city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ എ കയ്യങ്കൂടല്‍ എന്ന കരുണയുടെ 'കൈ'

അനുസ്മരണം/ കന്തല്‍ സൂപ്പി മദനി

(www.kasargodvartha.com 22.04.2020) ചിലര്‍ അങ്ങനെയാണ്. തന്റെ പൊതു പ്രവര്‍ത്തനം സ്വന്തം പശി അടക്കാനുള്ളതല്ലെന്നും ആദര്‍ശ നിഷ്ഠയിലും ആശയ സമ്പുഷ്ടതയിലുംഅടിയുറച്ചു നിന്നുകൊണ്ട് അപരന് ഗുണപ്രദമായത് തന്നില്‍ നിന്നും വരുത്തുക എന്നത് മാത്രമാണ് അവകൊണ്ട് ലക്ഷ്യമെന്നും തിരിച്ചറിഞ്ഞവരാണവര്‍. ഇത്തരം സവിശേഷത നിറഞ്ഞ ആലോചനയോടെ തന്റെസമയവും സമ്പത്തും ആരോഗ്യവും ചിലവഴിക്കുക എന്നത് മാത്രമേ അവരുടെ ചിന്തയില്‍ ഉണ്ടാകുന്നുള്ളൂ. അത്തരക്കാര്‍ പൊതു സേവനം കൊണ്ട് സ്വന്തം മടിശ്ശീല ഘനപ്പിക്കണമെന്നോ അന്യന്റെ അവകാശം തട്ടിയെടുത്ത് അവരുടെ ചോര ഊറ്റികുടിച്ചു കൊഴുക്കണമെന്നോ ഒന്നും ചിന്തിച്ചിട്ടേ ഉണ്ടാവില്ല. രാഷ്ട്രീയത്തിലായാലും സന്നദ്ധ സേവന മേഖലയിലായാലും കൈ മോശം വന്നുകൊണ്ടിരിക്കുന്ന ഒരു സദ്ഗുണം കൂടിയാണ് മുകളില്‍ ഉദ്ധരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് നമ്മോട് വിട പറഞ്ഞ കാസര്‍കോട് ജില്ലയിലെ അടിയുറച്ച രാഷ്ട്രീയ പ്രവര്‍ത്തകനും പൊതു സേവകനുമായിരുന്ന പുത്തിഗെ സ്വദേശി അഹ് മദ് അലി കയ്യങ്കൂടല്‍ (നമ്മുടെയെല്ലാം പ്രിയങ്കരനായ 'ആമദലിച്ചകയ്യങ്കൂടല്‍') എന്ന മനുഷ്യ സ്നേഹി മേല്‍ പറഞ്ഞ സല്‍ഗുണ മേന്മ മേളിച്ച അപൂര്‍വ്വം ഒരു വ്യക്തിത്വമായിരുന്നു. ഈ വിനീതന്‍ സ്‌കൂള്‍ തലം തൊട്ട് കണ്ടും കെട്ടും അറിഞ്ഞ ഒരു നേതാവാണദ്ദേഹം.
ആരോടും വ്യക്തി വിരോധം പ്രകടിപ്പിച്ചു കൊണ്ടൊരു സംസാരം ഞാന്‍ ആ മനീഷിയില്‍ നിന്നും ഈ കാലയളവിലൊരിക്കലും ശ്രവിച്ചില്ല. കോണ്‍ഗ്രസ് ജില്ലാ സാരഥി കൂടിയായിരുന്ന അദ്ദേഹം തന്റെ ആദര്‍ഷ്ട നിബിഡമായ രാഷ്ട്രീയമേന്മയെ സ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോഴും എതിരാളികളെ ഭല്‍സിക്കാന്‍ ശ്രമിക്കുന്നതായി കേട്ടില്ല. ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസിന്റെ പൂര്‍വ്വകാല നേതൃത്വത്ത എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ച് സംസാരിക്കുമ്പോഴും ആ പാര്‍ട്ടിയുടെ ഗതകാല മേന്മ പറഞ്ഞു ഫലിപ്പിക്കാന്‍ ആവതു ശ്രമിക്കുക എന്നതും കയ്യന്‍കുടലിന്റെ ഒരു ശൈലിയായിരുന്നു.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ വളര്‍ന്ന മുഹിമ്മാത്തിന്റെ ഓര്‍ഫനേജ് പിറവി കാലത്തെ പ്രസ്തുത കമ്മിറ്റിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു വന്നിരുന്ന സമയത്താണ് ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനത്തിന് കൂടി നമുക്ക് തുടക്കം കുറിക്കണമെന്ന നിലക്ക് അദ്ദേഹം നിരന്തരം ബഹുവന്ദ്യരായ  താഹിറുല്‍ അഹ്ദല്‍ തങ്ങളുമായി ചര്‍ച്ച ചെയ്തിട്ട് കടമ്പകള്‍ മാത്രം മുന്നിലുണ്ടായിരുന്ന അന്ന് ഒരു വേള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നത് തന്നെ. അതിനായി രൂപപ്പെടുത്തിയ സമിതിയുടെ നാഥനാക്കി എ എ യെ തന്നെ തങ്ങള്‍ ഉസ്താദ് നിശ്ചയിക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിനു സമീപം വാടക കെട്ടിടത്തില്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ അങ്ങനെയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുമ്പോഴും പ്രസ്തുത കമ്മിറ്റിയില്‍ ഒരു സേവകനായി ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലക്ക് അദ്ദേഹം സഹിച്ച ത്യാഗങ്ങളില്‍ ഒത്തിരി ഈ വിനീതന് ഇന്നും ഓര്‍മ്മയുള്ള വിഷയമാണ്.

ആ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അന്നത്തെ തൊഴില്‍ മന്ത്രിയോ മറ്റോ ആയിരുന്ന എന്‍ രാമകൃഷ്ണനെ കൊണ്ടു വരുന്നതടക്കമുള്ള ഒരുപാട് ശ്രമങ്ങള്‍ അദ്ദേഹത്തിന്റെത് എന്നും ഓര്‍മ്മിക്കേണ്ടത് തന്നെ. പിന്നീട് കുട്ടികളുടെ ആധിക്യവും കെട്ടിട അസൗകര്യവും നിമിത്തം ആ സ്ഥാപനം ഊജംപദവിലേക്ക് പറിച്ചുനടേണ്ടി വന്നപ്പോള്‍ അങ്ങനെ മാറ്റാനും രക്ഷിതാക്കളോടെല്ലാം അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും അതവിടെ കരുപ്പിടിപ്പിക്കാനും ഉണ്ടായ അധ്വാനം വേറെയും.

ആര്‍ക്ക് എന്തും എപ്പോഴും കയറിച്ചെന്നു സംസാരിക്കാന്‍ തടസ്സം ഇല്ലാതിരുന്ന ഒരാള്‍ കൂടിയായിരുന്ന അദ്ദേഹം. തനി രാഷ്ട്രീയക്കാരനായി നമുക്ക് മുമ്പിലെത്തുമ്പോള്‍ പോലും 'ആമദലിച്ചാന്റെ' രാഷ്ട്രീയ നിലപാടുകളോട് വിയോജിച്ചാലും ഈര്‍ഷ്യത പ്രകടിപ്പിക്കുന്നത് ഒരിക്കലും ശ്രദ്ധയില്‍ പെട്ടില്ല. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, അല്ല ആമദാലിച്ച നിങ്ങളെ കുറേ കാലമായി ഖദര്‍ ഇട്ടു നടക്കുന്നതായി നമ്മള്‍ എല്ലാവരും കാണുന്നു. എന്നിട്ട് നിങ്ങളെയോ അഷ്റഫ് അലിച്ചാനെയോ കോണ്‍ഗ്രസ് പാര്‍ട്ടി പറയാവുന്ന ഒരു പോസ്റ്റ് നിങ്ങള്‍ രണ്ട് പേര്‍ക്കും തന്നു നിങ്ങളെ വേണ്ട വിധം പരിഗണിച്ചു കണ്ടില്ലല്ലോ?

'സൂപ്പി മൊയിലാര്‍ച്ചാ ഞാന്‍ ഒന്ന് പറഞ്ഞോട്ടാ... അങ്ങനെ ഒരു സ്ഥാനം കൊതിച്ചിട്ട് ഞാന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നിനെങ്കില്‍ അല്ലേ എനിക്കതിനു മറുപടി പറയേണ്ടതുള്ളൂ.. ' ഇതായിരുന്നു ലളിതമായ അയാളുടെ ഉത്തരം.. ഈ സംസാരം കഴിഞ്ഞു എല്ലാം വിസ്മൃതിയില്‍ ആണ്ടു ദശാബ്ദം കഴിഞ്ഞ ശേഷമാണ് പിന്നീടദ്ദേഹം പാര്‍ട്ടി ജില്ലാ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത് അതിന് .ശേഷം ഒരു ദിവസം കണ്ടുമുട്ടിയപ്പോള്‍ മുഖവുരയൊന്നും ഇല്ലാതെ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.. 'നിങ്ങളുടെ പരാതി പാര്‍ട്ടി മുഖവിലക്കെടുത്തു, എന്നെ ജില്ലാ സെക്രട്ടറി ആക്കിയിട്ടുണ്ട്, നിങ്ങള്‍ അറിഞ്ഞില്ലേ എന്ന്. ഒരു വേള ഞാന്‍ സ്തംഭിച്ചു. ഞാന്‍ എന്തു പരാതിയാണ് പാര്‍ട്ടിയോട് പറഞ്ഞത്? ഉടന്‍ അയാള്‍ തോളില്‍ തട്ടി പറഞ്ഞു 'ആയി മദനീ ടെന്‍ഷന്‍ ആക്കണ്ട നിങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ട്ടി നിങ്ങളെ എന്തെ ഒന്നും പരിഗണിക്കാത്തത് എന്നു ചോദിച്ചത് എനിക്കോര്‍മ്മയുണ്ട്. ഇപ്പോള്‍ അതിനുത്തരം ആയി എന്നു ഞാന്‍ ഓര്‍മ്മപ്പെടുത്തി എന്നേ ഉള്ളൂ...' ഞാന്‍ അന്ന് തിരിച്ചറിഞ്ഞു അദ്ദേഹത്തിന്റെ മെമ്മറി പവര്‍.

ഞാന്‍ പലപ്പോഴും പല വിഷയങ്ങളും തമാശ രൂപേണയും കാര്യ ഗൗരവത്തോടെയും പറഞ്ഞിട്ടുണ്ട്. ഉള്‍ക്കൊള്ളേണ്ടത് പലതും ഉള്‍ക്കൊണ്ടു പരിഹാരം കണ്ടിട്ടുമുണ്ട്. എല്ലാം ഓര്‍മ്മകളാക്കി ആമദാലിച്ച നമ്മോട് യാത്ര പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനം വഴി സമ്പാദ്യം കുന്നുകൂട്ടുന്നവര്‍ക്ക് ഒരപവാദമായി നിസ്വാര്‍ഥ പാര്‍ട്ടിക്കാരനായി ജീവിച്ചു കാണിച്ചു കൊണ്ട് വിട പറഞ്ഞ അദ്ദേഹത്തിന്റെ നിര്യാണം വഴി പഴക്കവും തഴക്കവും ചെന്ന നല്ലൊരു കോണ്‍ഗ്രസ് പാര്‍ട്ടി നേതാവിനെയാണ് പുത്തിഗെക്ക് മാത്രമല്ല ജില്ലക്ക് മുഴുക്കെ നഷ്ടപ്പെട്ടുപോയത്.

എ എ കയ്യങ്കൂടല്‍ എന്ന കരുണയുടെ 'കൈ'


Keywords:  Article, Remembrance, Congress, Remembrance of AA Kayyamkoodal
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia