city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാപ്പിളപ്പാട്ടിന് ആസ്വാദനത്തിന്റെ പുതുയുഗം നല്‍കിയ കവി എം കെയെ മറന്നതെന്തേ?

റഹീം കല്ലായം

(www.kasargodvartha.com 21.10.2016) വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ടുപിരിഞ്ഞു പോയ മാപ്പിള കവി എം കെ അഹ് മദ് പള്ളിക്കര. കാസര്‍കോടിന്റെ സര്‍വ്വ എശ്വര്യങ്ങളെയും സാഹോദര്യങ്ങളെയും തൊട്ടുണര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍. ആയിരത്തില്‍ പരം മാപ്പിള ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ മഹാകവിയെ ഒരുപക്ഷേ പുതിയ തലമുറക്ക് ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷെ അദ്ദേഹത്തിന്റെ തൂലികയിലെ പാട്ടുകള്‍ മൂളാത്തവര്‍ ആരുമില്ല.

'പാടിബിലാലെന്ന പൂങ്കുയിലെ.. പണ്ട് പാവന ദീനിന്‍ തേനിശലെ.. കാടിളകും കുഫിര്‍ കൂട്ടത്തിലെ.. പുണ്യ കലിമത്തുറപിച്ച പൂങ്കരളെ' ഹസ്രത്ത് ബിലാലിന്റെ ചരിത്രം മനസ്സിലേക്ക് ആവാഹിച്ചു തന്ന എം കെ കര്‍ബല മണ്ണിന്റെ ചരിത്രം കവിതയായി നമ്മുടെ മനസ്സിനെ ഇളക്കി മറിച്ചു... 'കത്തുന്ന കര്‍ബല ഭൂമി കരഞ്ഞിടുന്നെ.. കഥയിതു കണ്ട് കാറ്റും കടല്‍ പോലും സ്തംഭിച്ചു നിന്നീടുന്നെ..', 'ഒരുപുണ്യ റമളാനില്‍ പണ്ട് നടന്നൊരു കരള്‍ പൊട്ടും കഥയിതു കേള്‍ക്കുവീന്‍.. പിരിശപ്പൂ മാതാവിന്റെ ഏക സന്തതിയാം തിരസാറാം വയസോളോം നീണ്ടവന്‍'..
ഇതുപാടി കരയാത്തവര്‍ ചുരുക്കം...

ആയിരക്കണക്കിന് കാസറ്റുകള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ പുറത്തിറങ്ങി. കാസര്‍കോടിന്റെ മാത്രം പുതുമയായ കല്ല്യാണ ഗാനം, താരാട്ടു ഗാനം, കാതുകുത്ത്, മറ്റു ആശംസാ ഗാനങ്ങള്‍ എഴുതുന്നതില്‍ അഗ്രഗണ്യനായിരുന്നു കവി എം കെ അഹമദ്. പലരും പ്രതീക്ഷിക്കാത്ത പ്രശസ്തിയിലേക്കുയര്‍ന്നു. അദ്ദേഹത്തിന്റെ പേരിന് പകരം സ്വന്തം പേരുവച്ച് പലരും ഉയര്‍ച്ചയുടെ പടവുകള്‍ കയറി.

പക്ഷെ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ആരും ആ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. കേരളം മുഴുവനും അദ്ദേഹത്തിന്റെ പാട്ടുകള്‍ അലയടിച്ചു. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയുടെ ചുവട്ടില്‍ ഇരുന്ന് തന്റെ സര്‍ഗാത്മക സിദ്ധികള്‍ കൊണ്ട് മറ്റൊരു കവിതാ ചരിത്രം സൃഷ്ടിക്കുകയായിരുന്നു കവി എം കെ അഹമ്മദ്. നൂറുകണക്കിന് ആല്‍ബങ്ങളിലും ഗാനേമളകളിലും എം കെയുടെ വരികള്‍ നാം തിരിച്ചറിഞ്ഞു. ആയിരത്തോളം മദ്ഹ് ഗാനങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു. ഒരോ ദര്‍ഗ്ഗയുടെയും ചരിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ പെയിതിറങ്ങി.

അറബിയും തമിഴും കന്നടയും ഉറുദുവും അദ്ദേഹത്തിന്റെ വരികളില്‍ ഇടംപിടിച്ചു. മാത്രമല്ല ഒ പി ഹമീദ് പൈക്കയുടെ സംവിധാനത്തില്‍ ഒരു സുഹൃത്തിന് വേണ്ടി പാട്ടുകള്‍ എഴുതിയത് തന്നെ തമിഴ് ഭാഷയിലാണ്. അത്രയും നല്ല കവിത പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. കാസര്‍കോടിന്റെ മനസ്സറിഞ്ഞ അദ്ദേഹം ഓരോ പ്രദേശത്തിന്റെയും ശൈലിക്കനുസരിച്ച് പാട്ടുകള്‍ എഴുതി. കവി ഉബൈദിനെ പോലുള്ള പ്രതിഭകളുടെ ചാരത്തു നിന്നും ആരംഭിച്ച എം കെയുടെ പ്രയാണം പതിറ്റാണ്ടുകളോളം മലയാളികളെ ആസ്വദനത്തിന്റെ അന്തര്‍ധാരയിലേക്ക് എത്തിക്കുന്നതായിരുന്നു.

പാട്ടിന്റെ പെരുമഴ തീര്‍ത്തിട്ടും അവസാന നാള്‍ വരെ വളരെ കഷ്ടത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രതിഫലമൊന്നും വാങ്ങാത്ത എം കെ എഴുതിയ രചനകള്‍ കൊണ്ടുപോയി കാസറ്റുകളും ആല്‍ബങ്ങളും ഇറക്കിയവര്‍ ഉന്നതിയിലെത്തി. വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു എം കെ. കലാരംഗവുമായി ബന്ധപെട്ട് അദ്ദേഹത്തെ കണ്ടുമുട്ടിയ നാള്‍ ഇന്നും ഓര്‍ക്കുന്നു. ചുണ്ടില്‍ എരിയുന്ന ബീഡിയും കയ്യില്‍ പേനയും കൊച്ചു കൂരയുടെ മുറ്റത്തു പഴയ കസേരയില്‍ ഇരുന്ന് എഴുതുന്ന എം കെ സാഹിബ്.. ഇസ്ലാമിക ചരിത്രത്തിലെ ഏടുകള്‍ മാപ്പിളപ്പാട്ടിന്റ ഇശലുകളിലൂടെ പരിചയപ്പെടുത്തിയപ്പോള്‍ പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ചരിത്ര സംഭവങ്ങളില്‍ സാക്ഷിയായത് പോലുള്ള അനുഭൂതി സൃഷ്ടിക്കപ്പെട്ടു എന്നത് എം കെയുടെ രചനാ വൈഭവം തന്നെയാണ്.

പക്ഷെ ഏറെ വേദനിപ്പിക്കുന്നത്, 1987 ല്‍ മാപ്പിളപ്പാട്ടു രചനക്ക് സര്‍ക്കാര്‍ ഫെലോഷിപ്പ് നല്‍കി ആദരിച്ചതൊഴികെ വലിയ പുരസ്‌കാരങ്ങളൊന്നും എം കെയെ തേടിയെത്തിയില്ല എന്നതാണ്. കേരളം മുഴുവനും അദ്ദേഹത്തിന്റെ പാട്ടുകള്‍ അലയടിക്കുമ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായ് ഒന്നും ചെയ്യാന്‍ ഇവിടത്തെ മാപ്പിള കലാ അക്കാദമിക്കോ മറ്റു കലാ സംഘടനകള്‍ക്കോ കഴിഞ്ഞില്ല. ജോലി കളഞ്ഞു മാപ്പിള കലാരംഗത്തെക്ക് കടന്നു വന്ന അദ്ദേഹം പള്ളിക്കരയിലായിരുന്നു താമസം. കവിതയോടുള്ള അടങ്ങാത്ത പ്രേമം മൂലം ജീവിക്കാന്‍ തന്നെ അദ്ദേഹം മറന്നുപോയി. ഒടുവില്‍ 1999 ജനുവരി 31ന് ഇശലുകളുടെ സുല്‍ത്താന്‍ പറന്നകന്നു.

മരണമില്ലാത്ത എം കെയുടെ പാട്ടുകള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും ഓടി എത്തുന്നു. ഇനിയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മയക്കായ് എന്തെങ്കിലും ചെയ്യണമെന്ന് അധികാരികളോട് ഉണര്‍ത്തുന്നു.

മാപ്പിളപ്പാട്ടിന് ആസ്വാദനത്തിന്റെ പുതുയുഗം നല്‍കിയ കവി എം കെയെ മറന്നതെന്തേ?


Keywords:  Article, Mappilapatt, Remembrance, Pallikara, poet, Kasargod, Song, Mapila Kala Academy, Award, Fellowship,  Family, Poverty, Raheem Kallayam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia