city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊച്ചുകുഞ്ഞുങ്ങളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഭ്രാന്ത്

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 07/08/2015) വര്‍ഗീയം, മദ്യം, പ്രണയം 2015 ജുലൈ മാസം പിഞ്ചുകുഞ്ഞുങ്ങളെ കൊല ചെയ്തതിനു പിന്നിലുള്ള കാരണങ്ങളില്‍ വില്ലന്‍ സ്ഥാനത്തു നില്‍ക്കുന്നത് ഇവ മൂന്നുമാണ്. ദയ വറ്റിയ നരാധമന്മാരുടെ പേക്കൂത്തുകളായി മാത്രം ഇതിനെ കണ്ടാല്‍ പോരാ.

ഫഹദെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊന്ന മനുഷ്യപിശാചിന്റെ ഉള്ളില്‍ വര്‍ഗീയ വിഷം ആളിക്കത്തുകയായിരുന്നു. കുഞ്ഞിന്റെ ബാപ്പ അവന്റെ ദുഷ്‌ചെയ്തികളെ തുറന്നുകാട്ടാന്‍ ശ്രമിച്ചു എന്നാണ് കാരണമായി പറയുന്നത്. അതുമാത്രമായിരുന്നില്ല അവന്റെ ഭ്രാന്തമായ വികാര പ്രകടനത്തിനുകാരണം. വര്‍ഗീയമായ ചിന്ത അവനില്‍ പ്രതികാരേഛവര്‍ധിപ്പിക്കാന്‍ ഇടയാക്കിട്ടുണ്ട്. കുട്ടിയുടെ ബാപ്പയെ കത്തിക്കിരയാക്കാന്‍ അവന്‍ പലതവണ പ്ലാനിട്ടു. പദ്ധതികള്‍ പാളിപ്പോയപ്പോള്‍ കുഞ്ഞുങ്ങളെ കൊലക്കത്തിക്കിരയാക്കാമെന്ന് കരുതി.

ഫഹദെന്ന പാവപ്പെട്ട, നടക്കാന്‍ പ്രയാസപ്പെടുന്ന കുഞ്ഞ് ആഹ്ലാദത്തോടെ സ്‌കൂളിലേക്ക് നടന്നുപോവുകയാണ്. സഹോദരിയും സുഹൃത്തും മുന്നില്‍ നടന്നുപോകുന്നു. വയ്യായ്കകൊണ്ട് അവന്‍ അല്‍പം പിറകിലായിപ്പോയി. കുറ്റിക്കാട്ടില്‍ വെട്ടുകത്തിയുമായി പാത്തിരിക്കുകയായിരുന്നു കൊലപാതകി. ചിരിച്ചും കളിച്ചും മഴയോട് സല്ലപിച്ചും, മഴവെള്ളം തട്ടിത്തെറിപ്പിച്ചും സോല്ലാസം ഫഹദ് നടക്കുകയാണ്. അതാ ആ കാട്ടാളന്‍ വെട്ടുകത്തിയുമായി ഫഹദിന്റെ നേരെ ഓടിയടുക്കുന്നു. കുട്ടിയെ വെട്ടിനുറുക്കുന്നു. കുട്ടിയുടെ അലര്‍ച്ച കേട്ട് തിരിഞ്ഞുനോക്കിയ സഹോദരിയും കൂട്ടുകാരനും കണ്ട കാഴ്ച ഫഹദിനെ ആ നീചന്‍ വെട്ടിനുറുക്കുന്നതാണ്. അവര്‍ ഓടി അടുത്തു. അവരെയും വെട്ടാന്‍ കത്തിയുമായി ആ പിശാച് ഓടുകയായിരുന്നു. ആ കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു. പാവം ഫഹദ് പിടഞ്ഞു പിടഞ്ഞു മരിച്ചു.

ആ നരാധമന്‍ ഒരു കൂസലുമില്ലാതെ ടൗണിലേക്ക് നടന്നുപോയി. ടൗണിലെത്തിയപ്പോള്‍ കണ്ടവരോടൊക്കെ അവന്‍ വീരവാദം മുഴക്കി ഞാനൊരു എലിയെ വെട്ടിക്കൊന്നിട്ടുണ്ട്. കൊത്തിനുറുക്കിയ മനുഷ്യകുഞ്ഞിനെ ആ നരാധമന്‍ വിശേഷിപ്പിച്ചത് എലിയായിട്ട്. വര്‍ഗീയ വിവേചനത്തിന്റെ വിഷം ഉള്ളിലുള്ളവര്‍ക്കേ അങ്ങിനെയുള്ള നീച പ്രയോഗങ്ങള്‍ നടത്താന്‍ കഴിയൂ...

മനുഷ്യത്വമുള്ള ആ പ്രദേശത്തുകാര്‍ അവനെ പിടിച്ചുകെട്ടി. പോലീസിന് കൈമാറി. മനുഷ്യപ്പറ്റില്ലാത്ത ചിലര്‍ കൊലയാളിയെ മാനസികവിഭ്രാന്തിയുള്ളവന്‍ എന്ന് വിശേഷിപ്പിച്ചു നടന്നു. വര്‍ഗീയ വിഷം ചീറ്റുന്ന ആ നരാധമനെ രക്ഷിക്കാന്‍ മതേതര വികാരമുള്‍ക്കൊള്ളുന്ന ചിലരുടെ ഭാഗത്തുനിന്നുള്ള നീക്കമായിരിക്കാം അത്.

പ്രസ്തുത പ്രദേശത്ത് എന്തും സംഭവിക്കാമെന്ന നില ഉടലെടുത്തിരുന്നു. കൊലപാതകിയുടെ വീട് തകര്‍ക്കാനും, അതിനപ്പുറം പലതും കാട്ടിക്കൂട്ടാനും വികാരത്തള്ളിച്ചയില്‍ ചിലര്‍ തയ്യാറായേക്കുമോയെന്ന ഭയം ഫഹദിന്റെ ബന്ധുക്കള്‍ക്കുണ്ടായി. പക്ഷേ സമാധാനകാംക്ഷികളും, വര്‍ഗീയതയെ തൂത്തെറിയാന്‍ ശ്രമിക്കുന്നവരുടെ കൂട്ടായ്മയും ഫഹദിന്റെ ബാപ്പയോടൊപ്പം പൊട്ടിത്തെറികള്‍ ഉണ്ടാകാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. നന്മ മാത്രം ആഗ്രഹിക്കുന്ന നല്ലവരായ നാട്ടുകാരുടെയും സ്വന്തം കുഞ്ഞ് ഒരു കശ്മലനാല്‍ കൊല്ലപ്പെട്ടിട്ടും നാട്ടില്‍ അശാന്തിയുണ്ടാവരുത് എന്നാഗ്രഹിച്ച ഫഹദിന്റെ ബാപ്പയ്ക്കുമുമ്പിലും നമുക്കു നമിക്കാം.

************************************************

വര്‍ഗീയ വിഷം ചീറ്റിയ കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞതേയുള്ളു ചാരായത്തിന്റെ അടിമയായ വേറൊരുമനുഷ്യരൂപം പൂണ്ട മൃഗം സ്വന്തം കുഞ്ഞിനെ ചിരവകൊണ്ടടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു. നാളെയുടെ വാഗ്ദാനങ്ങളാവേണ്ട കൊച്ചുകുഞ്ഞുങ്ങളെ അടിച്ചും ഞെരിച്ചും കൊല്ലുന്ന മനുഷ്യമൃഗങ്ങളെ അതേ തരത്തില്‍ കൊന്നുകുഴിച്ചുമൂടണം. ദളിതര്‍ വസിക്കുന്ന മലയോര മേഖലയാകമാനം മദ്യപിശാചിന്റെ പിടിയിലാണ്. ആ പിശാചില്‍ നിന്ന് മോചനം നേടാന്‍ അവര്‍ക്കാവില്ല. അതില്‍ നിന്ന് മോചിതരാക്കാന്‍ ഒരുപാട് പരിശ്രമങ്ങള്‍ ഉണ്ടായി. എല്ലാം വിഫലമാണ്.

മദ്യലഹരിയില്‍ അങ്ങിനെ ചെയ്തുപോയി. എന്ന് നിസ്സംഗതയോടെയാണ് ആ കൊലയാളി മൊഴികൊടുത്തത്. സ്വന്തം ചോരയിലുണ്ടായ കുഞ്ഞ്. എട്ടും പൊട്ടും തിരിയാത്തകുട്ടി. മദ്യപിച്ചെത്തിയ അച്ഛനെന്നുപറയുന്ന മനുഷ്യന്റെ ആക്രോശം കേട്ട് ഓടിപ്പോയ കുഞ്ഞ്. ഭയന്ന് വിറച്ച് ആ കൊച്ചുകുട്ടി അമ്മയുടെ ഉടുപ്പിനടിയില്‍ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു.

ഭയന്നുവിറച്ച കൊച്ചുകുഞ്ഞിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു ആ മനുഷ്യപിശാച്. കുട്ടി നിലവിളിച്ചു. അവന്റെ നെഞ്ചിടിപ്പ് കൂടികൂടി വന്നിട്ടുണ്ടാവും. അച്ഛന്റെ കൈപ്പിടിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ആ കുഞ്ഞ് ശ്രമിച്ചുകാണും. പക്ഷേ തലക്കുപിടിച്ച മത്ത് സ്വന്തം കുഞ്ഞാണെന്നോ, മനുഷ്യകുഞ്ഞാണെന്നോപോലും തിരിച്ചറിവില്ലാതെ ചിരവയെടുത്ത് തലക്കടിക്കുകയായിരുന്നു ആ നരാധമന്‍. തലപൊട്ടിത്തകര്‍ന്ന് ചോരചീറ്റി. കുട്ടിനിലവിളിച്ചിട്ടുണ്ടാവും. നിലവിളിപുറത്തുവരാതിരിക്കാന്‍ ആ ഇളം കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊന്നു.

കൊച്ചുകുഞ്ഞുങ്ങളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഭ്രാന്ത്
ഹോ! മനുഷ്യനെ മൃഗമാക്കുന്ന പൈശാചികതയിലേക്കുനയിക്കുന്ന ചാരായമെന്ന വിഷം അകത്താക്കുന്ന മനുഷ്യരൂപം പൂണ്ടവരേ നിങ്ങള്‍ക്ക് ചിന്തിക്കാനെങ്കിലും പറ്റുന്നില്ല? നിങ്ങളെ മനുഷ്യരല്ലാതാക്കി തീര്‍ക്കാന്‍ കാത്തിരിക്കുന്ന ചാരായ വില്‍പനക്കാരെ തിരിച്ചറിയാന്‍ പറ്റുന്നില്ലേ? അവരുടെ കെണിയില്‍ പെടാതെ രക്ഷനേടാന്‍ പറ്റുന്നില്ലേ? തലമുറ തലമുറയായി നിങ്ങള്‍ അനുഭവിക്കുകയല്ലേ ഈ കൊടും വഞ്ചന?

മാരകമായി കൊല ചെയ്ത ആ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ ഓര്‍ത്തുനോക്കൂ. പിടഞ്ഞുപിടഞ്ഞു മരിക്കുന്ന അവന്റെ രൂപം മനസ്സില്‍ തട്ടുന്നില്ലേ? ദാഹിച്ചു വിശന്നു നില്‍ക്കുന്ന ആ കുഞ്ഞിനെ കിടന്നുറങ്ങാനെങ്കിലും അനുവദിച്ചില്ല ആ ചാരായം മോന്തിയ മനുഷ്യന്‍? ആ കുഞ്ഞിനെ ഓര്‍ത്തെങ്കിലും ചാരായ പിശാചില്‍ നിന്ന് മാറിനില്‍ക്കൂ. നിങ്ങളെ  ചൂഷണം ചെയ്യാന്‍ ചാരായമെന്ന വിഷം വാറ്റിയെടുത്ത് കാത്തുനില്‍ക്കുന്ന ചൂഷണക്കാരെ അകറ്റി നിര്‍ത്തൂ.. ഇനിയെങ്കിലും ഒരു കുഞ്ഞും നിങ്ങളുടെ കയ്യില്‍ കൊലചെയ്യപ്പെടാതിരിക്കട്ടെ...


***************************************

ഈ രണ്ട് കൊലപാതകങ്ങളും നടന്നപോലെ പ്രണയ ഭ്രാന്തിന്റെ പേരില്‍ മൂന്നാമതൊരുകുഞ്ഞും കൊലക്ക് ഇരയാവുമായിരുന്നു. അമ്മയുടെ ക്ഷമയും സമയോചിതവുമായ ഇടപെടലും കൊണ്ട് മാത്രമാണ് പ്രസ്തുത കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്.

പത്താം ക്ലാസ് കാരിയായ ഒരു പെണ്‍കുട്ടി ചെറുപ്പക്കാരനുമായി പ്രണയത്തിലായി. പ്രണയത്തിന് കണ്ണും കാതുമില്ലല്ലോ? പ്രണയനായകനോട് സല്ലപിക്കാന്‍ മൊബൈല്‍ ഫോണ്‍ സൗകര്യമുണ്ട്. ബാത്ത് റൂം അനുയോജ്യമായ സ്വകാര്യകേന്ദ്രമാണ്. ബാത്ത് റൂമില്‍ കയറിയ മകള്‍ പുറത്തിറങ്ങാന്‍ ഏറെ വൈകിയതില്‍ ഉല്‍കണ്ട്ഠപ്പെട്ട അമ്മ കണ്ടത് മകളുടെ ഫോണിലൂടെയുള്ള പ്രേമസല്ലാപമാണ്.

മകളോട് കയര്‍ത്തു. ഫോണ്‍ പിടിച്ചുവാങ്ങി. പ്രണയഭ്രാന്തു തലക്കുപിടിച്ച പെണ്‍കുട്ടി അനിയന്‍ കുട്ടിയുടെ കഴുത്തില്‍ പിടിമുറുക്കി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഇതിനെ ഇപ്പോള്‍ കൊല്ലും. അവള്‍ അലറുകയായിരുന്നു. ഭയന്നുവിറച്ച അമ്മ ആരോടും പറയില്ലെന്ന് ഉറപ്പുകൊടുത്തതുകൊണ്ടുമാത്രം കുട്ടിയുടെ കഴുത്തില്‍ നിന്ന് അവള്‍ പിടിവിട്ടു. അല്ലെങ്കില്‍ മൂന്നാമതൊരുകൊച്ചുകുഞ്ഞിന്റെ അവസാനവും കേള്‍ക്കാമായിരുന്നു.

കൊച്ചുകുഞ്ഞുങ്ങളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഭ്രാന്ത്
Kookkanam Rahman
(Writer)
അമ്മാവനോട് അമ്മ വിളിച്ചുപറഞ്ഞു. അമ്മാവന്‍ വന്നു. പെണ്‍കുട്ടിക്ക് രണ്ടടിവെച്ചുകൊടുത്തു. ഇനിമുതല്‍ സ്‌കൂളില്‍ പോകേണ്ടെന്നും വിലക്കി. രണ്ട് ദിവസം കഴിഞ്ഞതേയുള്ളു. അവള്‍ കാമുകനോടൊപ്പം കാറില്‍ കയറി കടന്നുകളഞ്ഞു. കാര്യമറിഞ്ഞ് പിന്‍തുടര്‍ന്ന അമ്മാവന്‍ അവരെ പിടിച്ചു. രണ്ടുപേരെയും പോലീസിനു കൈമാറി. പെണ്‍കുട്ടി അടവുമാറ്റി. 'അമ്മാവന്‍ എന്നെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കി.... എന്നെ പീഡിപ്പിച്ചു' പോലീസിന് മൊഴികൊടുത്തതിങ്ങിനെ.

ജഡ്ജിയുടെ മുന്നിലും പ്രണയഭ്രാന്തുപിടിച്ചവള്‍ ഇതേ നിലപാടുതുടര്‍ന്നു. പാവം അമ്മാവന്‍ ജയിലിലായി. നോക്കണേ നന്നാക്കാന്‍ ശ്രമിച്ച അമ്മാവനെ ഒരു മരുമകള്‍ ചെയ്തത്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രണയഭ്രാന്ത് പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണെങ്ങും. ഈ ഭ്രാന്തില്‍ പെട്ട് ഒരു കൊച്ചുജീവന്‍ പൊലിഞ്ഞു പോകാതിരുന്നതില്‍ നമുക്ക് ആശ്വസിക്കാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia