കുഞ്ഞിന്റെ അച്ഛനാരാണെന്ന് നിശ്ചയമില്ലായിരുന്ന കാലഘട്ടത്തിലെ അച്ഛന്മാരെ പോലെ തന്നെ ചില അച്ഛന്മാര് ഇന്നും ഉണ്ട്, മക്കള്‍ എന്നും അമ്മമാരുടെ കരുതലിലാണ്
Nov 13, 2019, 21:01 IST
- കുക്കാനം റഹ് മാന്‍
ഓര്മ, വീട്ടില്‍ വളര്‍ത്തിയിരുന്ന പശുക്കളിലേക്കെത്തി. അമ്മ പശുവാണ് കുഞ്ഞിനെ പ്രസവിക്കുന്നതും, നക്കി ഉണക്കി പശുക്കുട്ടിയെ എഴുന്നേറ്റ് നിന്ന് ഓടാന്‍ ത്രാണി ഉണ്ടാക്കുന്നതും, പാല് കൊടുത്ത് വളര്‍ത്തുന്നതും എല്ലാം. അച്ഛന് കാളയ്ക്ക് ഒരു ഉത്തരവാദിത്വവുമില്ല. പശുക്കളെ കുന്നിന് പുറത്തും, മറ്റും മേയ്ക്കാന്‍ വിട്ടാല്‍ അവിടെ വെച്ചാണ് കാളകളുമായി ഇണചേര്‍ന്ന് ഗര്‍ഭിണിയാവുക. എല്ലാ മൃഗങ്ങളിലും ഇതേ സ്വഭാവമാണ്. അമ്മയാണ് അവയുടെ കുട്ടികളെ സംരക്ഷിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നത്.
പക്ഷി മൃഗാദികളില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത അമ്മമാരില്‍ മാത്രം നിക്ഷിപ്തമാണ്. പക്ഷേ ഉല്പാദന പ്രക്രിയയുടെ ആദ്യ പടിയായ ഇണ ചേരലില്‍ അമിത സ്നേഹവും, സാമീപ്യവും ഇണയോട് പ്രകടിപ്പിക്കുന്നത് ആണ് വര്‍ഗമാണ്. മുട്ടയിടാനുള്ള സൗകര്യ മൊരുക്കിക്കൊടുക്കാനും ആണ്‍വര്‍ഗം തയ്യാറാവുന്നുണ്ട്. നമ്മുടെ ദേശീയ പക്ഷിയായ വേഴാമ്പല്‍ പക്ഷി ഇതിനൊരുദാഹരണമാണ്. പെണ് പക്ഷി മുട്ടയിടാനായാല് മരപ്പൊത്തിന്റെ ദ്വാരമുള്ള ഭാഗം മണ്ണുപയോഗിച്ച് അടക്കുന്നു. പക്ഷിയുടെ കൊക്ക് കടക്കാന്‍ മാത്രം വലുപ്പത്തിലുള്ള ദ്വാരം അവശേഷിപ്പിക്കുന്നു.
അച്ഛന്പക്ഷി ആഹാരം ശേഖരിച്ചു കൊണ്ടു വന്ന് ദ്വാരത്തിലൂടെ അമ്മ പ്പക്ഷിക്ക് നല്കുന്നു. മുട്ടയിട്ട് അവ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ആവുന്നത് വരെ ഈ പ്രക്രിയ തുടരും. തുടര്‍ന്ന് അടച്ച കൂട് കൊത്തിപ്പൊളുക്കുന്നു. അമ്മപ്പക്ഷിയും കുഞ്ഞുങ്ങളും പുറത്തേക്ക് വന്ന് പറന്നകലുന്നു.
ആദിമ മനുഷ്യരിലും അച്ഛന്, അമ്മ എന്ന സങ്കല്‍പ്പത്തിനപ്പുറം അമ്മ മാത്രമെ സംരക്ഷകരായിട്ടുണ്ടാവുകയുള്ളൂ. കുടുംബ വ്യവസ്ഥ ഇല്ലാതിരുന്ന കാലത്ത് ആണുങ്ങള് കുട്ടികളെ സംരക്ഷിക്കുന്നതില്‍ നിന്നും മുക്തരായിട്ടുണ്ടാകാം. വേട്ടയാടിക്കൊണ്ടു വന്ന ആഹാരം എല്ലാവര്‍ക്കുമായി പങ്കുവെക്കുന്ന വ്യവസ്ഥയാണ് അന്നുണ്ടായിരിക്കുക. അതില്‍ ഇണ ചേര്ന്നവള്ക്കോ, അതിലുണ്ടായ മക്കള്‍ക്കോ പ്രത്യേക പരിഗണനയൊന്നും ലഭിക്കാന്‍ സാധ്യതയില്ല.
ഇതിന്റെ പരിണിത രുപമല്ലേ മരുമക്കത്തായ കാലത്തും നമ്മള് അനുഭവിച്ചിരുന്നത്. അച്ഛന് എന്ന് പറയുന്ന മനുഷ്യന് ഭാര്യയുമായി ലൈംഗിക ബന്ധം നടത്തുകയെന്ന ചുമതലയേയുള്ളു. അമ്മാവന്മാരും അമ്മയുടെ മറ്റു ബന്ധുക്കളും കുട്ടികളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം ഏറ്റടുത്തു കൊള്ളും. അമ്മമാരുടെ സംരക്ഷണയിലായിരുന്നു മക്കള്‍. അമ്മമാര്‍ക്കായിരുന്നു കുടുംബത്തിന്റെ ഭരണ ചുമതലയും.
അതിനും മുന്നേ ഏതൊരു സ്ത്രീയുള്ള വീട്ടിലേക്കും ആണുങ്ങള്‍ക്ക് കടന്നു വരാം. ആദ്യമേ നോട്ടമിട്ട പെണ്ണുങ്ങളെ തേടിയാണ് ആണുങ്ങള് വരാറുള്ളത്. വീട്ടിലെ പെണ്ണുങ്ങള് ആണുങ്ങള് വരുന്നുണ്ടോ എന്ന് നോക്കിയിരിക്കും.
'കുന്നുമ്മന്നുണ്ടൊരു ചുട്ട്വാണ്ന്നു
കുഞ്ഞമ്പുന്റെച്ഛനോ മറ്റാര്വാന്നോ.'
അന്ന് ചൂട്ടും കത്തിച്ചാണ് ഭാര്യാ വീട്ടിലോ - പെണ്ണുങ്ങളുള്ള വീട്ടിലേക്കോ ആണ് കോയ്മകളുടെ വരവ്. ചൂട്ടും കത്തിച്ച് വരുന്നത് ചിലപ്പോള്‍ ആദ്യ കുഞ്ഞിന്റെ അച്ഛനാവും. അല്ലെങ്കില്‍ മറ്റാരെങ്കിലുമാവും. ആരായാലും സ്വീകരിക്കാന്‍ കയ്യാറായിരുന്നു പോലും അന്നത്തെ സ്ത്രീകള്‍.
അത്തരം ഒരു സൂചന ടിപ്പുവിന്റെ കേരള പടയോട്ട കാലത്തെ കുറിപ്പിലും കാണാം. ഒരു സ്ത്രീയെ സമീപിക്കുന്നത് നാലോ അഞ്ചോ പുരുഷന്മാരുണ്ടാവുമെന്നും, അവരില്‍ ആരാണ് തനിക്കുണ്ടായ കുട്ടിയുടെ അച്ഛനെന്നോ തിരിച്ചറിയാന്‍ കഴിയാത്ത കാലം. ഈ സമ്പ്രദായം മാറ്റണമെന്ന് അദ്ദേഹം പ്രസ്തുത കുറിപ്പില്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട്.
രാത്രികാലത്ത് നോട്ടമിട്ട സ്ത്രീയെ തേടി വരുന്ന പുരുഷന് പ്രസ്തുത വീടിന്റെ പടിവാതില്ക്കല് എത്തിയാല്‍ പുറത്ത് കുടയോ വടിയോ കണ്ടാല്‍ തിരിച്ചു പോവും. അകത്ത് വേറെ ആളുണ്ടെന്ന് കരുതിയാണ് അയാള്‍ തിരിച്ചു പോവുന്നതത്രേ. ഏക പത്നിയും ഏകപതിയും ഉള്ള സമ്പ്രദായമായിരുന്നില്ല അക്കാലത്ത്. അക്കാലത്തും കുഞ്ഞുങ്ങളുടെ സംരക്ഷണം പ്രസവിക്കുന്ന അമ്മമാര്‍ക്കു തന്നെയാണ്.
അച്ഛനാരാണെന്നറിയാത്ത എത്രയോ മക്കള്‍ ഇന്നും ജീവിച്ചു വരുന്നുണ്ടിവിടെ. ഒരു മുപ്പതു വയസുകാരിയായ സ്ത്രീ പറഞ്ഞു. ഇന്നും എന്റെ അച്ഛനാരാണെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ല. ഒന്ന് എന്റെ അച്ഛനെ കാണിച്ചു തരണമെന്നും ഒരു തവണയെങ്കിലും അച്ഛാ എന്ന് വിളിക്കാന്‍ ആശയുണ്ടെന്ന് അമ്മയോട് കെഞ്ചി പറഞ്ഞിട്ടും അതിന് ഇതേവരെ സാധിച്ചില്ല മാഷെ. നാട്ടുകാര്‍ അച്ഛനെ ചൂണ്ടിക്കാണിച്ച് പറയാറുണ്ട് അതാണ് നിന്റെ അച്ഛന് എന്ന്. പക്ഷേ നാട്ടുകാര്‍ പറയുന്നത് കേട്ട് ചെന്ന് അച്ഛാ എന്ന് വിളിച്ചാല്‍ കുഴപ്പമാവില്ലേ. അമ്മ വന്ന് മുന്നില്‍ നിന്ന് പറഞ്ഞാല്‍ എനിക്കാശ്വാസമായേനെയെന്നാണ് ആ യുവതി പറഞ്ഞത്.
ഈയിടെ ഒരു ദളിത് സ്ത്രീയെ പരിചയപ്പെട്ടു. അവര്‍ വേദന പലതും പങ്കുവെച്ചു. കൂട്ടത്തില്‍ മക്കളുടെ കാര്യവും പറഞ്ഞു. ഭര്‍ത്താവ് മരിച്ചതിന് ശേഷം നാട്ടിലെ ഒരു പ്രമുഖ വ്യക്തി ബന്ധപ്പെട്ടു. അതില്‍ രണ്ട് കുട്ടികളുണ്ട്. ആ സ്ത്രീ പറയുന്നു, ഈ കുട്ടികളുടെ അച്ഛനാരാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കുട്ടികളോടും പറയില്ല. ഇതങ്ങളുടെ അച്ഛന് നാട്ടിലെ പ്രമാണിയാണ്. അദ്ദേഹത്തിന് വിവാഹ പ്രായമെത്തിയ രണ്ടു പെണ്മക്കളുണ്ട്. ഞാന്‍ ഈ രഹസ്യം വെളിവാക്കിയാല്‍ അദ്ദേഹത്തിന്റെ കുടുംബം തകരും. വലിയവരുടെ മാനം സംരക്ഷിക്കാന്‍ ദളിതര്‍ നിശ്ശബ്ദത പാലിക്കുന്നു. അവര്‍ ശബ്ദമില്ലാത്തവരായി ജീവിക്കുന്നു.
മൃഗങ്ങളില്‍ മത്രമല്ല ആധുനിക മനുഷ്യരിലും കുഞ്ഞുങ്ങളുടെ പരിപാലനവും കരുതലും അമ്മമാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന പല ഘടകങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ വേണ്ടായെന്ന് കരുതി ജീവിതം നയിക്കുന്ന സ്ത്രീകളുണ്ട്. അമ്മായാവാനുള്ള മോഹമില്ലാത്തവരാണ് ഇക്കൂട്ടര്‍. വിവാഹം വെണ്ടെന്ന് വെച്ച് ഏകയായി ജീവിക്കുന്ന ധൈര്യവതികളായ സ്ത്രീകളുണ്ട്. പുരുഷ ചൂഷണത്തില്‍ നിന്ന് രക്ഷനേടാനുള്ള ഒരു തന്ത്രമായിട്ടാണ് സ്ത്രീകള്‍ അവിവാഹിതരായി കഴിയുന്നത്.
എല്ലാ ഉത്തരവാദിത്വങ്ങളും സ്ത്രീകളുടെ തലയിലിട്ട് അച്ഛനെന്ന് ഗമ നടിച്ചു നടക്കുന്ന പുരുഷന്മാരെ ഭര്ത്താക്കന്മാരാക്കാതെ തന്നെ മക്കളുണ്ടാകാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. ഇതൊക്കെയായിരിക്കാം ആധുനിക സ്ത്രീകളുടെ അമ്മ സങ്കല്‍പ്പം. ചില മലയോര മേഖലകളിലും കടലോരങ്ങളിലും കൈക്കൂഞ്ഞുങ്ങളുമായി അലയുന്ന അമ്മമാരെ കാണാം. വിവാഹിതരായി ഒന്നോ രണ്ടോ വര്‍ഷം ഒപ്പം സുഖിച്ചു ജീവിച്ചു ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞവന്ന്മാര് ഉണ്ടായിട്ടെന്തു കാര്യം. പ്രസവിച്ചു പോയ കുഞ്ഞുങ്ങളുടെ ജീവന് നില നിര്‍ത്താന്‍ ഇത്തരം അമ്മമാര്‍ മുണ്ടുരിയേണ്ട അവസ്ഥ കൂടിയുണ്ട്.
ചില അമ്മമാര്‍ മക്കളെ വളര്‍ത്താനും പഠിപ്പിക്കാനും വേണ്ടി കൊലപാതകികളാവേണ്ടി വരുന്നു. കള്ളത്തരം നടത്തി ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്ന അമ്മമാരുടെ ത്യാഗത്തെ കുറിച്ചാണ്. ഏത് വിധേനയും തങ്ങള്‍ നൊന്തുപെറ്റ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന ബോധം അവരെ നയിക്കുന്നു. നേരെ മറിച്ച് മക്കളെ മറന്ന് തങ്ങളുടെ ഉത്തരവാദിത്വം മറന്ന് ജീവിക്കുന്ന പുരുഷ അച്ഛന്മാരെയും കാണാന്‍ സാധിക്കും. പക്ഷി മൃഗാതികളില് മാത്രമല്ല മനുഷ്യരിലും അമ്മമാര്‍ തന്നെയാണ് മക്കള്‍ക്ക് ശരണം...
Keywords: Kerala, kasaragod, Kookanam-Rahman, news, father, Love, Children, Old family concept - Article