city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാനും ഈദും ഓണവും ഇത്തവണ പൊള്ളും!

പ്രതിഭ രാജന്‍

(www.kasargodvartha.com 07.07.2014) കേരളക്കാര്‍ക്ക് എറ്റവും വിലക്കുറവില്‍ കിട്ടുന്ന അരിയാണ് ചമ്പാ അരി. അതു വിളയിക്കുന്നതേറെയും ആന്ധ്ര, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിലും. നിലവിലെ കാലാവസ്ഥ, തമിഴ്‌നാട്ടിലെ അത്യുഷ്ണം എന്നിവ മൂലം ഉല്‍പ്പാദനമവിടെല്ലാം തകിടം മറഞ്ഞു. കേരളം മൊത്തമായി വാങ്ങി സൂക്ഷിക്കുന്നിടത്തു പോയി സ്വരൂപിക്കാനും വൈകി. ഭക്ഷ്യ കുത്തകക്കാര്‍ ഇതു മുതലാക്കി വാങ്ങിക്കൂട്ടിയിരിക്കുന്നു ജനപ്രിയ അരിയായ ചമ്പ. കള്ള കര്‍ക്കിടകത്തില്‍ വിലക്കയറ്റത്താല്‍ ജനം കുതിര്‍ന്നു വിറക്കും നിശ്ചയം.

സപ്ലൈക്കോവിന്റെ കൈയ്യില്‍  വിലകുറഞ്ഞ അരി ഇപ്പോഴേ വിതരണത്തിനില്ല. മത്തിക്കു പോലും ഒരു പിടിക്ക് 50 രൂപ. ഒരു അയിലക്ക് 20 രൂപ. വരാനിരിക്കുന്നു ഓണം, പെരുന്നാള്‍. നിശ്വാസം ചൊരിഞ്ഞും സ്വയം ശപിച്ചും, പിറുപിറുത്തും കഴിഞ്ഞു കൂടാനാണ് നമ്മുടെ വിധി.

ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി ഇതൊന്നുമിവിടെ വിളയില്ല. ഇതില്ലാതെ നമുക്കിപ്പോള്‍ കറിയുമില്ല. കിഴങ്ങിന് 50രൂപ. ഉള്ളിക്ക് 35. പൊള്ളുന്നു ജീവിതം . മോദി വന്നാല്‍  ആശ്വാസമെന്ന കണക്കു കൂട്ടലുകളും തെറ്റുന്നു. ചരക്കിനും, യാത്രക്കും കൂട്ടി. മനുഷ്യജീവനു മാത്രം വിലയില്ലാത്ത കാലത്തേ വരവേല്‍ക്കുകയാണ് ഓണവും പെരുന്നാളും.


കേരളത്തിന്റെ തേയിലക്ക് വിലയിടുന്നത് ആസാമിലെ മുതലാളി. അന്നം നല്‍ കുന്നത് ആന്ധ്രയിലെ കര്‍ഷകര്‍.  പോയ നൂറ്റാണ്ടില്‍  ഇന്ത്യയില്‍  കച്ചവടത്തിനു വന്ന വിദേശികള്‍ ആദ്യം കാലുകുത്തിയ ഇടമാണ് മലയാളക്കര. അന്ന് ഇവിടം സുഗന്ധവ്യഞ്ജനങ്ങളുടെ പുല്‍ത്താഴ്‌വരയായിരുന്നു. ഭൂമിദേവി വിളവു പെറ്റിടുന്നിടം. ഇന്ന് എവിടെ വയലേലകള്‍. എവിടെ ചെന്നൊന്നു നോക്കിയാലും അവിടെല്ലാം കൂറ്റന്‍ എടുപ്പു മാത്രം.

വിലക്കയറ്റത്തിനു കൂട്ടുകൂടാനായി നിരക്കു വര്‍ദ്ധനയും. പാവപ്പെട്ടവന്റെ പുകവെളിച്ചം , ചിമ്മിനിക്കു പോലും വിലകൂട്ടി. യു.പി.എ. അത്രേടം വരെ എത്തിയിരുന്നില്ല. ഒരു ലിറ്ററെന്നത് ഒരു കൂടു ചിമ്മിനിയാക്കി ചുരുക്കിയതല്ലാതെ. തീവണ്ടി ചാര്‍ജ് ഇപ്പോള്‍ ബസ്ചാര്‍ജിനോടൊപ്പമെത്തി. എന്തിനേറെ പറയണം വാഹന നികുതി വരെ കൂട്ടിയിരിക്കുന്നു.

ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നും മറ്റും പറഞ്ഞ് ഒതുങ്ങിക്കൂടാനാണോ പ്രതിപക്ഷത്തിന്റെ ഭാവം. അതോ ചീഞ്ഞുകിടക്കട്ടെ, വളമാവട്ടെ എന്നാണോ. ചട്ടപ്പടി സമരമല്ലാതെ ഗുണം പിടിക്കുന്ന സമരമൊന്നുമില്ലേ മൃഗീയഭൂരിപക്ഷമുള്ള പ്രതിപക്ഷത്തിന്റെ കൈയ്യില്‍. നിന്നിടത്തു നിന്നും മണ്ണ് അലിഞ്ഞില്ലാതാവുന്നതും നോക്കി കണ്ണു തള്ളി നില്‍ക്കുകയാണ് നേതൃത്വം.
റമദാനും ഈദും ഓണവും ഇത്തവണ പൊള്ളും!
തൊഴിലുറപ്പുകള്‍ കോടികള്‍ പുകയ്ക്കാനുള്ള ചൂളകള്‍ മാത്രമായിരുന്നു യു.പി.എക്ക്. വെറുതെ കൊടുക്കുമ്പോലെ കോടികള്‍ വൗച്ചറെഴുതി കൊടുക്കുന്നു. കുറേയേറെ പണം പലവഴിയായി പിരിഞ്ഞു പോകുന്നു. പള്ളിക്കരയില്‍  കാര്യസ്ഥ തന്നെ കുറേ മുക്കി. കണക്കും കാര്യവും ഇല്ല. സാധുക്കള്‍ക്ക് കിട്ടുന്ന പണം വിലക്കയറ്റം വരുത്തി വെച്ച് തിരിച്ചു പിടിക്കുന്നു. പണം ഊറിയെത്തുന്നത് വലിയവന്റെ മടിശീലയിലേക്ക്. നേരിട്ട് സര്‍ക്കാര്‍ സഹായിക്കുന്നതിനു പുറമെ വളഞ്ഞ് മൂക്കുപിടിച്ച് പിന്നെയും പണമെത്തിക്കുകയാണ് കുത്തകയ്ക്കായി. ഇതൊന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ നിയുക്തമായവരുടെ രാഷ്ട്രീയം ഇനിയും ആലസ്യമുണര്‍ന്നെണീറ്റിട്ടില്ല.

നരസിംഹറാവു 1996ല്‍ ഉദാരവല്‍ക്കരണം കൊണ്ടു വന്നു. എം.പി. വീരേന്ദ്രകുമാറിന്റെ രാമന്റെ ദുഖവും, വിജയന്‍ മാസ്‌ററരുടെയടക്കമുള്ള സാംസ്‌കാരിക നായകന്മാരുടെയും വാക്ക് ജനം തള്ളി. ഇപ്പോള്‍ പാമ്പിന്റെ വായില്‍  അകപ്പെട്ടുപോയ തവളയാണ് ഭാരതം. അന്ന് തന്നെ പിടിച്ചു കെട്ടേണ്ടിയിരുന്നു കരിനിയമങ്ങളെ. അതിനായി ജനകീയ പ്രക്ഷോഭം, ഭാരത് ബന്ദ് വരെ സംഘടിപ്പിച്ചു. സാധിച്ചില്ല. ഇനിയെങ്കിലും ജനം ഉണര്‍ന്നേ തീരു. സമചിന്ത, സമനീതി, സമഭാവന പുലര്‍ന്നേ മതിയാവൂ.

കാര്‍ഷികവൃത്തിയും നാടന്‍ തൊഴിലും സുരക്ഷിതമല്ലാതായപ്പോള്‍ കര്‍ഷകന്‍ വിത്തെടുത്തു കുത്തി ഉണ്ടു. വയല്‍പ്പാടങ്ങള്‍ ഭൂമാഫിയകള്‍ക്കു വിറ്റു. വെള്ള കോളറിട്ടു പട്ടണത്തിലേക്ക് തൊഴിലന്വേഷിച്ചു ചെന്നു. പലരും ഗള്‍ഫു നാടു നന്നാകുന്നതു വഴി സ്വയം നന്നാവാന്‍ ശ്രമിച്ചു. എല്ലാം ജലരേഖകള്‍. ചേറില്‍  പണിയെടുത്ത ആന്ധ്രക്കാരനു മുമ്പില്‍  ഇന്ന് കേരളം പിച്ചപ്പാത്രവുമായി നില്‍ ക്കുന്നു. വിശക്കുന്നു. വല്ലതും, അല്‍ പ്പം അരിയെങ്കിലും തരണേ...

ഉദുമ പഞ്ചായത്തില്‍  നിരവധി സ്റ്റാര്‍ ഹോട്ടലുകളുണ്ട്. സെന്റിന് 15000 മുതല്‍  25000 രൂപ വരെ കൊടുത്താണ് അത് അവര്‍ വാങ്ങിച്ചത്. ചോദിച്ച വിലയാണ് കൊടുത്തിരുന്നതു പോലും . ഇന്നവിടെ ഒരു കെട്ടിടത്തിലൊരു മുറിക്ക് ഒരുദിവസത്തെ വാടക ഒരുലക്ഷം രൂപ. വേറെ വേണോ ഉദാഹരണങ്ങള്‍!

റമദാനും ഈദും ഓണവും ഇത്തവണ പൊള്ളും!
Prathibha Rajan
(Writer)
ഇത്തവണത്തെ റംസാന്‍, ഓണം. അതിത്തിരി പൊള്ളും. പച്ചക്കറി വേണ്ടുവോളമുണ്ടാക്കണമെന്ന് കരുതി സര്‍ക്കാര്‍ നേരത്തെ കുറേ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പുറമ്പോക്കു കൃഷി, വിള ഇന്‍ഷൂറന്‍സ്, മട്ടുപ്പാവു കൃഷി ഇങ്ങനെ പലതും.  പണം പിന്നെയും പോയെന്നല്ലാതെ പവനായി വീണ്ടും ശവമായിത്തന്നെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kerala, Price, Article, Prathibha Rajan, Onam-celebration, Ramadan, Price Hiking, Hotel, Food. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia