാവും. വത്സലയുടെ വേദനകളെ മായ്ക്കാന്‍ നാരായണന്റെ സ്‌നേഹത്തലോടലുകള്‍ അവര്‍ക്ക് തുണയാവുന്നുണ്ട്. പ്രൊഫഷണല്‍ നാടകരംഗത്ത് 250 ഓളം സ്റ്റേജുകളില്‍ തന്റെ അഭിനയ കലാവൈഭവം തെളിയിച്ചു കഴിഞ്ഞവളാണ് വത്സല. റിഹേര്‍സലിനായാലും സ്റ്റേജ് അവതരണത്തിനായാലും വത്സലയുടെ കൂടെ നാരായണനുമുണ്ട്.

രാത്രി രണ്ടുമണിക്കും മറ്റും നാടക പരിപാടി കഴിഞ്ഞു രണ്ടുപേരും ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴുള്ള ചില ഓര്‍മകള്‍ നാരായണന്‍ അയവിറക്കുകയുണ്ടായി. അസമയത്ത് ഒരു സ്ത്രീയേയും ഒപ്പം കൂട്ടി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നത് സദാചാരന്മാരായ ചില വ്യക്തികള്‍ക്ക് ഹാലിളക്കമുണ്ടാക്കിയിട്ടുണ്ട്. ഓട്ടോയെ പിന്തുടര്‍ന്നു കാറില്‍ വന്ന ഒരു വിരുതനെ വിരട്ടിയോടിച്ചതും, ബീറ്റ് പോലീസുകാര്‍ കൈകാട്ടി നിര്‍ത്തി ആളെ മനസിലായപ്പോള്‍ പറഞ്ഞു വിട്ടതും നാരായണന്റെയും വത്സലയുടെയും ഓര്‍മച്ചെപ്പുകളില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്.

അസുഖങ്ങള്‍ പലതും വത്സലയെ വിടാതെ പിന്തുടരുന്നുവെങ്കിലും മന:സാന്നിധ്യം കൊണ്ട് അവയെ അവഗണിച്ചു കൊണ്ടിരിക്കുകയാണിന്നും. ഗര്‍ഭാശയ അര്‍ബുദം ബാധിച്ച വത്സലയ്ക്ക് ആശുപത്രിക്കിടക്കയില്‍ ദീര്‍ഘനാള്‍ കിടക്കേണ്ടി വന്നു. പിത്തസഞ്ചി ഓപ്പറേഷന്‍ ചെയ്തു നീക്കേണ്ടി വന്നു. പ്രമേഹ രോഗം വിടാതെ പിന്തുടരുന്നു. ഇതെല്ലാമായിട്ടും മനസുറപ്പോടെ അഭിനയ കലാരംഗത്ത് വത്സല സജീവ സാന്നിധ്യമാണിപ്പോഴും. അവരുടെ മനക്കരുത്ത് ഇത്തരം വേദന തിന്ന് ജീവിക്കുന്നവര്‍ക്കു ആവേശവും മാതൃകയുമായിത്തീരട്ടെ.

നാരായണന്‍ വത്സല ദമ്പതികള്‍ക്ക് മൂന്നു മക്കളാണുള്ളത്. രണ്ടുപേര്‍ക്കും നവ നവങ്ങളായ ചിന്തകളും ആശയങ്ങളുമാണ്. പ്രയാസങ്ങളിലും പതറാതെ മുന്നേറുന്ന ഇവരുടെ മക്കള്‍ക്ക് പേരിട്ടതും ശ്രദ്ധേയമാണ്. നവജിത്ത്, നവനീത, നവനീത്. ശ്രദ്ധയോടെയുള്ള കാഴ്ചപ്പാടോടെയാണ് ഇവര്‍ ജീവിതത്തെ വീക്ഷിക്കുന്നത് എന്ന് കുഞ്ഞുങ്ങളുടെ പേരില്‍ നിന്ന് തിരിച്ചറിയാം.

മൂത്തമകന്‍ നവജിത്ത് നാടക- സിനിമാ രംഗത്ത് പ്രതീക്ഷയുണര്‍ത്തുന്ന ഒരു യുവനടനാണ്. 'എന്ന് നിന്റെ മൊയ്തീന്‍' സിനിമയില്‍ ചെറിയൊരു പാര്‍ട്ടാണ് ലഭിച്ചതെങ്കിലും അത് ശ്രദ്ധേയമാക്കി മാറ്റാന്‍ നവജിത്തിന് സാധ്യമായി. ഇപ്പോള്‍ എറണാകുളം ഫിലിം ഇന്റസ്ട്രിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. നവജിത്ത് അഭിനയിച്ച ഒന്നു രണ്ട് ഫിലിമുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പേരിടാത്തതിനാല്‍ പുറത്ത് പ്രചാരണത്തിന് വന്നിട്ടില്ല.

അമ്മയെ ശ്രദ്ധിക്കാന്‍ നവജിത്ത് എന്നും സന്നദ്ധനാണ്. രോഗപീഡയില്‍ നിന്നും അമ്മയെ ഊര്‍ജസ്വലയാക്കി രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത് നവജിത്താണ്. അമ്മയും മകനും മാത്രം അഭിനയിച്ച 'അഭയം' എന്ന നാടകം കേരളത്തില്‍ ആദ്യ സംഭവമാണ്. ഈ നാടകം ഇതിനകം അമ്പതോളം സ്റ്റേജുകളില്‍ അരങ്ങേറിക്കഴിഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ അമ്മയ്ക്കാണ് വിഷാദം, മകനാണ് അമ്മയ്ക്ക് പ്രചോദനം നല്‍കുന്നത്. പക്ഷേ നാടകത്തില്‍ നേരെ തിരിച്ചാണ് കഥപോകുന്നത്. മകന് ദു:ഖവും അമ്മ മകന്റെ ദു:ഖമകറ്റാനുള്ള പ്രചോദനവുമാണ് എന്ന വ്യത്യാസമുണ്ട്.

അമ്മയുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താന്‍ നവജിത്ത് വേറൊരു നാടകത്തിന് കൂടി തുടക്കമിട്ടു. ലോക യുവത്വത്തിന്റെ പ്രചോദനമായ ഭഗത് സിങ്ങിനെയും അമ്മ വിദ്യാവതിയുടെയും കഥ പറയുന്ന 'വീരഭഗത് സിങ്ങ്' എന്ന നാടകത്തിലും അമ്മയും മകനും മാത്രം അഭിനയിക്കുന്നു. നവജിത്ത് അമ്മയുടെ മനസിന് സാന്ത്വനമേകാനും, നടന്നു വന്ന വഴികള്‍ ഓര്‍മപ്പെടുത്തി സന്തോഷമുളവാക്കാനുമുള്ള ശ്രമമെന്ന നിലയിലാണ് നാടക രംഗത്തേക്ക് അമ്മയെ വീണ്ടും കൊണ്ടുവന്നത്.

രണ്ടാമത്തെ മകള്‍ നവനീത ഒരു അണ്‍എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. മൂന്നാമത്തെ മകന്‍ നവനീത് ട്രാവല്‍ ആന്‍ഡ് ടൂറിസം പഠനം കഴിഞ്ഞ് എറണാകുളത്ത് കമ്പനിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വത്സലയുടെ ആദ്യ നാടകാനുഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ആവേശപൂര്‍വമായാണ് പ്രതികരിച്ചത്. പി വി കെ പനയാല്‍ ഗോപിനാഥ് ടീം ഒരുക്കിയ 'ബീഗം മേരി ബിശ്വാസ്' എന്ന നാടകമായിരുന്നു അത്. പല നടികളെയും വിളിച്ചുവരുത്തി പരിശോധിച്ചതില്‍ ഏറ്റവും അനുയോജ്യയായി കണ്ടെത്തിയത് വത്സലയെ ആയിരുന്നു. എനിക്കു കിട്ടിയ ആദ്യ അംഗീകാരമായിരുന്നു ഇത്. പിന്നീടങ്ങോട്ടുള്ള എന്റെ നാടക അഭിനയത്തില്‍ ഈ അംഗീകാരം പ്രചോദനമേകി. അക്കാലത്ത് വത്സല ഡി വൈ എഫ് ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

പ്രമുഖ നാടക പ്രവര്‍ത്തകരായ ഗോപിനാഥ് കോഴിക്കോട്, സുവീരന്‍, എസ് സുനില്‍ എന്നിവരായിരുന്നു വത്സല അഭിനയിച്ച മിക്ക നാടകങ്ങളുടെയും സംവിധായകര്‍. ഇവരെയൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞതും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ്. കാസര്‍കോട് ജില്ലയില്‍ നാടക രംഗത്തെ വനിതാ അഭിനേതാക്കളായ ലക്ഷ്മി, ഭാനുമതി, അമ്മിണി എന്നിവരെല്ലാം വത്സലയുടെ നാടക പ്രവേശനത്തിന് പ്രേരണ ചെലുത്തിയിട്ടുണ്ട്.

വത്സല ഇടതുപക്ഷ പ്രസ്ഥാനവുമായി ചെറുപ്പം മുതലേ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ബാലസംഘം, ഡി വൈ എഫ് ഐ എന്നിവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും പാര്‍ട്ടി മെമ്പറായി തുടരുന്നുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ കമ്മറ്റി അംഗവുമാണ്. മനസിന് സമാധാനവും സൗഹൃദവും ലഭിക്കാന്‍ ഒരത്താണിവേണമെന്ന ആഗ്രഹം കൊണ്ട് പറക്കളായിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പി എന്‍ പണിക്കര്‍ സ്മാരക ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ വാര്‍ഡനായി സേവനം ചെയ്തു വരുന്നുണ്ട്. കുട്ടികളെ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുമ്പോള്‍ ശാരീരിക മാനസിക വേദനകളെ മറക്കാന്‍ കഴിയുന്നു. വത്സലയുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് കോളജ് മാനേജ്‌മെന്റ് അവരോട് സ്‌നേഹ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്.

നീലേശ്വരം മടിക്കൈ അടുക്കത്തു പറമ്പിലാണ് വത്സലയും കുടുംബവും ജീവിച്ചുവരുന്നത്. 'നവനീതം' എന്നാണ് വീട്ടുപേരും. നവനീതത്തിലെ ചര്‍ച്ചകളും, പഠനങ്ങളും എല്ലാം നാടക സിനിമാലോകത്തെ കുറിച്ചാണ്. വേദനയെ അതിജീവിക്കാന്‍, പ്രയാസങ്ങളെ മാറ്റി മറിക്കാന്‍ ഈ കലാകുടുംബത്തിന് സാധ്യമാകുന്നു. വത്സല നമുക്ക് തരുന്ന സന്ദേശമിതാണ്. 'നമ്മള്‍ രോഗത്തെ കീഴടക്കണം, നമ്മെ കീഴടക്കാന്‍ രോഗത്തെ അനുവദിക്കരുത്.'

കലയെ പ്രണയിച്ച് ജീവിതത്തോട് പോരാടുന്നു

Keywords : Kookanam-Rahman, Article, Women, Drama, Husband, Family, Valsala, The Lovers of Drama.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia