city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടവറുകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിനൊരുങ്ങുന്നതിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 16.06.2017) തൃക്കരിപ്പൂര്‍ മാവിലാക്കടപ്പുറത്തെ വെളുത്തപൊയ്യയില്‍ പുതിയ മൊബൈല്‍ ടവര്‍ വരാനിരിക്കുകയാണ്. ഇതു സംബന്ധിച്ച വാര്‍ത്ത കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. തിങ്ങി പാര്‍ക്കുന്ന ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ പാടില്ലെന്ന നിയമം പലയിടത്തുമെന്ന പോലെ അവിടേയും കാറ്റില്‍ പറക്കുകയാണ്. ഇതില്‍ ജനത്തിനു പരാതിയുണ്ട്. അവര്‍ തീരവാസികളേയും കൂട്ടി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താണ് വരാനിരിക്കുന്ന ടവര്‍. മിക്കവര്‍ക്കും വീടു പോലുമില്ല. തീരദേശ പരിപാലന നിയമം അവരെ വീടുണ്ടാക്കാന്‍ അനുവദിക്കുന്നില്ല. അതിന് അയവ് വന്നുകാണാന്‍ ശ്രമിക്കാതെ ട്രായ് നിയമം മറി കടന്ന് മൊബൈല്‍ ടവര്‍ നിര്‍മിക്കാനാണ് അധികൃതര്‍ക്കും, അവരെ നയിക്കുന്ന രാഷ്ട്രീയത്തിനും തിടുക്കം.

ടവറുകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിനൊരുങ്ങുന്നതിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

1970കളിലെ പ്ലാന്റേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുതെന്ന ഭയം ജനങ്ങള്‍ക്കുണ്ട്. അവിടെ എന്‍ഡോസള്‍ഫാന്‍ തെളിക്കുമ്പോള്‍ നാം മനസിലാക്കിയിരുന്നില്ല, പ്രസവിക്കാന്‍ സ്ത്രീകളെ അനുവദിക്കാതിരിക്കും വിധം മാരക വിഷമായിരുന്നു ഇതെന്ന്. മനുഷ്യനെ മനുഷ്യനല്ലാതാക്കി ജനിപ്പിക്കും വിധം പ്രഹരശേഷിയുണ്ട് ഈ മരുന്നിനെന്ന് ആദ്യമൊന്നും മനസിലായില്ല. അതു കൊണ്ടു തന്നെ ആരും പ്രതികരിച്ചില്ല. ഇന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനം ദുരിതത്തില്‍ തന്നെ. എത്രയെത്രയാള്‍ ഇതിനോടകം തന്നെ മരിച്ചു വീണു. ഇവിടെ ഗ്രാമങ്ങളിലെ ചെറുപ്പക്കാരികള്‍ ഭര്‍ത്താവിന്റെ അരികില്‍ പോകാന്‍ വരെ മടിക്കുന്നു. അവര്‍ക്ക് മക്കളായി പിറക്കുന്നത് തല വളര്‍ന്ന, കൈകാലുകള്‍ ശോഷിച്ച മാംസപിണ്ഡം മാത്രമാണെങ്കിലോ എന്ന ഭയം.

ടവറുകളും ഇതിനു സമാനമാണ്. ടെലികോം വകുപ്പും കുത്തക കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ് മുക്കിനു മുക്കിനു ടവര്‍. വിദേശത്ത് ഉപയോഗിക്കുന്ന ടെക്‌നോളജി പണചിലവിന്റെ കാര്യം പറഞ്ഞ് ഉപയോഗിക്കുന്നില്ലെന്ന് മനസിലായത് സ്‌പെക്ട്രം അഴിമതിയില്‍ കോടതി ഇടപെട്ടപ്പോഴാണ്. അന്ന് ടവറുകളെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ വെച്ചു. 2011 ഒക്ടോബര്‍ 14ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലോകത്തെവിടെ നിന്നും വ്യത്യസ്തമായി 10 മടങ്ങ് വരെ അധിക പ്രഹര ശേഷിയുള്ള ഇലക്ട്രോ മാഗ്നറ്റ് റേഡിയേഷന്‍ ഫ്രീക്വന്‍സിയാണ് ഇന്ത്യന്‍ ടവറിലൂടെ കടത്തിവിടുന്നതെന്ന് അവര്‍ കണ്ടെത്തി. കാന്‍സര്‍ അടക്കമുള്ള തലച്ചോറിനകത്തെ ട്യൂമറിനും, ശ്വാസ തടസത്തിനും, പുരുഷ ബീജോല്‍പ്പാദനത്തിനു വരെ ഇലക്ട്രോ മാഗ്നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന്‍ കാരണമാകുമെന്നും, സ്ഥിരമായി അതിന്റെ പ്രഹരമേറ്റവരില്‍ ഓര്‍മ്മക്കുറവും, ഹൃദ്രോഗത്തിനും ഒക്കെ കാരണമാകുമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെഴുതിയിട്ടുണ്ട്. നിശബ്ദ കൊലയാളിയായ എന്‍ഡോസള്‍ഫാനു സമാനമാണ് ഇത്തരം റേഡിയേഷനുകള്‍. സ്ഥിരമായി പ്രഹരമേല്‍ക്കുന്നവര്‍ മരിച്ചും ജീവിച്ചും കഴിയേണ്ടി വന്നേക്കും. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടി ഇലക്ട്രിക് എന്‍ജിനീയറിങ്ങ് വകുപ്പിന്റെ തലവന്‍ ഗിരിഷ് കുമാറുടെ പഠനത്തിലും ഇതു പരാമര്‍ശിക്കുന്നുണ്ട്.

മാവിലാ കടപ്പുറം പോലുള്ള ഗ്രാമാന്തരങ്ങളില്‍ മാത്രമല്ല, ജനനിബിഡമായ പട്ടണ പ്രദേശങ്ങളില്‍ വരെ ടവര്‍ നിര്‍മ്മാണത്തിലെ നിയമവും നിയന്ത്രണവും പാലിക്കപ്പെടുന്നില്ല. ഉയര്‍ന്ന നിരപ്പില്‍ നിന്നും 60ല്‍ അധികം ഫീറ്റ് ഉയരമില്ല പല ടവറുകള്‍ക്കും. ഉള്ളവ പലതും സ്ഥാപിച്ചിരിക്കുന്നത് ജനവാസമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലും നാട്ടുമ്പുറത്തുമാണ്. ജാമ്യമില്ലാത്ത കേസും, 10 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിത്. ആരും പരാതിപ്പെടാത്തതും, ജനങ്ങള്‍ക്ക് ഇതിനേക്കുറിച്ചറിയാത്തതും മറ്റും കുത്തകകള്‍ മുതലെടുക്കുകയാണ്. ജനങ്ങള്‍ സ്വയം ശപിച്ചും സഹിച്ചും രോഗം വന്നാല്‍ ചികിത്സിച്ചും വിധിയാണെന്ന് കരുതി പരിതപിച്ചും കഴിയുന്നു.

സ്‌കൂളുകള്‍, അംഗണ്‍വാടികള്‍, ആശുപത്രികള്‍, ജനനിബിഡ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടവര്‍ ഉയര്‍ത്താനേ പാടില്ല. ഒരു കിലോ മീറ്റര്‍ ചുറ്റളവു വിട്ടു വേണം ടവറെന്ന് നിയമമുണ്ട്. സ്പെക്ട്രം വീരഗാഥയെന്ന പോലെ ഇന്നും നിയമ വിധേയമല്ലാത്ത ഓരോ ടവറുകളും ഓരോ അഴിമതിയുടെ സന്ധതികളാണ്. ഒരു കിളി പോലും വസിക്കുന്നില്ല, ടവറിനു ചുറ്റും പിന്നെയല്ലെ മനുഷ്യര്‍.

ചൂടാറാതെ സൂക്ഷിക്കാന്‍ നാം സമോസയും, പപ്‌സും ഓവനില്‍ ചെറു ചൂടില്‍ ദിവസങ്ങളോളം സൂക്ഷിക്കുന്നതു പോലെ ജീവജാലങ്ങളുടെ ശരീരം ഇലക്ട്രോ മാഗ്‌നറ്റിക്ക് കിരണങ്ങളാല്‍ ഊണിലും ഉറക്കത്തിലും പരിസരവാസികളെ പൊതിഞ്ഞു നില്‍ക്കും. രോഗം വന്നും, ബുദ്ധി മന്ദീഭവിച്ചും, വരും തലമുറയുടെ പിറവിയില്‍ത്തന്നെ ജനിതക മാറ്റം സംഭവിച്ച് ഇഞ്ചിഞ്ചായാണ് ഇത്തരം റേഡിയേഷനുകള്‍ നമ്മെ കൊല്ലുക.

മാരകമായ തോതില്‍ ഇലട്രോ മാഗ്നറ്റിക്ക് കിരണങ്ങള്‍ അന്തരീക്ഷത്തില്‍ വിതച്ചാല്‍ സ്ഥിരം അതേല്‍ക്കുന്നവരുടെ ഡി.എന്‍.എയില്‍ കാതലായ വ്യതിയാനം സംഭവിക്കുമെന്ന് ഫ്രാന്‍സില്‍ നടന്ന പഠനങ്ങളും ശരിവെച്ച കാര്യം കോടതി നിരീക്ഷിച്ചു. പ്രതികരിക്കാതെ നില്‍ക്കുന്ന പൊതുജനത്തെ ചൂഷണം ചെയ്ത് ഇന്ത്യയില്‍ അനധികൃതമായി 15 ലക്ഷത്തില്‍പ്പരം ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പലതും ഫര്‍ലോങ്ങുകള്‍ മാത്രം അകലത്തില്‍. സ്‌കൂളും ആശുപത്രികള്‍ പോലും പരിഗണിക്കപ്പെടുന്നില്ല. അഞ്ച് വാട്ട് മാത്രം പ്രസരണ ശേഷിയുള്ള റേഡിയേഷനുകള്‍ പുറപ്പെടുവിപ്പിക്കുന്ന ടവറുകള്‍ സ്ഥാപിച്ചിടത്തു നിന്നും ഇന്ന് ടൂജിയില്‍ 20 വാര്‍ട്സും 3ജിയില്‍ 40 വാര്‍ട്സും പ്രസരിപ്പിക്കുന്നു. 4ജി കൂടിയാകുമ്പോള്‍ പ്രഹരശേഷി മാരകമാകും.

2013ല്‍ ദില്ലി ഹൈക്കോടതിയുടെ ഒരു വിധിയുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥാപിച്ചവയെല്ലാം പിഴുതു മാറ്റണം. പുതുതായി പണിയുന്നവയില്‍ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് ട്രായ് പരിശോധിക്കണം. ജനങ്ങളെ വിളിച്ചു ചേര്‍ത്ത് അവരുടെ അഭിപ്രായം തേടണം. എന്നാല്‍ പ്രതികരിക്കാത്ത ജനമുള്ളിടത്ത് ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇതിനിടെ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ ടവര്‍ നിര്‍മ്മാണം ഒരു പ്രശ്‌നമായി വന്നു. ജനം തടഞ്ഞു. പദ്ധതി ജനവാസം കുറഞ്ഞ ഭാഗത്തേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായി.

ഹൈദരാബാദിലെ ഹഡ്ഢഗുട്ടയില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കുത്തക കമ്പനി ബലാല്‍ക്കാരമായി ടവര്‍ കെട്ടി ഉയര്‍ത്തി. ഉദ്ഘാടന ദിവസം അവിടുത്തെ ഗ്രാമീണ സ്ത്രീകള്‍ 60 അടി ഉയരത്തിലുള്ള ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പണിതു തീര്‍ത്ത ടവര്‍ ഉപേക്ഷിക്കപ്പെട്ടു. 2015ലാണ് കാഞ്ഞങ്ങാട് നഗരസഭയുടെ മുന്നിലേക്കായി എ സി കണ്ണന്‍ നായര്‍ സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്ലക്കാഡുമായി ചെന്നത്. പരാതി പരിഗണിക്കുമെന്നും, നഗരാതിര്‍ത്ഥിയില്‍ ഇനി മറ്റൊരെണ്ണം വരാന്‍ അനുവദിക്കില്ലെന്നും അന്നത്തെ സാരഥികള്‍ ഉറപ്പു നല്‍കി. ശക്തമായ പ്രതിരോധം, അതാണു വേണ്ടത്. ട്രായ് അംഗീകരിച്ച ഫ്രീക്വന്‍സി, മാനദണ്ഡങ്ങള്‍ ഇവ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടത് വരും തലമുറക്കു വേണ്ടി കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Mobile tower, Complaint, Endosulfan, Cancer, Court, Radiation, School, Hospital, Reality of struggle against towers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia