Entertainment | റാമോജി ഫിലിം സിറ്റിയിലെ കാഴ്ചകൾ; വിസ്മയങ്ങളുടെ സിനിമാലോകം
● കുട്ടികൾക്കും മിതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരുപാട് ആക്ടിവിറ്റിറ്റീസ് ഇവിടെയുണ്ട്.
● സിനിമാ വ്യവസായകളെ അമ്പരപ്പിക്കുന്ന ഫിലിം സിറ്റി ഇപ്പോൾ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണ്.
● ഓരോ വര്‍ഷവും 1.5 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ഇവിടെ എത്തിച്ചേരുന്നത്.
ഹൈദരാബാദ് യാത്ര - 1 / ഡോ. കൊടക്കാട് നാരായണൻ
(KasargodVartha) ഹൈദരാബാദ് സന്ദർശനം പറഞ്ഞപ്പോൾ ആദ്യം അഭിമുഖികരിച്ച ചോദ്യം ഇതായിരുന്നു. 'റാമോജി ഫിലിം സിറ്റി സന്ദർശിക്കുന്നില്ലേ?'. 2024 ജൂൺ മാസം ആദ്യം വിട പറഞ്ഞ വേളയിലാണ് രാമോജി റാവു എന്ന അത്ഭുത മനുഷ്യനെ കുറിച്ച് കേൾക്കുന്നത്. ഈ നാട് മാധ്യമ ഗ്രൂപ്പിൻ്റെ സ്ഥാപകനും വ്യവസായ പ്രമുഖനുമായ രാമോജി റാവുവിൻ്റെ കൈയൊപ്പ് പതിഞ്ഞ ഫിലിം സിറ്റിയെക്കുറിച്ച് കേട്ടറിഞ്ഞതല്ലാതെ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് ഹൈദരാബാദ് യാത്രയിലൂടെയാണ്.
രണ്ടാം ദിവസം മുഴുവനും അവിടെ ചെലവഴിച്ചിട്ടും കൊതി തീരാത്ത കാഴ്ചയുടെ വിസ്മയ പൂരം. ലോകത്തിലെ തന്നെ ഒന്നാം നമ്പർ ഫിലിം സിറ്റി. തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് രാമോജി ഫിലിം സിറ്റി. കുട്ടികൾക്കും മിതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരുപാട് ആക്ടിവിറ്റിറ്റീസ് ഇവിടെയുണ്ട്. ആരും നിരാശരാകില്ല. അത്രയ്ക്കുണ്ട്
സ്വപ്നതുല്യമായ അദ്ഭുതക്കാഴ്ചകൾ.
സിനിമാ വ്യവസായകളെ അമ്പരപ്പിക്കുന്ന ഫിലിം സിറ്റി ഇപ്പോൾ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണ്. മലയാള ചിത്രങ്ങളടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റായ സിനിമകളുടെയെല്ലാം സെറ്റുകൾ സന്ദർശകർക്കായി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. ഓരോ വര്‍ഷവും 1.5 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ഇവിടെ എത്തിച്ചേരുന്നത്. പ്രണയവും സ്റ്റണ്ടും പുരാണ കഥകളും കുടുംബ ജീവിതവും തുടങ്ങി ലൊക്കേഷൻ തന്നെ സിനിമയിൽ കഥാപാത്രമാവുന്ന ഒരിടം. ഒരു സിനിമയിലല്ല, നൂറുകണക്കിനു സിനിമകളിൽ.
ഹൈദരാബാദ് നഗരത്തിൽ നിന്ന് 35 കിലോമീറ്റർ ദൂരെ ഹയാത്ത് നഗറിൽ 2000 ഏക്കറിൽ നിറഞ്ഞ് നിൽക്കുന്ന റാമോജി ഫിലിം സിറ്റി. നഗരത്തിരക്കുകൾ വിട്ട് തരിശുനിലങ്ങൾ കാഴ്ചയൊരുക്കുന്ന റോഡിലൂടെ യാത്രയാരംഭിച്ചു. രാവിലെ 10 മണിക്ക് ഹയാത്ത് നഗറെത്തിയപ്പോഴേക്കും ദൂരെ കുന്നിൻ ചെരിവുകൾക്കിടയിൽ കാണാം ‘റാമോജി ഫിലിം സിറ്റി’യെന്ന ബോർഡ്, ‘ഹോളിവുഡി’നെ അനുസ്മരിപ്പിക്കും വിധത്തിൽ ഉയർന്നു നിൽക്കുന്നു. പ്രധാന കവാടം വരെ മാത്രമേ സ്വകാര്യവാഹനങ്ങൾക്കു പ്രവേശനമുള്ളൂ. ഇനി അങ്ങോട്ട് ഫിലിം സിറ്റിയുടെ ബസിലാണ് സഞ്ചാരം. ടിക്കറ്റെടുത്ത് ബസിൽ സ്ഥാനം പിടിച്ചു. സഞ്ചാരികൾ നിറഞ്ഞപ്പോൾ വാഹനം പതിയെ കവാടം കടന്ന് പുറപ്പെട്ടു.
ഇരുവശത്തും പുൽമേടുകളും പച്ചപ്പും. അറ്റമില്ലാതെ പരന്നു കിടക്കുന്ന മൈതാനം. ഇടയ്ക്ക് ചെറിയ കുന്നുകൾ. ഒരു ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന പോലെ. വളവും തിരിവും പലതു കടന്ന് ബസ് മറ്റൊരു പടുകൂറ്റൻ വാതിൽ പിന്നിട്ടു. ‘ഫിലിം സിറ്റി’ - പല നാടുകളിൽ നിന്നെത്തിയ സഞ്ചാരികൾ അവേശത്തോടെ അലറി. സ്ഫോടനങ്ങൾ ചിത്രീകരിക്കാനായി ഒരുക്കിയ ഇരുമ്പുഗോപുരമാണ്. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് ഇതിൽ കെട്ടിടങ്ങളൊരുക്കും. എന്നിട്ടാണ് സ്ഫോടനം. ഒറിജിനാലിറ്റിക്ക് ഒരു കുറവുമുണ്ടാവില്ല.
ആ കാണുന്നതാണ് 'വിമാനത്താവളം'. അമർ അക്ബർ അന്തോണിയിലും ചൈനാ ടൗണിലുമെല്ലാം കണ്ട അതേ വിമാനത്താവളം. തായ്‌ലൻഡായും മലേഷ്യയായും ദുബായിയായുമെല്ലാം ഈ വിമാനത്താവളം പലവട്ടം വേഷം മാറിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ മറുവശം ആശുപത്രിയാണ്. ഹിന്ദി സിനിമയിലെ ഹിറ്റ് 'മൂന്നാഭായ് എം ബി ബി എസിലെ അതേ ആശുപത്രി. ചെന്നെയിലെ അപ്പോളോ ആശുപത്രിയായും വേഷമിട്ടിട്ടുണ്ട്. 'വിദേശരാജ്യങ്ങളിലെ തെരുവോരങ്ങളിലെത്തിയപ്പോൾ' ഗൈഡ് കുൽദീപ് പറഞ്ഞു. ‘'യൂറോപ്പിലെ വീടുകളുടെ മാതൃകയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഓരോ വീടും വ്യത്യസ്തമാണ്. കാഴ്ചയിലും വാസ്തുവിദ്യയിലും. വിദേശ ലൊക്കേഷനിലെ ചെലവോർത്ത് നിർമാതാവ് വിഷമിക്കാതിരിക്കാൻ ഇതു മതിയാവും'.
കുൽദീപിൻ്റെ വിവരണം കെങ്കേമം തന്നെ. ചെറിയ സമയം കൊണ്ടു തന്നെ ഫിലിം സിറ്റിയെന്ന അത്ഭുത കാഴ്ചയക്കുറിച്ച് റാമോജി റാവുവിനെക്കുറിച്ചും വിവിധ ഹിറ്റ് സിനിമകൾക്ക് വേണ്ടി നിർമ്മിച്ച ലൊക്കേഷനുകളെക്കുറിച്ചും നർമ്മത്തിൽ പൊതിഞ്ഞ ഭാഷയിലെ അവതരണം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. 'ഐസ്ക്രീം പാർലറും കോഫി ഷോപ്പുമെല്ലാം ഇവിടെയുണ്ട്. വിവാഹവേദി കൂടിയാണ് ഈ തെരുവ്. വിദേശത്തു വിവാഹചടങ്ങ് നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഹൈദരാബാദ് വരെ വന്നാൽ മതിയെന്നു ചുരുക്കം', കുൽദീപിൻ്റെ തമാശ! കാഴ്ചകളിലൂടെ ചെന്ന് 'റെയിൽവേ സ്റ്റേഷ'നെത്തി. ഒരു വശത്ത് ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഷനും മറുഭാഗത്ത് ഗ്രാമങ്ങളിലെ സ്റ്റേഷനും.
'അമർ അക്ബർ അന്തോണി’യിലെ ഗാനരംഗത്തിന്റെ മനോഹര പശ്ചാത്തലമായി, ‘ഉദയനാണ് താര’ത്തിലെ സിനിമാ ലൊക്കേഷനായി, ‘ചെന്നൈ എക്സ്പ്രസി’ലെ റെയിൽവേ സ്റ്റേഷനായി, ‘ബാഹുബലി’യിലെ മഹിഷ്മതിയായി... അങ്ങനെയങ്ങനെ പ്രേക്ഷകന്റെ മനസ്സിലെ സ്വപ്നലോകമായി മാറുന്ന ഒരൊന്നൊന്നര ലൊക്കേഷൻ. അതാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഗിന്നസ് ബുക്കിലിടം പിടിച്ച സിനിമാ നഗരം. ചാർമിനാർ, ഗോൽക്കോണ്ട ഫോർട്ട്, ഹുസൈൻ സാഗർ, സലാർ ജംഗ് മ്യൂസിയം....... യാത്രയിൽ ഏറെ ആകർഷിച്ച നിരവധി കാഴ്ചകൾ ഹൈദരാബാദിൽ അനുഭവിച്ചെങ്കിലും റാമോജി ഫിലിം സിറ്റി ഒരു പൂർവ ഒരു സംഭവം തന്നെയാണ്.
നൃത്തരംഗങ്ങളൊരുക്കുന്ന ബഹുവർണ പൂക്കൾ കൊണ്ട് കമനീയമായ പൂന്തോട്ടങ്ങൾ, ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും രീതികൾക്കനുസരിച്ചൊരുക്കിയ കച്ചവട തെരുവുകൾ, വീടുകൾ, മറ്റൊരു ബസ്സിലായിരുന്നു തുടർന്നുള്ള യാത്ര. എവിടേക്കാണെന്നു പറയാൻ ഗൈഡില്ല. സിനിമാ നഗരത്തിന്റെ അതിരു പിന്നിട്ട് കുറ്റിക്കാടുകൾക്കു നടുവിലൂടെ ബസ് കുതിച്ചു. വിശാലമായ ഒരു മൈതാനത്താണ് ചെന്നു നിന്നത്. മൺനിറമുള്ള ചുമരിൽ വലുതാക്കി എഴുതിവച്ചിരിക്കുന്നു - ‘മഹിഷ്മതി’. ബാഹുബലിയുടെ ലോകം! ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പകുതിയിലേറെയും ഇവിടെ വച്ചാണ് ചിത്രീകരിച്ചത്.
ബിഗ് സ്ക്രീനിൽ കണ്ട ശിൽപങ്ങളും സിംഹാസനവും വഴികളുമെല്ലാം അതേപോലെ. പതിനായിരക്കണക്കിനു പടയാളികൾ നിരന്നു നിന്ന് ബാഹുബലിക്ക് ജയ് വിളിച്ച കൊട്ടാരമുറ്റത്ത് നൂറു പേർക്ക് നിൽക്കാം. ബാക്കിയെല്ലാം ക്യാമറയുടെ കളികൾ. ദേവസേനയെ തടവിലിട്ട ചങ്ങലയും കുട്ടി ബാഹുബലി ഓടി നടന്ന മുറ്റവുമെല്ലാം നടന്നു കാണുമ്പോൾ പിന്നിൽ സിനിമയിലെ പശ്ചാത്തലസംഗീതം. അക്ഷരാർഥത്തിൽ സിനിമയ്ക്കുള്ളിലെത്തിയപോലെ. ഒരു സിനിമ എങ്ങനെയാണ് ചിത്രീകരിക്കുന്നത്,
അതിന്റെ പിന്നാമ്പുറ കാഴ്ചകൾ എന്തൊക്കെയാണ് എന്നുള്ളതിനൊക്കെ അപ്പുറം വിനോദ സഞ്ചരികളെ
എന്റർടൈൻ ചെയ്യിപ്പിക്കാൻ എന്താണ് അവിടെ ഇല്ലാത്തത് എന്നുള്ളതാണ് എന്നെ ഏറെ അതിശയിപ്പിച്ചത്.
വിന്റർ ഫെസ്റ്റിനോട് അനുബന്ധിച്ച് റാമോജി ഫിലിം സിറ്റി ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഡിസംബർ 15 മുതൽ ജനുവരി 29 വരെയാണ് ഈ വർഷത്തെ വിന്റർ ഫെസ്റ്റ് നടക്കുന്നത്. ഈ സീസണിൽ പോകുന്നവർക്ക് കുറച്ച് കൂടി എന്റർടൈൻ ചെയ്യാൻ കഴിയും എന്നാണ് എന്റെ അഭിപ്രായം. ഫിലിം സിറ്റി സന്ദർശിക്കാനുള്ള സാധാരണ ദിവസത്തെ സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ്. എന്നാൽ വിന്റർ ഫെസ്റ്റിവൽ പത്തുമണി വരെയുണ്ട്. ഈ സമയത്തെ രാത്രി കാഴ്ചകൾ മനോഹരമാണ്. എല്ലായിടത്തും ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു.
രാത്രിയിൽ നടന്ന കൾച്ചറൽ ഫെസ്റ്റിവലിന് പതിനായിരങ്ങളാണ് ഒത്തു കൂടിയത്. അതിൽ മഹാരാഷ്ട്രയിൽ നിന്ന് കൊൽക്കത്തയിൽ നിന്ന്, ഒഡീസ , ബീഹാർ, കാശ്മീർ, താർഖണ്ഡ്, കേരളം, കർണാടകം, തമിഴ്നാട് ....... ഇന്ത്യയുടെ ഭൂപടം തന്നെ. നൃത്തവും പാട്ടുമായി ഒരു സർഗനിശ. രാത്രി 6 മണി മുതൽ 9 മണി വരെയാണ് കലാവിരുന്ന്. പകൽ സമയത്തും ഉണ്ട് മനം നിറയ്ക്കുന്ന കലാ പരിപാടികൾ. ഫിലിം സിറ്റി നിൽക്കുന്ന ഭാഗത്തേക്ക് എത്താൻ ടിക്കറ്റ് കൌണ്ടറിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ അകത്തേക്ക് സഞ്ചരിക്കണം. അകത്തേക്ക് പ്രൈവറ്റ് വാഹനങ്ങൾ കടത്തി വിടില്ല. അവരുടെ തന്നെ ബസുകളിലാണ് നമ്മെ ഉള്ളിലേക്ക് കൊണ്ട് പോകുന്നത്.
നിരവധി ബസുകൾ ഉള്ളത് കൊണ്ട് കാത്തുനിന്ന് മുഷിയേണ്ടി വരില്ല. വിൻഡോകൾ ഇല്ലാതെ ഓപ്പൺ ആയിട്ടുള്ള റെഡ് വിന്റേജ് ബസുകൾ വളരെ ആകർഷണീയമാണ്. എല്ലാ ബസുകളിലും ഒരു ഗൈഡ് ഉണ്ടാകും, അവർ നമുക്ക് ഫിലിം സിറ്റിയെ കുറിച്ചുള്ള വിവരങ്ങളും ഷൂട്ടിങ് സൈറ്റുകളും കാട്ടി തരും.
അവർ കാണിച്ചു തരുന്ന സൈറ്റുകളിൽ മിക്കതും കാണുമ്പോൾ ഇവിടെ ആയിരുന്നോ ഇത് ഷൂട്ട് ചെയ്തത് എന്ന് ഓർത്ത് നമ്മൾ അമ്പരന്ന് പോകും.
ഇത് കൂടാതെ മനോഹരമായ നിരവധി പൂന്തോട്ടങ്ങൾ, കൃത്രിമ ഗുഹകൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, മനോഹരമായ സ്മാരകങ്ങൾ, ലണ്ടൻ സ്ട്രീറ്റ്, ജാപ്പനീസ് ഗാർഡൻസ്, എയർപോർട്ട്, ഹോസ്പിറ്റൽ, ലാൻഡ്സ്കേപ്പുകൾ, കെട്ടിടങ്ങൾ, ജയിൽ എന്നിവയുൾപ്പെടെ വിവിധ ഷൂട്ടിംഗ് ലൊക്കേഷനുകൾ നമുക്ക് ഇവിടെ കാണാം. രാമോജി ഫിലിം സിറ്റിയിൽ ഒരേ സമയം 20 ഫിലിം യൂണിറ്റുകൾ ഉൾക്കൊള്ളാൻ കഴിയും. നിരവധി ഷോകൾ ദിവസവും ഇവിടെ നടക്കാറുണ്ട്. ഷോകളുടെ സമയക്രമം ഇൻഫർ കൗണ്ടറിൽ നിന്ന് വിതരണം ചെയ്യുന്ന ബുക്ക്‌ലെറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇവ വ്യത്യസ്ത തീയറ്ററുകളിൽ അല്ലെങ്കിൽ ഓഡിറ്റോറിയങ്ങളിലായാണ് നടക്കുന്നുത്. നമ്മുടെ അഭിരുചിക്കും മുൻഗണനയ്ക്കും അനുസരിച്ച് നമുക്ക് അവയിൽ നിന്ന് കാണേണ്ടത് തിരഞ്ഞെടുക്കാം. ലൈറ്റ്‌സ് ക്യാമറ ആക്ഷൻ, ഫിലിമി ദുനിയ, സ്പിരിറ്റ് ഓഫ് റാമോജി, ദാദാജിൻ ലൈവ് ടിവി ഷോ, ഫോർട്ട് ഫ്രോണ്ടിയർ സ്റ്റണ്ട് ഷോ എന്നിവ ഇവയിൽ പ്രധാനമാണ്. ഇവയിൽ പകുതിയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. ഒരു ദിവസം കൊണ്ട് ഇതെല്ലാം കണ്ടു തീർക്കാൻ കഴിയില്ല എന്നുള്ളത് മറ്റൊരു യഥാർഥ്യമാണ്. ബാഹുബലി സൈറ്റ് ഒരിക്കലും മിസ്സ് ആക്കരുത്. ഇത്രയും വലിയ ഒരു സിനിമ ചിത്രീകരിച്ച ആ സെറ്റ് കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടമാകും.
ഫോട്ടോഗ്രാഫി ഇഷ്ടപെടുന്നവർക്ക് നല്ല പടങ്ങൾ എടുക്കാൻ ഇവിടം നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് മഹാത്ഭുതമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകൻ റാമോജി റാവുവാണ്. 1996 ൽ ആണ് അദ്ദേഹം ഈ സ്വപ്ന നഗരി ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വിവിധ സർവകലാശാലകളിൽ നിന്നുള്ള മറ്റ് നിരവധി അവാർഡുകളും ഓണററി ഡോക്റ്ററേറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്
റാമോജി ഫിലിം സിറ്റിക്കുള്ളിൽ തന്നെയുള്ള ബംഗ്ലാവിൽ ദിവസവും രാവിലെ 3.30-ന് ഉണരും റാമോജി. തന്റെ ഈ നാടു പത്രത്തിന്റെ 27 എഡിഷനും മേശമേൽ വന്നിട്ടുണ്ടാവും അപ്പോൾ. നാലുമണിയോടെ ആ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കും. ആളുകൾ വായിക്കുന്നതിനു മുൻപ് 'എന്റെ പത്രം ഞാൻ കാണണം' എന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. രോഗശയ്യയിൽ ആവുന്നതുവരെ ആ പതിവ് തെറ്റിച്ചില്ല പോലും.
(തുടരും)
#RamojiFilmCity #Hyderabad #BahubaliSet #TravelDestination #MovieSets #CulturalEvents