city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തനിമ അബ്ദുല്ല, ഇബ്രാഹിം ബേവിഞ്ചയുടെ വാക്കുകളില്‍

(www.kasargodvartha.com 18.10.2014) വെള്ളിയാഴ്ച രാത്രി വിടവാങ്ങിയ പ്രമുഖ പൊതുപ്രവര്‍ത്തകനും ഇശലിന്റെ തോഴനുമായ മൊഗ്രാലിലെ തനിമ അബ്ദുല്ല എന്ന എം.കെ. അബ്ദുല്ലയെ കുറിച്ച് പ്രശസ്ത നിരൂപകന്‍ ഇബ്രാഹിം ബേവിഞ്ച നേരത്തേ എഴുതിയ ലേഖനമാണിത്. 2011 ഫെബ്രുവരി 24ന് കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിച്ച ലേഖനം ഇത്തരുണത്തില്‍ പ്രസക്തമായതിനാല്‍ ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

വ്യക്തിത്തനിമയിലെ ഇശല്‍ താളം

സ്വന്തം ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്യുന്ന ബസുകളില്‍ പേന വിറ്റു നടന്ന ഒരു ചെറുപ്പക്കാരന്‍ പിന്നീട് പേനയുടെ ശക്തി അറിഞ്ഞവനായിത്തീരുന്നു. എഴുത്തിന്റെ മൂല്യവും സൗന്ദര്യവും ഉള്‍ക്കൊണ്ടയാളായിത്തീരുന്നു. ജന്മം കൊണ്ടത് കോലാപ്പൂരിലാണെങ്കിലും വളര്‍ന്നത് മാപ്പിളപ്പാട്ടിന്റെ വളക്കൂറ് കൊണ്ട് സമൃദ്ധമായ മൊഗ്രാലിലാണ്.

അതുകൊണ്ടുതന്നെ മാപ്പിള സംസ്‌കൃതി ഈ ചെറുപ്പക്കാരന്റെ മനസിലെ മണ്ണും വളവും വെളിച്ചവുമായി. എന്നിട്ടും എഴുത്തുകാരനായല്ല ഗവേഷകനും സര്‍വ്വോപരി സംഘാടകനായിട്ടുമാണ് ഇയാള്‍ കാസര്‍കോടിന്റെ മണ്ണില്‍ ഇടം നേടിയത്. പറഞ്ഞുവരുന്നത് മൊഗ്രാലിലെ എം.കെ. അബ്ദുല്ല എന്ന തനിമ അബ്ദുല്ലയെക്കുറിച്ചാണ്.

മാപ്പിളപ്പാട്ട് കച്ചവടവത്കരിക്കപ്പെട്ടതില്‍ ഉത്ക്കണ്ഠ വെച്ചുപുലര്‍ത്തുന്നവര്‍ മലബാറിന്റെ മണ്ണില്‍ ധാരാളമുണ്ട്. ഉബൈദിന്റെയും മൊഗ്രാല്‍ കവികളുടെയും നാട്ടിലാകട്ടെ ഈ ഉത്ക്കണ്ഠ നീറുന്ന തീക്കനലായി സൂക്ഷിക്കുന്നവരുടെ ഒരു സംഘം തന്നെയുണ്ട്. അക്കൂട്ടത്തില്‍ നിലകൊള്ളുകയും മാപ്പിളപ്പാട്ടുകളില്‍ ഇശല്‍ത്തനിമ അതിന്റെ ആത്മാംശമായി എന്നെന്നും സൂക്ഷിക്കപ്പെടുകയും ചെയ്യാന്‍വേണ്ടി നിരന്തരമായി, നിതാന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അബ്ദുല്ലക്ക് കാസര്‍കോട്ടെ സഹൃദയര്‍ നല്‍കിയ ഉചിത നാമമാണ് തനിമ അബ്ദുല്ല എന്നത്.

മൊഗ്രാല്‍, അബ്ദുല്ലക്ക് പിതൃഗ്രാമമാണ്. ആ പൈതൃകം അയാള്‍ക്ക് സമ്മാനിച്ചതാണ് അറബി മലയാള സാഹിത്യം. മാതൃകത്തേക്കാള്‍ ചിലര്‍ക്ക് പൈതൃകം സ്വാധീനം ചെലുത്തുന്നത് നാം കണ്ടിട്ടുണ്ട്. അബ്ദുല്ലയുടെ പൈതൃകത്തില്‍ അടരുകളായി കിടക്കുന്നതാകട്ടെ മാപ്പിളപ്പാട്ടുകളും. അബ്ദുല്ല സ്വന്തം കുടുംബ ജീവിതത്തേക്കാള്‍, വ്യക്തിജീവിതത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് മാപ്പിളപ്പാട്ടുകള്‍ക്കാണ്. അയാളുടെ പ്രവര്‍ത്തനം കണ്ടാല്‍ ആ തലച്ചോര്‍ നിറയെ ഈ പൈതൃകമാണെന്ന് തോന്നും.

മാപ്പിളപ്പാട്ടുകളും അറബിമലയാള സാഹിത്യവും കണ്ടാല്‍ അബ്ദുല്ല എല്ലാം മറക്കുന്നു. ശരീരം മറക്കുന്നു. രോഗം മറക്കുന്നു. അയാള്‍ അങ്ങനെയായതിനാല്‍ 1987 തൊട്ട് ഈ ചെറുപ്പക്കാന്‍ മുടങ്ങാതെ മാപ്പിളപ്പാട്ട് സെമിനാറുകളും സിമ്പോസിയങ്ങളും കേരളാടിസ്ഥാനത്തിലുള്ള ഇശല്‍ മഹോത്സവ മത്സരങ്ങളും നടത്തുന്നു. ഉബൈദ് പെരുമയെപ്പോലെത്തന്നെ മൊഗ്രാല്‍ പെരുമയും പഠിക്കപ്പെടണമെന്നും നിലനിര്‍ത്തപ്പെടണമെന്നുമുള്ള ഉചിതമായ ചിന്ത സഹൃദയക്കൂട്ടങ്ങളിലുണ്ടാക്കാന്‍ അബ്ദുല്ലയുടെ പ്രവ ര്‍ത്തനം സഹായകമായിട്ടുണ്ട്.

അനേകം ഭാഷകളുടെ മിശ്രിതമാണ് മാപ്പിളപ്പാട്ടുകളെന്ന് മനസിലാക്കിയത് കൊണ്ടോ എന്തോ അബ്ദുല്ലക്കും തുളു, കന്നട, ഉര്‍ദു, ഹിന്ദി, തമിഴ് എന്നീ ഭാഷകളും മലയാളത്തോടൊപ്പം ഉരിയാടാനറിയാം. തളങ്കര, മൊഗ്രാല്‍ എന്നിങ്ങനെയുള്ള പ്രാദേശിക ചിന്തയെ അവഗണിച്ച് ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് ഉത്സവങ്ങളും പക്ഷിപ്പാട്ട് മഹോത്സവങ്ങളും നിറഞ്ഞ പാടവത്തോടെ അബ്ദുല്ല സംഘടിപ്പിക്കുന്നു. ഒരിക്കല്‍ മലബാറിലെ മുസ്ലിം ചുണ്ടുകളില്‍ നിറഞ്ഞുതുളുമ്പിയ പക്ഷിപ്പാട്ടിന്റെ ഹൃദ്യത കേരളത്തിലുടനീളം വീണ്ടും പരിചയപ്പെടുത്തുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ കാരണമായി.

മൊഗ്രാലിലെ കവിക്കൂട്ടത്തെ മൊത്തമായും പക്ഷിപ്പാട്ടിനെ പ്രത്യേകിച്ചും സ്ഥലം എം എല്‍ എ. ശ്രീ കുഞ്ഞമ്പുവിന്റെ ശ്രദ്ധയില്‍ പെടുത്തിക്കൊടുക്കാന്‍ അബ്ദുല്ലക്കു സാധിച്ചതുമൂലം കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളപ്പാട്ട് ഗവേഷണകേന്ദ്രത്തിന്റെ ഒരു ഉപശാഖ മൊഗ്രാലില്‍ സ്ഥാപിക്കാന്‍ അബ്ദുല്ലക്കും കൂട്ടുകാര്‍ക്കും സാധിച്ചു. എം.എ. റഹ്മാന്റെ 'ഇശല്‍ ഗ്രാമം വിളിക്കുന്നു' എന്ന ഡോക്യുമെന്ററി ചിത്രം മൊഗ്രാല്‍ പെരുമ കേരളത്തിലുടനീളം എത്തിക്കുകയും ചെയ്തു. അതിന്റെ നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിച്ചതിനാല്‍ സ്വന്തം ഗ്രാമത്തിന് ചരിത്രത്തില്‍ ഒരു നിലപാടുണ്ടാക്കാന്‍ അബ്ദുല്ലക്ക് സാധിച്ചു.

തനിമ അബ്ദുല്ല, ഇബ്രാഹിം ബേവിഞ്ചയുടെ വാക്കുകളില്‍മാപ്പിളപ്പാട്ടുകള്‍ ദേശീയോദ്ഗ്രഥനത്തില്‍ വഹിച്ച പങ്ക് ചെറുതല്ല. അബ്ദുല്ലയുടെ പ്രവര്‍ത്തനങ്ങളും ഇതോട് ചേര്‍ത്ത് വായിക്കണം. 2008ല്‍ അബ്ദുല്ല സംഘടിപ്പിച്ച ദേശീയ കവിയരങ്ങില്‍ ഒരു ഡസനിലധികം ഭാഷകളില്‍നിന്നും കവികള്‍ പങ്കെടുത്തുവെന്നത് വിസ്മയം തന്നെയാണ്. അഖിലേന്ത്യാ പ്രശസ്തരായ മൗലാന അംജദ് ഹുസൈന്‍ (ഉര്‍ദു അക്കാദമി ചെയര്‍മാന്‍), സിനിമാ സംവിധായകനും പ്രസിദ്ധ പത്രപ്രവര്‍ത്തകനുമായ ഹസന്‍ കമാല്‍, പ്രതിഭാധനനായ തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍, മലയാളത്തിലെ കൈതപ്രം, മാപ്പിളപ്പാട്ട് രംഗത്തെ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം അടക്കം എല്ലാ പ്രഗത്ഭ എഴുത്തുകാരും ഗായികാഗായകന്മാരും മൊഗ്രാലിലെത്തിയത് അബ്ദുല്ലയുടെ ചടുലമായ പ്രവര്‍ത്തനം കൊണ്ടുതന്നെ.

സ്വന്തം നാട്ടിലെ പ്രഗത്ഭരുടെ പേരുകള്‍ നിത്യസ്മരണീയമാക്കാന്‍ ഉചിതമായ അവാര്‍ഡുകള്‍ ഏര്‍െപടുത്തി പ്രഗത്ഭമതികള്‍ക്ക് നല്‍കാന്‍ അബ്ദുല്ലക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. പക്ഷിപ്പാട്ട് അവാര്‍ഡ്, അഹമ്മദ് ഇസ്മായില്‍ അവാര്‍ഡ്, എ.കെ. അബ്ദുല്‍ ഖാദര്‍ സ്മാരക അവാര്‍ഡ്, എം.എസ്. മൊഗ്രാല്‍ അവാര്‍ഡ്, സാഉക്കാര്‍ കുഞ്ഞിപ്പക്കി മാനവ സൗഹാര്‍ദ അവാര്‍ഡ് എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്. മൊഗ്രാല്‍ മാപ്പിളപ്പാട്ട് ആസ്വാദക സംഘത്തിന്റെ നേതൃത്വത്തില്‍ പക്ഷിപ്പാട്ട്, ഒരു പുനര്‍ വായന എന്ന പുസ്തകം പ്രസിദ്ധീകരിക്കാനും അബ്ദുല്ല നേതൃത്വം നല്‍കി.

പുതുമയുള്ള പല പരിപാടികളും അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 'ഇശല്‍യാത്രകള്‍'. ഒന്നാമത്തേത് തൃക്കരിപ്പൂരില്‍നിന്ന് ആരംഭിച്ച് മൊഗ്രാലില്‍ അവസാനിക്കുന്നത്. കാഞ്ഞങ്ങാട്ടുനിന്ന് ആരംഭിച്ച് മൊഗ്രാലില്‍ അവസാനിക്കുന്നതായിരുന്നു മറ്റൊന്ന്. ജനനിബിഡമായ കൂട്ടായ്മകള്‍ ഇശല്‍ യാത്രയെ സ്വീകരിക്കാനുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ തനിമയോടൊപ്പം ഹിന്ദു-മുസ്‌ലിംൃ ക്രൈസ്തവ സമുദായ സൗഹൃദം സ്ഥാപിക്കലുമായിരുന്നു ഇവയുടെ ലക്ഷ്യം. വര്‍ത്തമാനകാലത്തില്‍ ഇതിന്റെ സാര്‍ത്ഥകത പ്രധാനമാണല്ലോ. പത്രപ്രവര്‍ത്തകന്റെ വേഷവും അ ബ്ദുല്ല അണിഞ്ഞിട്ടുണ്ട്. ഷോര്‍, വോയ്‌സ് ഓഫ് പ്യൂപ്പിള്‍, കെംപുധാര എന്നീ സായാഹ്നപത്രങ്ങള്‍ പ്രധാനം. മലയാളത്തിലെ വെള്ളരി നാടകങ്ങളെ ഓര്‍മ്മിപ്പിക്കുമാറ് കെംപുധാരയുടെ പ്രകാശനം നടന്നത് നെല്‍പാടത്തില്‍ വെച്ചാണ്.

അബ്ദുല്ലയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സഹൃദയ കൂട്ടായ്മകള്‍ കുറേ ആദരയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്. മൊഗ്രാലിലെ ദേശീയവേദി, വിവിധ ഗള്‍ഫ് സംഘടനകള്‍ എന്നിവക്കു പുറമെ ഏറ്റവുമൊടുവില്‍ കൊണ്ടോട്ടിയില്‍ നടന്ന 2010 ലെ വൈദ്യര്‍ മഹോത്സവത്തില്‍വെച്ചും അബ്ദുല്ലയെ അറിഞ്ഞ് ആദരിക്കുകയുണ്ടായി.
തനിമ അബ്ദുല്ല, ഇബ്രാഹിം ബേവിഞ്ചയുടെ വാക്കുകളില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Article, Mappilapatt, Kasaragod, Mogral, Bus, Ibrahim Bevinja, Thanima Abdulla, M.K. Abdulla, Thanima Abdulla: Words of Ibrahim Bevinje, Thanima Abdulla- Article by Ibrahim Bevinje

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia