city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരപരാധിയുടെ രക്തം ചീന്താതിരിക്കാന്‍ പോലീസ് ചെയ്യേണ്ടത്....

മൂസ ബി. ചെര്‍ക്കള

ക്കഴിഞ്ഞ ജൂലൈ ഏഴിന് കാസര്‍കോട് നഗരത്തില്‍ വര്‍ഗീയതയുടെ ചുടുരക്തം ഒരിക്കല്‍ കൂടി വാര്‍ന്നൊഴുകി. മുലപ്പാലിന്‍ മണം മാറാത്ത 'ഇളം കുരുന്ന് 'സാബിത്തിന്റെ ജീവനാണ് വര്‍ഗീയ വേതാളന്മാരുടെ മൂര്‍ച്ചയുള്ള ആയുധത്തിനിരയായത്. അതും പകല്‍വെളിച്ചത്തില്‍. വാര്‍ത്ത കാട്ടുതീയായി. നിമിഷം കൊണ്ട് നഗരം നരകമായി, കട കമ്പോളങ്ങളടഞ്ഞു. ബസോട്ടം നിലച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി.

നഗരത്തിലെ പെട്രോള്‍ പമ്പിലേക്ക് സ്‌കൂട്ടറില്‍ പെട്രോള്‍ നിറക്കാന്‍ സുഹൃത്തിനൊപ്പം പുറപ്പെട്ട ചൂരിയിലെ സാബിത്തിന്റെ മൃതദേഹം കാണാന്‍ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജനറല്‍ ആശുപത്രിയിലേക്കും ജനങ്ങള്‍ ഒഴുകി. പ്രതിഷേധാഗ്നി ഉള്ളിലൊതുക്കിയ യുവാക്കള്‍ നിയന്ത്രണാതീതമാകാത്ത ഒരു ഘട്ടംവരെയെത്തി. പോലീസ് ഉന്നതാധികാരികളുടെ തന്ത്രപരമായ ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ നഗരത്തില്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കുമായിരുന്നു. അങ്ങിനെയൊന്ന് സംഭവിക്കാത്തത് ആശ്വാസകരം.

എല്ലാം പെട്ടെന്നായിരുന്നു. നഗരത്തിനടുത്ത് ഹൈവെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന സര്‍ക്കാര്‍ ഉഗ്യോഗസ്ഥന്‍ ഞായറാഴ്ചയായതിനാല്‍ 10 മണിക്ക് ഒന്ന് മയങ്ങിയതാണ്. 12 മണിക്ക് ഉണര്‍ന്നപ്പോള്‍ മയക്കത്തിന് മുമ്പുണ്ടായിരുന്ന കാസര്‍കോടല്ലായിരുന്നു അത്. ഹൈവേയില്‍ ഒരു വാഹനവും ഓടുന്നില്ല. ചായ കുടിച്ച ഹോട്ടല്‍ പൂട്ടിയിരുന്നു. റോഡിലൂടെ പോലീസ് വണ്ടി തലങ്ങും വിലങ്ങും ഓടുന്നു. എന്താണ് കാരണമെന്ന് അന്വേഷിക്കാന്‍ അവിടെ ഒരാളും ഉണ്ടായിരുന്നില്ല. ഉച്ചക്കും രാത്രിയും ഭക്ഷണമോ വെള്ളമോ അദ്ദേഹത്തിന് കിട്ടിയില്ല.

നിരപരാധിയുടെ രക്തം ചീന്താതിരിക്കാന്‍ പോലീസ് ചെയ്യേണ്ടത്....
File Photo
മധൂരിലെ ഹൊള്ള സ്വാമി രാവിലെ മംഗലാപുരത്തേക്ക് പോയതാണ്, നാട്ടില്‍ കുഴപ്പമാണെന്ന് ആരോ വിളിച്ചു പറഞ്ഞു. തിരിച്ചു നാട്ടിലേക്ക് വരാന്‍ ധൈര്യം വന്നില്ല.അദ്ദേഹം ഉഡുപ്പിയില്‍ ബന്ധുവീട്ടിലേക്ക് പോയി. ആശുപത്രിയില്‍ ചികിത്സക്ക് പോയവര്‍ അവിടം തങ്ങി. ദൂരയാത്രക്കാര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ബസ് സ്റ്റാന്റുകളും പീടികത്തിണ്ണകളും അഭയകേന്ദ്രമാക്കി. എങ്ങും ഭീതിജനകമായൊരന്തരീക്ഷം തളം കെട്ടി നിന്നു.

വര്‍ഷങ്ങളായി കാസര്‍കോട്ടുകാര്‍ ഈ ശാപം പേറുകയാണ്. ഔദ്യോഗിക സംസാരങ്ങള്‍ക്കിടയില്‍പോലും 'കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം' എന്ന പരാമര്‍ശം സ്ഥിരപ്രതിഷ്ഠ നേടി. നേരിട്ടോ അല്ലാതെയോ ഇത്തരം ഒരു ദുരിതത്തില്‍ പെടാത്ത കാസര്‍കോട്ടുകാരന്‍ ഉണ്ടാവില്ല. അതിക്രമത്തോടുള്ള പ്രധിഷേധമായി 'സ്വയം പ്രഖ്യാപിത' ഹര്‍ത്താലുകള്‍ ഏറെ പ്രതികൂലമായി ബാധിക്കുന്നത് നഗരത്തിലെ കച്ചവട സ്ഥാപനങ്ങളെയാണ്. വാടകയുടെ കൂടെ മേല്‍വാടക നല്‍കിക്കൊണ്ട് കച്ചവടത്തിലൂടെ കുടുംബം പോറ്റാന്‍ പാടുപെടുന്ന ചെറുകിട കച്ചവടക്കാരാണ് ഹര്‍ത്താല്‍ മൂലം ഏറെ ദുരിതം അനുഭവിക്കുന്നത്.

പട്ടണത്തില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായാല്‍ ജനങ്ങള്‍ നഗരത്തില്‍ വരാന്‍ ഭയക്കുന്നു. പിന്നെ ആഴ്ചകളോളം ആളൊഴിഞ്ഞ നഗരത്തെയാണ് നാം കാണുന്നത്. പരീക്ഷാ ദിവസങ്ങളില്‍ വന്നുപെടുന്ന ഹര്‍ത്താല്‍ എത്രയോ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഭാവിയെയാണ് തുലച്ചു കളഞ്ഞത്. ഇത്തരം ഹര്‍ത്താലുകള്‍ സംഭവിക്കുന്നത് നിരപരാധികള്‍ ആക്രമിക്കപ്പെടുമ്പോഴും കൊലക്കത്തിക്കിരയാകുമ്പോഴുമാണ്. മതാന്ധത ബാധിച്ച് മനുഷ്യത്വം മരവിച്ച ഏതാനും ചില കശ്മലന്മാരുടെയും അവര്‍ക്ക് വളം വെച്ച് കൊടുക്കുന്ന ചില 'യജമാനന്‍'മാരുമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്ന് കണ്ടെത്താന്‍ വലിയ അന്വേഷണമൊന്നും ആവശ്യമില്ല.

ജില്ലാ ഭരണകൂടവും, നിയമം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥരും, മത-രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും ഒന്നു മനസുവെച്ചാല്‍ തീര്‍ച്ചയായും മാറ്റി എടുക്കാന്‍ സാധിക്കുന്ന പ്രശ്‌നമാണിത്. സംഘര്‍ഷമുണ്ടായാല്‍ സമാധാന കമ്മിറ്റി ചേര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളുടെ ചെളി വാരിയെറിഞ്ഞ് ചായകുടിച്ച് പിരിഞ്ഞത് കൊണ്ടായില്ല. അത്തരം യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ ശക്തമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ മുമ്പോട്ട് വരണം. അവര്‍ക്ക് അതിന് ആവശ്യമായ പിന്തുണ നല്‍കേണ്ടത് ജനങ്ങളാണ്.

ഇവിടെ കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് കാതലായ പ്രശ്‌നം. ഒന്നിലധികം കൊലക്കേസുകളില്‍ പ്രതിയായവര്‍ അടുത്ത ഇരയെയും തേടി നടക്കുന്നത് തടയാന്‍ നിയമപാലകര്‍ക്ക് സാധിക്കുന്നില്ല. പോലീസ് സ്റ്റേഷനിലെ ചില 'കറുത്ത കരങ്ങള്‍' അത്തരക്കാരെ സംരക്ഷിക്കുന്നു എന്ന വിധത്തിലാണ് ജനസംസാരം. ഒരു നാടിന് ശാപമായി മാറിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ കാസര്‍കോട്ടെ പോലീസ് സ്റ്റേഷന്‍ ചുറ്റുപാടുകള്‍ അനുകൂലമല്ല.

കൊല്ലങ്ങളായി സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച് വേരുപിടിച്ച പോലീസുകാരില്‍ ചിലര്‍ തന്നെ കേസന്വേഷണത്തിനെ അട്ടിമറിക്കുവാനും പ്രതികളെ രക്ഷിക്കാനും കൂട്ടുനില്‍ക്കുന്നുവെന്ന പരാതി പരക്കെയുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന പ്രതികളുടെ ഒളിത്താവളങ്ങളെക്കുറിച്ച് വിവരം കിട്ടിയാല്‍, സ്റ്റേഷനില്‍ നിന്നും പോലീസ് ജീപ്പ് പുറപ്പെടും മുമ്പ്തന്നെ 'പ്രതി'യെ വിളിച്ച് എസ്.ഐ അങ്ങോട്ട് വരുന്നുണ്ടെന്ന് വിളിച്ച് പറയുന്ന പോലീസുകാരാണ് ഇവിടെയുള്ളതെന്ന് നിരാശയോടെ തുറന്നു പറഞ്ഞത് ഒരു സബ് ഇന്‍സ്‌പെക്ടറാണ്. കുറ്റവാളികളും പോലീസുകാരും തമ്മില്‍ അവിഹിത കൂട്ടുകെട്ട് നാശത്തിലേക്ക് നയിക്കും. പോലീസുകാരുടെ ഭാഗത്ത് പോലും വര്‍ഗീയ രൂപത്തിലുള്ള പെരുമാറ്റങ്ങളും പ്രവര്‍ത്തികളും ഉണ്ട്. ഇത് സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കില്ല.

വാഹനം പരിശോധിക്കുന്ന പോലീസ് ഒരേതരത്തിലുള്ള കുറ്റത്തിന് രണ്ട് വിധത്തിലുള്ള 'ഫൈന്‍' ഈടാക്കുന്നത് പരസ്യമായ രഹസ്യമാണ്. കേസ് ഡയറി പരിശോധിച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കാസര്‍കോട് സ്റ്റേഷനിലായിരിക്കും. ഒരു ഗഫൂറും ഗണേഷനും അല്‍പം ഉറക്കെ സംസാരിക്കുന്നത് കേട്ടാല്‍ ഉടനെ 153 എ വകുപ്പില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്ന രീതി മാറ്റണം. സി.ബി.എസ്.ഇ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ പേരില്‍ കള്ളക്കേസുണ്ടാക്കി പരീക്ഷ തലേന്ന് 153 എ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത സംഭവം പോലും കാസര്‍കോട് സ്റ്റേഷനുണ്ട്.

കാസര്‍കോട്ടെ പ്രശ്‌നങ്ങളെന്ന് പറഞ്ഞാല്‍, കാസര്‍കോട് ജില്ലയില്‍ പ്രശ്‌നമില്ല, കാസര്‍കോട് താലൂക്കില്‍ പ്രശ്‌നമില്ല, കാസര്‍കോട് മണ്ഡലത്തില്‍ പ്രശ്‌നമില്ല. കാസര്‍കോട്ടെ പ്രശ്‌നമെന്ന് പറയുന്നത് ജില്ലാ പോലീസ് ആസ്ഥാനവും ജില്ലാ പോലീസ് മേധാവിയും സായുധ സേനാ വിഭാഗവും നിലകൊള്ളുന്ന മധൂര്‍ പഞ്ചായത്തിലെ പാറക്കെട്ട് പ്രദേശത്തിന്റെ ഏതാനും കിലോമീറ്റര്‍ ചുറ്റളവിലും കാസര്‍കോട് ടൗണിന്റെ ഒരു ഭാഗത്തുമാണ്. മിക്ക കൊലപാതകങ്ങളും നടന്നത് 'ഠ' വട്ടത്തിനകത്തുള്ള ഈ പ്രദേശത്താണ്. കാസര്‍കോട് ജില്ലയിലെ സര്‍വ പോലീസ് സൈന്യങ്ങളെയും സജ്ജീകരിച്ചിട്ടുള്ള ഈ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ശക്തമായ നടപടിയുമായി മുമ്പോട്ട് പോയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കും.

നിരപരാധിയുടെ രക്തം ചീന്താതിരിക്കാന്‍ പോലീസ് ചെയ്യേണ്ടത്....
Sabith
കാസര്‍കോട്ട് ശാശ്വത സമാധാനം കാംക്ഷിക്കുന്ന അധികാരികള്‍ ആദ്യം ചെയ്യേണ്ടത്, കാലങ്ങളായി സ്‌റ്റേഷനുകളില്‍ മാറ്റമില്ലാതെ തുടരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിദുര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി പകരം നല്ല ഉദ്യോഗസ്ഥരെ നിയമിക്കലാണ്. രണ്ടായിരത്തിന് ശേഷം ഇവിടെ നടന്ന കൊലപാതകങ്ങളടക്കം, കുറ്റം ചെയ്ത് ശിക്ഷിക്കപ്പെടാത്ത കേസുകള്‍ കണ്ടെത്തി, അത്തരം കേസുകളില്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ വെച്ച് കേസുകള്‍ പുനരന്വേഷിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. കൊല, കൊലപാതകശ്രമം തുടങ്ങിയ വന്‍ കുറ്റങ്ങളില്‍ അകപ്പെട്ട് നാലും അതില്‍ അധികവും കേസുകളില്‍ പ്രതിയായവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പെടുത്തി അറസ്റ്റു ചെയ്യാന്‍ പോലീസ് ധൈര്യം കാണിക്കണം. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലിസ്റ്റ് തയ്യാറാക്കി, പരിശോധിച്ച് നാട്ടില്‍ സമാധാനം തകര്‍ക്കുന്നവരെ നിയമ പരിധിക്കുള്ളില്‍ കൊണ്ട് വരണം.

അക്രമ വാസനകള്‍ക്ക് മദ്യപാനവും ഒരു പ്രധാന കാരണമാണ്. അവധി ദിവസങ്ങളില്‍ ബാറുകള്‍ക്ക് മുമ്പില്‍ മദ്യ ലഹരിയില്‍ വഴിപോക്കരെ തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് നിത്യദര്‍ശനമാണ്. അത്തരക്കാരെ നിയന്ത്രിക്കാന്‍ നിയമത്തിന് സാധിക്കണം. പ്രശ്‌ന ബാധിത മേഖലകളില്‍ 'വേണ്ടപ്പെവരെ' വിളിച്ച് മദ്യസല്‍ക്കാരം ഒരുക്കുന്ന കേന്ദ്രങ്ങളില്‍ അതിഥികളാകുന്നതിന് പകരം അത്തരക്കാരെ അമര്‍ച്ച ചെയ്യാനുള്ള ആര്‍ജവം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കണം.

നിരപരാധിയുടെ രക്തം ചീന്താതിരിക്കാന്‍ പോലീസ് ചെയ്യേണ്ടത്....
Moosa B Cherkala
(Writer)
ഇവിടെ 'കൊല'ക്കത്തിക്കിരയായവരൊക്കെ നിരപരാധികളും, സാധാരണ കുടുംബങ്ങളില്‍പെട്ടവരും, സാബിത്തിനെപ്പോലെ ജീവിക്കാന്‍ വേണ്ടി മാന്യമായി തൊഴിലെടുക്കുന്ന ചെറുപ്പക്കാരുമാണ്. ഇനിയും ഒരുപാട് കാലം ജീവിക്കേണ്ട, ഒരു നൂറ് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കേണ്ട സഹജീവികളെ കേവലം മത വൈരത്തിന്റെ പേരില്‍ കൊലനടത്തി ആര്‍ക്കും ഒന്നും നേടാനില്ല. പക്ഷെ നഷ്ടപ്പെടുന്നത് എല്ലാവരുടെയും സമാധാനവും സാഹോദര്യവുമാണ്. കാസര്‍കോട്ട് ശാശ്വതമായ ശാന്തിയും സമാധാനവും വരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


Related News: 
  കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി

സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും

സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം

സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്

യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ

സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന


Keywords : Police, Kasaragod, Clash, Murder, Accuse, Criminal-gang, Bus, Harthal, Shop, Article, Moosa B Cherkala, Knife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia