city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രം ഉറങ്ങുന്ന കൂക്കാനം

കൂക്കാനം റഹ്മാന്‍

മൂവായിരം വര്‍ഷം മുമ്പ് കൂക്കാനം എന്ന പ്രദേശം നാഗരിക സംസ്‌ക്കാരിക കേന്ദ്രമായിരുന്നു എന്ന ഗവേഷകരുടെ കണ്ടെത്തല്‍ തികഞ്ഞ ആത്മാഭിമാനത്തോടെയാണ് കൂക്കാനം നിവാസികള്‍ വായിച്ചറിഞ്ഞത്. മൂഷകരാജവംശത്തില്‍പെട്ട നന്ദനുമായി ബന്ധപ്പെടുത്തി തമിഴ് കൃതികളില്‍ പരാമര്‍ശിക്കുന്ന 'കൊണ്‍കാന' മാണ് കൂക്കാനമായിത്തീര്‍ന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. കൂടാതെ പുത്തുര്‍ മുതല്‍ ഏഴിമലവരെയുളള നാഗരിക സമൂഹത്തിന്റെ കേന്ദ്രമായിരിക്കണം കൂക്കാനമെന്നു കൂടി ഗവേഷകര്‍ നിരിക്ഷിക്കുന്നു.

കൂക്കാനത്തെ കൂളിപ്പാറയിലും സമീപ പ്രദേശങ്ങളിലും കണ്ടെത്തിയ ശവക്കല്ലറകളുടെ സമുച്ചയം വിലയിരുത്തിയാണ് ഈ പ്രദേശത്തിന്റെ പൂര്‍വകാല ശ്രേഷ്ഠതകളെ വിലയിരുത്തിയത്. പാറച്ചിത്രങ്ങള്‍, കുടക്കല്ലുകള്‍, കല്‍വൃത്തങ്ങള്‍, പഴുതറകള്‍ എന്നിവയുടെ കാലപ്പഴക്കം ഗണിച്ചാണ് അതിനനുസൃമായ നാഗരിക സമൂഹം ഇവിടങ്ങളിലുണ്ടായിട്ടുണ്ട് എന്ന് പഠനത്തിലൂടെ വെളിപ്പെടുത്തിയത്.

ഇന്നത്തെ കൂക്കാനം നിവാസികള്‍ക്ക് വളരെ സമ്പുഷ്ടമായ ഒരു പൂര്‍വകാല ചരിത്രമുണ്ടെന്നത് അഭിമാനത്തിനും അതിലേറെ ആഹ്ലാദത്തിനും വഴി നല്‍കുന്നു. പ്രേതമെന്ന വാക്കിന്റെ നാടന്‍ പദപ്രയോഗമാണ് കൂളി. പ്രാചീനകാലത്തെ ശവക്കല്ലറകള്‍ ഇവിടെ നിര്‍മിച്ചത് കൊണ്ടാവാം, പ്രസ്തുത കുന്നിന് കൂളിക്കുന്ന് എന്ന് പേരുവന്നത്.

ഇത്രയും സാംസ്‌ക്കാരിക പെരുമയുളള ഒരു നാട് വിസ്മൃതിയിലാവുകയും പുതിയൊരു ജനതതി ഇവിടെ ഉദയം ചെയ്തിട്ടുമുണ്ടാകാം. അതിന്റെ പിന്‍തലമുറക്കാരാണ് ഇന്നത്തെ കൂക്കാനം നിവാസികള്‍. 60 കൊല്ലം മുമ്പത്തെ കൂക്കാനത്തിന്റെ ചിത്രം എന്റെ ഓര്‍മയില്‍ തെളിഞ്ഞു വരുന്നുണ്ട്. അപരിഷ്‌കൃതരായിരുന്നു ജനങ്ങള്‍ ഹൃദയ വിശാലതയുളള മനുഷ്യരാണ് ഇവിടുത്തുകാര്‍. ഹിന്ദുക്കളാണ് ഭൂരിപക്ഷം. രണ്ട് മൂന്ന് മുസ്ലിം കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുളളൂ.

ഹിന്ദു വിഭാഗത്തില്‍ മിക്ക ജാതികളും ഇവിടെ അധിവസിച്ചിരുന്നു. തീയ്യരാണ് ഭൂരിപക്ഷം. ഓരോ ജാതിക്കും നിശ്ചയിക്കപ്പെട്ട കുലത്തൊഴിലെടുത്തായിരുന്നു ജീവിത മാര്‍ഗം കണ്ടെത്തിയത്. തീയ്യര്‍ കളളുചെത്തിയും, വാണിയര്‍ എണ്ണ ആട്ടലിലും, കൊല്ലന്‍ ഇരുമ്പ് പണിയിലും, മുശാരി ഓട് വാര്‍പിലും, പുലയര്‍ പായനെയ്തിലും, മാവിലര്‍ കൊട്ട മെടയലിലും വണ്ണാന്‍ അലക്കു പണിയിലും, ചെരുപ്പുകുത്തികള്‍ ചെരുപ്പു തുന്നലിലും, കാവുതിയര്‍ ക്ഷുരക ജോലിയിലും മുഴുകിയതായി കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഈ പറയുന്ന ജാതികള്‍ മാത്രമെ കൂക്കാനത്തുണ്ടായിരുന്നുളളൂ. ഇതില്‍ തീയ്യ വിഭാഗം കഴിഞ്ഞാല്‍ മറ്റുളളവരുടെ രണ്ടോ മൂന്നോ വീടുകളേ ഇവിടെ ഉണ്ടായിരുന്നുളളൂ.

ഈ വിഭാഗങ്ങളൊക്കെ കാര്‍ഷിക രംഗത്തും പണിചെയ്യും. കുലത്തൊഴിലിനു പുറമേ പൊതു ജോലിയായി കൃഷിപ്പണിയെ കണ്ടു. കന്നുപൂട്ടലും, കിളയും നിലമൊരുക്കലും, വിത്തു വിതയും, കൊയ്തും എല്ലാവരും കൂടെയാണ് ചെയ്തിരുന്നത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗം വിശാലമായ നെല്‍ പാടങ്ങളായിരുന്നു. ഒരുപ്പു വിളയും ഇരുപ്പുവിളയും കൃഷി ചെയ്യുന്ന വയലുകളായിരുന്നു ഇവ.

വിദ്യാസമ്പന്നര്‍ എന്നു പറയാന്‍ കൂക്കാനത്തു ജനിച്ചു വളര്‍ന്നവര്‍ ആരും ഉണ്ടായില്ല. കണ്ണൂരില്‍ നിന്ന് കുടിയേറി പാര്‍ത്ത പുത്തൂരിലെ മുകുന്ദന്‍ മാഷും കൗസല്യ ടീച്ചറും മാത്രമായിരുന്നു അക്കാലത്തെ വിദ്യാസമ്പന്നര്‍. പിന്നീട് ഞങ്ങളുടെയൊക്കെ പ്രിയങ്കരനായ ഗുരുനാഥന്‍ കെ. കുമാരന്‍ മാഷും അതിനു പിന്നാലെ കെ. നാരായണന്‍ മാസ്റ്റര്‍, കെ.പി വെളുത്തമ്പു മാസ്റ്റര്‍ എന്നിവരും അധ്യാപകരായി ഉണ്ടായി.

കയ്യാലകളും മതില്‍ക്കെട്ടുകളും നിര്‍മിച്ചു മനുഷ്യരെ തമ്മില്‍ അകറ്റി നിര്‍ത്തിയിരുന്നില്ല. ആര്‍ക്കും എവിടെയും എപ്പോഴും കടന്നു ചെല്ലാം. മാങ്ങയും ചക്കയും പരസ്പരം പങ്കുവെക്കാം. പട്ടിണി മാറ്റാന്‍ പ്രധാന ഭക്ഷണം ചക്കയും മാങ്ങയും മറ്റുമായിരുന്നു അക്കാലത്ത്. ചക്കക്കുരു മണ്ണില്‍ പുഴ്ത്തി വര്‍ഷകാലത്ത് വറുത്തു തിന്നുമായിരുന്നു. ദരിദ്ര്യ ജീവിതമായിരുന്നു നാട്ടുകാരുടേത്. രാവിലെ കുളുത്തതും ഉച്ചയ്ക്ക് കഞ്ഞിയും, രാത്രി ചോറും ഇതാണ് ഭക്ഷണ ക്രമം.

പൊടമുറിക്കല്യാണമായിരുന്നു അക്കാലത്തേത്. ചെറുക്കന്‍ പെണ്ണിന് പുടവ കൈമാറിയാല്‍ കല്യാണമായി. ചെക്കന്‍ പെണ്ണിന്റെ വീട്ടിലേക്ക് രാത്രിസമയത്ത് വരും. പടിഞ്ഞാറ്റയില്‍ ആണ് അക്കാലത്തെ നവവധു വരന്മാരുടെ കിടപ്പുമുറി. ചൂട്ടും കത്തിച്ചാണ് വരന്റെ വരവ്. നേരം പുലരും മുമ്പേ അവന്‍ തിരിച്ചു സ്വന്തം വീട്ടിലെത്തും.

ചരിത്രം ഉറങ്ങുന്ന കൂക്കാനം
വസ്ത്രധാരണവും ലളിതമാണ്. ആണുങ്ങള്‍ മുട്ടോളമെത്തുന്ന തോര്‍ത്തും, പെണ്ണുങ്ങള്‍ ഒരണ പുടവയും ധരിക്കും. സ്ത്രീകള്‍ മാറുമറക്കാറില്ലായിരുന്നു. അക്കാലത്ത് മൂന്ന് കച്ചവട പീടികകളാണുണ്ടായിരുന്നത്. കാരിക്കുട്ടി, കുറുക്കന്‍ ഗോവിന്ദന്‍, മുഹമ്മദ് എന്നിവരാണ് കച്ചവടക്കാര്‍. സാധനത്തിനു പകരം സാധനം നല്‍കുന്ന സമ്പ്രദായമാണ് കൂടുതലും ഉണ്ടായിരുന്നത്. നെല്ലും, തേങ്ങയും, കുരുമുളകും, അടക്കയും, കശുവണ്ടിയും പീടികയില്‍ കൊടുക്കും, ആവശ്യ സാധനങ്ങള്‍ വാങ്ങും.

ഇടവഴികള്‍ മാത്രമെ ഉണ്ടായിരുന്നുളളു. ഇടുങ്ങിയ നടവഴിയെ കിള എന്നാണ് വിളിച്ചിരുന്നത്.
കരിവെളളൂര്‍, തൃക്കരിപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ വിറക്, പുല്ല് എന്നിവ ശേഖരിക്കാന്‍ പൂത്തൂര്‍, ചീമേനി ഭാഗങ്ങളിലേക്ക് പോകേണ്ടത് കൂക്കാനം ഭാഗത്തു കൂടിയാണ്. ഇരു സ്ഥലങ്ങളിലെ ജനങ്ങളും കടന്നു പോകുന്ന വഴിയില്‍ ചുമടുതാങ്ങിയും, തണ്ണീര്‍ പന്തലും ഒരുക്കി കൂക്കാനത്തുകാര്‍ പണ്ടു മുതലേ നന്മ കാണിച്ചവരായിരുന്നു.

കല്ലിടാമ്പിയുളള സ്ഥലത്ത് വഴിയാത്രികര്‍ക്ക് സഹായകമായ വിധത്തില്‍ വഴിവിളക്കു വെച്ചും അവര്‍ നന്മകാണിച്ചു. വടക്കുളള പുത്തൂര്‍ കുന്നുകളും കിഴക്കുളള കൂളിക്കുന്നും, പടിഞ്ഞാറുളള പാടങ്ങളും, തെക്കുളള പലിയേരിക്കൊവ്വലും കൂക്കാനത്തെ മനോഹരമാക്കി തീര്‍ത്തിരുന്നു. പൂര്‍വകാല സംസ്‌കൃതിയുടെ നന്മകൊണ്ടാവാം ഇവിടുത്തുകാര്‍ പരസ്പരം സ്‌നേഹത്തിലും, സഹോദര്യത്തിലും, സഹകരണത്തിലും ജീവിച്ചു പോന്നു. ജാതിയിലും വര്‍ഗത്തിലും വ്യത്യസ്തരാണെങ്കിലും സമഭാവനയോടെ സകലരും കൊണ്ടും കൊടുത്തും ജീവിച്ചു വന്നിരുന്നു.

എല്ലായിടത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന പോലെ കൂക്കാനവും മാറ്റത്തിന്റെ പാതയിലാണിന്ന്. ഇടവഴികള്‍ ടാറിട്ട റോഡുകളായും, പുല്ലുമേഞ്ഞതും ഓടിട്ടതുമായ വീടുകള്‍ കോണ്‍ക്രീറ്റ് സൗധങ്ങളായും മാറി. നിരക്ഷരത സാക്ഷരതയ്ക്ക് വഴിമാറിക്കൊടുത്തു. ലളിത ജീവിത ശൈലി കുറച്ചു കൂടി ആഡംബരതയിലേക്ക് നീങ്ങി. വിദ്യാലയവും, സാംസ്‌ക്കാരിക കേന്ദ്രങ്ങളും നാട്ടില്‍ സ്ഥാപിതമായി. മുനിഞ്ഞു കത്തി നിന്ന മണ്ണെണ്ണ വിളക്കുകള്‍ അപ്രത്യക്ഷമായി. വൈദ്യുതി വീടുകളെ പ്രഭാപൂരിതമാക്കി. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ ലോകത്തിന്റെ പല കോണുകളിലും എത്തപ്പെട്ടു. കൂക്കാനത്തിന് പുതിയൊരു മുഖം കൈവന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ചരിത്രം ഉറങ്ങുന്ന കൂക്കാനം
Kookkanam Rahman
(Writer)
കവികളും കലാകാരന്മാരും, എഴുത്തുകാരുമൊക്കെ കൂക്കാനത്ത് പഴയ കാലം മുതല്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ അറിയപ്പെടുന്ന സയന്റിസ്റ്റ് പി .കൃഷ്ണന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ ജനകീയ ഡോക്ടര്‍ പി. ജനാര്‍ദനന്‍, മുന്‍ ഡല്‍ഹി യൂണിവേര്‍സിറ്റി ചെയര്‍മാനും ഓള്‍ ഇന്ത്യാ കിസാന്‍ സഭാ ജോ. സെക്രട്ടറിയുമായ ഡോക്ടര്‍ വിജു കൃഷ്ണന്‍, കേരളത്തില്‍ മുഴുക്കെ അറിയപ്പെടുന്ന സുരേന്ദ്രന്‍ കൂക്കാനം, ആദ്യത്തെ ഹൈസ്‌കൂള്‍ അധ്യാപകനും കലാകാരനും നടനുമായ കെ.ജി. കൊടക്കാട്, സംസ്ഥാന തലത്തില്‍ അധ്യാപക സംഘടനാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എന്‍.കെ പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ കൂക്കാനത്തിന്റെ അഭിമാനഭാജകങ്ങളാണ്.

മൂവായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായി എന്നു പറയപ്പെടുന്ന നാഗരിക സംസ്‌കൃതി വീണ്ടും ഇവിടെ പുനര്‍ ജനിക്കുമെന്ന് ഇത്തരം അനുഭവങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോവുകയാണ്.
Keywords : Kasaragod, Kookanam-Rahman, Article, Kookkanam, History, Natives, Hindu, Muslim, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia