city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നനവുള്ള നന്മകളും നല്ല ശിഷ്യസമ്പത്തും ബാക്കിയാക്കി ടി സി മാധവപ്പണിക്കര്‍ യാത്രയായി

അസ്ലം മാവില

(www.kasargodvartha.com 21.12.2018) ഞാന്‍ കാസര്‍കോട് ഗവ. കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേരുന്നത് 1985 ലാണ്. ഇന്ന് വിവിധ മേഖലകളില്‍ അറിയപ്പെടുന്ന ഡോ. തമ്പാന്‍ മേലോത്ത് (NCAOR ലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍), ഡോ. അബ്ദുല്‍ മജീദ് (രജിസ്ട്രാര്‍, കോഴിക്കോട് സര്‍വ്വകലാശാല),  മധു (സെയില്‍സ് ടാക്‌സ് അസി. കമ്മീഷണര്‍), അഹ് മദ് കൗസര്‍ (ആരാംകോ, സഊദി അറേബ്യ), ഡോ. ഹസീന (ഡയറക്ടര്‍, ഫാത്വിമ ഹോസ്പിറ്റല്‍) തുടങ്ങി  നിരവധി പേര്‍ രക്ഷിതാക്കളൊന്നിച്ച് കോളേജിന്റെ ഒന്നാം നിലയില്‍ പ്രിന്‍സിപ്പളിന്റെ ചേമ്പറിന് പുറത്ത് പകുതി അടച്ച വാതിലിന് മുന്നില്‍ അകത്തേക്കുള്ള ഊഴവും കാത്ത് പ്രീ ഡിഗ്രി പ്രവേശനത്തിനായി പുറത്ത് നില്‍പ്പുണ്ട്. എന്റെ ഊഴമെത്തിയപ്പോള്‍ ഉപ്പയുടെ കൂടെ ഞാന്‍ അകത്ത് കയറി.

ഒത്ത നടുവില്‍ ചെറിയ ഒരു മനുഷ്യന്‍ ഇരിക്കുന്നു. പേര് ഫലകം തൊട്ടു മുന്നില്‍. ചുറ്റുഭാഗത്തും സഹ അധ്യാപകര്‍. അദ്ദേഹം ഗൗരവം കുറക്കാതെ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. ഒന്നോ രണ്ടോ വാചകങ്ങളില്‍ സംസാരമൊതുക്കി, പതുക്കെ, പയ്യെ, ഔസ്യെ ശബ്ദത്തില്‍. ആ വാചകങ്ങളില്‍ പ്രൊഫ. ടി സി മാധവപ്പണിക്കര്‍ സാര്‍ എല്ലാമുണ്ടായിരുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞു, ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍, എതിരെ വന്ന പരിചയക്കാരനായ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി പറഞ്ഞു- ഈ കോളേജില്‍ ആരെ പേടിച്ചില്ലെങ്കിലും ആ കുറുതായ മനുഷ്യനെ കണ്ടില്ലേ, അദ്ദേഹത്തെ പേടിച്ചേ മതിയാകൂ. അച്ചടക്കത്തില്‍ അച്ചട്ട്, ഉത്തരവാദിത്വത്തില്‍ കൃത്യനിഷ്ഠത, ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത. TCM അതായിരുന്നു.

ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന കാസര്‍കോട് ഗവ. കോളേജ് സമുച്ചയം ടി.സി.എമ്മിന്റെ 'റൗണ്ട്‌സി'ന് പാകത്തില്‍ രൂപകല്‍പ്പന ചെയ്തതാണോ എന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. ഭാഷാ ഡിപാര്‍ട്‌മെന്റുകള്‍ ഒരറ്റത്ത്, മറ്റെ അറ്റം സയന്‍സ് ഡിപാര്‍ട്‌മെന്റുകള്‍. ഒരു തലക്കുനിന്നു അദ്ദേഹം നോക്കിയാല്‍ മറ്റേ തല വരെ കാണാം. ഒരുറപ്പുമില്ല, പ്രിന്‍സിപ്പാള്‍ എവിടെയും എപ്പഴുമദ്ദേഹം പ്രത്യക്ഷപ്പെടാം. ഒരു മതിലു മറയായി ഏത് നിമിഷവും ആ പ്രിന്‍സിപ്പളുണ്ട്. അസമയത്ത് (ക്ലാസ് ടൈം) അദ്ദേഹത്തിന്റെ മുമ്പില്‍ പെട്ടാല്‍ ആരെങ്കിലും അതോടെ തീര്‍ന്നു!

പണിക്കര്‍ സാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ബോള്‍ഡായിരിക്കും. നൂറുവട്ടം ആലോചിച്ച്. തന്റെ മനസാക്ഷിയോട് പൊരുത്തപ്പെടുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്നത്. നേരിനോട് ഒത്തുപോകുന്നത്. ഒരു സംഭവം ഓര്‍ക്കുന്നു - ഞാനന്ന് ബിരുദ വിദ്യാര്‍ത്ഥി. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പ്രിന്‍സിപ്പള്‍ ഏതാനും വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കുന്നു. അത്രമാത്രം ഗുരുതമമായ കുറ്റം. ഒരു അനുകമ്പയുമില്ല, പുകഞ്ഞ കൊള്ളിയദ്ദേഹം പുറത്തേക്കിടുക തന്നെ ചെയ്തു.

പിന്നെ നടന്നത് അനിശ്ചിത കാല വിദ്യാര്‍ത്ഥി സമരം. ഒരു മാസത്തോളമത് നീണ്ടു പോയി. യൂണിവേഴ്‌സിറ്റിയില്‍ നിന്നിടപെടലുണ്ടായി. അവസാനം ഒത്തുതീര്‍പ്പിനിരുന്നു. പ്രിന്‍സിപ്പാള്‍ അണുകിട പിന്നോട്ടില്ല. കാരണങ്ങളും അത്രതോളം സിവിയര്‍ തന്നെ. പുതിയ തീരുമാനമില്ലാതെ പിരിയേണ്ടി വന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എന്നും രാവിലെ വരുന്നു, ആദ്യ മണിക്കൂറില്‍ തന്നെ നീണ്ട ബെല്ലടി കേട്ടു പുറത്തേക്കിറങ്ങുന്നു. അവസാനം ഉന്നത തലത്തില്‍ ഇടപെടല്‍ നടന്നതായി കേട്ടു, പുറത്താക്കപ്പെട്ട കുട്ടികളതോടെ ക്ലാസില്‍ തിരിച്ചെത്തി. പക്ഷെ, പണിക്കര്‍ സാര്‍ തന്റെ ശരിയുടെ നിലപാടിനോട് ഒരു തരത്തിലുമുള്ള കോംപ്രമെയിസിനും തലയാട്ടാതെ ആ കസേര വിട്ടിറങ്ങി. തിരിഞ്ഞുനോക്കാതെ കോളേജിന്റെ പടികടന്നു പൊയ്ക്കളഞ്ഞു! കാസര്‍കോട് കോളേജിന്റെ എക്കാലത്തെയും മികച്ച അമരക്കാരനെയാണ് അതോടെ ഞങ്ങള്‍ക്ക് നഷ്ടമായത്. കുറെ കഴിഞ്ഞ് ഞങ്ങള്‍ പത്രത്തില്‍ വായിച്ചത് പ്രൊഫ. മാധവപ്പണിക്കര്‍ സാര്‍ കൊളിജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി അവരോധിതനായിട്ടാണ്.

കാസര്‍കോട് ഗവ. കോളേജില്‍ ജിയോളജി ഡിപാര്‍ട്‌മെന്റിന്റെ പേരും പ്രശസ്തിയും ഉണ്ടാക്കി എടുക്കുന്നതില്‍ പണിക്കര്‍ സാറിന്റെ കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതാണ്. എനിക്ക് തെറ്റുപറ്റിയിട്ടില്ലെങ്കില്‍ 1957 മുതല്‍ അദ്ദേഹം അധ്യാപനരംഗത്തുണ്ട് - തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍. 1962-63 ലാണല്ലോ മലബാറില്‍ തന്നെ ആദ്യമായി ജിയോളജി വിഭാഗം കാസര്‍കോടിന് ലഭിക്കുന്നത്. പിന്നീടീ മാഹിക്കാരന്‍ കാസര്‍കോടിന്റെ സ്വന്തം പ്രൊഫസറായി.

പട്‌ല ജി എച്ച് എസ് എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹം ഞാന്‍ പഠിച്ച സ്‌കൂള്‍ മുറ്റത്തെത്തിയതുമോര്‍ക്കുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം കാസര്‍കോടിന്റെ സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ സജീവമായി നിലകൊണ്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നീതിയുടെ ആള്‍രൂപമായി.

ജീവിതത്തില്‍ താങ്ങായിരുന്ന പ്രിയ പത്‌നി (കാസര്‍കോടിന്റെ പ്രിയപെട്ട മാലതി ഡോക്ടര്‍) യുടെ വിയോഗം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയത് പോലെ തോന്നിയിട്ടുണ്ട്. എങ്കിലും ശിഷ്ട ജിവിതം സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കാസര്‍കോട് പീപ്പിള്‍സ് ഫോറം, ബയോസ്ഫിയര്‍ കാസര്‍കോട്, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി തുടങ്ങിയ കൂട്ടായ്മകളില്‍ നേതൃപരമായ പങ്ക് വഹിച്ചു. കാസര്‍കോട് ഗവ. കോളേജില്‍ ഭൗമ ശാസ്ത്ര വിഭാഗത്തിന്റെ കീഴില്‍ പ്രൊഫ. ടി സി മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണവും അവാര്‍ഡും ഇപ്പഴും നടക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

നിരവധി ശിഷ്യസമ്പത്തിന്റെ ഉടമ. ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ. വിജയനുണ്ണി ഐ എ എസ് മുതല്‍ ഉത്തര മലയാള കവി ദിവാകരന്‍ വിഷ്ണുമംഗലമടക്കം ആ ശിഷ്യഗണത്തിലുണ്ട്. ഒരു പക്ഷെ കാസര്‍കോട് ഗവ. കോളേജില്‍ നിന്നും ഉന്നത ഉദ്യോഗത്തിലും സ്ഥാനത്തുമെത്തിയവരില്‍ ബഹു ഭൂരിപക്ഷവും മാധവപ്പണിക്കരുടെ വിദ്യാര്‍ത്ഥികളായിരിക്കണം. ജി എസ് ഐ, ഒ എന്‍ ജി സി, ഐ എസ് ആര്‍ ഒ, സി ഇ എസ് എസ്, സി ജി ഡബ്ല്യു ബി, എന്‍ ഐ ഒ, എന്‍ സി എ ഒ ആര്‍, സി ഡബ്ല്യു ആര്‍ ഡി ഡബ്ല്യു, കെ സി എസ് ടി ഇ, എന്‍ ഐ എച്ച് അടക്കം നിരവധി കേന്ദ്ര- സംസ്ഥാന വകുപ്പുകളില്‍ ഉന്നത സ്ഥാനങ്ങളില്‍ അവരിന്നുമുണ്ട്.

മികച്ച അക്കഡമിഷ്യന്‍ എന്നതിലുപരി നല്ലൊരു സോഷ്യല്‍ ആക്റ്റിവിസ്റ്റിനെയാണ് ടി സി മാധവപ്പണിക്കര്‍ സാറിന്റെ വിയോഗത്തോടെ ഉത്തര കേരളത്തിന് നഷ്ടപ്പെട്ടത്. മക്കള്‍: അസ്ഥിരോഗ വിദഗ്ദ്ധന്‍ ഡോ. പ്രസാദ്, അമേരിക്കയില്‍ എഞ്ചിനീയറായി സേവനം ചെയ്യുന്ന രാധിക. അവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാജ്ഞലികള്‍! അശ്രുപൂക്കള്‍!

Keywords:  Article, Death, Obituary, Aslam Mavilae, TC Madhava Panicker no more
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia