city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാദൂര്‍ കുഞ്ഞാമു ഹാജി: ഓര്‍മകളിലെ നിറപുഞ്ചിരി

ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍

(www.kasargodvartha.com 23/04/2016) രാവിലെ എഴുന്നേറ്റ് ഫോണില്‍ മൊബൈല്‍ ഡാറ്റ ഓണ്‍ ചെയ്തപ്പോള്‍ ആദ്യമെത്തിയ സന്ദേശം ഞെട്ടിക്കുന്നതായിരുന്നു. പാദൂര്‍ കുഞ്ഞാമു ഹാജി നമ്മെ വിട്ടുപിരിഞ്ഞു എന്ന വാര്‍ത്ത. തികഞ്ഞ മനുഷ്യനായ രാഷ്ടീയക്കാരന്‍. സ്‌നേഹനിധിയായ മനുഷ്യന്‍. എത്രയെത്ര അനുഭവങ്ങള്‍, മരിക്കാത്ത ഓര്‍മകളും...!

സ്വന്തം നാട്ടുകാരന്‍ എന്നതിനാലും മിക്ക പരിപാടികളിലും കാണാറുണ്ടെന്നതിനാലും അദ്ദേഹവുമായി അടുത്തു പെരുമാറാന്‍ ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. സാധാരണ കോണ്‍ഗ്രസുകാരനായ ഒരു കരാറുകാരനില്‍ നിന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയത് എന്റെ വീട് ഉള്‍ക്കൊള്ളുന്ന 10-ാം വാര്‍ഡ് പ്രതിനിധിയായാണ്. ടി എന്‍ ശേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായപ്പോള്‍ മാത്രമാണ് നമുക്ക് ആ സ്ഥാനത്തിന്റെ സ്റ്റാറ്റസും പവറും മനസ്സിലായത് എന്ന പോലെ, പാദൂര്‍ കുഞ്ഞാമു ഹാജി പ്രസിഡണ്ടായപ്പോഴാണ് ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ സാധ്യതയും പവറും മനസിലായത്. അതുവരെ ഒരു പാദൂര്‍ കുടുംബാംഗം എന്ന രീതിയില്‍ മാത്രമേ എനിക്കദ്ദേഹത്തെ അറിയുമായിരുന്നുള്ളൂ. ഒരു വലിയ പണക്കാരനായ കോണ്‍ട്രാക്ടര്‍, അത്രമാത്രം.


ഏറ്റവും അടുത്തിടപഴകാന്‍ ആദ്യമായി അവസരം ലഭിച്ചത് ഞാന്‍ സെക്രട്ടറി ആയിരുന്ന ബെണ്ടിച്ചാല്‍ മണ്ടലിപ്പാറ യുവധാര കലാകായിക വേദിയുടെ കെട്ടിടോദ്ഘാടന ചടങ്ങില്‍ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു എന്ന നിലയിലായിരുന്നു. അന്ന് ഒരു വെറും ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന എന്നോട് അദ്ദേഹം ഇടപെട്ട രീതി സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. അന്നത്തെ ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമിയായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്ത്. ആ പരിപാടി തീരുമാനിച്ചതു മുതല്‍ അദ്ദേഹം മൊബൈല്‍ ഫോണില്ലാത്ത ആ കാലത്തും എത്ര തവണ എന്നെ ബന്ധപ്പെട്ടു എന്ന് നിശ്ചയമില്ല. എന്നാലും ഒന്നോര്‍മയുണ്ടിന്നും, അദ്ദേഹം നല്ല ഹൃദയമുള്ള, എളിമയുള്ള ഒരു മനുഷ്യനാണെന്ന്.

അതിനു ശേഷം പല പരിപാടികളിലും അദ്ദേഹം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ആ ചിരിച്ചുകൊണ്ടുള്ള വരവ് എത്രയായാലും മനസില്‍ നിന്ന് മായില്ല. തനിക്ക് ഉറച്ച വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കളോട് പെരുമാറുമ്പോള്‍ അതൊക്കെ മാറ്റിവെക്കും. ജനകീയനായിരുന്ന 'പാദൂര്‍ 'എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പാദൂര്‍ കുഞ്ഞാമു ഹാജി. സഹിഷ്ണുതയും സ്‌നേഹവും വേണ്ടുവോളമുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍. സഹായിക്കുന്നതില്‍ രാഷ്ട്രീയം നോക്കിയിരുന്നില്ല കുഞ്ഞാമുച്ച.

ജാതി മത രാഷ്ട്രീയ പ്രായ ദേശ വ്യത്യാസങ്ങളില്ലാതെ ഏതു തിരക്കിലും ആര്‍ക്കുമെപ്പൊഴും സംസാരിക്കാവുന്ന ഒരു മനുഷ്യനായിരുന്നു, ജനപ്രതിനിധിയുമായിരുന്നു. തിരക്കിനിടയില്‍ പൂര്‍ണമായി സംസാരിക്കാന്‍ പറ്റിയില്ലെങ്കില്‍ അദ്ദേഹം പിന്നീട് ഫോണില്‍ വിളിച്ചു ചോദിക്കും. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം മനസിലേക്കോടിയെത്തിയത്, അദ്ദേഹത്തെ അവസാനമായി കണ്ട നിമിഷമായിരുന്നു.

ഒരാഴ്ച മുമ്പ് തെക്കില്‍ ഈസ്റ്റ് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ 92-ാം വര്‍ഷികാഘോഷ ചടങ്ങിലായിരുന്നു അത്. പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കവി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ അവിടെ ചെന്നതെങ്കില്‍ അവിടത്തെ ഒരു പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ അതിഥിയായിരുന്നു അദ്ദേഹം.

അന്ന് അവിടെ ഞങ്ങള്‍ അടുത്തടുത്തിരുന്നാണ് സദ്യ കഴിച്ചത്. കുറെ സംസാരിച്ചു. രാഷ്ട്രീയ സ്ഥിതിഗതിയടക്കം. നല്ല ആവേശത്തിലായിരുന്നു അദ്ദേഹം. അതിനിടയില്‍ എന്റെ വീടിനടുത്ത് നടന്ന ഒരു മരണ വാര്‍ത്ത എന്നെ ആദ്യമറിയിച്ചതും അദ്ദേഹമായിരുന്നു. അവിടന്ന് നേരെ ചെന്നത് ആ മരണവീട്ടിലേക്കായിരുന്നു. എവിടെ ഒരു മരണം നടന്നാലും അദ്ദേഹം ഏതു നേരത്തായാലും അവിടെ എത്തിയിരിക്കും. അതുകൊണ്ടു തന്നെ എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്യും.

എന്നാല്‍, ഈ മരണത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹമുണ്ടാവില്ലല്ലോ, അദ്ദേഹത്തിന് ആവില്ലല്ലോ?! 'ഏയ്... എന്തടോ...? എന്ന ചോദ്യവും, ചിരിക്കുന്ന ആ മുഖവും മനസ്സില്‍ നിന്ന് മായുന്നേയില്ല. ഓര്‍മകള്‍ക്ക് മുന്നില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പിച്ചു കൊണ്ട് ...!

പാദൂര്‍ കുഞ്ഞാമു ഹാജി: ഓര്‍മകളിലെ നിറപുഞ്ചിരി


Keywords : Article, Padhur Kunhamu Haji, Condolence, G Pushpakaran Bendichal, Padhur Kunhamu Haji in memories.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia