city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ തട്ടി തകിടം മറിയുകയാണ് സമ്മേളന ചര്‍ച്ചകള്‍

നേര്‍ക്കാഴ്ച്ചകള്‍
പ്രതിഭാരാജന്‍

(www.kasargodvartha.com 19/09/2017) ബ്രാഞ്ച് സമ്മേളനത്തിന്റെ പ്രധാന ഇനമാണ് ദേശീയവും അന്തര്‍ദേശീയവുമായ വിലയിരുത്തല്‍. അതിനു ശേഷം പ്രാദേശകത്തിലേക്കും അവരവരുടെ സ്വന്തം വിഷയത്തിലേക്കുമെത്തുമ്പോഴേക്കും അംഗങ്ങള്‍ ഏതാണ്ട് ഉറക്കം പിടിച്ചിരിക്കും. എന്നു വെച്ച് സംഘടനാ റിപോര്‍ട്ട് അങ്ങനെയാണ്. ഒഴിവാക്കാനൊക്കില്ല. ശങ്കരാടി സിനിമയില്‍ പറഞ്ഞതു പോലെ അന്തര്‍ധാരയെക്കുറിച്ച് പറഞ്ഞു തീരുമ്പോഴേക്കും പിന്നെ എന്തു കൊണ്ടു നമ്മള്‍ തോറ്റു എന്ന ചോദ്യം ചോദിക്കാന്‍ കേള്‍വിക്കാരില്‍ പ്രജ്ഞ ബാക്കി കാണില്ല.

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ തട്ടി തകിടം മറിയുകയാണ് സമ്മേളന ചര്‍ച്ചകള്‍

പാര്‍ട്ടി അംഗങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യം പ്രാദേശികവും സ്വന്തം ജീവിതവും സംബന്ധിച്ചവയായിരിക്കും. രണ്ടു രൂപയ്ക്കു കിട്ടിക്കൊണ്ടിരുന്ന റേഷന്‍ ഇപ്പോള്‍ പലര്‍ക്കുമില്ല. 75 ശതമാനത്തോളം പേര്‍ക്കുള്ളവ 46 ശതമാനത്തിലേക്ക് താഴ്ന്നു. നേതാക്കളെ ചൊല്‍പ്പടിക്കു കിട്ടുന്ന സമയമാണ് സമ്മേളനം. അരി പ്രശ്നത്തിലാണ് പലയിടത്തും ചര്‍ച്ച കസറുന്നത്. ഭക്ഷ്യ ഭദ്രതയുടെ നടത്തിപ്പിലും, മുന്നോക്ക പട്ടിക തരം തിരിച്ചതിലുള്ള വീഴ്ച്ചകള്‍കളിലും കൃത്യമായ മറുപടി ഉണ്ടാകുന്നില്ല. നീലേശ്വരത്ത് അനുശോചന പ്രമേയത്തില്‍ പേരില്ലെന്നതിനെ ചൊല്ലി പോലും ഇറങ്ങിപ്പോക്കുണ്ടായി. ഇനി എന്താല്ലാം കാണണമോ എന്തോ.

ബി പി എല്‍ പട്ടികയില്‍ പെട്ട പലരും ഇപ്പോള്‍ പുറത്താണ്. പലരും ഇതുവഴി പാര്‍ട്ടിയുടെ ശത്രു പക്ഷത്താണ്. ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ ഇടം നേടിയ - ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ - ഇ എം എസ് മന്ത്രിസഭയെ 352 -ാം വകുപ്പ് പ്രയോഗിച്ച് രാഷ്ട്രപതി പിരിച്ചു വിടുന്നതിനു അധികം ആരും ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം കൂടി ചരിത്രത്തിലുണ്ട്. അന്നത്തെ പട്ടിണി, അഥവാ അരി വിഷയം തന്നെയാണത്. മഴയെ മാത്രം ആശ്രയിക്കുന്ന കേരളത്തിലെ കൃഷിക്കു പകരം കേരളത്തിലെ ജലം ടണല്‍ വഴി കടത്തിക്കൊണ്ടു പോയി മഴയില്ലാത്ത തമിഴ്നാട്ടില്‍ നിന്നും കൂട്ടത്തില്‍ കര്‍ണാടകയിലും ആന്ധ്രയില്‍ നിന്നും കൂടുതല്‍ ഉല്‍പാദനമുണ്ടാക്കാന്‍ കരാറാക്കിയത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. പഞ്ചവത്സര പദ്ധതിയെയാണ് കേന്ദ്രം ഇതിനായി ഉപയോഗിച്ചത്. ഇന്ത്യയില്‍ യൂറിയ എന്ന രാസവളത്തിന്റെ നിര്‍മാണം തുടങ്ങിയതും അക്കാലത്തു തന്നെ.

ടണല്‍ വഴി സുലഭമായി കിട്ടിയ ജലമുപയോഗിച്ച് സമീപ സംസ്ഥാനങ്ങള്‍ രാസവളത്തോടൊപ്പം ചേര്‍ന്ന് വിളവ് പതിന്മടങ്ങു വര്‍ധിപ്പിച്ചു. ഭക്ഷണത്തില്‍ അവര്‍ സ്വയം പര്യാപ്തമായി എന്നു മാത്രമല്ല, അധിക വിളവു ചിലവഴിക്കാന്‍ മാര്‍ഗവും കണ്ടെത്തേണ്ടി വന്നു. മിച്ചമുള്ള അരി കേരളത്തിലേക്ക് കയറ്റി അയക്കുമ്പോള്‍ നാമമാത്രമായ വിലയേ ഈടാക്കാവൂ എന്ന് ടണല്‍ നിര്‍മാണ വേളയില്‍ തന്നെ അയല്‍ സംസ്ഥാനങ്ങളെ കോര്‍ത്തിണക്കി നെഹ്‌റു കരാറുണ്ടാക്കിയിരുന്നു. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് അരി ഒഴുകി തുടങ്ങി. അതും നാമമാത്ര വിലക്ക്. അതോടെ കേരളത്തിലെ റേഷന്‍ സമ്പ്രദായം സമ്പുഷ്ടപ്പെട്ടു. അതുവരെയുണ്ടായ പട്ടിണിക്ക് ശമനമുണ്ടായി. അത് ഇ എം എസ് സര്‍ക്കാരിന്റെ യശസ്സുയര്‍ത്തി.

എന്നാല്‍ കേരളത്തിന്റെ വളര്‍ച്ച കണ്ട് ഞെട്ടിയ ആന്ധ്ര സര്‍ക്കാര്‍ അവിടെ മൂന്നാംകിട രാഷ്ട്രീയം കളിച്ചു. നിശ്ചയിക്കപ്പെട്ട കരാറുകള്‍ ലംഘിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച നാമമാത്ര വിലയ്ക്ക് അരി നല്‍കാന്‍ ആന്ധ്ര തയ്യാറായില്ല. ഈ ഗൗരവമായ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് തയ്യാറായതുമില്ല. അവര്‍ക്കും ഈ ഗവണ്‍മെന്റിനെ പിരിച്ചുവിടണമായിരുന്നു. അതൊരു ഓണക്കാലമായിരുന്നു. ഓണം ഭക്ഷ്യക്ഷാമത്തിലായി. പട്ടിണി മാറ്റാന്‍ വേറെ വഴിയില്ലെന്നും ജനം ഇ എം എസ് സര്‍ക്കാരിന്റെ മേക്കിട്ടു കേറുമെന്നും ഉറപ്പായപ്പോള്‍ ഖജനാവിലുള്ള പണമെടുത്ത് മുന്തിയ വില കൊടുത്ത് ആന്ധ്രയിലെ പൊതു മാര്‍ക്കറ്റില്‍ നിന്നും കേരളം അരി വാങ്ങി.

വിലകുറച്ച് റേഷന്‍ കാര്‍ഡു വഴി അതു വിതരണം ചെയ്തു. പട്ടിണി അകന്നു. ഓണം സുഭിക്ഷമായി. ഇത് കണ്ട് കലി കയറിയ കേരളത്തിലെ പ്രതിപക്ഷം സട കുടഞ്ഞെഴുന്നേറ്റു. ഭക്ഷ്യക്ഷാമത്തെ ചെറുക്കാനായി കേരളം പൊതു ടെന്‍ഡര്‍ വിളിക്കാതെ ആന്ധ്രയിലെ ഒരു സ്വകാര്യ അരി കച്ചവട സംഘത്തില്‍ നിന്നും മൊത്തമായി അരി ഇറക്കുമതി ചെയ്തതില്‍ വന്‍ അഴിമതി ആരോപിക്കപ്പെട്ടു. സര്‍ക്കാരിനോട് അവര്‍ രാജി വെക്കാന്‍ ആവശ്യപ്പെട്ടു. സമരം ശക്തമായപ്പോള്‍ കേന്ദ്രം ഇടപെട്ടു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. അതാണ് അന്നത്തെ ആന്ധ്രാ അരി കുംഭകോണം. അതിവിടെ ചര്‍ച്ചക്കെടുക്കാന്‍ കാരണമുണ്ട്. അതിലേക്കു അടുത്ത ദിവസം നമുക്കെത്താം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : CPM, Conference, Prathibha-Rajan, Article, Meeting, Debate, Ration, Kerala, EMS Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia