city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആളാകണം എന്നുണ്ടെങ്കില്‍...

സ്‌കാനിയ ബെദിര

(www.kasargodvartha.com 24/11/2015) പണമുണ്ടാക്കീട്ടു മനുഷ്യര്‍ അത് അംഗീകരിക്കപ്പെടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ഇന്നത്തെ കാലഘട്ടത്തില്‍ കണ്ടുവരുന്നത്. ഒരു 'ഗെറ്റ് ടുഗെതെര്‍' ന്റെ ഭാഗമായി ഈയിടെ ഞങ്ങള്‍ എല്ലാം ഒരിടത്ത് ഒത്തുകൂടി. കൊളുത്തറ്റു പോയ പഴയ ചില ബന്ധങ്ങളെ കൂട്ടി യോജിപ്പിക്കാനും നരപിടിച്ചു കിടക്കുന്ന ഗതകാല സ്മരണകളെ പൊടിതട്ടി എടുക്കാനും ഒത്തു കൂടലുകള്‍ നല്ലതാണ്.

അവിടെ പരിചയമുള്ള ഒരു കഥാ പാത്രം വന്നിരിക്കുന്നു. ഞാന്‍ അറിയുന്ന കാലത്ത് അദ്ദേഹം ഒരു കമ്പനിയിലെ ഡെലിവറി ബോയ് ആണ്. കാക്കയുടെ കൂട്ടിലെ കുയിലിനെപ്പോലെ ബംഗാളികള്‍ക്ക് ഒപ്പം ഒരു തട്ടു കട്ടിലില്‍ താമസവും.

കൂടെവന്ന ഒരാള്‍ സിഗരറ്റ് നീട്ടി. ശീലമില്ലെങ്കിലും ഒന്ന് പുകച്ചു കളയാം എന്ന് എനിക്കും തോന്നി. പോക്കെറ്റില്‍ കയ്യിട്ട അയാള്‍ക്ക് ലൈറ്റര്‍ കണ്ടെത്താനായില്ല. ഉടനെ നമ്മുടെ കഥാപാത്രം വണ്ടിയില്‍ കാണുമെന്നു പറഞ്ഞ് വാഹനം പാര്‍ക്ക് ചെയ്ത ഗെയ്റ്റിന്‍ അടുത്തേക്ക് നീങ്ങി.

കയ്യില്‍ ഡാന്‍ഹില്ലിന്റെ പായ്കറ്റും ലൈറ്ററും ആയി കടന്നു വന്നു. പുകച്ചു കൊണ്ടിരിക്കുന്നതിന് ഇടയില്‍ 'ഞാനിത് വണ്ടിയില്‍ വച്ചേച്ചു വരാം' എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നു. ഈ സമയത്ത് ആ മനുഷ്യന്‍ മനസില്‍ കണ്ടത് ഞാന്‍ മാനത്ത് കാണുകയായിരുന്നു. ഞാന്‍ പുറകോട്ടു തിരിഞ്ഞു നോക്കണം. കാറ് കാണണം. അതിനുള്ളില്‍ ഭാര്യയുണ്ട് അത് കാണണം. കാറ് ബെന്‍സ് ആണെന്നറിയണം. ഞാന്‍ പിറകോട്ടു തിരിഞ്ഞു നോക്കാത്തതു കൊണ്ട് ലക്ഷ്യം നടന്നില്ല.

എനിക്കദ്ദേഹത്തിന്റെ നൈരാശ്യം ഒരു രസമായി തോന്നി. ഒന്നും അറിയാത്ത മട്ടില്‍ ഞാന്‍ തിരക്കി 'ഇപ്പോഴും പഴയ ആ കമ്പനിയില്‍ തന്നെയാണോ'? അവിടെ തന്നെയാണോ താമസം? ബംഗാളികള്‍ ഒക്കെ സുഖമായിട്ടിരിക്കുന്നോ? ' ഹേയ്, അതൊക്കെ പണ്ടല്ലേ ' തുടര്‍ന്ന് കീശയില്‍ നിന്നും ഒരു വിസിറ്റിംഗ് കാര്‍ഡ് എടുത്തു തന്നു. ഞാനത് മൈന്‍ഡ് ചെയ്യാതെ കീശയിലിട്ടു.

മറ്റു മനുഷ്യരുടെ മനോഗതം മനസിലാക്കിയാല്‍ കുരങ്ങു കളിപ്പിക്കാന്‍ ഉള്ള സാധ്യതകള്‍ അനന്തമാണ്. നിങ്ങളും ഇത്തരം കാര്യങ്ങള്‍ ഒന്ന് പരീക്ഷിക്കണം.

പണക്കാരന്‍ ആവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ള ഒന്നാമത്തെ പാഠം ഞാന്‍ പറയാം. ഒറ്റ ദിവസം മുടങ്ങാതെ വരവിനും ചിലവിനും കണക്കു വെയ്ക്കുക. ഇയാളും പണ്ടേ അങ്ങനെ തന്നെയാണ്. അല്ലാത്തവര്‍ക്ക് നിധി കിട്ടിയിട്ടും കാര്യമില്ല. കള്ളത്തരം കാണിക്കാതെയും മറ്റു മനുഷ്യരെ പറ്റിക്കാതെയും പണക്കാരാകാം. പക്ഷേ മോഹം ഉത്കടമാകണം. ശ്രദ്ധ പൂര്‍ണമാകണം. സ്വയം മാറണം.

പണം ആയിക്കഴിഞ്ഞാല്‍ ആര്‍ത്തിയും ലൗകിക സുഖങ്ങളോടുള്ള ആസക്തിയും കൂടണം. അവസാനം അത് അധികാരത്തിനുള്ള ദുര്‍മോഹം ആയി മരണം വരെ ഉണ്ടാകണം. ഭക്തി സാന്ദ്രമാം തിരുമുറ്റങ്ങളില്‍ കാണിക്കയായും നേര്‍ച്ചയായും വരുന്ന വസ്തുക്കളെ ഉയര്‍ന്ന കാശിന് ലേലത്തില്‍ വിളിച്ചെടുക്കാനുള്ള കഴിവുണ്ടായിരിക്കണം. പിന്നെ പുത്തന്‍ വണ്ടികള്‍ക്ക് ഇഷ്ടപെട്ട രജിസ്ട്രേഷന്‍ നമ്പര്‍ സ്വായത്തമാക്കാനും പറ്റണം. അടുത്ത പടി പണം കൊടുത്ത് വേദി പങ്കിടലാണ്. സംഘാടകര്‍ ചോദിക്കുന്ന സംഭാവനകള്‍ നല്‍കിയാല്‍ നിങ്ങള്‍ക്കാ സദസ്സിലെ ആരുമാകാം.

പേരും പടവും പത്രത്തില്‍ അച്ചടിച്ച് വരാന്‍ തുടങ്ങിയാല്‍ പതിയെ പ്രദേശത്ത് സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ കയറിക്കൂടാം. കയറിക്കൂടണം എന്നില്ല. കാലു പിടിച്ചു അവര്‍ നിങ്ങളുടെ പിന്നാലെ വരും. മറക്കാതെ രണ്ടു മൂന്നു തീര്‍ഥ യാത്രകളും ചെയ്‌തേക്കണം.

പി.സി അഹ് മദിന്റെ പ്രസംഗ പരിശീലന ക്ലാസുകളില്‍ പോയി നാലഞ്ചു പ്രാഥമിക പാഠങ്ങള്‍ മനസിലാക്കി വെച്ചാല്‍ സഭാ കമ്പം ഒഴിവായി കിട്ടും. മൈക്ക് കയ്യില്‍ കിട്ടിയാല്‍ ആരോഹണ, അവരോഹണങ്ങളില്‍ ആര്‍ത്തലാക്കണം. ഇനി അടുത്ത പ്രാവശ്യം കാണട്ടെ. ഞാനെന്റെ കഥാപാത്രത്തോട് ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത്തരം ഗിമ്മിക്കുകള്‍ അദ്ദേഹത്തിനു വശമില്ലെന്ന് തോന്നുന്നു.

ആളാകണം എന്നുണ്ടെങ്കില്‍...

Keywords : Article, Cash, Gulf, Job, Scania Bedira, Company, Speech, News Paper, Real story of an expatriate. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia