city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ്: നേരറിയാതെ സിബിഐ; അന്വേഷകര്‍ വീണ്ടും ഇരുട്ടില്‍ തപ്പുന്നു

സിദ്ദീഖ് നദ് വി ചേരൂര്‍

(www.kasargodvartha.com 28.01.2017) ഒടുവില്‍ ചെമ്പിരിക്ക ഖാസി കേസില്‍ രണ്ടാമത്തെ സി ബി ഐ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. പലരും നേരത്തെ ആശങ്കപ്പെട്ട പോലെ ഒന്നാം റിപ്പോര്‍ട്ടിലെ സി ബി ഐ വാദങ്ങളെ ന്യായീകരിക്കുന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടും തയ്യാര്‍ ചെയ്തതെന്നാണ് പത്ര റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ ആത്മഹത്യാസാധ്യത ഉറപ്പിക്കാന്‍ വിഷാദരോഗത്തെയാണ് പിടികൂടിയിരിക്കുന്നതെന്ന വ്യത്യാസമുണ്ട്.

മറുവാദങ്ങളെല്ലാം ചര്‍വിതചര്‍വണം ചെയ്യപ്പെട്ടതായതുകൊണ്ട് അവയിലേക്ക് കടക്കുന്നില്ല. പക്ഷേ, വിഷാദരോഗം എന്ന പുതിയ കണ്ടുപിടിത്തത്തിനു ആധാരമായ തെളിവുകള്‍ സി ബി ഐ പുറത്തുവിടുക തന്നെ വേണം. വിഷാദരോഗം കാരണം സി എം ഉസ്താദ് ആത്മഹത്യ ചെയ്തതായിരിക്കാം എന്ന് വാദിക്കുന്ന സി ബി ഐ, അല്ലെങ്കില്‍ അത്തരമൊരു വാദത്തിന് പിന്‍ബലം നല്‍കിയ വിദഗ്ധര്‍ ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്.

ഖാസി കേസ്: നേരറിയാതെ സിബിഐ; അന്വേഷകര്‍ വീണ്ടും ഇരുട്ടില്‍ തപ്പുന്നു


2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. ഒരു ജനതയുടെ ആത്മീയ ചൈതന്യവും മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ നെടുംതൂണുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പിരിക്കയിലെ തന്റെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററിലധികം അകലെ കടലില്‍ കാണപ്പെടുന്നു. തലേന്ന് രാത്രി 12 മണിവരെ സ്വന്തം വീട്ടില്‍ താന്‍ താമസിക്കുന്ന മുറിയില്‍ അദ്ദേഹം വായനയും ആരാധനയുമായി കഴിഞ്ഞുകൂടിയിരുന്നതായി ദൃക്‌സാക്ഷികള്‍ വിവരിക്കുന്നുണ്ട്. തലേദിവസം വൈകുന്നേരം ചെമ്പിരിക്ക പള്ളി സെക്രട്ടറിയെ വിളിച്ച് സന്ധ്യക്ക് റബീഉല്‍ അവ്വല്‍ മാസത്തിന്റെ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടുപേരെ കടപ്പുറത്ത് മാസം കാണാന്‍ ഏര്‍പ്പാട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു.

തലേദിവസം രാവിലെ തന്നെ കാണാന്‍ വന്ന ബന്ധുവിനോട് റബീഉല്‍ അവ്വല്‍ 12ന് നബിദിനപരിപാടിക്ക് വേണ്ട സാമ്പത്തിക സഹായത്തിന്റെ കാര്യം പറഞ്ഞു സംഭാവന സ്വീകരിക്കുന്നു. ഒന്ന് രണ്ടു ദിവസം മുമ്പ് നാട്ടിലെ മഹല്ലുകമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എന്ന നിലയില്‍ അധ്യക്ഷത വഹിക്കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുപോലെ താന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ച, മരിക്കുന്നതുവരെ താന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ പതിവുപോലെ സന്ദര്‍ശിക്കുകയും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു.

അപ്പോള്‍ ഏതടിസ്ഥാനത്തിലാണ് അദ്ദേഹത്തിനു വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കാന്‍ രണ്ട് വഴികളാണ് മുന്നിലുള്ളത്. ഒന്ന്: ജീവിതത്തില്‍ എപ്പോഴെങ്കിലും അദ്ദേഹം വിഷാദ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നോ? എന്തെങ്കിലും ഡോക്ടറെ ഈ ആവശ്യത്തിന് സന്ദര്‍ശിച്ചിരുന്നോ? വല്ല മരുന്നും കഴിച്ചിരുന്നോ? കഴിച്ചിരുന്നെങ്കില്‍ ഏത് മരുന്ന്? ആര് കുറിച്ചുകൊടുത്തു? ആര് അത് കണ്ടു? പിന്നെ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ബന്ധുക്കള്‍, ശിഷ്യന്മാര്‍, പ്രാസ്ഥാനിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരില്‍ ആരെങ്കിലും എപ്പോഴെങ്കിലും അദ്ദേഹം വിഷാദരോഗലക്ഷണം പ്രകടിപ്പിച്ചിരുന്നതായി ഉദ്ധരിക്കാന്‍ കഴിയുമോ?

രണ്ടുമാസം മുമ്പ് പയ്യന്നൂരില്‍ ക്യാമ്പ് ചെയ്യുന്ന ഡി വൈ എസ് പി ഡാര്‍വിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ സന്ദര്‍ശിക്കാനും അവരുമായി കേസ് വിഷയം ചര്‍ച്ച ചെയ്യാനും അവസരം ലഭിച്ച ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. കോളിളക്കം സൃഷ്ടിച്ച പയ്യന്നൂര്‍ ഹക്കീം വധക്കേസിന്റെ അന്വേഷണത്തിന് നിയുക്തരായ ടീമാണിത്. എറണാകുളം സി ജെ എം കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ സി ബി ഐയുടെ മുന്‍ റിപ്പോര്‍ട്ട് തള്ളുകയും പുതിയ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാല്‍ മാസങ്ങളോളം സി ബി ഐയുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായില്ല. നാട്ടുകാരുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെയാണെന്ന് തോന്നുന്നു. ഹക്കീം വധക്കേസ് അന്വേഷിക്കുന്ന ടീമിന് ഈ കേസ് കൂടി അന്വേഷിക്കാനുള്ള അധികച്ചുമതല നല്‍കിയത്. സ്‌പെഷ്യല്‍ ടീം എന്ന ആശയം ഇവിടെ അട്ടിമറിക്കപ്പെട്ടു.

പിന്നീട് ഈ ടീമിലെ ഉദ്യോഗസ്ഥര്‍ ഏതാനും തവണ ചെമ്പിരിക്കയും മറ്റും സന്ദര്‍ശിച്ചു കേസിനാസ്പദമായ കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇത് കേവലം ഒരു വഴിപാട് പോലെ നടക്കുകയാണെന്നും അവര്‍ക്ക് പുതിയ വസ്തുതകള്‍ കണ്ടെത്തുന്നതിനേക്കാള്‍ പഴയ ടീമിന്റെ കണ്ടെത്തലുകള്‍ സാധൂകരിക്കുന്നതിനാലാണ് തിടുക്കമെന്നും തോന്നിത്തുടങ്ങിയിരുന്നു. ഞങ്ങള്‍ നേരിട്ട് നടത്തിയ ചടര്‍ച്ചയിലും അത്തരം ഒരു നിഗമനമാണ് ഞങ്ങള്‍ക്കുണ്ടായത്. ആത്മഹത്യയാണെന്ന് കരുതാന്‍ തക്ക കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ഞങ്ങളോട് തുറന്നു സമ്മതിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് നിമിത്തമാകുന്ന പ്രേരകങ്ങളോ കൊല നടത്തിയതായി സംശയിക്കാവുന്ന ആളുകളെയോ കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിക്കില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കി.

അപ്പോള്‍ കൊലപാതകത്തിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് മാത്രം ഒരു ദുരൂഹമരണം ആത്മഹത്യയാണെന്ന് വിധിയെഴുതാന്‍ കഴിയുമോ? ഞങ്ങള്‍ അക്കാര്യം ആരാഞ്ഞപ്പോള്‍ ആത്മഹത്യയല്ലെന്ന് ഞങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ വിഷയം അപൂര്‍ണമാകുമെന്നും വീണ്ടും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരാകുമെന്നുമാണ് അവര്‍ സൂചിപ്പിച്ചത്. അപ്പോള്‍ ഒരു സാങ്കേതിക കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മരണം ആത്മഹത്യയാക്കി ചിത്രീകരിച്ചു ഫയല്‍ ക്ലോസ് ചെയ്യുകയെന്ന തന്ത്രമാണവര്‍ സ്വീകരിച്ചതെന്ന് മനസ്സിലാക്കേണ്ടിവരുന്നു.

അതിന് കാരണമായി ആദ്യം അസഹ്യമായ മുട്ടുവേദനയും കരള്‍ രോഗവും ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വിഷാദരോഗവും. മുട്ടുരോഗവും കരള്‍ രോഗവും അസഹ്യമായതിനാല്‍ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കുന്ന അവസ്ഥ അവിടെ ഉണ്ടായിട്ടില്ല. ആരോടെങ്കിലും തനിക്ക് സഹിക്കാന്‍ പറ്റാത്ത വേദന ഉണ്ടെന്ന് വാക്കിലൂടെയോ ഭാവത്തിലൂടെയോ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ വിഷാദരോഗം വെറും ഒരു സി ബി ഐ കെട്ടുകഥ മാത്രമാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവരില്ല.

ഏതായാലും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെയാണ്. ഖാസി കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതില്‍ അന്വേഷണസംഘങ്ങള്‍ക്ക് വലിയ ശുഷ്‌കാന്തിയില്ലെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. ഏഴുവര്‍ഷം പിന്നിടാന്‍പോകുന്ന കേസ് ഇനിയും ദുരൂഹതയുടെ മേഘപാളികള്‍ക്കിടയില്‍ നിഗൂഢതയുടെ മേലാപ്പണിഞ്ഞുകിടക്കുകയാണ്. ആത്മഹത്യയാവില്ലെന്ന് അനുഭവങ്ങളും സാഹചര്യത്തെളിവുകയും വച്ചു അദ്ദേഹത്തെ അറിയുന്ന പല സഹസ്രം ഇപ്പോഴും ആണയിട്ടു പറയുന്നു. ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തുടരന്വേഷണത്തിന്റെ സങ്കീര്‍ണതകളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞേക്കാമെങ്കിലും സാധാരണക്കാരെ അത് ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നുറപ്പാണ്.

ഒരു സംശയത്തിന്റെ ലാഞ്ചനപോലും അവശേഷിപ്പിക്കാതെ, സാത്വികതയുടെ ധവളിമയാര്‍ന്ന 77 വര്‍ഷത്തെ ജീവിതം മുന്നിലുള്ളപ്പോള്‍ അനുമാനങ്ങളില്‍ കുരുങ്ങി അരുതാത്തത് വിശ്വസിക്കാന്‍ ഞങ്ങളെ കിട്ടില്ലെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. അന്ധന്‍ ആനയെ കണ്ടപോലെയാണ് അേന്വഷണസംഘങ്ങള്‍ ഈ സംഭവത്തെ നോക്കിക്കാണുന്നതെന്ന് തോന്നുന്നു. കേവലം ഒരു സാധാരണക്കാരന്റെ അനുഭവം വെച്ചാണ് അവര്‍ വിഷയത്തെ അളക്കുന്നത്. പരേതന്റെ ജീവിതവും വ്യക്തിത്വവും മനസ്സിന്റെ വലുപ്പവും വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇവര്‍ ഓരോ ബാലിശമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywirds:  Article, kasaragod, khaz, Qazi death, Chembarika, CBI, Investigation, Police, DYSP, court, case, Qazi's death: When CBI closes investigation, Siddeeque Nadvi Cheroor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia