city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി എ ഹമീദ് ഡോക്ടറെ പരിചയപ്പെട്ട ആ ദിവസം...

അനുസ്മരണം/ അസ്ലം മാവിലെ

(www.kasargodvartha.com 24.04.2020) എ ജെ ഹോസ്പിറ്റല്‍. ജൂലൈ 31, 2017 എന്ന് തന്നെയാണെന്റെ ഓര്‍മ്മ. ഒരു തിങ്കളാഴ്ച. അന്നാണ് എന്റുമ്മയെവിദഗ്ദ്ധ ചികിത്സയ്ക്കായ് കാസര്‍കോട് മാലിക് ദീനാര്‍ ആസ്പത്രിയില്‍ നിന്ന് മംഗലാപുരത്തുള്ള എജെയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്.

ഡോ. ബി. വി. മഞ്ജുനാഥ സാറാണ് ഉമ്മയെ ശുശ്രൂഷിക്കുന്നത്. ഡോക്ടറെ എനിക്ക് മുന്‍പരിചയമില്ല. ഉമ്മയെ ഐസിയുവിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ടീമിനോട് നിര്‍ദ്ദേശിച്ചു ഡോക്ടര്‍ പുറത്തിറങ്ങി. കുറച്ച് സിവിയറാണ് കാര്യമെന്നും അദ്ദേഹം സൂചന നല്‍കി. ഹൃദ്രോഗമാണ്. ബ്ലോക്കാണ്. രണ്ടു ഓപ്ഷന്‍ പറഞ്ഞു, ബ്ലോക്ക് കൂടുതലാണെങ്കില്‍ ബൈപാസ് മാത്രമേ നിര്‍വ്വാഹമുള്ളു. പക്ഷെ, അങ്ങിനെയുള്ള ഒരു ആരോഗ്യസ്ഥിതിയിലല്ലായിരുന്നു ഉമ്മ. ബ്ലഡ് പ്രഷര്‍ ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്നുണ്ട്.

മുകളിലത്തെ നിലയിലാണ് ഐ സി യു. ആര്‍ക്കും അവിടെയ്ക്ക് അങ്ങിനെ പ്രവേശനം നല്‍കില്ല - ഒരാള്‍ക്ക് മാത്രം അകത്ത് കയറാന്‍ അനുവാദം. മൂത്ത പെങ്ങളും ഭാര്യയും മാറിമാറി അവിടെ പോയ് വരുന്നുണ്ട്. ഞാനുംഅനിയനും താഴെ കാത്തിരിപ്പ് ഭാഗത്തു ആധിയോടെ ഇരിക്കുകയാണ്. ഡോക്ടറോട് ഒന്നു കൂടി കാര്യങ്ങള്‍ തിരക്കണമെന്നുണ്ട്. ഉമ്മാന്റെ ആരോഗ്യവസ്ഥ എന്താണ് എന്ന് ക്ലിയറായി അറിയണം. ഞങ്ങളെ സമാധാനിപ്പിക്കാന്‍ വേണ്ടി ഡോക്ടര്‍ എന്തെങ്കിലും പറഞ്ഞതാണോ? അത്രമാത്രം അവശനിലയിലാണ് ഉമ്മ. രണ്ടും കല്‍പ്പിച്ചുറിസ്‌ക്കെടുത്താണ് ഉമ്മാനെ അതിരാവിലെആംബുലന്‍സില്‍ കൊണ്ടുവന്നത് തന്നെ.

പെട്ടെന്ന് ഒരാള്‍ ആസ്പത്രി പ്രവേശനകവാടത്തിനകത്ത് കയറി വരുന്നു. അനിയന്‍ സലിം പറഞ്ഞു, കണ്ടിട്ട് കേയര്‍വെല്ലിലെ ഹമീദ് ഡോക്ടറെ പോലെ തോന്നുന്നു. ഇദ്ദേഹമെന്താ ഇവിടെ? കൂടെ രണ്ട് പയ്യന്‍മാരുണ്ട്. ഞങ്ങള്‍ ഓടി അവരുടെ അടുത്തെത്തി. സലാം പറഞ്ഞു, പരിചയപ്പെട്ടു. നിങ്ങള്‍ എന്താ ഇവിടെ എന്ന് അങ്ങോട്ട് ചോദിക്കുന്നത് മുമ്പ് അദ്ദേഹം ഇങ്ങോട്ട് മുന്‍പരിചയമുള്ളത് പോലെ ചോദിച്ചു തുടങ്ങി.

'ഉമ്മ, ഐ സി യുവിലാണ്. ഹൃദയ സംബന്ധമായ അസുഖം, രാവിലെ എത്തിയതാണ്. ' ഞങ്ങള്‍ തുരുതുരാ ശ്വാസം വിടാതെ പറഞ്ഞ് കൊണ്ടിരുന്നു.

അദ്ദേഹം ചോദിച്ചു: മഞ്ചുനാഥ് ഡോക്ടറാണോ ഉമ്മയെ നോക്കിയത് ?

'അതെ, സാര്‍. നിങ്ങള്‍ക്ക് പരിചയമുണ്ടോ ?'

'ഞാനും അദ്ദേഹത്തെ കാണാന്‍ വന്നതാണ്.'

പിന്നെ അദ്ദേഹത്തിന്റെ അസുഖകാര്യങ്ങളും മറ്റും പറഞ്ഞു. മാസാമാസമുള്ള ചെക്കപ്പിനാണത്രെ അവിടെ വന്നത്.

''ഒരു ഹെല്‍പ് സാര്‍ ചെയ്യണം '

'എന്താണ് പറയൂ '

'മഞ്ചുനാഥ ഡോക്ടറെ ഞങ്ങള്‍ ആദ്യമായാണ് കാണുന്നത്. സാറിന്റെ പരിചയം വെച്ച് അദ്ദേഹത്തെ ഒന്ന് ബന്ധപ്പെടണം. ഉമ്മാന്റെ ഏറ്റവും ലേറ്റസ്റ്റ് രോഗാവസ്ഥ അറിയണം.എന്താണ് ഏറ്റവും അനുയോജ്യമായ ട്രീറ്റ്‌മെന്റ് എന്നും അതിന്റെ വിശദാംശങ്ങളും എന്തെന്നും കൂടി സാര്‍ അദ്ദേഹത്തോട് ആരായണം. നിങ്ങള്‍ ഒരു ഡോക്ടറും ഒപ്പം അദ്ദേഹത്തിന്റെ പേഷ്യന്റ് കൂടി ആയത് കൊണ്ട് എല്ലാ വശങ്ങളും ചോദിച്ചറിയാന്‍ പറ്റുമല്ലോ. ഞങ്ങള്‍ക്കത് വലിയ ഉപകാരവും ആശ്വാസവുമാകും'

ഹമീദ് ഡോക്ടര്‍ ഞങ്ങളെ നോക്കി. ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ കണ്ണുകള്‍ അദ്ദേഹം വായിച്ചെടുത്തിരിക്കണം.

'ഉമ്മ, ഇപ്പോള്‍ എവിടെയാണ് ? ആദ്യം ഞാനൊന്ന് കാണട്ടെ' വയ്യായ്ക ഉണ്ടെങ്കിലും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

അത്ര ആരോഗ്യകരമായ അവസ്ഥയിലല്ല ഡോക്ടറെങ്കിലും അദ്ദേഹത്തിന്റെ കൂടെ വന്നവരോട് അവിടെ ഇരിക്കാന്‍ പറഞ്ഞിട്ട് വളരെ പതുക്കെ ഞങ്ങളുടെ കൂടെലിഫ്റ്റില്‍ കയറി. ഐ സി യു കവാടത്തില്‍ എത്തി. ഞാനും സലീമും പുറത്ത് നിന്നു. ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തി വിസിറ്റിംഗ് കാര്‍ഡ് കാണിച്ച അദ്ദേഹത്തെ നഴ്‌സുമര്‍ അകത്തേക്ക് കൂട്ടി കൊണ്ടു പോയി. പിന്നെ, കുറച്ചു കഴിഞ്ഞു പുറത്തു വന്നു. അല്‍പം മാറി നിന്ന് അദ്ദേഹം മഞ്ചുനാഥ് സാറിനെ ഫോണില്‍ വിളിച്ചു. കുറെ അവര്‍സംസാരിച്ചു.

പിന്നീട് ഞങ്ങളെ അടുത്ത് വിളിച്ച് അദ്ദേഹം ഓരോ കാര്യങ്ങളും വിശദീകരിച്ചു - ഞങ്ങള്‍ക്ക് തൃപ്തിയാകുന്നത് വരെ അദ്ദേഹം സമയമെടുത്ത് പറഞ്ഞു കൊണ്ടേയിരുന്നു. ലിഫ്റ്റില്‍ നിന്നിറങ്ങുമ്പോള്‍ ഞങ്ങള്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഉള്ള രണ്ടു യുവാക്കളെ അപ്പോഴും ഡോക്ടര്‍ ശ്രദ്ധിക്കുന്നേയില്ല. എന്നിട്ടവര്‍ ആസ്പത്രിക്കകത്ത് മറ്റൊരു ഭാഗത്തു കൂടി കയറി.

ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കണം, ഹമീദ് ഡോക്ടര്‍ പുറത്തെ കവാടത്തിലേക്ക് നടക്കുന്നു. ഞങ്ങള്‍ എഴുന്നേറ്റു നിന്നു. അദ്ദേഹമിങ്ങോട്ടാണ് വരുന്നത്. ഞങ്ങള്‍ക്ക് വിസിറ്റിംഗ് കാര്‍ഡ്/നമ്പര്‍ തന്നു പറഞ്ഞു - എന്തെങ്കിലും അത്യാവശ്യമെങ്കില്‍ വിളിക്കാം. ഒന്നും പേടിക്കണ്ട, ഉമ്മാന്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകും. പ്രാര്‍ഥിക്കുക.

ആദ്യമായാണ് ഹമീദ് ഡോക്ടറെ ഞങ്ങള്‍ കാണുന്നതും മിണ്ടുന്നതും. പക്ഷെ ആ കൂടിക്കാഴ്ച ആദ്യമെന്നൊരിക്കലും തോന്നാത്തത് പോലെ ഒന്നായിരുന്നു. എത്ര പെട്ടെന്നാണ് ആ ശരീരഭാഷ ഞങ്ങളുമായി ഇണങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞു അസുഖം ഭേദമായി ഉമ്മ ആസ്പത്രിയില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറുന്നതിന് മുമ്പ് ഞാന്‍ ഹമീദ് ഡോക്ടറെവിളിച്ചു സന്തോഷം പങ്കു വെച്ചു.

സി എ ഹമീദ് ഡോക്ടറെ പരിചയപ്പെട്ട ആ ദിവസം...


Keywords:  Article, Remembrance, Doctor, Aslam Mavile, Remembrance of Dr. CA Hameed
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia