city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോടികള്‍ സമ്പാദിക്കാമായിരുന്നിട്ടും ഡോ. ബഷീര്‍ ഇന്നും കഴിയുന്നത് വാടക വീട്ടില്‍

എ ബെണ്ടിച്ചാല്‍

(www.kasargodvartha.com 23.02.2019) 82ന്റെ നിറവിലും പാവങ്ങളുടെ അത്താണിയായി ചികിത്സ രംഗത്ത് ജ്വലിച്ചു നില്‍ക്കുകയാണ് ഡോ. ബഷീര്‍. തെക്കില്‍, പെരുമ്പള പ്രദേശങ്ങളിലെ കര്‍ഷക തൊഴിലാളികളുടെയും സാധരണക്കാരുടെയും ഡോക്ടറായിരുന്നു ഒരു കാലത്ത് ബഷീര്‍.

1960കളില്‍ ആര്‍എംപി ഡിഗ്രിയുമായ് കോട്ടയത്തുനിന്നും വന്ന ബഷീര്‍ ഡോക്ടറിന്റെ പ്രാരംഭ പ്രവര്‍ത്തനം പെരിയയിലായിരുന്നു. 1962ല്‍ കളനാടെത്തിയ ബഷീര്‍ 1962 അവസാനം പവനടുക്കത്തില്‍ ചന്ദ്രഗിരി പാലം ഉത്ഘാടനം ചെയ്യുന്നത് വരെ പരവനടുക്കം പ്രദേശത്ത് സ്വകാര്യ പ്രാക്ടിസ് തുടര്‍ന്നു. ഇപ്പോള്‍ മാങ്ങാട്ടാണ് സേവനമനുഷ്ഠിക്കുന്നത്. എത്ര പഴക്കം ചെന്ന വ്രണം ഉണങ്ങണമെങ്കിലും ഇന്നും സാധാരണക്കാര്‍ക്ക് ബഷീര്‍ ഡോക്ടര്‍ തന്നെയാണ് ആശ്രയം.

1960 കളിലെ കാസര്‍ക്കോട്ടെ അറിയപ്പെടുന്ന ഡോക്ടര്‍മാരായ കെ ഇ ഉണ്ണി, സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ക്യാപ്റ്റന്‍ ഷെട്ടി, പ്രസവ - സ്ത്രീ രോഗവിദഗ്ദ്ധ മിസ് തോമസ് എല്‍ എം പി (കാസര്‍കോട് ഗവ.  ആശുപത്രി) എന്നിവരെ കുടാതെ ചെമ്മനാട്ടുകാരനായ ഡോക്ടര്‍ നമ്പ്യാരും ആയിരുന്നു. നമ്പ്യാരുടെ ക്ലിനിക്ക് അന്ന് സ്ഥിതി ചെയ്തിരുന്നത് തായലങ്ങായിലുണ്ടായിരുന്ന പെട്രോള്‍ പമ്പിന് സമീപമായിരുന്നു. ചെമ്മനാട്ടുകാരുടേയും പരവനടുക്ക സ്വദേശികളുടെയും പ്രിയ ഡോക്ടറായിരുന്നു ഡോ. നമ്പ്യാര്‍.

അരനൂറ്റാണ്ട് മുമ്പത്തെ ഒരു വെള്ളപ്പൊക്കത്തില്‍ ചെമ്മനാടും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി കരകാണാകടലായി മാറിയിരുന്നു. കൊളമ്പക്കാല്‍ വരെ കഴുത്തോളം വെള്ളത്തില്‍ മുങ്ങിയ പ്രളയത്തില്‍ കടത്തുതോണി പോലും ഒലിച്ച് പോയി. ആ സമയത്ത് രാത്രി ഒന്നര മണിക്ക് കൊളമ്പക്കാലിനടുത്ത കുനിയ എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു കര്‍ഷക തൊഴിലാളിക്ക് ഛര്‍ദ്ദിയും അതിസാരവും ഉണ്ടാവുകയും മഴ വെള്ളത്തില്‍ ഒഴുകി വരുന്ന മലമ്പാമ്പുകളെ പോലും വകവെക്കാതെ വിളിക്കാന്‍ വന്ന ആളുടെ കൂടെ രണ്ടും കല്‍പ്പിച്ച് മെഡിസന്‍ കിറ്റ് (ബാഗ്) തലയില്‍ ചുമന്ന് കൊണ്ട് കഴുത്തോളം വെള്ളത്തിലൂടെ ഡോ. ബഷീര്‍ നടന്ന് ചെന്ന് രോഗിയെ ചികിത്സിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു. ആ കാലത്ത് ഛര്‍ദ്ദി, അതിസാരം തുടങ്ങിയ അസുഖം കാരണം ആളുകള്‍ മരിച്ച സംഭവങ്ങളുമുണ്ടായിരുന്നു.

അന്നത്തെ ഡോക്ടറുടെ ഫീസ് അഞ്ചു രൂപയായിരുന്നു. ഡോക്ടറെ കാണാന്‍ വരുന്നവരില്‍ ബസിന് പോലും പണമില്ലാത്തവരും ഉണ്ടായിരുന്നു. മരുന്നും ബസിന് വേണ്ട തുകയും രോഗികള്‍ക്ക് നല്‍കുന്നത് ഡോക്ടര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. കോടികള്‍ സമ്പാദിക്കാമായിരുന്നിട്ടും ഡോ. ബഷീര്‍ ഇന്നും വാടക വീട്ടില്‍ തന്നെ കഴിയാന്‍ കാരണവും ഇതുതന്നെ ആയിരിക്കാം. പണം മഴവെള്ളം പോലെ വന്നിട്ടും നാളെയെ കുറിച്ച് ചിന്തിക്കാതെ പരോപകാരം ചെയ്യാന്‍ മാത്രം പഠിച്ച മനുഷ്യ സ്‌നേഹിയാണ് ഡോ. ബഷീര്‍.

ഒരിക്കല്‍ ബെണ്ടിച്ചാലിലെ ഒരു യുവതിക്ക് പ്രസവവേദന തുടങ്ങുകയും സമയമായിട്ടും പ്രസവം നടക്കുന്നില്ലെന്ന് കണ്ട് അയല്‍പക്കത്തെ സ്ത്രികള്‍ കുട്ടംകൂടി 'സബീനമാലകള്‍' മനംനൊന്ത് കണ്ണീര്‍ ഒലിപ്പിച്ച് കൊണ്ട് പാടി. അക്കാലത്ത് നാട്ടിലെ പ്രസവമെടുക്കുന്ന സ്ത്രീ പതിനെട്ടടവും പയറ്റി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതറിഞ്ഞ് ഞാന്‍ ബെണ്ടിച്ചാലില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പരവനടുക്കത്തേക്ക് ഓടിപ്പോയി ഡോ. ബഷീറിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ ബൈക്കിന്റെ പിറകിലിരുന്നു കൊണ്ട് ബെണ്ടിച്ചാലില്‍ എത്തുകയും പ്രസവവേദന കൊണ്ട് പുളയുകയായിരുന്ന യുവതിയെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സുഖപ്രസവം നടത്തി. പ്രസവത്തില്‍ കുട്ടികള്‍ രണ്ടായിരുന്നു.

ബഷീര്‍ ഡോക്ടറുടെ അന്നത്തെ സുഹൃര്‍ത്തുക്കളില്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന സി എല്‍ മഹമൂദ് ലേസ്യം, പഞ്ചായത്ത് ബഷീര്‍ച്ച, ചെമ്മനാട്ടെ മുന്തിയ കര്‍ഷകനും ഉന്നത കുടുംബക്കാരനുമായ മത്തി വളപ്പില്‍ മമ്മിച്ച, കല്ലട്ര മാഹിന്‍ (കോളിയെടുക്കം), എസ് പിയായിരുന്ന ഹബീബ് റഹ് മാന്റെ കുടുംബം അങ്ങനെ പലരുമായും നല്ല ബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നു ഡോ. ബഷീര്‍.

കല്ലട്ര മാഹിന്‍ച്ചയുടെ മൂത്ത മകന്‍ ശാഫി പരവനടുക്കം സ്‌കൂളില്‍ പഠിക്കുമ്പോള്‍ തലകറങ്ങി വീഴല്‍ പതിവായിരുന്നു. വീട്ടുകാര്‍ ആസ്ത്മയാണന്ന് സംശയിച്ചു. ഒരിക്കല്‍ ബഷീര്‍ ഡോക്ടര്‍ പരിശോധിച്ച് പറഞ്ഞു: 'കുട്ടിയെ എത്രയും പെട്ടത് മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോയി വിദഗ്ധ ഡോക്ടറെ കാണിക്കണം', അതുപ്രകാരം ചികിത്സ തേടുകയും പരിശോധനയില്‍ ട്യൂമറാണെന്ന് കണ്ടെത്തുകയും ചെയ്തു.

വിടരും മുമ്പെ കൊഴിഞ്ഞുപോയ പുഷ്മായിരുന്നു ശാഫി. ആര്‍ട്ടിസ്റ്റ് അബ്ദുല്ല (കുത്സു) ആദ്യം വരച്ച ചിത്രവും ശാഫിയുടെതായിരുന്നു. കുട്ടികളിലെ കഴിവുകള്‍ തിരിച്ചറിയാനുള്ള പ്രാഗത്ഭ്യം ബഷീര്‍ ഡോക്ടര്‍ക്കുണ്ട്. കുത്സു അബ്ദുല്ല കഴിവുള്ളവനാണന്ന് അരനൂറ്റാണ്ട് മുമ്പെ ബഷീര്‍ ഡോക്ടര്‍ പ്രവചിച്ചിരുന്നു. പിന്നീട് അബ്ദുല്ല കുത്സു ബഷീര്‍ ഡോക്ടറുടെ ഒരു ഫോട്ടോ വരച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

1957 മുതല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു ദിനപത്രങ്ങള്‍ വായന തുടങ്ങിയ ഡോ. ബഷീര്‍ വലിയ ഒരു വായനക്കാരനാണ്. വെറുതെയുള്ള ഒരു നിമിഷം പോലും പാഴാക്കാതെയുള്ള വായന ഇന്നും തുടരുന്നു. ഇംഗ്ലീഷ് എഴുത്തുകാരില്‍ ഇര്‍ബിഗ് വാലഷ്, ഇര്‍ബിഗ്ഷ, ജയിംസ് ഹാര്‍ളി, ടോള്‍സ്‌റ്റോയ് എന്നിവരെയാണ് കൂടുതല്‍ ഇഷ്ടം. മലയാളത്തില്‍ കെ പി കേശവമേനോന്റെ എല്ലാ ലേഖനങ്ങളും വളരെ താല്‍പത്യത്തോടെ വായിച്ച് ഇന്നും മനസില്‍ കൊണ്ട് നടക്കുന്നു. ഹര്‍ഷപുളകിതമാകുന്നതാണ് വയലാറിന്റെ കവിതകളെന്ന് സമര്‍ത്ഥിക്കുന്ന ഡോക്ടര്‍ ബഷീറിന്റെ പ്രിയപ്പെട്ട മറ്റു എഴുത്തുകാര്‍ മാധവിക്കുട്ടി, തകഴി, ചങ്ങമ്പഴ എന്നിവരാണ്.

പെരുമ്പള കക്കണ്ടത്തിലെ അറിയപ്പെടുന്ന കര്‍ഷകനായ കക്കണ്ടത്തില്‍ ഉമ്പൂച്ചയുടെ കുടുംബ ഡോക്ടര്‍ കൂടിയായിരുന്നു ഡോ. ബഷീര്‍. ഉമ്പൂച്ചയുടെ അനുജന്‍ മാഹിന്‍ എംബിബിഎസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളായിരുന്നു. മാഹിനെ പൂര്‍വ്വ വൈരാഗ്യത്തിന്റെ പേരില്‍ ആരോ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നു. മാഹിന്‍ മെഡിസന്‍ പഠിച്ച ഒരു ബുക്ക് ഇന്നും ഡോ. ബഷീര്‍ നിധിപോലെ സൂക്ഷിച്ച് വെച്ചിരിക്കുന്നു.

ഇന്നും ബഷിര്‍ ഡോക്ടറെ കാണാന്‍ എത്തുന്നവരുടെ കൂട്ടത്തില്‍ അധികവും സാധാരണക്കാരാണ്. പ്രായത്തിന്റെ അവശതകള്‍ ഒന്നും ഇല്ലാതെ രോഗികളെ പരിശോധിക്കുന്ന ഡോ. ബഷീറിനു സ്വന്തമായി ഒരു വീടില്ലെന്നതാണ് സത്യം.

ഡോ. ബഷീറിനെ ബന്ധപ്പെടാവുന്ന നമ്പര്‍: 9895047785




കോടികള്‍ സമ്പാദിക്കാമായിരുന്നിട്ടും ഡോ. ബഷീര്‍ ഇന്നും കഴിയുന്നത് വാടക വീട്ടില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Doctor, Treatment, Patient's, A. Bendichal, Story of Dr. Basheer, Basheer Doctor. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia