Tradition | പത്താമുദയം: വടക്കേമലബാറിലെ തെയ്യാട്ടക്കാലം
● പത്താമുദയം കേരളത്തിലെ ഒരു പ്രധാന ആചാരമാണ്.
● തെയ്യം എന്ന നൃത്തരൂപം ഈ ആചാരത്തിന്റെ പ്രധാന ആകർഷണമാണ്.
● പത്താമുദയം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഭാഗമാണ്
ചന്ദ്രൻ മുട്ടത്ത്
(KasargodVartha) 'ഹരി വർദ്ധിക്ക വാണാളും
വർദ്ധനവും നീണാളും
ആണ്ടും ആയുസ്സും
ശ്രീയും സമ്പത്തും പോലെ
ഫലം വർദ്ധിക്ക വാഴ്ക താനും
കളിക്കതാനും കളിക്കയീശ്വരൻ
പ്രസാദിക്ക പരദേവതയ്ക്ക്
തിരുവുള്ളം തെളിയമൃതാക്കി
സമ്പത്തും ഫലം
മുഹൂർത്തം വർദ്ധിക്ക...'
ഇന്ന് തുലാപത്ത്. മലയിറങ്ങിയും കടൽകടന്നും ഭക്തിയുടെ കാൽചിലമ്പുറിച്ച് വീണ്ടുമൊരു തെയ്യാട്ടക്കാലം വരവായി. ക്ഷേത്രങ്ങളിലും കാവുതട്ടകങ്ങളിലും ദീപ ധൂപ അലങ്കാര പഞ്ചവാദ്യ നിവേദ്യാതികളോടെ ഉണരുന്ന സുദിനം. പയ്യന്നൂർ തെക്കേ മമ്പലത്തെ തെക്കടവൻ തറവാട്ടിലും തിമിരി വലിയവളപ്പിൽ തറവാട്ടിലും തുലാപ്പിറവിയോടെ തന്നെ തെയ്യങ്ങൾ തിരുമുറ്റമിറങ്ങി കഴിഞ്ഞു.തെക്കടവൻ തറവാട്ടിലെ കുലദൈവമായ കുണ്ടോർ ചാമുണ്ഡി ഉറയുമ്പോൾ വലിയവളപ്പിൽ ചാമുണ്ഡി ചെളിവയലിലിറങ്ങി
പാടങ്ങളിൽ നൂറുമേനി പൊലിപ്പിക്കാൻ വിത്തുവിതച്ചു .തെയ്യം കാണാനെത്തിയവർ പൊന്നാര്യനെ തൊഴുതു വണങ്ങി.
കൈയ്യിൽ വാളും പരിചയുമേന്തി വയലിൽ സമൃദ്ധി വിളയിക്കാനാണ് ഈ തെയ്യത്തിൻ്റെ വയൽസഞ്ചാരം. ഉത്തരമലബാറിൽ മാവിലരുടെ കൊടുവാളൻ തെയ്യവും പുലയരുടെ വലിയവളപ്പിൽ ചാമുണ്ഡിയും വയലിലിറങ്ങി വിത്ത് വിതച്ച ശേഷമാണ് കർഷകർ കാളയും കലപ്പയുമായി കൃഷി ചെയ്യാൻ വയലിലിറങ്ങുക. വിതയ്ക്കുന്ന തെയ്യങ്ങളുടെ കെട്ടിയാട്ടം കഴിഞ്ഞെത്തുന്ന നാളുകളിലാണ് കാവുകൾ ഉണരുന്ന പത്താമുദയം.
വയലേലകളിൽ ഐശ്വര്യവും സമൃദ്ധിയും നിറക്കാനിറങ്ങുന്ന തെയ്യങ്ങൾക്ക് ഭീകരരൂപമാണ്. വെള്ളോട്ടിൽ തീർത്ത മുഖം മൂടിയും രക്തമൊലിക്കുന്ന നീണ്ട നാക്കും മാർച്ചട്ടയും ഇത്തരം തെയ്യങ്ങളുടെ പ്രത്യേകതയാണ്. വയലിൽ കണ്ണേറ് തട്ടാതിരിക്കാനും ദുഷ്ട ശക്തികളെ പ്രതിരോധിക്കുവാനുമാണ് ഭയഭക്തി ജനിപ്പിക്കുന്ന ഈ വേഷം.
കാസർകോട് ജില്ലയിൽ പിലിക്കോട് പഞ്ചായത്തിൻ്റെ നെല്ലറയായ തിമിരി വയലേലകളിൽ പ്രത്യേകം തിരഞ്ഞെടുക്കുന്ന പാടങ്ങളിലൊന്നിലാണ് സമൃദ്ധി നിറയ്ക്കാനുള്ള ചടങ്ങുകൾ നടക്കുക. ചെത്തിക്കോരി വൃത്തിയാക്കിയ പാടത്ത് നേരത്തെ വ്രതം നോറ്റ വാല്യക്കാർ വന്ന് മുറത്തിന്റെ ആകൃതിയിലുള്ള പ്രതിഷ്ഠാ ചിഹ്നമൊരുക്കിയ സ്ഥലത്താണ് ആചാര ചടങ്ങുകൾ നടത്തുന്നത്. പഴയ കാലത്ത് ഉത്തരമലബാറിലെ ചില പ്രധാന വയലേലകളിൽ തെയ്യങ്ങളും കാവൽക്കാരുമിറങ്ങി വിത്തിടുന്ന അനുഷ്ഠാന ചടങ്ങുണ്ടായിരുന്നു.
ഇരുട്ടിനെ ഇന്ധനമാക്കി കത്തിയെരിയുന്ന തീവെട്ടി. ആഞ്ഞുപതിക്കുന്ന ചെണ്ടക്കോലുകൾ. അലയൊലിയായുയരുന്ന ആരവം. നക്ഷത്രക്കണ്ണുകളിൽ അഗ്നിയുടെ ശോഭയും ചലനങ്ങളിൽ രൗദ്രതയും ആവാഹിച്ച് ഇനിയങ്ങോട്ട് വിവിധ തെയ്യങ്ങളുടെ ആരവവും അരങ്ങുമുണരും. പാപപരിഹാരത്തിനും അനുഗ്രഹവർഷത്തിനുമായി നാടുവാഴുന്ന തെയ്യങ്ങൾ. കള്ളവും ചതിവും ചോദ്യം ചെയ്യുന്ന നിറഞ്ഞ
ഐതിഹ്യങ്ങളും പോരാട്ടങ്ങളുടെ ധീരസ്മരണകളും അധികാരത്തിന്റെ പരകോടിയിൽ അമരുന്ന നാടുവാഴികളുടെ അഹന്തയും മറ്റും വിഷയങ്ങളായി ചോദ്യം ചെയ്യപ്പെടുന്ന ഇമ്പമേറിയ തോറ്റം പാട്ടുകൾ. തെയ്യം വാമൊഴികൾ. വാളുറയലുകൾ.
കോലത്തു നാട്ടിലെയും അള്ളട ദേശത്തെയും ക്ഷേത്ര തട്ടകങ്ങളിൽ ആ പഴയ സംസ്കാരം വാദ്യഘോഷങ്ങളായി ഇനിയുള്ള നാളുകളിൽ ഗ്രാമത്തെ ഉണർത്തുകയായി. മേലേരിക്കും എരിയുന്ന ചൂട്ടുകറ്റകൾക്കും മീതേ ഉറയുന്ന വാളും പരിചയുമേന്തി കനൽക്കട്ട പോലുള്ള കണ്ണുരുട്ടി തെയ്യങ്ങൾ ദർശനപെട്ട് കുന്നോളം കൂട്ടിയ മേലേരി ചാടുന്ന കാഴ്ച്ചകൾ . ചിലമ്പൊലിയുടെ ഭക്തി ജ്വലിപ്പിക്കുന്ന താളത്തിൽ തെയ്യങ്ങൾ നെറുകയിൽ കനകപ്പൊടിയിട്ട് അരുളപ്പാടുയർത്തുമ്പോൾ ഭക്തരോരുത്തരുടെയും മനസ്സ് കുളിർക്കുന്നു.
തെക്ക് കോരപ്പുഴ മുതൽ വടക്ക് കാഞ്ഞിരോട്ട്കാവ് ഭട്ടതിരിയില്ലത്തിൻ്റെ തെക്കിനി വരെയുള്ള ക്ഷേത്രങ്ങളിലും കാവുകളിലും പള്ളിയറകളിലും തെയ്യാട്ടത്തിന്റെ ഉൽസവത്തിമിർപ്പിലാകുന്നു. നാടിന്റെ സർവ്വ ഐശ്വര്യത്തിനായി തുലാം പത്തു തൊട്ടുള്ള കത്തി ജ്വലിക്കുന്ന സൂര്യ വെളിച്ചത്തിൽ ആടിത്തിമിർത്തു വരുന്ന തെയ്യങ്ങൾക്ക് നീലേശ്വരം തമ്പുരാൻ കല്പിച്ചരുൾ ചെയ്യുന്നതോടെ ആറു മാസത്തെ ഇടവേള നൽകി ഇടവത്തിൽ പരിസമാപ്തിയാകും. നീലേശ്വരം അഞ്ഞൂറ്റാൻ കാവിലും കണ്ണൂർ ചിറക്കൽ കളരിവാതുക്കൽ ക്ഷേത്രത്തിലും തെയ്യങ്ങൾ മുടിയെടുത്താൽ പിന്നെ മുത്തപ്പൻ തെയ്യമൊഴിച്ചുള്ള പീഠ പഴക്കമുള്ള തെയ്യങ്ങളുടെ കെട്ടിയാട്ടത്തിന് താൽക്കാലിക വിട.
രൗദ, സൗമ്യ മൂർത്തികളായ അമ്മ ദൈവങ്ങൾ നാട്ടുക്കൂട്ടത്തിനിടയിൽ മുടിയഴിച്ചുറഞ്ഞ് ഏഴകൾക്ക് ഗുണം വരുത്തുന്നു. അഴകിലും ആകാരത്തിലും വൈവിദ്ധ്യങ്ങളുമായി തെങ്ങിൻ തിരിയോല പാവാടയണിഞ്ഞ്, മുഖത്ത് ചായില്യവും മനയിലയിലും പവനരച്ചെഴുതി മിഴികളിൽ മീൻകണ്ണും
മാൻ കണ്ണുമെഴുതി അരങ്ങിലെത്തുന്നു.
തെയ്യക്കോലങ്ങൾക്ക് കാലദേശമനുസരിച്ചാണ് പാഠഭേദം. വലിയ മുടി, വട്ടമുടി, കിരീടം, ഓംകാരമുടി, നീളൻമുടി എന്നിങ്ങനെയുള്ള മുടിയഴകുള്ള എത്രയെത്ര തെയ്യങ്ങൾ. ശംഖും വൈരദളം, പ്രാക്കെഴുത്ത്, അഞ്ചു പുള്ളിയും ആനക്കാലും , തേപ്പും കുറി, കൊടും പുരികം, നരിക്കുറിച്ചെഴുത്ത്, നാഗം താത്തെഴുത്ത്, മുറിയെഴുത്ത്, കട്ടാരം പുള്ളി, കുറിയെഴുത്ത്, എന്നിങ്ങനെ ആൺ-പെൺ തെയ്യങ്ങൾക്കോരോന്നിനും വ്യത്യസ്തമായ മുഖത്തെഴുത്താണ്.
തലപ്പാളി, പാടകം, ചിലമ്പ്, പര്യം, വെള്ളാട്ടു പട്ടം, ചൂടകം, മണിക്കയർ, വെളിമ്പൽ, മാർവട്ടം, അരയൊട കയ്യൊറ, കഴുത്തിൽ കെട്ട് എന്നിവയിൽ തെങ്ങിൻ കുരുത്തോലയും ദശപുഷ്പങ്ങളും ചാർത്തിയ ആടയാ ഭരണങ്ങൾ. ചെണ്ട, പെരുമ്പറ, ഇടയ്ക്ക, ഇലത്താളം, നാഗസ്വരം, ശംഖ്, കുഴൽ, കൊമ്പ് എന്നീ വാദ്യങ്ങൾ. പൊട്ടൻ, പൊലപൊട്ടൻ, ഭൂതം, ഗുളികൻ, എന്നീ തെയ്യങ്ങൾക്ക് മരം, ലോഹം, പാള എന്നിവ കൊണ്ടുള്ള മുഖാവരണം. അരിമാവിൻ ചാന്തുകൊണ്ട് ദേഹവൃത്തി. നാട്ടുവഴക്കവും പെരുമയും പുലർത്തി ഭക്തൻ്റെ സങ്കടക്കടലിന് സമാധമൊരുക്കി തീർപ്പുകല്പിക്കാൻ ഒന്നുറെ നാല്പത് തെയ്യങ്ങൾ.
മലയൻ, വണ്ണാൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ, കോപ്പാളൻ, മാവിലൻ, വേലൻ, ചിങ്കത്താൻ, പുലയൻ എന്നീ സമുദായക്കാരാണ് തെയ്യക്കോലം കെട്ടുന്നത്. തോറ്റം പാട്ടിലും ആചാരാനുഷ്ഠാനങ്ങളിലും വിഭിന്നമായ തെയ്യങ്ങളെല്ലാം നീതിയും ധർമ്മവും പുലർത്തി സ്ഥിതിസമത്വമുണ്ടാക്കാനായി നമ്മെ പ്രാപ്തമാക്കുന്നു. അഗ്നിഘണ്ഡാകർണ്ണൻ, പുതിയഭഗവതി, അങ്കക്കുളങ്ങര ഭഗവതി, പണയക്കാട്ട് ഭഗവതി, ഒയോളത്ത് ഭഗവതി എന്നിങ്ങനെയുള്ള തെയ്യങ്ങൾ പന്തങ്ങളുടെ ദീപപ്രഭയിൽ ഇരുട്ടിൽ ദുഷ്ട നിഗ്രഹത്തിനിറങ്ങി നാട്ടിലും വീട്ടിലും സമാധാനം ചൊരിയുന്നു.
കുടിപ്പകയും പരസ്പര വൈര്യവും തീർക്കാൻ വാൾ പയറ്റിലും ഉറുമി വീശലിലും ഏർപ്പെടുന്ന പടനായകരായ തെയ്യങ്ങൾക്ക് ഭയ ഭക്തിയോടെയാണ് പ്രാർത്ഥന നടത്താറ്. കതിവന്നൂർ വീരൻ, കുടിവീരൻ, തച്ചോളിഒതേനൻ, കുരിക്കൾ എന്നീ തെയ്യങ്ങൾ കർമ്മ നിഷ്ഠകളിൽ പഴയ പടവെട്ടലിന്റെ ഓർമ്മ പുതുക്കുന്നു. മതജാതികളെ കൂട്ടിയിണക്കാൻ മാപ്പിള തെയ്യങ്ങളും സ്ത്രീ തെയ്യങ്ങളും ഉറഞ്ഞാടി ഭക്തരെ അനുഗ്രഹിക്കുന്നു.
വിഷ്ണുമൂർത്തി, കണ്ടനാർകേളൻ, പൊട്ടൻ തെയ്യം എന്നിവ അഗ്നിപ്രവേശം ചെയ്ത് ദേഹശുദ്ധി വരുത്തുന്ന തെയ്യങ്ങളാണ്. വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ഈ തെയ്യങ്ങൾ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് നിലയുറപ്പിച്ചിട്ടുള്ളത്. ക്ഷേത്രങ്ങൾക്കു പുറമെ ഭവനങ്ങളിലും നേർച്ചയായി ഈ ഗണത്തിൽ വരുന്ന തെയ്യങ്ങൾ കെട്ടിയാടിക്കുന്ന പതിവുണ്ട്.
കോപ്പാളരുടെയും കൊറഗരുടെയും മാവിലരുടേയും തെയ്യങ്ങൾ മറ്റു സമുദായക്കാരുടെ തെയ്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. മദ്യവും മാംസവും ഭോജനമാക്കുന്ന ദ്രാവിഡ തനിമയുള്ള ഇവരുടെ തെയ്യങ്ങൾ ഭക്തൻ്റെ പ്രശ്നങ്ങൾ നേരിൽ കേട്ട് പരിഹാരമുണ്ടാക്കുന്നതാണ്. ആരൂഢസ്ഥാനങ്ങളിൽ നിന്നും വിവിധ ക്ഷേത്രങ്ങളിലേക്ക് കുടിയിരുത്തുന്ന തെയ്യങ്ങൾക്ക് പ്രാദേശികമായി തോറ്റം പാട്ടിൽ വ്യത്യാസമുണ്ട്. പൂരം, കളത്തിലരി, ഒറ്റക്കോലപുത്തരി, സംക്രമം, എന്നീ പ്രധാന ദിവസങ്ങളിലെല്ലാം കാവിലും ക്ഷേത്രത്തിനകത്തും വിവിധ കർമ്മങ്ങളും ശുചീകരണവും നടത്താറുണ്ട്. പുന:പ്രതിഷ്ഠയും നവീ കരണവും കഴിഞ്ഞ ക്ഷേത്രങ്ങളിൽ ഒരു വ്യാഴവട്ടം കഴിഞ്ഞാൽ പെരുങ്കളിയാട്ടമുണ്ടാകും.
പള്ളിയറകളിലും കാവുകളിലും ഉറഞ്ഞാടുന്ന തെയ്യങ്ങളെല്ലാം ഒരു ദിവസം കൈയ്യിലുയർത്തിയ തീവെട്ടികെടുത്തി ഇരുളിൽ യാത്രയാവുന്നു. പിന്നീട്, ഓർമ്മകൾ പുതച്ചുമൂടി ദേവസ്ഥാനങ്ങളും കാവുകളും മാസങ്ങളോളം വീണ്ടും തനിച്ചുറങ്ങും. ശത്രുസംഹാരം നടത്താൻ രുധിരം നുണഞ്ഞും പാപപരിഹാരം കാണാൻ മധുപാനം ചെയ്തും ഭക്തരുടെ നെറുകയിൽ പൊൻപൊടി വിതറുന്ന തെയ്യങ്ങൾ. രോഗപീഢകളും കഷ്ടനഷ്ടങ്ങളും അകറ്റി നാട്ടിൽ സാമൂഹ്യ സമത്വം ഊട്ടിയുറപ്പിക്കാനായി തീക്കനലിൽ നൃത്തം ചവിട്ടുന്നു.
നിത്യപൂജകളില്ലാത്ത കാവുകളിലും ദേവസ്ഥാനങ്ങളിലും തറവാടുഭവനങ്ങളിലും നിലവിളക്കിൽ അഞ്ചുതിരിയിട്ട് വിശേഷാൽ അടിയന്തിരവും പ്രത്യേകപൂജകളും പത്താമുദയമായ ഇന്ന് നടത്തുന്നു. കന്നികൊയ്ത് കഴിഞ്ഞ് രണ്ടാം വിള കൃഷിക്കായുള്ള ഒരുക്കം പത്താമുദയത്തോടെയാണ് ആരംഭിക്കുക. കന്നി വിളവെടുപ്പിൽ കിട്ടിയ നെല്ല് വൈക്കോൽ പൊതിയിൽ ആചാരപൂർവ്വം കെട്ടി ക്ഷേത്രനടയിൽ കാണിക്കവെച്ച് നിർമ്മാല്യം സ്വീകരിച്ച് വീടുകളിലേക്ക് കൊണ്ടുപോകുന്ന ചടങ്ങുകളും ഈ ദിവസം നടക്കുന്നു. ഇതോടൊപ്പം കാലിച്ചാനൂട്ടുമുണ്ട്.
തറവാട്ടിലെ പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് കാലിച്ചാനൂട്ട് നടത്തുക. ശ്രീകൃഷ്ണ സംപ്രീതിക്കാണ് ഈ ചടങ്ങ്. പ്ലാവില വിരിച്ചു വെച്ചാണ് നിവേദ്യം വിളമ്പുക. ഊട്ട് കഴിഞ്ഞാൽ വന്നെത്തിയവർക്കെല്ലാം പായസം വിളമ്പും. നായാട്ട്, വിവിധ കലാ പ്രകടനങ്ങൾ എന്നിവ നടത്തുവാൻ പഴമക്കാർ പത്താമുദയ ദിനമാണ് തെരഞ്ഞെടുക്കാറുള്ളത്. സൂര്യദേവനെ ആരാധിച്ചു കൊണ്ടുള്ള വിവിധ ചടങ്ങുകളാണ് ഈ ദിനങ്ങളിൽ പ്രധാനമായും നടത്തുക.
കന്നുകാലി പരിപാലകനായ കാലിച്ചേകോൻ തെയ്യത്തിന്റെ അനുഗ്രഹത്തിനായി തൊഴുത്തും പരിസരവും വൃത്തിയാക്കി കന്നുകാലികളെ ദീപം കാണിച്ച് തലയുഴിഞ്ഞ് തീറ്റനൽകും. പത്താമുദയനാളിൽ സൂര്യോദയത്തിനുമുമ്പ് കുളിച്ച് കുറിയഞ്ചും വരച്ച് തറവാട് കാരണവരും തറവാട്ടമ്മയും മുറ്റത്ത് നിലവിളക്കും നിറ നാഴിയുമായി കാത്തു നിൽക്കും. സൂര്യനുദിച്ചു വരുമ്പോൾ, വാൽകിണ്ടിയിൽ നിന്നും തീർത്ഥം ജപിച്ചെറിഞ്ഞ് ഇരുകൈകളിലും ഉണ ക്കലരി വാരിയിട്ടെറിഞ്ഞ്, പൂജാമുറിയിൽ നിലവിളക്ക് കത്തിച്ച് പത്താമുദയത്തെ വരവേൽക്കും. ചിലയിടങ്ങളിൽ സൂര്യദേവന് വൽസനട നിവേദ്യമായി നൽകാറുണ്ട്.
കന്നുകാലി സമ്പത്ത്, ധാന്യസമൃദ്ധി, ധനലാഭം, ഭൂമിലാഭം, കളത്ര സൗഭാഗ്യം, സന്താനസൗഖ്യം, ദൈവാനുഗ്രഹം, ഗുരുജനപ്രീതി, രാജപ്രീതി, ആയുർദേവഹിതം എന്നീ പത്ത് ഐശ്വര്യങ്ങൾ പത്താമുദയ ദർശനത്തിലൂടെ സാധ്യമാകുമെന്നാണ് വിശ്വാസം. സമ്പത്തും ധനധാന്യ സമൃദ്ധിയും പുലരാനായാണ് പത്താമുദയ ചടങ്ങുകൾ. സൂര്യൻ ഭൂമധ്യരേഖയിൽ ഉദിക്കുന്ന ഈ ദിവസം ഭക്തർ വ്രതമെടുത്ത് വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്.
#Pathamudayam #Theyyam #NorthMalabar #KeralaCulture #IndianFestivals #HinduRituals #TraditionalDance