city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rememberance | വിയോഗത്തിന് നാലാണ്ട്; ചെര്‍ക്കളം അബ്ദുല്ല എന്ന മാധ്യമപ്രവര്‍ത്തകന്‍

-സൂപ്പി വാണിമേല്‍

(www.kasargodvartha.com)
മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ഖജാഞ്ചിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല മാധ്യമപ്രവര്‍ത്തനത്തില്‍ കൂടി കേന്ദ്രീകരിച്ച പൊതുപ്രവര്‍ത്തകനായിരുന്നു. പത്രാധിപര്‍, എഡിറ്റര്‍മാരുടെ സംഘടന ദേശീയ, സംസ്ഥാന നേതാവ് എന്നീ നിലകളില്‍ തിളങ്ങിയ ചെര്‍ക്കളം പാര്‍ട്ടി പത്രക്കുറിപ്പുകളും പ്രസ്താവനകളും പരാശ്രയമില്ലാതെയാണ് തയ്യാറാക്കിയിരുന്നത്.
             
Rememberance | വിയോഗത്തിന് നാലാണ്ട്; ചെര്‍ക്കളം അബ്ദുല്ല എന്ന മാധ്യമപ്രവര്‍ത്തകന്‍

ആഭ്യന്തര ആക്രമണം സകല സീമകളും ലംഘിച്ച വേളയിലാണ് പത്രം തുടങ്ങുക എന്ന സാഹസത്തിലേക്ക് ചെര്‍ക്കളം തിരിഞ്ഞത്. ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ചര്‍ച്ചകളും തീരുമാനങ്ങളും രേഖപ്പെടുത്തിയ പുസ്തകം സഹ ജില്ലാ ഭാരവാഹി കാസര്‍കോട് നഗരത്തിലെ സായാഹ്ന പത്രം എഡിറ്റര്‍ക്ക് കൈമാറുന്നിടം വരെയെത്തിയിരുന്നു രാഷ്ട്രീയ അധാര്‍മികത. 1987ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ചെര്‍ക്കളം നടത്തിയ പത്രത്തിന്റെ സ്വാധീനം ഏറെ പ്രകടമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന മഞ്ചേശ്വരം 41.81ശതമാനം വോട്ടുകള്‍ നേടി ചെര്‍ക്കളം പിടിച്ചെടുത്ത് മുസ്ലിം ലീഗിന് കന്നി എംഎല്‍എയെ സമ്മാനിച്ചു. കാസര്‍ക്കോട് മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ സി.ടി.അഹ്‌മദലിയുടെ വോട്ടുകള്‍ 43.01ശതമാനത്തില്‍ നിന്ന് 47.81 ശതമാനമായി ഉയര്‍ന്നു. ആ റിക്കാര്‍ഡ് തകര്‍ക്കാന്‍ 2006 വരെ വിജയിച്ച സി.ടിക്കോ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച എന്‍.എ.നെല്ലിക്കുന്നിനോ സാധിച്ചിട്ടില്ല.

എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ ഏതൊരു പത്രപ്രവര്‍തകന്റേയും അമൃതാണ്. കാസര്‍ക്കോട്ട് 'കെല്‍'ഫാക്ടറി സ്ഥാപിക്കുന്നു എന്ന വാര്‍ത്ത താന്‍ എഡിറ്ററായ പത്രത്തിന് ചെര്‍ക്കളം നല്‍കിയ എക്‌സ്‌ക്ലൂസീവ് ഐറ്റമായിരുന്നു. കാസര്‍ക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ വ്യവസായ മന്ത്രി ഇ.അഹ്‌മദില്‍ നിന്ന് ലഭ്യമായതായിരുന്നു ആ വിവരം. മൊബൈല്‍ ഫോണ്‍ കേരളത്തില്‍ പ്രചാരത്തില്‍ ഇല്ലാത്ത, ലാന്റ് ഫോണ്‍ സംസാരത്തിന് കാസര്‍ക്കോട്ടുകാര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ 'നമ്പര്‍ പ്ലീസ്'സംവിധാനം ആശ്രയിച്ചിരുന്ന കാലത്ത് നടത്തിയ ആ വിവരക്കൈമാറ്റത്തിലൂടെ തന്നിലെ മാധ്യമപ്രവര്‍ത്തകനെയാണ് ചെര്‍ക്കളം പുറത്തെടുത്തത്. പത്രത്തില്‍ അത് ലീഡ് വാര്‍ത്തയായി വന്നപ്പോള്‍ മാത്രമാണ് മന്ത്രി അഹമ്മദിനൊപ്പം ഉണ്ടായിരുന്ന മുഖ്യധാരാ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തങ്ങള്‍ ഈ പണിക്ക് കൊള്ളില്ല എന്ന വിചാരം ഉണ്ടാകാതെ പോയത്.

പുഷ്പ പാണ്ഡേയെ ചെയര്‍പേഴ്‌സണായ ഫെഡറേഷന്‍ ഓഫ് സ്മാള്‍ ആന്റ് മീഡിയം ന്യൂസ് പേപ്പേര്‍സ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായും എ.സി.ജോസ് പ്രസിഡണ്ടായ അതിന്റെ കേരള ഘടകം ജനല്‍ സെക്രട്ടറിയുമായിരുന്നു ചെര്‍ക്കളം.

മുസ്ലിം ലീഗ് ജില്ല കമ്മിറ്റി തീരുമാനങ്ങള്‍ പാര്‍ട്ടി പത്രം ബ്യൂറോ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങി വൈകി മാത്രം പ്രസിദ്ധീകരിക്കുന്ന പ്രവണതക്ക് അറുതി കുറിക്കാനായത് ചെര്‍ക്കളം അബ്ദുല്ലയുടെ പത്രപ്രവര്‍ത്തന പരിചയമായിരുന്നു. മനോഹരമായ കൈപ്പടയില്‍ തയ്യാറാക്കി ചെര്‍ക്കളം അയക്കുന്ന പത്രക്കുറിപ്പുകളില്‍ വലിയ വെട്ടിത്തിരുത്തലുകള്‍ ആവശ്യമായിരുന്നില്ല. ഇങ്ങിനെ ലഭിക്കുന്ന പത്രക്കുറിപ്പുകള്‍ മാധ്യമം പത്രത്തില്‍ ആദ്യവും പാര്‍ട്ടി പത്രത്തില്‍ ഉള്‍പ്പെടെ പിറകേയും പ്രസിദ്ധീകരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അവനവന്റെ അലസത മറച്ചുപിടിക്കാന്‍ മാധ്യമം ലേഖകനേയും ചെര്‍ക്കളത്തേയും ബന്ധപ്പെടുത്തി കഥകള്‍ ചില സഹജീവികള്‍ മെനഞ്ഞതായിരുന്നു മറുപുറം. ഇത് ഏറ്റവും തീവ്രമായത് മുസ്ലിം ലീഗിലെ പ്രധാന നേതാക്കള്‍ക്കെതിരെ ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി ശുപാര്‍ശ ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ടായിരുന്നു. യോഗം അവസാനിക്കാന്‍ രാത്രിയായിരുന്നു. തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സാധാരണ നിലയില്‍ അടുത്ത ദിവസം പാര്‍ട്ടി ജിഹ്വയില്‍ ഉള്‍പ്പെടെ ഒരു പത്രത്തിലും ആ വാര്‍ത്ത വരില്ലായിരുന്നു. പത്രപ്രവര്‍ത്തകര്‍ പിരിയുന്നതിനിടെ ചെര്‍ക്കളം മാധ്യമം ലേഖകനെ അരികിലേക്ക് വിളിച്ച് ആരാഞ്ഞു,'വാര്‍ത്ത നാളത്തെ പത്രത്തില്‍ തന്നെ വരുത്താമോ?'

ഓരോ സെക്കന്റും വിലപ്പെട്ടതാണ്,ബ്യൂറോവില്‍ ചെന്ന് അയക്കുമ്പോഴേക്കും ഡെഡ് ലൈന്‍ അതിക്രമിക്കാം എന്ന മറുപടി കേള്‍ക്കേണ്ട താമസം ചെര്‍ക്കളം ലീഗ് ഓഫീസില്‍ നിന്നു തന്നെ വാര്‍ത്ത നല്‍കാന്‍ സൗകര്യം ഒരുക്കി.

വളരെ പ്രധാനപ്പെട്ട വാര്‍ത്ത ഉടന്‍ നല്‍കാന്‍ കഴിഞ്ഞതായിരുന്നു മാധ്യമം പ്രതിനിധിയുടെ ചാരിതാര്‍ത്ഥ്യമെങ്കില്‍ ചെര്‍ക്കളത്തിലെ പത്രപ്രവര്‍ത്തകന്‍ അതിനുമപ്പുറം സഞ്ചരിക്കുകയായിരുന്നു-അച്ചടക്ക നടപടിക്ക് വിധേയരായവരുടെ വക്കാലത്തുമായി സംഘം പാണക്കാട് ചെന്നപ്പോഴേക്കും മാധ്യമം വാര്‍ത്തയായിരുന്നു അവിടെ ചര്‍ച്ച.

ചെര്‍ക്കളം തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെ 'കില'യില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചത് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായിരുന്നു. അന്നത്തെ പ്രസ്‌ക്ലബ് പ്രസിഡണ്ട് കെ.എം.അഹ്‌മദിന് പ്രസംഗിക്കാന്‍ അവസരവും ലഭിച്ചു. മുസ്ലി ലീഗ് അവസ്ഥയെ പത്രപ്രവര്‍ത്തക നിരീക്ഷണത്തോടെ വിലയിരുത്തുമായിരുന്നു ചെര്‍ക്കളം. മലപ്പുറം ജില്ലയിലെ മുസ്ലിംകളില്‍ 70 ശതമാനത്തില്‍ താഴെ മാത്രമാണ് മുസ്ലിം ലീഗിലുള്ളത് എന്ന് പറയുമായിരുന്ന ചെര്‍ക്കളം കാസര്‍കോട് ജില്ലയിലെ സമുദായം 99 ശതമാനവും പാര്‍ട്ടിയിലാണ് എന്ന് അഭിമാനം കൊണ്ടു. എന്നിട്ടു തന്റെ ജില്ലയിലെ പാര്‍ട്ടി മലപ്പുറത്തിന്റെ വെള്ളം കോരികളും വിറകുവെട്ടികളുമാവേണ്ടിവരുന്ന ദുരവസ്ഥയില്‍ ദുഃഖിതനും പലപ്പോഴും രോഷാകുലനുമായിരുന്നു ചെര്‍ക്കളം. തന്റെ നിലപാടിനൊപ്പം ചേരാനുള്ള നട്ടെല്ല് പാര്‍ട്ടിയില്‍ മറ്റുള്ളവര്‍ക്ക് ഇല്ലാതെപോവുന്നതിലായിരുന്നു ദുഃഖവും രോഷവും. മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ വേളയില്‍ ചെര്‍ക്കളത്തെ വീട്ടില്‍ സന്ദര്‍ശിച്ച് ദീര്‍ഘനേരം സംസാരിച്ച് പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞു-'അടുത്താഴ്ച സംസ്ഥാന കൗണ്‍സില്‍ ഉണ്ട്. ട്രഷറര്‍ സ്ഥാനം തരുമെന്നാണ് പറഞ്ഞത്. ഉറപ്പിക്കണ്ട, പണക്കാരുടെ പാര്‍ട്ടിയല്ലേ....'.

സ്വന്തം പാര്‍ട്ടിയെ ഇത്ര കൃത്യമായി നിരീക്ഷിച്ച നേതാവിന് മികച്ച മാധ്യമപ്രവര്‍ത്തകന്‍ എന്ന വിശേഷണം എന്തുകൊണ്ട് ചേരില്ല?.

Keywords: News, Kerala, Kasaragod, Article, Cherkalam Abdulla, Remembrance, Remembering, Journalists, Minister, Muslim-league, Politics, Rememberance: Cherkalam Abdullah as a journalist.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia