ഞങ്ങൾ മരിക്കണോ ജീവിക്കണോ?
Apr 4, 2020, 21:03 IST
മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 04.04.2020) ലോകം കൊറോണ വൈറസിന്റെ പിടിയിലമരുമ്പോഴും ജനങ്ങളുടെ ഇടനെഞ്ചുകളിൽ വേവലാതിയുടെ അഗ്നിയാളിക്കത്തുകയാണ്. നമ്മുടെ നാടുകൾ പേടിയെന്ന നീരാളികൈകളിൽ ഞെരിഞ്ഞ് പിടയുമ്പോൾ അധികാരികൾ ഓരോ ദിവസവും ഓരോ നിയമം കൈക്കൊള്ളുന്നത് ജനങ്ങളെയാണ് കടുത്ത ബുദ്ധിമുട്ടിലാക്കുന്നത്.
വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ഉമ്മറപ്പടിയിൽ നിന്നു കൊണ്ട് പുറത്തേക്ക് നോക്കികൊണ്ടിരിക്കുമ്പോഴും പുകയാത്ത അടുപ്പുകളെ നോക്കി ശപിച്ചും പ്രാകിയും കഴിയുന്ന ഞങ്ങൾ മരിക്കണോ അതോ ജീവിക്കണോ..? രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിത്യവേതനത്തിൽ കുടുംബം പോറ്റിയിരുന്നവർ ഒരു നേരത്തെ അന്നത്തിന് വേണ്ടി കൈനീട്ടേണ്ട അവസ്ഥയിലാണിപ്പോഴുള്ളത്.
എന്തെങ്കിലും വാങ്ങാനായി കടകളിലോ ചന്തയിലോ പോകണമെങ്കിൽ സത്യവാങ്മൂലം കരുതണം.അതു കരുതിയാലും ഇല്ലെങ്കിലും പോലിസുകാരുടെ ലാത്തിയടിയുറപ്പാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ നിയന്ത്രിക്കാനുള്ള നടപടികൾ അംഗീകരിക്കുന്നു. പക്ഷെ ദാഹവും വിശപ്പും ഒരു പരിധി വരെ സഹിക്കാം, അതിനപ്പുറം പിടിച്ചു നിൽക്കുവാൻ ആർക്കും സാധിക്കുകയില്ല. നഞ്ചു വാങ്ങി കഴിക്കുവാൻ പോലും കൈയ്യിൽ നയാ പൈസയില്ലാതെ നട്ടംതിരിയുന്നവരുണ്ടിപ്പോൾ.
കടകമ്പോളങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ കച്ചവടക്കാരും ബുദ്ധിമുട്ടുകൾ സഹിക്കുകയാണ്. സാധനങ്ങൾ വാങ്ങാൻ കടകൾക്കു മുന്നിൽ നിന്നാൽ പോലീസുകാരുടെ ലാത്തിക്കഷായം കുടിക്കേണ്ടി വരുന്നുവെന്നത് സത്യമാണ്. സത്യവാങ്മൂലം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അധികരിച്ചതല്ലാതെ കുറഞ്ഞില്ല. കൊറോണ വൈറസ് വന്നതോടു കൂടി ജനങ്ങൾ പട്ടിണിയുടെ ആഴപ്പരപ്പിലേക്ക് മുങ്ങി താഴുകയാണ്.
“ഇനിയും ഞങ്ങൾ ജീവിക്കണോ മരിക്കണോ..?”
Keywords: Article, Karnataka, kasaragod, Kerala, Police, Thalappady, Should we die or live?