city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരുഭൂമിയിലെ മെഴുക്മരം

ഇംതിയാസ് എരിയാല്‍ 

(www.kasargodvartha.com 03/10/2015) നേരം പുലര്‍ന്നതേ ഉള്ളൂ, ബാത്ത് റൂമില്‍ ക്യൂ തുടരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് എഴുന്നേല്‍ക്കാം അപ്പഴേക്കും എന്റെ ഊഴമാവും എന്നോര്‍ത്ത് ഒന്നുകൂടി മൂടി പുതച്ചു. അവസാനം ഊഴമെത്തി, നമസ്‌കാരവും കഴിഞ്ഞ് വിരിപ്പിലിരുന്ന് ഞാന്‍ അവനെ ശ്രദ്ധിച്ചു: ഇപ്പോഴും അവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്, സലീം രാത്രി മുഴുവനും ഉറങ്ങിയിരുന്നില്ല, ഫോണിലൂടെ ബാല്‍ക്കണിയില്‍ സംസാരിക്കുകയായിരുന്നു, ഇടയ്ക്കിടയ്ക്ക് ശബ്ദമുയരുന്നു, ചിലപ്പോള്‍ ശാന്തത.

'എടാ നിസ്‌കരിച്ച് കിടക്കടാ; എന്തെ ഇന്ന് ലീവാണോ 'ഇക്കാ ഞാന്‍ നിസ്‌കരിച്ചതാ, അല്‍പം ഉറങ്ങിയിലേല്‍ ഓഫീസില്‍ പോകാന്‍ പറ്റില്ല 'മെട്രോയില്‍ ഓഫീസിലേക്കുള്ള യാത്രയിലും അവനെ കുറിച്ചാണ് ചിന്ത, പാവം വിവാഹം കഴിച്ച് നാല് മാസമായതെയുള്ളൂ. എന്നും വഴക്കും ബഹളവും. ഒരു സാധാരണ കമ്പനിയില്‍ ഓഫീസ് ബോയ്ക്ക് എന്ത് വരുമാനം ഉണ്ടാവുമെന്ന് ഊഹിക്കാം, ഏതൊരു പ്രവാസിയെ പോലെ പൊളിഞ്ഞ് വീഴാറായ കൂര മാറ്റി ഒരു കൊച്ച് വീട്, പിന്നെ വിവാഹം അത് തന്നെയായിരുന്നു അവന്റെ സ്വപ്‌നവും.

പക്ഷെ അവന്റെ വീട്ടുകാരുടെ കണക്ക് പുസ്തകത്തില്‍ മറ്റൊന്നായിരുന്നു, ഇരുനില വീട്, ഒരു കാറ്, 'മോനെ ഇപ്പോള്‍ എല്ലാരും ഇതാ ചെയ്യുന്നെ, ഒരു നല്ല ആലോചന വരണമെങ്കില്‍ വീടും കാറുമാണ് പെണ്‍ വീട്ടുകാര്‍ പോലും നോക്കുന്നത്, ഇപ്പോള്‍ കുറച്ച് കടം വാങ്ങിയാല്‍ എന്തെ, നല്ല സ്ത്രീധനം കിട്ടുമല്ലൊ കടം നമ്മുക്ക് വിട്ടാന്നെ'.

ഉമ്മയുടെ ആഗ്രഹത്തിന് വഴങ്ങി, സ്വപ്ന സൗധം പൂര്‍ത്തിയായ സന്തോഷത്തില്‍ ഒരു ഭാഗത്ത് ബാധ്യതയുടെ ഭാരവും, ഒരു വലിയ പെട്ടിയും ചുമന്ന് നാട്ടിലെത്തി, പിറ്റേന്ന് രാവിലെ തന്നെ വിവാഹ ദല്ലാള്‍ വീട്ടിലെത്തി 'ഹാ, നീ വന്നുല്ലെ, വീടു കൂടലും കല്യാണവും ഒരുമിച്ച് നടത്തി ചിലവ് ലാഭിക്കാനല്ലെ, നിന്റെ പരിപാടി കൊള്ളാം, വേഗം റെഡിയാവ് ഇന്ന് തന്നെ പെണ്ണ് കാണാന്‍ ച്ചെല്ലാമെന്നാണ് അവരോട് പറഞ്ഞത് 'ഒന്നും മനസ്സിലാവാതെ മിഴിച്ച് നില്‍ക്കുമ്പോള്‍ അകത്ത് നിന്ന് ഉമ്മ: 'വേഗം മോനെ, ഞങ്ങളെല്ലാം ഒരുങ്ങി, ഞാന്‍ ഒരു പ്രാവശ്യം കണ്ടതാ നിനക്ക് ഇഷ്ടപ്പെടും നല്ല കുട്ടിയാ, വലിയ പ്രതാപമുള്ള കുടുബമാ, പെണ്ണ് നിന്റെ ഫോട്ടോയും കണ്ടതാ 'എത്രയ്കാ കച്ചവടം ഉറപ്പിച്ചത് 'ദല്ലാളിനോടായിരുന്നു ചോദ്യം. മറുപടിയുമായ് ഉപ്പ 'ഒന്നും ആവശ്യപ്പെട്ടിട്ടില്ല, അവരുടെ കുട്ടിക്ക് 100 പവനും 50 സെന്റ് ഭൂമിയും കൊടുക്കുന്നു'.

വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം പിന്നീട് നടന്നതെല്ലാം യാന്ത്രികമായിരുന്നു.
ആഘോഷങ്ങളുടെ ആരവം കഴിഞ്ഞ് കോലായിലൂടെ നടന്നു നീങ്ങുമ്പോള്‍ കാതോര്‍ത്തു. 'ഇത്ര ആര്‍ഭാടമുള്ള കല്യാണം ഈ നാട്ടില്‍ നടന്നിട്ടില്ല, ചെറുക്കന്‍ നല്ല സെറ്റപ്പിലല്ലെ, സ്ത്രീധനം കുറഞ്ഞ് പോയോന്ന് തോന്നുന്നു 'പിറകില്‍ നിന്ന് ആരോ വിളിച്ചു' പുതുപ്പെണ്ണ് കാത്തിരിപ്പാ നീ അങ്ങോട്ട് ചെല്ല്'

പട്ടാളക്കാരന്‍ യുദ്ധ ഭൂമിയിലേക്കുള്ള വിളി കാതോര്‍ക്കുന്നത് പോലെ പ്രവാസത്തിലേക്കുള്ള തിരിച്ച് പോകിന്റെ നാളുകള്‍ അടുത്തു, ഇതിനിടയില്‍ സന്തോഷത്തിന്റെ തിരിയണയാന്‍ തുടങ്ങി, പെണ്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, സ്വപ്നവുമായ് ജീവിതത്തിലേക്ക് കടന്നുവന്നവളുടെ മുന്നില്‍ അവന്‍ ക്രിമിനലായ്, ഇരുനില വീടുപോലും കടക്കാരന്‍ ഒന്നു ആഞ്ഞുവലിച്ചാല്‍ തറപറ്റുന്ന ചീട്ടു കൊട്ടാരമെന്ന തിരിച്ചറിവ് അവളെ വല്ലാതെ വേദനിപ്പിച്ചു.

യാത്രയ്ക്കുള്ള ഒരുക്കത്തിനിടയില്‍ അവള്‍ അടുത്ത് വന്നു ചോദിച്ചു 'നിങ്ങള്‍ക്ക് നല്ല ജോലിയും ഫാമിലി വിസയും ഉണ്ട് എന്ന് പറഞ്ഞാണ് ഇത്രയും സ്ത്രീധനം തന്നത്, ഇത് വിറ്റിട്ട് കടം വീട്ടാന്‍ നാണമില്ലെ, എല്ലാം വിറ്റോ പക്ഷെ എന്നെ നിങ്ങളുടെ കൂടെ കൊണ്ട് പോവണം; 'ഹൃദയം തകര്‍ന്ന അവന് ഒന്നും പറയാന്‍ പറ്റിയില്ല, എന്ത് പറയാന്‍ അവളുടെ സ്വര്‍ണവും ഭൂമിയും വിറ്റ് കടം വിട്ടാം എന്നാലും തനിക്ക് കിട്ടുന്ന ശമ്പളം ഒരു ഫാമിലി റൂമിന് വാടകയ്ക്ക് പോലും തികയില്ല എന്ന സത്യം അവനെ തളര്‍ത്തി, പിന്നെ നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടവനായ് ജീവിക്കണം. പിന്നീട് നടന്നതൊന്നും വ്യക്തമായില്ലെങ്കിലും ഒന്നുറപ്പാണ്, മുറിവേറ്റ പട്ടാളക്കാരനെ പോലെയാണ് ഈ മണലാരത്തില്‍ തിരിച്ചെത്തിയത്.

ഞാന്‍ ഓഫീസില്‍ എത്തി അവനെ വിളിക്കാതിരിക്കാനായില്ല; 'ഹലോ സലീം എന്താടാ ജോലിക്ക് പോയില്ലെ, നീ ഇങ്ങനെ വിഷമിക്കാതെടാ എല്ലാം ശരിയാവും' ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ ഇടറിയ ശബ്ദത്തിലായിരുന്നു മറുപടി 'ഇക്കാ എന്ത് ശരിയാവാന്‍ അവളുടെ ബാപ്പ മൊഴി ചൊല്ലാന്‍ ആവശ്യപ്പെടുന്നു. അവളാണെങ്കില്‍ ഇനി ജീവിച്ചിരിക്കില്ല എന്നും, ഏത് നശിച്ച നേരത്താണാവോ വീട്ടുകാരുടെ ആഗ്രഹത്തിന് നിന്ന് കൊടുക്കാന്‍ തോന്നിയത്, എല്ലാം നഷ്ടപ്പെട്ടത് എനിക്കും ആ പാവം പെണ്ണിനുമല്ലെ? കരഞ്ഞോണ്ട് ഫോണ്‍ കട്ട് ചെയ്തു.

വിവാഹമെന്ന കമ്പോളത്തില്‍ വില കൂട്ടിക്കിട്ടാന്‍ എന്ത് ചെയ്യാനും നിര്‍ബന്ധിക്കുന്നവരും, പ്രവാസമെന്നത് വറ്റാത്ത ഉറവ എന്ന് കരുതുന്നവരും  ഈ ചിന്താഗതി മാറ്റേണ്ട സമയമായ്, ഇല്ലെങ്കില്‍ ഈ മരുച്ചൂടില്‍ ഉരുക്കുന്ന മെഴുക് മരങ്ങള്‍ ഇനിയും കാണേണ്ടി വരും.

മരുഭൂമിയിലെ മെഴുക്മരം

Keywords : Article, Wedding Days, Marriage, Family, Youth, Cash, Saleem, Story, Imthiyas Eriyal. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia