city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാലത്തെ ചില നേര്‍ സാക്ഷ്യങ്ങള്‍

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 12.06.2020) കാലം ഇനി അടയാളപ്പെടുത്തപ്പെടുക ഒരുപക്ഷെ കോവിഡിന് മുമ്പെന്നും (BC) കോവിഡാനന്തരമെന്നുമാകും. അതിനാണ് സാധ്യത. മനുഷ്യ ജീവിതാവസ്ഥക്ക് അത്രക്കും കടുത്ത പ്രഹരമേല്‍പ്പിക്കുന്ന മാറ്റങ്ങളുമായാണ് അത് കടന്നു പോകുന്നത്. കേവലം നഗ്ന നേത്രങ്ങള്‍ക്കെന്നല്ല, സാധാരണ ലെന്‍സുകള്‍ക്ക് പോലും അദൃശ്യമായ ഒരു വൈറസ്. ദൈവത്തില്‍ വിശ്വസിക്കുന്നവരും ഇല്ലാത്തവരും കോവിഡിനെ പിടിച്ച് ന്യായങ്ങള്‍ നിരത്തി അവരവരുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അത്ഭുത ശക്തിയുള്ള ദൈവത്തിന് വൈറസ് എത്ര ചെറുതാണെങ്കിലും അറിയേണ്ടതല്ലെ എന്നും, അത് അിറയാനാവുന്നില്ലെന്നും, മസ്ജിദ്, മന്ദിറുകളിലെ ബിസിനെസ്സ് പൂര്‍ണ്ണമായും നിത്തിക്കളഞ്ഞില്ലെ. ദൈവത്തിന്റെ ആപ്പീസ് പൂട്ടിച്ചില്ലെ എന്ന് അവിശ്വാസികള്‍.

ഭൂമിയില്‍ മനുഷ്യരുടെ അതിക്രമങ്ങള്‍ കൂടിപ്പോയത് നിമിത്തം  ഒരു പാഠം പഠിപ്പിക്കാന്‍ തന്റെ ആയുധ ശേഖരത്തിലെ ഏറ്റവും ചെറ്തായ, നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ വൈറസിനെ ഇറക്കി,   ലോകത്തിലെന്തിനേയും പ്രതിരോധിക്കുന്ന മനുഷ്യരെ ഇതാ ഈ നിസ്സാരനെ പറ്റുമെങ്കില്‍ ഒന്ന് പിടിച്ചു കെട്ടൂ എന്ന് വിശ്വാസികളും ദൈവത്തിന്റെ വക്കാലത്തേറ്റെടുക്കുന്നു. ലോക പോലീസിന്റെ വേഷത്തില്‍ വന്ന് ലോകത്തെ വിറപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡെന്റിനെ പോലും നിശ്ശബ്ധനാക്കിയ വൈറസ് മനുഷ്യരുടെ ഇടയില്‍ സമത്വം കൊണ്ട് വന്നിട്ടുണ്ടെന്ന് ഇടനിലക്കാര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയ, പലസ്തീന്‍ തുടങ്ങിയ സംഘര്‍ഷ ദേശങ്ങളില്‍ സമാധാനത്തോടെ റമദാന്‍ നോമ്പനുഷ്ഠിക്കാനായെന്ന് പാവം പ്രദേശ വാസികള്‍. പടച്ചവന് ഏറ്റവും സ്വീകാര്യമായ നോമ്പ് ഈ കൊറോണ കാലത്തേതാകുമെന്ന് എനിക്കും തോന്നാതില്ല. ഒരു സത്യ വിശ്വാസിയുടെ ഏറ്റവും വലിയ ശത്രു. ഏഷണി, പരദൂഷണം പറച്ചിലാണല്ലോ.? പള്ളികള്‍ക്കകം പോലും ഒഴിവാക്കപ്പെടുന്നില്ല. ഇരയാകുന്നവന്റെ പച്ചയിറച്ചി ചവച്ചരച്ച് തിന്നുന്നതിനോടാണതിനെ പ്രവാചകന്‍ ഉപമിച്ചിരിക്കുന്നത്. 

ഏതൊരു വിപത്തും അങ്ങനെയാണല്ലോ ഭൂമിയിലെത്തുക.? ആദ്യം അതെങ്ങോ ദൂരെ നിന്ന് വാര്‍ത്തകളായെത്തുന്നു. എന്റെ മൂത്ത മകന്‍ യാസീന്‍ അബൂദാബിയിലേക്ക് വിമാനം കയറുന്നത് ഫെബ്രുവരി 29ന് ശനിയാഴ്ച. അപ്പോഴേക്കും കൊറോണയുടെ അനുരണനങ്ങള്‍ അല്‍പം കൂടി അടുത്തെത്തിയിരുന്നു. ഞാനവനോട് പറഞ്ഞതായി ഓര്‍ക്കുന്നു. മംഗലാപുരം, അബൂദാബി വിമാനത്താവളങ്ങളില്‍ കനത്ത ഹെല്‍ത്ത് ചെക്കിങ് ഉണ്ടാവാമെന്ന്. പക്ഷെ മംഗലാപരത്ത് ഒന്നുമുണ്ടായിരുന്നില്ല. അബൂദാബിയില്‍ തെര്‍മല്‍ സ്‌കാനിങ് നടന്നിരുന്നു. എന്ന് പറഞ്ഞതായി ഓര്‍മ്മ. പിന്നീട് കൊവിഡ് 19 എന്ന പേരില്‍ അത് ലോകമെങ്ങും ചെറിയ രീതിയില്‍ ഭീഷണിപ്പെടുത്തിത്തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലും. ഇങ്ങ് ഇന്ത്യയിലും. അബൂദാബിയില്‍ മകന് ടെസ്റ്റ്് പോലും നടന്നിരുന്നു. മറ്റൊരു മകന്‍ അസ്ഹര്‍ മുംബൈയിലും. ഭയത്തിന്റെ മുള്‍മുനയില്‍ ലോക്ഡൗണിലിരുന്ന നാളുകലായിരുന്നു അത്. അവന് ഭാര്യസമേതം നാട്ടില്‍ എത്തപ്പെടാനായ പടച്ചവന്റെ അനുഗ്രഹമായി കരുതുന്നു. കാരണം അപ്പോള്‍ കേരളം പരിചരണത്തിന്റെ കാര്യത്തില്‍ ലേകമെങ്ങും ശ്രദ്ധ നേടി വരികയായിരുന്നല്ലോ. പക്ഷെ നേട്ടങ്ങളെടുത്ത് കാട്ടി, ഭരണകൂടം ഇത് ഞങ്ങളുടെ മികവാണെന്ന അവകാശ വാദത്തോട് എനിക്കൊരിക്കലും യോജിക്കാനായിട്ടില്ല. കേരളത്തില്‍ ഒരോ അഞ്ച് വര്‍ഷത്തിലും മാറി മാറി മുന്നണിയെ ഏല്‍പിക്കുന്നതില്‍ തന്നെ മലയാളികളുടെ സവിശേഷതയുണ്ട്. മലയാളികളും കേരളവും ഇന്ത്യയിലെ ഇതര സംസ്ഥാനക്കാരില്‍ നിന്ന് ശുചിത്വത്തിന്റെ പേരിലും ജീവിത നിലവാരത്തിന്റെ കാര്യത്തിലും ഒക്കെ വ്യത്യസ്തരാണ്. അത് തന്നെയാണ് കോവിഡിന്റെ കാര്യത്തിലും പ്രതിഫലിച്ചത്.

ചൈനയുടെ വൂഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് അത് ചൈനയുടെ ജൈവായുധ ശേഖരത്തില്‍ നിന്ന് ചോര്‍ന്നതെന്ന് തന്നെയാണ് എനിക്കിപ്പഴും വിശ്വസിക്കാന്‍ തോന്നുന്നത്. കാരണം ആരെ വിശ്വസിച്ചാലും രാഷ്ട്രീയക്കാരിലെ അധികാരക്കൊതിയ•ാരെ വിശ്വസിക്കാനാവില്ല. അവര്‍ക്ക് അവരുടെ സ്വന്തം പ്രജകള്‍ തന്നെ ഇരകളാണ്. കേവലം ഇരകള്‍. ലോകത്തെ ഭൂരിപക്ഷം ഭരണാധികാരികളും സ്വന്തം നാട്ടിലെ മനുഷ്യരെ പോലും സ്‌നേഹിക്കുന്നില്ല എന്ന് കോവിഡ് വ്യാപനം തെളിയിക്കുന്നു. അവരിലേറെപ്പേരും ജനാധിപത്യത്തെ  അകമെ ബഹുമാനിക്കുന്നുമില്ല. ചിലയിടങ്ങളില്‍ നിവൃത്തികേട് കൊണ്ട് ജനാധപത്യത്തെ കൊണ്ട് നടക്കുന്നുവെന്ന് മാത്രം. ചൈനയുടെ തലവനെ പോലുള്ളവര്‍ക്ക് ലോകത്തിന്റെ അധീശത്വം ലഭ്യമാകണം. അതാണ് ലക്ഷ്യം. ശരിക്കും ലോകത്ത് ഇത്രയും പേര്‍ മരിക്കാനും ലോക രാഷ്ട്രങ്ങളാകെ സാമ്പത്തീകമായി പിന്നോട്ടടിക്കാനും കാരണം ചൈന തന്നെയാണ്. അതിങ്ങ് വന്ന് ഇന്ത്യയിലെത്തിയാലും സ്ഥിതി വിഭിന്നമല്ല. കൊറോണയെ ഓടിക്കാന്‍ ചിരട്ട കൊട്ടലും, മൊഴുകുതിരി കത്തിച്ചു വെക്കലും ഒക്കെ പിന്നീട് നിന്ന് പോയത് അത് കാരണമാണ്. ഒരുപക്ഷെ കൊറോണ അവിടം കൊണ്ട് ഒടുങ്ങിയിരുന്നെങ്കില്‍ അവര്‍ അവകാശപ്പെട്ടേനെ ഞങ്ങളുടെ കണക്ക് കൂട്ടല്‍ ശരിയായി എന്ന്. നടക്കാതെ വന്നപ്പോള്‍  രാജ്യം സംസ്ഥാനത്തിന്റെ പിരടിയിലിട്ടു കൊണ്ടിരിക്കുന്നു. സംസ്ഥാനം ജനങ്ങളുടെ പിരടിയിലും. അതിന്റെ ബഹളമാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടമാടുന്നത്. എന്ന് സംഭവിക്കുമെന്ന് വ്യക്തമായി പറയാന്‍ ആര്‍ക്കുമാവില്ല, പക്ഷെ സംഭവിക്കും. കോവിഡ് ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെട്ടാല്‍.(ലോകത്ത് ഒന്നും ശാശ്വതമായി നിലനില്‍ക്കില്ല എന്നത് ഓര്‍ക്കുക.) ഉയര്‍ത്തപ്പെടുമെന്ന ശുഭാപ്തി വശ്വാസമാണ് ജാഗ്രതയോടൊപ്പം നമുക്ക് വേണ്ടത്.
കോവിഡ് കാലത്തെ ചില നേര്‍ സാക്ഷ്യങ്ങള്‍

ഇന്ത്യയില്‍ മാര്‍ച്ച് മാസവസാനത്തോടെ ലോക് ഡൗണ്‍ ചെയ്തത് നിമിത്തം ചെറിയ ആശ്വാസം ഉണ്ടായെന്നത് നിഷേധിക്കുന്നില്ല. പക്ഷെ പണ്ട് ചെന്നായയും ആട്ടിടയനും കഥയിലെന്ന പോലെ ശരിക്കും കോവിഡ് ചില സംസ്ഥാനങ്ങളിലെങ്കിലും അതിന്റെ താണ്ഡവം ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ കൈയൊഴിയുന്ന അവസ്ഥയാണ് കാണുന്നത്. കാരണം സുബോധ്യമാണ്. സാമ്പത്തീകമായി പിടിച്ചു നില്‍ക്കാനാവുന്നില്ല എന്നത്. മഹാ നഗരങ്ങളില്‍ അതീവ ജാഗ്രത സര്‍ക്കാര്‍ ഭാഗത്ത് നിന്ന് തന്നെ വേണ്ടതാണ്. പ്രത്യേകിച്ചും ദില്ലി, മുംബൈ, അഹമദാബാദ്, ചെന്നെ നഗരങ്ങളില്‍. ചൈനീസ് ഭരണകൂടം താത്ക്കാലികമായി പടുകൂറ്റന്‍ ആശുപത്രികള്‍ പണിതത് നമുക്കിവിടെയോര്‍ക്കാം. അത്തരം താത്ക്കാലിക സംവിധാനമൊരുക്കി ആ നഗരങ്ങളില്‍ രോഗികളെ മാറ്റി പാര്‍പ്പിക്കേണ്ടത് അനിവാര്യമാണിന്ന്. മുംബൈ തന്നെയെടുത്താല്‍ അവിടുത്തെ എണ്ണത്തിലും സാങ്കേതിക മികവിലും ഉയര്‍ന്ന ആതുര ചികിത്സാ കേന്ദ്രങ്ങള്‍ പോലും അപര്യാപ്തമായി വരുന്ന സ്ഥിവിശേഷമാണ് വാര്‍ത്താ ചാനലുകളിലൂടെ കാണാനാവുന്നത്. ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകളും ചികിത്സാ സൗകര്യങ്ങളും തന്നെയാണ് ആദ്യമായി സജ്ജീകരിക്കേണ്ടത്. അഭയ കേന്ദ്രങ്ങളുടെ അഭാവവും അസൗകര്യങ്ങളും മാനസീകമായി തന്നെ രോഗികളെ തളര്‍ത്താന്‍ കാരണമായേക്കും. മുംബൈ നഗരമെന്നത് ഇന്ത്യയുടെ തന്നെ ഒരു പരിച്ഛേദമാണ്. ഇന്ത്യയുടെ മുപ്പതൊളം വരുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ചേരി പ്രദേശങ്ങളിലും (കോളണികളായി) റെസിഡെന്‍ഷ്യല്‍ ഏറിയകളിലും തിങ്ങി പാര്‍ക്കുന്ന ഇടം. അതില്‍ ധാരാവി എന്നയിടം ഏഷ്യയിലെ - ഒരുപക്ഷെ ലോകത്തിന്റെ - തന്നെ ഏറ്റവും വലിയ ചേരിപ്പദേശമായി എണ്ണപ്പെടുന്ന ഒന്നാണ്. അവിടെ ഒരു സാമൂഹിക വ്യാപനം ഉണ്ടാവുക എന്നത് അതി ഭീകരമാണ്.

മലയാളി സമൂഹം ഇന്ന് ഉപജീവനം തേടി എത്താത്ത ഇടങ്ങളില്ല. അവരെയൊക്കെയും ചേര്‍ത്തു പിടിക്കുക എന്നത് കേരളം ഭരിക്കുന്ന ഭരണ കൂടത്തിന്റെ ഉത്തരവാദിത്തമാണ്. അത് കൊണ്ട് തന്നെ ലോകമെങ്ങുമുള്ള മലയാളികളില്‍ തിരിച്ചു വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ എത്രയും പെട്ടെന്ന് (സുപ്രീം കോടതി സൂചിപ്പിച്ചു.) നാട്ടിലെത്തിക്കുക ഈ ഭരണകൂടത്തിന്റെ പ്രഥമ ലക്ഷ്യമാകണം. വിദേശത്താവുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം വേണമെന്നുള്ളത് നേരാണ്. അതിന് കേന്ദ്രത്തില്‍ സംമര്‍ദ്ദം ചെലുത്താന്‍ മുന്നിലുണ്ടാവേണ്ടത് സംസ്ഥാന ഭരണ കൂടമാണ്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടിപ്പോയവരെ, അവിടെ രോഗം പടരുന്ന ഭീതിതമായ അവസ്ഥയില്‍ പോലും, പലതരം ന്യായം പറഞ്ഞ് തിരിച്ച വരുന്നതിന് പാസ് നല്‍കാന്‍ വൈകിപ്പിച്ച്, ഇവിടെ ചികിത്സയിലുണ്ടായിരുന്ന ഏതാനും പേരെ ആശുപത്രികളില്‍ കിടത്തി ചികിത്സിച്ച്  ഭേദമാക്കി ലോകത്ത് പൂര്‍ണ്ണമായും കോവിഡ് രോഗികളെ ഭേദമാക്കി എന്ന പദവി സമ്പാദിക്കാനായിരുന്നു സംസ്ഥാന ഭരണകൂടത്തിന് തിടുക്കം. അതെ സമയം നൈതീകമായി മനുഷ്യ നന്മ കൊതിക്കുന്ന ഒരു ഭരണ കൂടമായിരുന്നെങ്കില്‍  അന്യ ദേശത്ത്, ഇന്ത്യക്കകത്തും അപകട മുനമ്പില്‍ ജീവന് വേണ്ടി പിടയുന്നവരെ തിരിച്ചെത്തിക്കുക എന്നതാവുമായിരുന്നു പരമ ലക്ഷ്യം. ക്യാമറക്ക് മുന്നില്‍ വന്ന് നിന്ന് തള്ളാന്‍ സാമര്‍ത്ഥ്യമുള്ളവരല്ലെ രാഷ്ട്രീയത്തിലും ഉയരത്തിലെത്തുന്നത്.? അവര്‍ ഭരണ തലവന്മാരാകുന്നു. ഇത്തരം തള്ളലുകളിലൂടെ, ദേശീയ ഹൈവേകളെ കുറിച്ച് എന്തൊക്കെയാണ് നാം കേട്ടത്.? മഹാരാഷ്ട്രയില്‍, മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് റോഡ് മാര്‍ഗ്ഗം ആയിരം കി,. മീറ്ററിലധികം കാണും.  സാധാരണ സന്ദര്‍ഭങ്ങളില്‍ എല്ലാ പ്രധാന പോയിന്റുകളിലും കാശ് വാങ്ങിയാണെങ്കിലും, യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയ വലിയ ഹോട്ടല്‍ സമുച്ചയങ്ങള്‍ തുറന്നിരിക്കും. ഈ കോവിഡ് കാലത്ത് ആയിരത്തിലധികം കി. മീറ്റര്‍ വരുന്ന ഹൈവേ ഓരത്ത് ഒരൊറ്റ ടോയ്‌ലറ്റ് സൗകര്യമോ കംഫര്‍ട്ട് സ്റ്റേഷനോ തുറന്നു വെച്ച നിലയില്‍ ഇല്ലായിരുന്നു എന്നതില്‍ നിന്ന് ഇന്ത്യയുടെ വികസനം എവിടെ എത്തി നില്‍ക്കുന്നു എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതെ സമയം പടുകൂറ്റന്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ ഈ പ്രാകൃത ചിന്താഗതിക്കാര്‍ എത്ര മാത്രം ഉത്സുകരാകുന്നു എന്നതും.

ഇവിടെ നമ്മുടെ സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ (തലപ്പാടി-യുടെ കാര്യം അനുഭവ സാക്ഷ്യം) സ്ഥാപിച്ചിരിക്കുന്ന ഹെല്‍ത്ത് പോസ്റ്റുകള്‍ വെറും പ്രഹസനമാണെന്ന് പറയാതിരിക്കാന്‍ നിവത്തിയില്ല. അവിടെ ടെംപറേച്ചര്‍ മാത്രമെ പരിശോധിക്കുന്നുള്ളൂ. കോവിഡ് ബാധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അതിലൂടെ കടന്നു പോകാം. യാതൊരു നിയന്ത്രണവുമവര്‍ക്കില്ല. അവിടന്നങ്ങ് യാത്രക്കാരെ വിട്ടേക്കുകയാണ്, ഹോം ക്വാറെന്റൈന്‍ എന്നും പറഞ്ഞ്. അവരില്‍ മനസാക്ഷിയെ വഞ്ചിക്കുന്നവര്‍ ഉണ്ടെങ്കിലോ.? അവിടെ ആംബുലന്‍സുകളും കാത്തിരിക്കുന്നുണ്ട്. യാത്രക്കാരെ മടിശ്ശീല മുഴുവന്‍ ഒടുവിലായൊന്ന് കുടയാന്‍ ആവശ്യപ്പെട്ട്. അതോടെ തീരട്ടെ സമ്പാദ്യമൊക്കെ എന്ന ലക്ഷ്യത്തോടെ. പക്ഷെ യാത്രക്കാര്‍ സ്വയം നിയമം പാലിക്കുന്നത് കൊണ്ടാണ് കാസര്‍കോട്ട് സംപര്‍ക്ക വ്യാപനം വളരെ കുറഞ്ഞത്. അതിനു നന്ദി രോഖപ്പെടുത്തേണ്ടത് അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെയെത്തുന്നവരോടാണ്. നമ്മുടെ യുദ്ധം രോഗത്തോടാണ് രോഗിയാടല്ല എന്ന് നാം നിരന്തരം സര്‍ക്കാര്‍ പരസ്യത്തിലൂടെ കേട്ടു കൊണ്ടുണ്ടെങ്കിലും, ചില പ്രദേശങ്ങളിലെങ്കിലും അത് രോഗികളോടാകുന്നതിന്റെ ലക്ഷണങ്ങള്‍ നാം ചാനലിലൂടെ കാണുന്നുണ്ട്. അത്രക്കും വെളിച്ചത്തേക്ക് വരാത്ത ചിലരുണ്ട്. അവര്‍ കിംവദന്തി പരത്തി സായൂജ്യമടയുന്നു. വെറ്‌തെ രോഗി ഇറങ്ങി നടന്നു എന്നും രോഗം പടര്‍ത്തി എന്നുമൊക്കെ പറഞ്ഞ്.. അവരെ ശുണ്ഠി പിടിപ്പിക്കുന്നത് അധികൃതര്‍ക്ക് കാര്യ കാരണമില്ലാതെ തോന്നുന്ന ഈ ഹോട്‌സ്‌പോട്ട് പ്രഖ്യാപനങ്ങളാണ്. ഒരാള്‍ അയല്‍ സംസ്ഥാനത്ത് നിന്ന് വന്ന് കുടുംബാംഗങ്ങളൊഴിഞ്ഞു കൊടുത്ത വീട്ടില്‍ താമസമാക്കി പിറ്റേന്ന് രോഗ ലക്ഷണങ്ങള്‍ കണ്ട് നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരയച്ച ആംബുലന്‍സില്‍ കയറിയങ്ങ് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോയാലും, ഒരു രാത്രി തങ്ങിയ, അടുത്തൊന്നും മറ്റ് വീടുകളില്ലാത്ത ഇടം സ്ഥിതി ചെയ്യുന്ന വാര്‍ഡ് ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിക്കുന്നു. എന്തിനെന്ന് അവര്‍ക്കെ അറിയൂ.



Keywords:  Kerala, Article, Some direct testimony of the Covid period

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia